സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

അധ്യായം: 40, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

هُوَ ٱلَّذِى يُرِيكُمْ ءَايَـٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ (١٣) فَٱدْعُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَـٰفِرُونَ (١٤) رَفِيعُ ٱلدَّرَجَـٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ (١٥) يَوْمَ هُم بَـٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ (١٦) ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ ۚ لَا ظُلْمَ ٱلْيَوْمَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ (١٧)

13. അവനാണ് നിങ്ങൾക്ക് തന്റെ ദൃഷ്ടാന്തങ്ങൾ കാണിച്ചുതരുന്നത്. ആകാശത്തുനിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്) മടങ്ങുന്നവർ മാത്രമെ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ.

14. അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോട് നിങ്ങൾ പ്രാർഥിക്കുക; അവിശ്വാസികൾക്ക് അനിഷ്ടകരമായാലും ശരി.

15. അവൻ പദവികൾ ഉയർന്നവനും സിംഹാസനത്തിന്റെ അധിപനുമാകുന്നു. തന്റെ ദാസന്മാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ സന്ദേശമാകുന്ന ചൈതന്യം അവൻ നൽകുന്നു. (മനുഷ്യർ) പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത് നൽകുന്നതിനുവേണ്ടിയത്രെ അത്.

16. അവർ വെളിക്കുവരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവാധിപതിയുമായ അല്ലാഹുവിന്!

17. ഈ ദിവസം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നൽകപ്പെടും. ഈ ദിവസം അനീതിയില്ല. തീർച്ചയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു.

13. അല്ലാഹു തന്റെ ദാസന്മാർക്ക് ചെയ്തുകൊടുത്ത മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച് പറയുകയാണ്. അസത്യങ്ങളിൽനിന്ന് സ ത്യം വ്യക്തമാക്കിത്തന്നു എന്നതാണത്. ശാരീരികവും പ്രാപഞ്ചികവും ക്വുർആനികവുമായ ദൃഷ്ടാന്തങ്ങളെ തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കുന്നതിലൂടെയാണത്. വഴികേടിൽനിന്ന് സന്മാർഗത്തെ വ്യക്തമാക്കുന്ന എ ല്ലാ ആശയങ്ങൾക്കും അവയിൽ തെളിവുണ്ട്. ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നവന് ചെറിയൊരു സംശയംപോലും സത്യം മനസ്സിലാക്കുന്നതിൽ അവശേഷിക്കില്ല. സത്യത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പമോ സംശയമോ അവശേഷിപ്പിക്കാതിരിക്കും എന്നത് അല്ലാഹു തന്റെ ദാസന്മാർക്ക് ചെയ്തുകൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. മാത്രവുമല്ല, തെളിവുകളെ വൈവിധ്യമാർന്നതും വ്യക്തതയാർന്നതുമാക്കിയിരിക്കുന്നു അവൻ.

لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍ ۗ

“അതായത്, നശിച്ചവർ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും ജീവിച്ചവർ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കാനുംവേണ്ടി’’(8:42).

വിഷയങ്ങൾ ഗൗരവമുള്ളതും വലുതുമാകുമ്പോൾ അതിന്റെ തെളിവുകൾ എളുപ്പമുള്ളതും അധികരിച്ചതുമായിരിക്കും.

ഉദാഹരണമായി, തൗഹീദിനെ എടുത്തുനോക്കുമ്പോൾ ആ വിഷയം ഏറ്റവും സുപ്രധാന വിഷയമാണ്. അതിന്റെ ബുദ്ധിപരവും പ്രാമാണികവുമായ ധാരാളം തെളിവുകളുണ്ട്. അത് വിവിധങ്ങളാണ്. അല്ലാഹു അതിന് ഉദാഹരണങ്ങൾ പറയുന്നുണ്ട്. ധാരാളം കാര്യങ്ങൾ ഇതിന് തെളിവാക്കുന്നുണ്ട്. ഇവിടെ അതിനെക്കുറിച്ചാണ് പറയുന്നത്. ഒരുകൂട്ടം തെളിവുകൾ അതിനിവിടെ ഉണർത്തുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു. ‘അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌ക്കളങ്കമാക്കി ക്കൊണ്ട് അവനോട് നിങ്ങൾ പ്രാർഥിക്കുക). തന്റെ ദൃഷ്ടാന്തങ്ങളെ ദാസന്മാർക്ക് കാണിച്ചുകൊടുക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ വലിയൊരു ദൃഷ്ടാന്തം ഇവിടെ ഓർമപ്പെടുത്തുന്നു. (ആകാശത്തുനിന്ന് അവൻ നിങ്ങൾ ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു) മഴയെ. അത് മുഖേന നിങ്ങൾക്ക് ഭക്ഷണം നൽകപ്പെടുകയും നിങ്ങളും നിങ്ങളുടെ നാൽക്കാലികളും ജീവിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ എല്ലാ അനുഗ്രഹങ്ങളും അവനിൽനിന്നാണെന്ന് തെളിയുന്നു.

മതമാകുന്ന അനുഗ്രഹവും അവനിൽ നിന്നുതന്നെ. അത് മതപരമായ വിഷയങ്ങളും അവയ്ക്കുള്ള തെളിവുകളും അതിന്റെ അനുബന്ധങ്ങളുമാണ്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും; മതപരമായ എല്ലാ അനുഗ്രഹങ്ങളും മഴയിൽനിന്നുണ്ടാകുന്ന അനുഗ്രഹങ്ങൾ പോലെത്തന്നെയാണ്. മഴ നാടിനും മനുഷ്യർക്കും ജീവൻ നൽകുന്നു. ആരാധിക്കപ്പെടാൻ അവൻ മാത്രമേയുള്ളൂ എന്നതിനുള്ള ഖണ്ഡിതമായ തെളിവൂകൂടിയാണിത്. അവനാണ് ഏക അനുഗ്രഹദാതാവ്. അതിനാൽ ആരാധന അവനുമാത്രം നിഷ്‌ക്കളങ്കാക്കണം.

(ഉറ്റാലോചിച്ച് ഗ്രഹിക്കുന്നില്ല) ദൃഷ്ടാന്തങ്ങളെ; അതിനെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുമ്പോൾ. (മടങ്ങുന്നവരല്ലാതെ) അല്ലാഹുവിലേക്ക്, അവനെ സ്‌നേഹിച്ചും ഭയപ്പെട്ടും അനുസരിച്ചും ഭക്തികാണിച്ചും അവനിലേക്ക് വരിക, അവനാണ് ദൃഷ്ടാന്തങ്ങളെ പ്രയോജനപ്പെടുത്തിയവൻ. അതവന് അനുഗ്രഹമായിത്തീരും. അതുമൂലം ഉൾക്കാഴ്ച വർധിക്കും.

14). ചിന്തിച്ച് ഗ്രഹിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ വചനം. ആരാധന അല്ലാഹുവിന് മാത്രം തനിച്ചാക്കണമെന്നാണ് ബുദ്ധി പറയുന്നത്. അതുകൊണ്ടാണ് ‘അതിനാൽ’ എന്നർഥം പറയുന്ന ‘ഫ’ എന്ന അക്ഷരം ചേർത്തുകൊണ്ട് അത് പറഞ്ഞത്. അല്ലാഹു പറയുന്നു: ‘അതിനാൽ കീഴ്‌വണം അല്ലാഹുവിന് നിഷ്‌ക്കളങ്കാക്കിക്കൊണ്ട് അവനോട് നിങ്ങൾ പ്രാർഥിക്കുക.’

ഇഖ്‌ലാസ് എന്ന വാക്കിന്റെ അർഥം ഐഛികവും നിർബന്ധവുമായ എല്ലാ ആരാധനകളി ലും ഉദ്ദേശ്യം അല്ലാഹുവിന് മാത്രം ആക്കുക എന്നതാണ്. അല്ലാഹുവിനും അവന്റെ ദാസന്മാർക്കും നൽകേണ്ട കടമകളിലും, അല്ലാഹുവിന് കീഴ്‌പ്പെടാൻവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും, അവന്റെ സാമീപ്യം ലഭിക്കാൻ വേണ്ടിയുള്ള കാര്യങ്ങളിലുമെല്ലാം.

(അവിശ്വാസികൾക്ക് അനിഷ്ടകരമായാലും ശരി) ആ കാര്യം. അവ നിങ്ങൾ പരിഗണിക്കരുത്. നിങ്ങളുടെ മതത്തിൽനിന്ന് അത് നിങ്ങളെ തെറ്റിച്ചുകളയരുത്. ഒരാക്ഷേപകന്റെ ആക്ഷേപവും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ പിടികൂടരുത്. അരാധനകൾ അല്ലാഹുവിന് മാത്രമാകുന്നത് അവിശ്വാസികൾ അങ്ങേയറ്റം വെറുക്കുന്നു. അല്ലാഹു പറയുന്നു.

وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ (٤٥)

“അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങൾക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവർ സന്തുഷ്ടചിത്തരാകുന്നു’’ (39:45).

15. തുടർന്ന് അല്ലാഹു പറയുന്നത് അവന്റെ മഹത്ത്വത്തെയും പൂർണതയെയും കുറിച്ചാണ്. അതാവട്ടെ അവനുമാത്രം ആരാധന തനിച്ചാക്കേണ്ടതിന്റെ കാരണം കൂടിയാണ്. (അവൻ പദവികൾ ഉയർന്നവനും സിംഹാസനത്തിന്റെ അധിപനുമാകുന്നു) അതായത് അത്യുന്നതനായ ഉന്നതൻ അവൻ സിംഹാസനസ്ഥനാണ്. അത് അവന്റെ മാത്രം പ്രത്യേകതയാണ്. തന്റെ സൃഷ്ടികളിൽനിന്ന് വ്യത്യസ്തമായി അവന്റെ പദവികൾ ഉയർന്നതാണ്. അവന്റെ കഴിവും ഉന്നതമാണ്. അവന്റെ വിശേഷണങ്ങൾ മഹത്ത്വമേറിയതും. അവന്റെ ദാത്ത് (തടി) അത് ഉന്നതിയിലാണ്. ശുദ്ധവും വിശുദ്ധമാക്കപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെയല്ലാതെ അവനിലേക്കടുക്കുക സാധ്യമല്ല. ആ പരിശുദ്ധി പ്രവർത്തനങ്ങൾ അവനുമാത്രം നിഷ്‌ക്കളങ്കമാക്കലാണ്. അവന്റെ ആളുകളുടെ പദവികളെ ഉയർത്തുന്നവനാണ്. അവൻ അവനിലേക്ക് അവരെ അടുപ്പിക്കുകയും ചെയ്യുന്നു. അവരെ തന്റെ സൃഷ്ടികളിൽ മികച്ചവരാക്കുകയും ചെയ്യുന്നു.

വഹ്‌യിലൂടെയും പ്രവാചകത്വത്തിലൂടെയും തന്റെ ദാസന്മാർക്ക് ചെയ്തുകൊടുക്കുന്ന അനുഗ്രഹമാണ് തുടർന്ന് അല്ലാഹു പറയുന്നത്: (ചൈതന്യത്തെ അവൻ നൽകുന്നു) ശരീരങ്ങൾക്ക് ആത്മാവെന്നതുപോലെ ഹൃദയങ്ങൾക്കുള്ള ആത്മാവാണ് വഹ്‌യ്. ആത്മാവില്ലാതെ ശരീരം നിലനിൽക്കുകയോ ജീവിക്കുകയോ ഇല്ല. അതുപോലെയാണ് ആത്മാവും ഹൃദയവും. വഹ്‌യാകുന്ന ആത്മാവില്ലാതെ അത് വിജയിക്കുകയോ നന്നാവുകയോ ഇല്ല. (തന്റെ സന്ദേശമാകുന്ന ചൈതന്യം) അതിൽ മനുഷ്യരുടെ നന്മയും പ്രയോജനവും ഉണ്ട്. (തന്റെ ദാസന്മാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക്) അവർ പ്രവാചകന്മാരാണ്. അവൻ ശ്രേഷ്ഠത നൽകിയവർ, തന്റെ സന്ദേശത്തിനുവേണ്ടി പ്രത്യേകം തെരഞ്ഞെടുത്തവർ, തന്റെ ദാസന്മാരെ പ്രബോധം ചെയ്യാൻ പ്രവാചകന്മാരെ നിയോഗിക്കുന്നത് മനുഷ്യർക്ക് സൗഭാഗ്യജീവിതം ലഭിക്കാനാണ്; അവരുടെ മതത്തിലും ഭൗതിക ജീവിതത്തിലും പരലോകത്തും, ഇവിടെയെല്ലാം ഉണ്ടാകാവുന്ന കഷ്ടപ്പാടുകൾ നല്ലതാക്കാനും.

അതാണ് അല്ലാഹു പറയുന്നത്: (താക്കീത് നൽകുന്നതിനും) വഹ്‌യ് ലഭിച്ചവർ. (പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി) അതിനെക്കുറിച്ച് ദാസന്മാർക്ക് ഭയമുണ്ടാക്കാനും ആ ദിനത്തിനുവേണ്ടി തയ്യാറെടുക്കാൻ അവരെ പ്രേരിപ്പിക്കാനും, അവിടെ രക്ഷപ്പെടാൻ ആവശ്യമായ കാര്യങ്ങളിലൂടെ. ‘യൗമുത്തലാക്വ്’ എന്ന് വിളിക്കാൻ കാരണം, ആ ദിവസത്തിലാണ് സൃഷ്ടികൾ സ്രഷ്ടാവിനെ കണ്ടുമുട്ടുന്നതും സൃഷ്ടികൾ പരസ്പരം കണ്ടുമുട്ടുന്നതും എന്നതാണ്, നന്മ പ്രവർത്തിക്കുന്നവർ അവരുടെ പ്രതിഫലം കണ്ടുമുട്ടുന്നതും.

16). (അവർ വെളിക്ക് വരുന്ന ദിവസമത്രെ അത്) ഭൂമിക്ക് മുകളിലെത്തുന്ന ദിവസം. ഒരേ പ്രദേശത്ത് അവരെല്ലാവരും ഒന്നിച്ചുചേരും. അതിൽ കുന്നുകളോ കുഴികളോ ഇല്ല. വിളിക്കുന്നവൻ അവരെ കേൾപ്പിക്കും. അവരുടെ കാഴ്ചകൾക്ക് മൂർച്ചയേറും. (അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിൽ ഗോപ്യമായിരിക്കുകയില്ല) അവരുടെ ശരീരങ്ങളെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ആ പ്രവർത്തനങ്ങളുടെ പ്രതിഫലത്തെക്കുറിച്ചോ ഒന്നുംതന്നെ.

(ഈ ദിവസം ആർക്കാണ് രാജാധികാരം?) ഈ മഹത്തായ ദിവസത്തിന്റെ ഉടമസ്ഥനാരാ ണ്? സർവരെയും ഒരുമിച്ചുകൂട്ടുന്ന ഭൂമിയിലും, ആകാശത്തിലും ഉള്ളവരുടെയെല്ലാം അധികാരങ്ങളിലെ പങ്കാളിത്തം നിന്നുപോയി, കാരണങ്ങൾ അവസാനിച്ചു. ഇനി നല്ലതോ ചീത്തയോ ആയ പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും ശേഷിച്ചിട്ടില്ല.

അധികാരം (ഏകനും സർവാധിപതിയുമായ അല്ലാഹുവിന്) തന്റെ ദാതിലും നാമങ്ങളി ലും പ്രവർത്തനങ്ങളിലുമെല്ലാം ഏകനായവൻ. അതിലൊന്നും യാതൊരു നിലയ്ക്കും അവന് പങ്കുകാല്ല. (സർവാധിപതി) മുഴുവൻ സൃഷ്ടികളുടെയും. എല്ലാ സൃഷ്ടികളും കീഴൊതുങ്ങിയവൻ, ആ ദിവസം പ്രത്യേകിച്ചും അവർ അവന് കീഴൊതുങ്ങും. അന്നേദിവസം എല്ലാ മുഖങ്ങളും എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയവന് കീഴൊതുങ്ങും. അവന്റെ അനുവാദമില്ലാതെ ഒരാളും ആ ദിവസം സംസാരിക്കില്ല.

17). (ഈ ദിവസം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നൽകപ്പെടും) ഇഹലോകത്തുവെച്ച് ചെയ്ത നന്മക്കും തിന്മക്കും, അധികമാണെങ്കിലും കുറച്ചാണെങ്കിലും. (ഈ ദിവസം അനീതിയില്ല) ഒരാളോടും, തിന്മയെ വർധിപ്പിച്ചോ നന്മയെ കുറച്ചോ. (തീർച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു) ആ ദിവസം വൈകാൻ നിങ്ങൾ ആഗ്രഹിക്കരുത്. അത് വരുകതന്നെ ചെയ്യും. വരുമെന്നുള്ളതെല്ലാം അടുത്താണുള്ളത്. ഉയിർത്തെഴുന്നേൽപ് നാളിൽ തന്റെ ദാസന്മാരെ അവൻ വേഗത്തിൽ വിചാരണ ചെയ്യുകയും ചെയ്യും. അതിനുള്ള സൂക്ഷ്മമായ അറിവും പരിപൂർണ കഴിയും അവനുണ്ട്.