സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

അധ്യായം: 39, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ (٨) أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ (٩) قُلْ يَـٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ (١٠)

8. മനുഷ്യന് വല്ല വിഷമവും ബാധിച്ചാൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാർഥിക്കും. എന്നിട്ട് തന്റെ പക്കൽനിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താൽ ഏതൊന്നിനായി അവൻ മുമ്പ് പ്രാർഥിച്ചിരുന്നുവോ അതവൻ മറന്നുപോകുന്നു. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് വഴിതെറ്റിച്ച് കളയുവാൻ വേണ്ടി അവന്ന് സമന്മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അൽപകാലം നിന്റെ ഈ സത്യനിഷേധവുംകൊണ്ട് സുഖിച്ചുകൊള്ളുക. തീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു.

9. അതല്ല, പരലോകത്തെപ്പറ്റി ജാഗ്രത പുലർത്തുകയും, തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാർഥിച്ചും രാത്രി സമയങ്ങളിൽ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമൻ?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാർ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.

10. പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്മാരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തിൽ നന്മ പ്രവർത്തിച്ചവർക്കാണ് സൽഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്.

8). അല്ലാഹു തന്റെ ദാസന് ചെയ്തുകൊടുക്കുന്ന അനുഗ്രഹത്തെയും കാരുണ്യത്തെയും സുകൃതത്തെയും കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. അതിൽ അവൻ കാണിക്കുന്ന നന്ദിയില്ലായ്മ എടുത്തുപറയുകയും ചെയ്യുന്നു. രോഗമായിട്ടോ ദാരിദ്ര്യമായിട്ടോ വല്ല ബുദ്ധിമുട്ടും ബാധിക്കുകയോ കടലിൽ വല്ല പ്രയാസങ്ങളിൽ ചെന്നുപെടുകയോ ചെയ്താൽ അവനറിയാം, അപ്പോൾ അല്ലാഹുവിനല്ലാതെ ആർക്കും രക്ഷപ്പെടുത്താനാവില്ലെന്ന്. അന്നേരം അവൻ മനഃസ്താപത്തോടെ വിനയാന്വിതനായി അല്ലാഹുവോട് പ്രാർഥിക്കും. തനിക്കുവന്ന വിപത്ത് നീങ്ങിക്കിട്ടാൻ സഹായം തേടുകയും അതിലവൻ നിർബന്ധം പിടിക്കുകയും ചെയ്യും. (എന്നിട്ട് അവന് പ്രദാനം ചെയ്താൽ) അല്ലാഹു. (തന്റെ പക്കൽനിന്നുള്ള വല്ല അനുഗ്രഹവും) അവന്റെ ബുദ്ധിമുട്ടും പ്രയാസവും നീക്കിക്കൊടുത്തുകൊണ്ട്. (ഏതൊന്നിനായി അവൻ മുമ്പ് പ്രാർഥിച്ചിരുന്നുവോ അതവൻ മറന്നുപോകുന്നു) ഏതൊരു പ്രയാസം നീങ്ങു ന്നതിന് വേണ്ടിയായിരുന്നുവോ അവൻ പ്രാർഥിച്ചിരുന്നത് അതവൻ മറന്നുപോകുന്നു. അ ത്തരമൊരു പ്രയാസം അവന് വന്നിട്ടില്ലാത്തതുപോലെ അവൻ കടന്നുപോകുന്നു. അവന്റെ പഴയ ശിർക്കിൽതന്നെ അവൻ തുടരുകയും ചെയ്യുന്നു.

(അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് വഴിതെറ്റിച്ചു കളയുവാൻവേണ്ടി അവന്ന് സമന്മാരെ സ്ഥാപിക്കുകയും ചെയ്യുന്നു) സ്വയം വഴിപിഴച്ചുപോകാനും മറ്റുള്ളവരെ വഴിതെറ്റിക്കാനും. വഴിതെറ്റിക്കലും സ്വയം വഴിതെറ്റലിന്റെ ഭാഗം തന്നെയാണ്. അവർ സ്വയം വഴിതെറ്റിക്കപ്പെടുന്നു എന്ന വസ്തുതയെ സൂചിപ്പിക്കാൻ വേണ്ടി വഴി തെറ്റിക്കപ്പെടുന്നതിന്റെ ഫലം എന്താണെന്ന് ഈ വചനം സൂചിപ്പിക്കുന്നു. (നബിയേ പറയുക) അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധത്തിന് കാരണമാക്കി മാറ്റിയ ഈ ധിക്കാരിയോട് പറയുക. (നീ അൽപകാലം നിന്റെ ഈ സത്യനിഷേധവുംകൊണ്ട് സുഖിച്ചുകൊള്ളുക. തീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു). ഈ സുഖം കൊണ്ട് എന്ത് പ്രയോജനം; ചെന്നെത്തുന്നത് നരകത്തിലേക്കാണെങ്കിൽ?

أَفَرَءَيْتَ إِن مَّتَّعْنَـٰهُمْ سِنِينَ 205 ثُمَّ جَآءَهُم مَّا كَانُوا۟ يُوعَدُونَ 206 مَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يُمَتَّعُونَ 207

“എന്നാൽ നീ ആലോചിച്ചിട്ടുണ്ടോ? നാം അവർക്ക് കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നൽകിയെങ്കിൽ അനന്തരം അവർക്ക് താക്കീത് നൽകപ്പെട്ടുകൊണ്ടിരിക്കുന്ന ശിക്ഷ അവർക്ക് വരികയും ചെയ്തു. അവർക്ക് നൽകപ്പെട്ടിരുന്ന ആ സുഖസൗകര്യങ്ങൾ അവർക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല. 26:205- 207).

9). അല്ലാഹുവിനെ അനുസരിച്ച് പ്രവർത്തിക്കുന്നവനും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസവും പണ്ഡിതരും അറിവില്ലാത്തവരും തമ്മിലുള്ള അന്തരവും ഇവിടെ പരാമർശിക്കുന്നു. ഈ കാര്യങ്ങൾ ജനങ്ങൾക്ക് പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുന്നവയാണ്. അതിന്റെ വ്യത്യാസം ശരിക്കും മനസ്സിലാക്കാൻ കഴിയും. തന്റെ രക്ഷിതാവിനെ അനുസരിക്കാതിരിക്കുകയും ഇച്ഛകളെ പിൻപറ്റുകയും ചെയ്യുന്നവൻ അല്ലാഹുവിന് കീഴ്‌പ്പെട്ട് ഭക്തി കാണിക്കുന്നവനെപ്പോലെയല്ല. അല്ലാഹുവിനെ അനുസരിക്കുന്നവൻ ഏറ്റവും ഉത്തമമായ ആരാധന ചെയ്യുന്നവനാണ്. അതിലേറ്റവും ശ്രേഷ്ഠം നമസ്‌കാരവും. അത് രാത്രിയിലാകുമ്പോൾ കൂടുതൽ നല്ലത്. ധാരാളം സൽകർമം ചെയ്യുന്നതിന്റെ മഹത്ത്വം പറഞ്ഞതിനുശേഷം ഭക്തിയും പ്രതീക്ഷയും ഉണ്ടാവേണ്ടതിനെക്കുറിച്ചാണ് തുടർന്ന് പറഞ്ഞത്. ഭയമെന്നത് പരലോക ശിക്ഷയെക്കുറിച്ചാണ്, പാപങ്ങൾ ചെയ്തുപോയതുകൊണ്ട് ഉണ്ടായേക്കാവുന്ന ശിക്ഷ. പ്രതീക്ഷയാകട്ടെ അല്ലാഹുവിന്റെ കാരുണ്യത്തിലും. ഇവിടെ പ്രത്യക്ഷവും പരോക്ഷവുമായ രണ്ടുവിധം പ്രവർത്തനങ്ങളെയും പറയുന്നു.

(അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?) തന്റെ രക്ഷിതാവിനെക്കുറിച്ചും മതനിയമങ്ങളും പ്രതിഫലങ്ങളെക്കുറിച്ചും അതിന്റെ സാരങ്ങൾ അറിയുന്നവരും. (അറിവില്ലാത്തവരും) ഈ പറഞ്ഞതൊന്നും അറിയാത്തവർ, ഇവരും അവരും സമമല്ല. രാത്രിയും പകലും, ഇരുളും വെളിച്ചവും, തീയും വെള്ളവും സമമല്ലാത്തപോലെ. (ആലോചിച്ച് മനസ്സിലാക്കുന്നത്) ഉദ്‌ബോധിപ്പിക്കുമ്പോൾ. (ബുദ്ധിയുള്ളവർ മാത്രം) സാമർഥ്യവും സംസ്‌കാരവുമുള്ളവർ; അവർ താഴ്ന്നതിനുപകരം ഉന്നതമായതിനെ തെരഞ്ഞെടുക്കുന്നു. അജ്ഞതയെക്കാൾ അറിവിന് പ്രാധാന്യം നൽകുന്നു. അനസുരണക്കേടല്ല, അല്ലാഹുവിനെ അനുസരിക്കുകയാണവർ ചെയ്യുന്നത്. അവർക്ക് ബുദ്ധിയുണ്ട്. പരിണതികളെക്കുറിച്ചുള്ള ചിന്ത അ വരെ ശരിയിലേക്ക് നയിക്കുന്നു. ബുദ്ധിയില്ലാത്തവരാകട്ടെ, തങ്ങളുടെ ദേഹേച്ഛകളെ സ്വീകരിക്കുന്നു.

10). ഉത്തമരായ സൃഷ്ടികളെ വിളിച്ച് പ്രവാചകരേ, താങ്കൾ പറയുക. അവരാണ് യഥാർഥ വിശ്വാസികൾ. ഏറ്റവും ഉത്തമമായത് അവരോട് കൽപിക്കുക. അത് ധർമനിഷ്ഠയാണ്. തക്വ്‌വയുണ്ടാകാനാവശ്യമായ കാര്യങ്ങൾ അവരെ ഉദ്‌ബോധിപ്പിക്കുക. അല്ലാഹുവാണ് സംരക്ഷിക്കുന്നതെന്നും, അവൻ തരുന്ന അനുഗ്രഹങ്ങൾ അവനെ സൂക്ഷിച്ച് ജീവിക്കാൻ പ്രേരണയാകണമെന്നും, ഈമാനെന്ന ഏറ്റവും വലിയ അനുഗ്രഹം അവൻ തന്നു എന്നതും തക്വ്‌വയോടെ ജീവിക്കാൻ ബാധ്യതപ്പെട്ട ഒരനുഗ്രഹമാണ്. ‘ഓ ഔദാര്യവാനേ, നീ ധർമം ചെയ്യുക,’ ‘ധീരനേ നീ പോരാടുക’ എന്നെല്ലാം പറയുന്നതുപോലെ.

ഇഹലോകത്ത് പ്രതിഫലം ലഭിക്കും എന്നതും ഓർമപ്പെടുത്തണം. (ഈ ഐഹിക ജീവിതത്തിൽ നന്മ പ്രവർത്തിച്ചവർക്ക്) തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നതിലൂടെ (നന്മ) വിശാലമായ ഉപജീവനവും സമാധാനമുള്ള മനസ്സും വിശാല ഹൃദയവും. അല്ലാഹു പറയുന്നു:

 

مَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽകർമം പ്രവർത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക് നാം നൽകുന്നതാണ്’’ (16:97).

(അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു) ഒരു പ്രദേശത്ത് ആരാധന ചെയ്യുന്നതിൽ നിന്ന് നിങ്ങൾ തടയപ്പെട്ടാൽ മറ്റൊരു സ്ഥലത്തേക്ക് നിങ്ങൾ പലായനം ചെയ്യുക. അവിടെവെച്ച് നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുവാനും ദീനനുസരിച്ച് നിലകൊള്ളാനും സൗകര്യപ്പെടും. (ഈ ഐഹിക ജീവിതത്തിൽ നന്മ പ്രവർത്തിച്ചവർക്കാണ് സദ്ഫലമുള്ളത്) നന്മ പ്രവർത്തിച്ചവർക്കെല്ലാം ദുനിയാവിൽ നല്ലതുവരുമെന്ന് ഇവിടെ പൊതുവായി പറയുന്നു.

എന്നാൽ പീഡിത ജനങ്ങൾ താമസിക്കുന്ന സ്ഥലത്തോ? അവർക്ക് നന്മ ലഭിക്കുന്നില്ലല്ലോ? ആ സംശയത്തിന്റെ ഉത്തരം ഈ വചനമാണ്: (അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു) ഇതിൽ ഒരു സന്തോഷവാർത്തയുണ്ട്. നബിﷺ അത് വ്യക്തമായി പറയുകയും ചെയ്തു.

لا تزال طائفة من أمتي على الحق ظاهرين على من ناوأهم ، وهم كالإناء بين الأكلة، حتى يأتي أمر الله وهم كذلك

“സത്യത്തിലായി നിലകൊള്ളുന്ന ഒരു വിഭാഗം എന്റെ സമുദായത്തിൽ ഏപ്പോഴുമുണ്ടാകും. അവരെ കൈവിടുന്നവരെയോ അവരോട് എതിരാകന്നവരെയോ അന്ത്യംവരെ അവർ പരിഗണിക്കില്ല. അന്ത്യനാൾ വരുന്നതുവരെ അവർ അതിൽ നിലനിൽക്കും.’’ ഇതാണ് ആ ആയത്തിലെ സൂചന.

അതായത് അല്ലാഹു പറയുന്നത്, അല്ലാഹുവിന്റെ ഭൂമി വിശാലമാണെന്നും ഒരു സ്ഥലത്ത് അല്ലാഹുവിനെ ആരാധിക്കുന്നത് തടയപ്പെട്ടാൽ അവർ മറ്റൊരിടത്തേക്ക് പലായനം ചെയ്യണം. ഇത് എല്ലാ കാലത്തേക്കും സ്ഥലത്തേക്കും ബാധകമാണ്. ഇങ്ങനെ പലായനം ചെയ്തു വരുന്നവർക്ക് അഭയം നൽകൽ മുസ്‌ലിംകളുടെ ബാധ്യതയാണ്. അവന് മതമനുസരിച്ച് ജീവിക്കാവുന്ന ഒരു സ്ഥലവുമുണ്ടാകണം. (ക്ഷമാശീലർക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്) ഇതിൽ എല്ലാ രംഗത്തുമുളള ക്ഷമകൾ ഉൾപ്പെടും.

നമുക്ക് പ്രയാസമുണ്ടാക്കുന്ന, അല്ലാഹുവിന്റെ വിധികളിൽ നാം അതൃപ്തി കാണിക്കാതെ, ക്ഷമിക്കുക; തെറ്റുകൾ പ്രവർത്തിക്കാതെ വിട്ടുനിൽക്കാനുള്ള ക്ഷമ, അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ച് ജീവിക്കാനുള്ള ക്ഷമ. കണക്കില്ലാത്ത പ്രതിഫലമാണ് ക്ഷമിക്കുന്നവർക്ക് അല്ലാഹു ഇവിടെ വാഗ്ദാനം ചെയ്തത്. ഇതിൽനിന്ന് മനസ്സിലാകുന്നത് ക്ഷമക്ക് അല്ലാഹുവിന്റെ പക്കലുള്ള സ്ഥാനവും അതിന്റെ മഹത്ത്വവുമാണ്. എല്ലാ കാര്യത്തിനും ക്ഷമ പ്രയോജനകരമാണ്.