സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

അധ്യായം: 40, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَنذِرْهُمْ يَوْمَ ٱلْـَٔازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَـٰظِمِينَ ۚ مَا لِلظَّـٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ (١٨) يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ (١٩) وَٱللَّهُ يَقْضِى بِٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَقْضُونَ بِشَىْءٍ ۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ (٢٠) أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ كَانُوا۟ مِن قَبْلِهِمْ ۚ كَانُوا۟ هُمْ أَشَدَّ مِنْهُمْ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍ (٢١) ذَٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَكَفَرُوا۟ فَأَخَذَهُمُ ٱللَّهُ ۚ إِنَّهُۥ قَوِىٌّ شَدِيدُ ٱلْعِقَابِ (٢٢) وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ (٢٣) إِلَىٰ فِرْعَوْنَ وَهَـٰمَـٰنَ وَقَـٰرُونَ فَقَالُوا۟ سَـٰحِرٌ كَذَّابٌ (٢٤) فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ ۚ وَمَا كَيْدُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ (٢٥)

ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല.

കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.

അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നു. അവന്ന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനും.

ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല.

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.

തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസായെ അയക്കുകയുണ്ടായി.

ഫിര്‍ഔന്‍റെയും ഹാമാന്‍റെയും ഖാറൂന്‍റെയും അടുക്കലേക്ക് . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്‌.

അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ.

18). അല്ലാഹു തന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യോട് പറയുന്നു: (ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവർക്ക് മുന്നറിയിപ്പ് നൽകുക) അടുത്തതും ആസന്നമായതുമായ ഉയിർത്തെഴുന്നേൽപുനാൾ. അതിന്റെ ഭയാനകതകളിലേക്കും അസ്വസ്ഥതകളിലേക്കും പ്രകമ്പനങ്ങളിലേക്കും എത്താറായി. (അതായത് ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന) ഹൃദയങ്ങളുയർന്നുവരും. ഭയവും വിഷമവുംകൊണ്ട് അവ തൊണ്ടക്കുഴിയിലേക്ക് എത്തും. കണ്ണുകൾ തുറിച്ചതായിരിക്കും. (ശ്വാസമടക്കിപ്പിടിച്ചുവരായിരിക്കുന്ന സന്ദർഭം)

ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًا

“പരമകാരുണികനായ അല്ലാഹു അനുവാദം നൽകിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല’’ (78:38).

(അക്രമകാരികൾക്ക് ഉറ്റബന്ധുവില്ല) ബന്ധുവോ കൂട്ടുകാരനോ. (സ്വീകാര്യനായ ശുപാർശകനോ ഇല്ല) ശിർക്കിലൂടെ സ്വന്തത്തോട് അക്രമം ചെയ്തവന്റെ കാര്യത്തിൽ ഒരു ശുപാർശക്കാരും ശുപാർശ ചെയ്യുകയില്ല. ഇനി അവർക്ക് ശുപാർശ ചെയ്യാൻ സാധിച്ചാലും അല്ലാഹു അവരുടെ ശുപാർശ തൃപ്തിപ്പെടുകയില്ല. അത് സ്വീകരിക്കുകയും ഇല്ല.

19). (കണ്ണുകളുടെ കള്ളനോട്ടം അവനറിയുന്നു) തന്റെ അടുത്തുള്ളവനിൽനിന്നോ കൂട്ടുകാരനിൽനിന്നോ ഒരാൾ മറച്ചുവെക്കുന്ന നോട്ടം. അതാണ് കട്ടുനോട്ടം. (ഹൃദയങ്ങൾ മറച്ചുവയ്ക്കുന്നതും) ഒരാൾ മറ്റൊരാൾക്ക് വ്യക്തമാക്കിക്കൊടുക്കാത്തത്. ആ രഹസ്യവും അല്ലാഹു അറിയുന്നു. പ്രകടമായ മറ്റു കാര്യങ്ങൾ അറിയും എന്നത് വ്യക്തമാണല്ലോ.

20). (അല്ലാഹു സത്യപ്രകാരം തീർപ്പ് കൽപിക്കുന്നു) കാരണം, അവന്റെ വാക്കുകൾ സത്യമാണ്. അവന്റെ മതവിധികളും സത്യമാണ്. പ്രതിഫലസംബന്ധമായ അവന്റെ നിയമങ്ങളും സത്യമാണ്. എല്ലാ കാര്യങ്ങളെയും അവൻ സൂക്ഷ്മമായി അറിയുകയും രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യും. അനീതി, ന്യൂനത അതുപോലുള്ള മുഴുവൻ കാര്യങ്ങളിൽനിന്നും അവൻ പരിശുദ്ധനാണ്. നിയമപരമായ അവന്റെ തീരുമാനങ്ങളെ അവൻ വിധിക്കുന്നു. അവൻ ഒന്നുദ്ദേശിച്ചാൽ അതുണ്ടായിരിക്കും. അവൻ ഉദ്ദേശിക്കാത്തതൊന്നും ഉണ്ടാവുകയും ഇല്ല. വിശ്വാസികളും അവിശ്വാസികളുമായ തന്റെ ദാസന്മാർക്കിടയിൽ അവൻ വിധിക്കുന്നു. തന്റെ മിത്രങ്ങൾക്കും ഇഷ്ടപ്പെട്ടവർക്കും സഹായമായി നൽകുന്ന വിജയത്തിലൂടെ അവർക്കിടയിൽ തീർപ്പ് കൽപിക്കുകയും ചെയ്യുന്നു.

(അവന് പുറമെ അവർ വിളിച്ചുപ്രാർഥിക്കുന്നവരാകട്ടെ) അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവർക്കെല്ലാം ഇത് ബാധകമാണ്. (അവർ യാതൊന്നിലും തീർപ്പ് കൽപിക്കുകയില്ല) അവരുടെ കഴിവില്ലായ്മകൊണ്ട്; നല്ലത് ഉദ്ദേശിക്കാനോ പ്രവർത്തിക്കാനോ കഴിയാത്തതിനാലും. (അല്ലാഹുതന്നെയാകുന്നു എല്ലാം കേൾക്കുന്നവനും കണ്ടറിയുന്നവനും) എല്ലാ ശബ്ദങ്ങളും; ഭാഷാവ്യത്യാസമോ ആവശ്യ വൈവിധ്യങ്ങളോ പ്രശ്‌നമാവാതെ. (കണ്ടറിയുന്നവൻ) ഉള്ളതും ഉണ്ടാകാൻ പോകുന്നതും. കാണുന്നതും കാണാത്തതും, മനുഷ്യർ അറിയുന്നതും അറിയാത്തതും.

ഈ രണ്ട് വചനങ്ങളിലെയും ആദ്യത്തിൽ അല്ലാഹു പറഞ്ഞു: (ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി) ആ മഹത്തായ ദിവസത്തിനുവേണ്ടി സജ്ജമാകാൻ ആവശ്യപ്പെടുന്ന ഒരു വിശേഷണമാണ് അതിന് നൽകിയത്. കാരണം, അതിൽ ഭയപ്പെടുത്തലും പ്രതീക്ഷ നൽകലുമുണ്ട്.

21). അല്ലാഹു പറയുന്നു: (അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ?) അവരുടെ ഹൃദയംകൊ ണ്ടും ശരീരംകൊണ്ടും, നിരീക്ഷണത്തിനും ഗുണപാഠങ്ങൾക്കും വേണ്ടിയുള്ള സഞ്ചാരം. അവശിഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാനും. (അപ്പോൾ ഇവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവർക്ക് നോക്കാമല്ലോ) കളവാക്കിയവരുടെ. വളരെ മോശമായിരുന്നു അവരുടെ പര്യവസാനമെന്ന് അപ്പോൾ അവർക്ക് കാണാൻ കഴിയും. നാശവും തകർച്ചയും നിന്ദ്യതയും അപമാനവും നിറഞ്ഞ പര്യവസാനം. ശരീര വലുപ്പത്തിലും എണ്ണത്തിലും ഒരുക്കത്തിലുമെല്ലാം ഇവരെക്കാൾ ശക്തരായിരുന്നു അവർ. (ഭൂമിയിൽ സ്മാരകങ്ങൾകൊണ്ടും) കെട്ടിടങ്ങൾ, കൃഷികൾ പോലുള്ള അവശേഷിപ്പുകളും സ്മാരകങ്ങളും അവരുടെ സ്വാധീനശക്തിയെയും പ്രതിരോധത്തെയുമാണ് സൂചിപ്പിക്കുന്നത്.

(എന്നിട്ട് അല്ലാഹു അവരെ പിടികൂടി) അവർ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയെന്നോണം. അവരതിൽ ശഠിച്ചു നിൽക്കുകയും തുടർന്നുപോവുകയും ചെയ്തപ്പോൾ.

22). (തീർച്ചയായും അവൻ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ) അല്ലാഹുവിന്റെ ശക്തിയിൽ അവരുടെ ശക്തി അവർക്ക് ഉപകാരപ്പെട്ടില്ല. ഏറ്റവും ശക്തിയുള്ള സമുദായമായിരുന്നിട്ടുപോലും ആദ് സമുദായം ഇത്രവരെ ചോദിച്ചിരുന്നു:

‘ഞങ്ങളെക്കാൾ ശക്തർ ആരാണ്?’ അവരുടെ ശക്തിയെ ദുർബലമാക്കുന്ന ഒരു കാറ്റിനെ അല്ലാഹു അവരിലേക്ക് അയച്ചു. അവരെ പൂർണമായും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു.

തുടർന്ന് അല്ലാഹു പ്രവാചകന്മാരെ നിഷേധിച്ചവരുടെ അവസ്ഥ മനസ്സിലാക്കിത്തരുന്ന ഒരു ഉദാഹരണമാണ് പറയുന്നത്. അത് ഫിർഔനും അവന്റെ സൈന്യവുമാണ്. അല്ലാഹു പറയുന്നു: (തീർച്ചയായും നാം മൂസയെ അയക്കുകയുണ്ടായി) ഇതുമുതലാണ് ആ സംഭവം വിശദീകരിക്കുന്നത്.

23) (തീർച്ചയായും നാം അയച്ചു) നിഷേധികളായ ഈ വിഭാഗത്തിലേക്ക.് (മൂസായെ) ഇംറാനിന്റെ മകനായ. (നമ്മുടെ ദൃഷ്ടാന്തങ്ങളുമാ യി) മഹത്തായ, നാം നിയോഗിച്ചവന്റെ സത്യതയും ആരിരനിയോഗിക്കപ്പെട്ടവന്റെ ആദർശമായ ശിർക്കിന്റെ നിരർഥകതയും അവനെ പിൻപറ്റുന്നതിലെ അർഥശൂന്യതയും തെളിയിക്കുന്ന വ്യക്തമായ തെളിവായിരുന്നു ആ ദൃഷ്ടാന്തം. (വ്യക്തമായ പ്രമാണവും) അതായത് വ്യക്തമായ രേഖ. ഹൃദയങ്ങളെ സ്വാധീനിക്കാനും കീഴ്‌പ്പെടുത്താനും കഴിയുന്ന, സർപ്പമാകുന്ന വടിപോലുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ. അവയെക്കൊണ്ടാണ് അല്ലാഹു മൂസാ നബി(അ)ക്ക് ശക്തി നൽകിയതും അദ്ദേഹം ക്ഷണിക്കുന്ന സത്യത്തിന് സ്വാധീനമുണ്ടായതും.

24). അദ്ദേഹം നിയോഗിതരായവരിലേക്ക് (ഫിർഔനും ഹാമാനും). അവന്റെ മന്ത്രി(ക്വാറൂനും). അവനും മൂസാ(അ)മിന്റെ ജനതയിൽ പെട്ടവരായിരുന്നു. അവൻ അവന്റെ ധനംകൊണ്ട് മൂസാനബിക്കുനേരെ അതിക്രമം നടത്തി. അവരെല്ലാവരും അദ്ദേഹത്തെ ശക്തമായി എതിർത്തു. (അവർ പറഞ്ഞു; വ്യാജവാദിയായ ഒരു ജാലവിദ്യക്കാരൻ എന്ന്).

25). (അങ്ങനെ നമ്മുടെ പക്കൽനിന്നുള്ള സത്യവുംകൊണ്ട് അദ്ദേഹം അവരുടെ അടുക്കൽ ചെന്നപ്പോൾ) പൂർണമായും മൂസാ നബി(അ) ക്ക് കീഴ്‌പ്പെടാവുന്ന പ്രകടമായ അമാനുഷിക ദൃഷ്ടാന്തങ്ങൾകൊണ്ട് അല്ലാഹു അദ്ദേഹത്തെ ശക്തിപ്പെടുത്തി. അവരതിനെ സ്വീകരിച്ചില്ല. അതിനെ തള്ളിക്കളയുകയോ അവഗണിക്കുകയോ മാത്രമല്ല അവരുടെ അസത്യമായ വാദഗതികൾകൊണ്ട് അതിനെ എതിർക്കുകയും നിഷേധിക്കുകയും ചെയ്തു.

മാത്രവുമല്ല, വളരെ മോശമായ നിലപാടുകളിലേക്ക് അവരെത്തി. (അവർ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിക്കുന്നവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക. സത്യനിഷേധികളുടെ കുതന്ത്രം വഴികേടിൽ മാത്രമെ കലാശിക്കൂ). അവർ ഉപയോഗിക്കുന്ന ഈ കുതന്ത്രങ്ങൾ മൂലം അവർ വാദിക്കുന്നത് അവർ ആൺമക്കളെ കൊന്നാൽ അവർ ശക്തിപ്രാപിക്കില്ലെന്നും അടിമത്തത്തി ലും അവരുടെ അധികാരത്തിന് കീഴിലും നിലനിൽക്കുമെന്നുമാണ്. (സത്യനിഷേധികളുടെ കുതന്ത്രം വഴികേടിൽ മാത്രമെ കലാശിക്കൂ) അവരുദ്ദേശിച്ചത് നേടാൻ അവർക്കാവില്ല. മറിച്ച് അവരുടെ ഉദ്ദേശ്യങ്ങൾക്ക് നേർവിപരീതം സംഭവിക്കുകയും ചെയ്യും. അല്ലാഹു അവരെ നശിപ്പിച്ചു. അവരിൽ അവസാനത്തവനെയും ഉന്മൂലനം ചെയ്തു.

അടിസ്ഥാന തത്ത്വം

ക്വുർആനിൽ ആവർത്തിച്ചുവന്ന ഈ കാര്യം ചിന്തിക്കേണ്ടതുണ്ട്. ഇത് ഒരു നിർണിതമായ കഥ പറയുന്ന, അല്ലെങ്കിൽ ഒരു കാര്യത്തെപ്പറ്റി പറയുന്ന സന്ദർഭമാണെങ്കിലും അല്ലാഹു ഒരു പ്രത്യേക കാര്യത്തിൽ ഒരു വിധി ഇവിടെ ഉദ്ദേശിക്കുന്നു. അത് ഒരു പൊതുവായ കാര്യമാണ്. മുമ്പ് പറഞ്ഞതെല്ലാം അതിലേക്കെത്തിക്കുന്നു. അതുമൂലം തെറ്റായി മനസ്സിലാക്കാവുന്ന കാര്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതായത് (അവരുടെ കുതന്ത്രം വഴികേടിൽ മാത്രമെ കലാശിക്കൂ) എന്നല്ല പറഞ്ഞത്. മറിച്ച് (സത്യനിഷേധികളുടെ കുതന്ത്രം) എന്ന് പ്രത്യേകം എടുത്തുപറഞ്ഞു.