സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

അധ്യായം: 40, ഭാഗം 13 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَٱلَّذِينَ كَذَّبُوا۟ بِٱلْكِتَـٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَنْعَـٰمَ لِتَرْكَبُوا۟ مِنْهَا وَمِنْهَا تَأْكُلُونَ (٧٩) وَلَكُمْ فِيهَا مَنَـٰفِعُ وَلِتَبْلُغُوا۟ عَلَيْهَا حَاجَةً فِى صُدُورِكُمْ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ (٨٠) وَيُرِيكُمْ ءَايَـٰتِهِۦ فَأَىَّ ءَايَـٰتِ ٱللَّهِ تُنكِرُونَ (٨١) أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ (٨٢) فَلَمَّا جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرِحُوا۟ بِمَا عِندَهُم مِّنَ ٱلْعِلْمِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ (٨٣) فَلَمَّا رَأَوْا۟ بَأْسَنَا قَالُوٓا۟ ءَامَنَّا بِٱللَّهِ وَحْدَهُۥ وَكَفَرْنَا بِمَا كُنَّا بِهِۦ مُشْرِكِينَ (٨٤) فَلَمْ يَكُ يَنفَعُهُمْ إِيمَـٰنُهُمْ لَمَّا رَأَوْا۟ بَأْسَنَا ۖ سُنَّتَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِۦ ۖ وَخَسِرَ هُنَالِكَ ٱلْكَـٰفِرُونَ (٨٥)

79. അല്ലാഹുവാകുന്നു നിങ്ങൾക്ക് വേണ്ടി കന്നുകാലികളെ സൃഷ്ടിച്ചുതന്നവൻ. അവയിൽ ചിലതിനെ നിങ്ങൾ വാഹനമായി ഉപയോഗിക്കുന്നതിന് വേണ്ടി. അവയിൽ ചിലതിനെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.

80. നിങ്ങൾക്ക് അവയിൽ പല പ്രയോജനങ്ങളുമുണ്ട്. അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങൾ എത്തിച്ചേരുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.

81. അവന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാണിച്ചുതരികയും ചെയ്യുന്നു. അപ്പോൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ എതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?

82. എന്നാൽ അവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് കാണാൻ അവർ ഭൂമിയിൽ സഞ്ചരിച്ചുനോക്കിയിട്ടില്ലേ? അവർ ഇവരെക്കാൾ എണ്ണം കൂടിയവരും ശക്തികൊണ്ടും ഭൂമിയിൽ വിട്ടേച്ചുപോയ അവശിഷ്ടങ്ങൾ കൊണ്ടും ഏറ്റവും പ്രബലന്മാരുമായിരുന്നു. എന്നിട്ടും അവർ നേടിയെടുത്തിരുന്നതൊന്നും അവർക്ക് പ്രയോജനപ്പെട്ടില്ല.

83. അങ്ങനെ അവരിലേക്കുള്ള ദൂതൻമാർ വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോൾ അവരുടെ പക്കലുള്ള അറിവുകൊണ്ട് അവർ തൃപ്തിയടയുകയാണ് ചെയ്തത്. എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചിരുന്നുവോ അത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.

84. എന്നിട്ട് നമ്മുടെ ശിക്ഷ കണ്ടപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും അവനോട് ഞങ്ങൾ പങ്കുചേർത്തിരുന്നതിൽ (ദൈവങ്ങളിൽ) ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

85. എന്നാൽ അവർ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തിൽ മുമ്പേ നടപ്പിലാക്കിക്കഴിഞ്ഞിട്ടുള്ള നടപടി ക്രമമത്രെ അത്. അവിടെ സത്യനിഷേധികൾ നഷ്ടത്തിലാവുകയും ചെയ്തു.

79) ധാരാളം ഉപകാരങ്ങളുള്ള നാൽക്കാലികളെ തന്റെ ദാസന്മാർക്കുവേണ്ടി സൃഷ്ടിച്ചത് ഒരു അനുഗ്രഹമായി അല്ലാഹു എടുത്തുപറയുന്നു. അതിലൊന്ന് അതിനെ വാഹനമായി ഉപയോഗിക്കാമെന്നതാണ്. അതിന്റെ മാംസം ഭക്ഷണമായും പാൽ കുടിക്കാനും ഉപകരിക്കുന്നു എന്നതാണ് മറ്റൊന്ന്. തണുപ്പിനെ പ്രതിരോധിക്കാൻ അവയുടെ രോമങ്ങളിൽനിന്നും തോലിൽനിന്നും ഉപയോഗവസ്തുക്കൾ നിർമിക്കപ്പെടുന്നതും അതിൽനിന്നുള്ള പ്രയോജനങ്ങളിൽ പെട്ടതാണ്.

80). (അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങൾ എത്തിച്ചേരുകയും ചെയ്യുന്നു) വിദൂര സ്ഥലങ്ങളിൽ നിങ്ങൾക്ക് യാത്ര ചെയ്ത് എത്താനും യാത്രയുടെ സന്തോഷവും അവിടെയുള്ളവരെ കാണുന്നതിലുള്ള സന്തോഷവും നിങ്ങൾക്കുണ്ടാവുന്നു.

(അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു). കരവാഹനങ്ങളിലും കടൽ വാഹനങ്ങളിലും അവയിലൂടെ മാത്രം ലഭിക്കുന്ന യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിതന്നു. അവയെ കീഴ്‌പ്പെടുത്തിയും അല്ലാഹു നിങ്ങളെ യാത്ര ചെയ്യിപ്പിക്കുന്നു.

83) (അവന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാണിച്ചുതരികയും ചെയ്യുന്നു) അവന്റെ ഏകത്വത്തിനുള്ള തെളിവ്; അവന്റെ നാമഗുണവിശേഷണങ്ങൾക്കും. ശാരീരികവും പ്രാപഞ്ചികവും പ്രത്യക്ഷവും അഗണ്യവുമായ ദൃഷ്ടാന്തങ്ങൾ മനുഷ്യന് കാണിച്ചുകൊടുക്കുകയും അതിലൂടെ അവനെ മനസ്സിലാക്കാനും നന്ദി ചെയ്യാനും സ്മരിക്കാനും അവസരമൊരുക്കുകയും ചെയ്യുന്നത് അവന്റെ മഹത്തായ അനുഗ്രഹമാണ്. (അപ്പോൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?).

നിങ്ങൾക്ക് അംഗീകരിക്കാനാവാതെ ഏതൊരു ദൃഷ്ടാന്തത്തെയാണ് നിങ്ങൾ നിഷേധിക്കുന്നത്? നിങ്ങൾക്കറിയാം, സർവ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും അല്ലാഹുവിൽനിന്നാണെന്ന്. അപ്പോൾ പിന്നെ നിഷേധിക്കാനോ നിരാകരിക്കാനോ യാതൊരു ന്യായവുമില്ല. ബുദ്ധിയുള്ളവർ നന്മയിൽ അധ്വാനിക്കുകയും വിശാലമായ സമയം കണ്ടെത്തുകയും അവനുവേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യണം.

82) പ്രവാചകന്മാരെ നിഷേധിക്കുന്നവരോട് ഭൂമിയിൽ സഞ്ചരിക്കാനാണ് പ്രേരിപ്പിക്കുന്നത്. ശരീരവും മനസ്സും ഉപയോഗിച്ച്, ആളുകളോട് കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള യാത്ര. (അവർ നോക്കട്ടെ) തെളിവ് കണ്ടെത്താവുന്ന ബുദ്ധിപരമായ നോട്ടം, അശ്രദ്ധവും അലക്ഷ്യവുമായ നോട്ടമല്ല. (അവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് കാണാൻ) ആദ്, സമൂദ് തുടങ്ങിയ മുൻ സമുദായങ്ങളുടെ. (അവർ ഇവരെക്കാൾ എണ്ണം കൂടിയവരും ശക്തികൊണ്ടും ഭൂമിയിൽ വിട്ടേച്ചുപോയ അവശിഷ്ടങ്ങൾകൊണ്ടും) സുശക്തമായ കോട്ടകൾ, മനോഹരമായ ചെടികൾ, ധാരാളം കൃഷികൾ. (എന്നിട്ടും അവർ നേടിയെടുത്തിരുന്നതൊന്നും അവർക്ക് പ്രയോജനപ്പെട്ടില്ല) ശിക്ഷയുടെ കൽപന വന്നപ്പോൾ അവരുടെ ശക്തി അവർക്ക് പ്രയോജനകരമായില്ല. സമ്പാദ്യം ഉപകാരപ്പെട്ടില്ല. കോട്ടകൾ അവരെ പ്രതിരോധിച്ചില്ല.

83) അവർ ചെയ്ത ഏറ്റവും വലിയ തെറ്റിനെക്കുറിച്ചാണ് തുടർന്ന് പറയുന്നത്. (അങ്ങനെ അവരിലേക്കുള്ള ദൂതന്മാർ വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുക്കൽ ചെന്നപ്പോൾ) ദൈവിക ഗ്രന്ഥങ്ങളിലും വമ്പിച്ച അമാനുഷിക ദൃഷ്ടാന്തങ്ങളിലും വ്യക്തമായ അറിവുകളിലും കണ്ടെത്താവുന്ന, സന്മാർഗത്തിലേക്കെത്തിക്കുന്ന, സത്യാസത്യങ്ങളെ വേർതിരിക്കുന്ന തെളിവുകൾ. (അവരുടെ പക്കലുള്ള അറിവുകൊണ്ട് അവർ തൃപ്തിയടയുകയാണ് ചെയ്തത്) പ്രവാചക മതത്തിന് വിരുദ്ധമായ അറിവ്. അവർ ആ വിജ്ഞാനത്തിൽ സന്തോഷിച്ചു എന്ന് പറയുമ്പോൾ ആ അറിവ് സ്വീകരിക്കാനും അതിൽ ഉറച്ചുനിൽക്കാനും സത്യത്തിന് എതിരായി നിലകൊള്ളാനും അവരുടെ തെറ്റായ വിശ്വാസത്തെ സത്യമായി കാണാനും അവർ ശ്രമിച്ചു എന്നർഥം. ദൈവിക വിജ്ഞാനങ്ങൾക്ക് എതിരായ എല്ലാ വിജ്ഞാനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഇത്തരം വിജ്ഞാനങ്ങളിൽ പെട്ടതാണ് തത്ത്വശാസ്ത്രവും ഗ്രീക്ക് തർക്കശാസ്ത്രവും. അവ ധാരാളം ക്വുർആനിക ആശയങ്ങളെ തള്ളിക്കളയുന്നു. ഹൃദയങ്ങളിൽ അവയുടെ മഹത്ത്വം ഇല്ലാതാക്കുന്നു. ഈ തത്ത്വങ്ങളെ അവർ ഖണ്ഡിത രേഖകളാക്കുന്നു. ശരിയായ യാതൊരു അറിവും അവയിൽനിന്ന് ലഭ്യമല്ല. വിഡ്ഢികളും അസത്യവാദികളുമായവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഇത് അല്ലാഹുവിന്റെ വചനങ്ങളുടെ വ്യക്തമായ നിഷേധമാണ്, നിരാകരണമാണ്, അല്ലാഹു കാക്കട്ടെ. (അത് അവരെ വലയം ചെയ്യുകയും ചെയ്തു) ശിക്ഷയിറങ്ങി, അതവരെ പിടികൂടി. (അവർ എന്തൊന്നിനെപ്പറ്റി പരിഹസിച്ചിരുന്നുവോ അത്) ആ ശിക്ഷ.

84) (എന്നിട്ട് നമ്മുടെ ശിക്ഷ കണ്ടപ്പോൾ) ശിക്ഷയെ അവരംഗീകരിച്ചു. അംഗീകരിക്കുന്നതുകൊണ്ട് പ്രയോജനമില്ലാത്ത സമയത്ത്. (അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും അവനോട് ഞങ്ങൾ പങ്കുചേർത്തിരുന്നതിനെയെല്ലാം ഞങ്ങൾ നിഷേധിക്കുകയും ചെയ്തിരിക്കുന്നു) ബിംബങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയ, ദൈവിക നിയമങ്ങൾക്ക് വിരുദ്ധമായ സർവ അറിവുകളും പ്രവൃത്തികളും ഞങ്ങൾ നിരാകരിക്കുന്നു.

85) (എന്നാൽ അവർ, നമ്മുടെ ശിക്ഷ കണ്ടപ്പോഴുള്ള അവരുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയുണ്ടായിട്ടില്ല) ആ ശിക്ഷ വന്ന സമയത്ത്. ഇത് (അല്ലാഹുവിന്റെ നടപടിക്രമമാണ്) പതിവ്. (തന്റെ ദാസന്മാരുടെ കാര്യത്തിൽ മുമ്പേ നടപ്പിലാക്കിക്കഴിഞ്ഞിട്ടുള്ള നടപടി ക്രമമത്രെ അത്) ശിക്ഷ വരുന്ന സന്ദർഭത്തിൽ അവിശ്വാസികൾ വിശ്വസിച്ചാൽ അവരുടെ വിശ്വാസം സ്വീകാര്യമല്ല. അത് ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുകയുമില്ല. അത് നിർബന്ധിതരായതുകൊണ്ടുമാത്രമാണ്. കണ്ടപ്പോഴുള്ള വിശ്വാസം മാത്രം. എന്നാൽ ഉപകാരപ്പെടുന്ന വിശ്വാസം, അത് സ്വമേധയാ വിശ്വാസം സ്വീകരിക്കുന്നവർക്ക് മാത്രമാണ്. അതാവട്ടെ, കാണാതെത്തന്നെ അദൃശ്യമായി വിശ്വസിക്കലാണ്. ശിക്ഷയുടെ അടയാളങ്ങൾ കാണുന്നതിന് മുമ്പുതന്നെ അവർ വിശ്വസിക്കും.

(അവിടെ നഷ്ടത്തിലാവുകയും ചെയ്തു) നാശത്തിന്റെ സമയം, ശിക്ഷ അനുഭവിക്കുന്ന സമയം. (സത്യനിഷേധികൾക്ക്) അവരുടെ ദീനും ദുൻയാവും പരലോകവുമെല്ലാം നഷ്ടത്തിലായി. കഠിനമായ ശിക്ഷയിൽ ശാശ്വതമായി കഷ്ടപ്പെടേണ്ടിവരുന്ന നഷ്ടം.