സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

അധ്യായം: 40, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

رَبَّنَا وَأَدۡخِلۡهُمۡ جَنَّٰتِ عَدۡنٍ ٱلَّتِي وَعَدتَّهُمۡ وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّٰتِهِمۡۚ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ (٨) وَقِهِمُ ٱلسَّيِّـَٔاتِۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوۡمَئِذٖ فَقَدۡ رَحِمۡتَهُۥۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ (٩) إِنَّ ٱلَّذِينَ كَفَرُواْ يُنَادَوۡنَ لَمَقۡتُ ٱللَّهِ أَكۡبَرُ مِن مَّقۡتِكُمۡ أَنفُسَكُمۡ إِذۡ تُدۡعَوۡنَ إِلَى ٱلۡإِيمَٰنِ فَتَكۡفُرُونَ (١٠) قَالُواْ رَبَّنَآ أَمَتَّنَا ٱثۡنَتَيۡنِ وَأَحۡيَيۡتَنَا ٱثۡنَتَيۡنِ فَٱعۡتَرَفۡنَا بِذُنُوبِنَا فَهَلۡ إِلَىٰ خُرُوجٖ مِّن سَبِيلٖ (١١) ذَٰلِكُم بِأَنَّهُۥٓ إِذَا دُعِيَ ٱللَّهُ وَحۡدَهُۥ كَفَرۡتُمۡ وَإِن يُشۡرَكۡ بِهِۦ تُؤۡمِنُواْۚ فَٱلۡحُكۡمُ لِلَّهِ ٱلۡعَلِيِّ ٱلۡكَبِيرِ ( ١٢ )

8. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കൾ, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.

9. അവരെ നീ തിന്‍മകളില്‍ നിന്ന് (അതിന്റെ അനന്തര ഫലത്തിൽ നിന്ന്) കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം.

10. തീര്‍ച്ചയായും സത്യനിഷേധികളോട് ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങള്‍ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും, എന്നിട്ട് നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന് (നിങ്ങളോടുള്ള) അമര്‍ഷം, നിങ്ങൾക്ക് നിങ്ങളോടു തന്നെയുള്ള അമര്‍ഷത്തെക്കാള്‍ വലുതാകുന്നു.

11. അവര്‍ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്തു പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ?

12. അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട് പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്‌. എന്നാല്‍ (ഇന്ന്‌) വിധികല്‍പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു.

8. (ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗങ്ങളിൽ നീ അവരെ പ്രവേശിപ്പിക്കണം) നിന്റെ പ്രവാചകന്മാരുടെ നാവിലൂടെ നീ വാഗ്ദാനം ചെയ്ത. (സദ്‌വൃത്തരായിട്ടുള്ളവരെയും) വിശ്വാസംകൊണ്ടും സൽപ്രവർത്തനംകൊണ്ടും നല്ലവരായ. (അവരുടെ മാതാപിതാക്കൾ, ഭാര്യമാർ) ഭാര്യാഭർത്താക്കന്മാർ, അവരുടെ സുഹൃത്തുക്കളും കൂട്ടുകാരും.(നീ തന്നെയായിരുന്നു പ്രതാപി) എല്ലാറ്റിനെയും കീഴ്‌പ്പെടുത്തുന്നവൻ. നിന്റെ പ്രതാപത്താൽ നീ അവരുടെ പാപം പൊറുക്കുന്നു. അവരുടെ ഭയം നീക്കിക്കൊടുക്കുന്നു. എല്ലാ നന്മകളിലേക്കും അവരെ ക്ഷണിക്കുന്നു. (യുക്തിമാനും) ഓരോ വസ്തുവിനെയും അതാതിന്റെ സ്ഥാനത്ത് നിശ്ചയിക്കുന്നവൻ. നിന്റെ യുക്തി താൽപര്യപ്പെടാത്തത് ഞങ്ങൾ നിന്നോട് ചോദിക്കില്ല. മറിച്ച് നിന്റെ യുക്തിയിൽ പെട്ടതാണത്. നിന്റെ ദൂതന്മാരുടെ നാവിലൂടെ നീ അറിയിച്ചത്, നിന്റെ ഔദാര്യം തേടുന്നത് സത്യവിശ്വാസികൾക്കുള്ള പാപമോചനം.

9. (അവരെ നീ തിന്മകളിൽനിന്ന് കാക്കുക യും ചെയ്യണം) ചീത്ത പ്രവർത്തനങ്ങളിൽ നിന്നും അതിന്റെ പ്രതിഫലത്തിൽനിന്നും അവരെ നീ മാറ്റിനിർത്തണം. കാരണം, അത് തിന്മ ചെയ്തവന് ദോഷകരമാവും. (അന്നേദിവസം നീ ഏതൊരാളെ തിന്മയിൽനിന്നും കാക്കുന്നുവോ) ഉയിർത്തെഴുന്നേൽപ് നാളിൽ. (അവനോട് തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു) നിന്റെ കാരുണ്യം ദാസന്മാരിൽ നിരന്തരം തുടർന്നുകൊണ്ടേയിരിക്കും. ദാസന്മാരുടെ തിന്മകളും പാപങ്ങളും മാത്രമാണ് അതിന് തടസ്സം. തിന്മകളെ സൂക്ഷിക്കുന്നതുകൊണ്ട് ഭയപ്പെടുന്ന കാര്യം ഒഴിവാകുകയും ആഗ്രഹിക്കുന്നത് ലഭിക്കുകയും ചെയ്യും, കരുണ ലഭിക്കുന്നതിന്റെ ഭാഗമായി. (അത് തന്നെയാകുന്നു മഹാഭാഗ്യം) അതുപോലെ മറ്റൊരു വിജയമില്ല. അതിനെക്കാളും നല്ല ഒന്നിനുവേണ്ടി മത്സരിക്കുന്നവർ മത്സരിക്കുന്നില്ല.

തീർച്ചയായും മലക്കുകളുടെ ഈ പ്രാർഥനയുടെ ഉള്ളടക്കത്തിൽനിന്ന് മനസ്സിലാകുന്നതാണ്, മലക്കുകൾക്ക് തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് പൂർണമായ അറിവുണ്ടെന്നത്. തന്റെ ദാസന്മാരിൽനിന്നും അല്ലാഹു ഇഷ്ടപ്പെടുന്ന അതിവിശിഷ്ടമായ അവന്റെ നാമങ്ങൾകൊണ്ട് അവനിലേക്ക് അടുക്കുവാനുള്ള മാർഗം തേടാമെന്നതും. അവർ അല്ലാഹുവോട് പ്രാർഥിച്ച പ്രാർഥനയോട് യോജിക്കുന്ന പ്രാർഥനകൾ പ്രാർഥിക്കാമെന്നതും. അവരുടെ പ്രാർഥനയി ൽ ഉണ്ടായിരുന്നത് അനുഗ്രഹം ലഭിക്കാനും അല്ലാഹുവിനറിയുന്ന മനുഷ്യന്റെ മനസ്സിന്റെ പ്രകൃതിയനുസരിച്ച് ഉണ്ടാകാവുന്ന കാര്യങ്ങളെ അതായത് തെറ്റുകളെക്കുറിച്ചുമാണ്. അല്ലാഹുവിന് അറിയാവുന്ന, അതുപോലുള്ള കാരണങ്ങൾ. ഇതിലെല്ലാം കരുണാനിധിയും സർവജ്ഞനുമായ അല്ലാഹുവോട് അടുക്കുവാനുള്ള മാർഗം തേടുകയാണവർ.

അല്ലാഹുവിന്റെ സൃഷ്ടികർതൃത്വത്തെ അംഗീകരിച്ചുകൊണ്ട് പറയുന്നത് അല്ലാഹുവോട് അവർ കാണിക്കുന്ന മര്യാദയുടെ ഭാഗമാണ്; അവർക്ക് കൈകാര്യകർതൃത്വത്തിൽ യാതൊന്നുമില്ലെന്നതും. അവർ അവരുടെ രക്ഷിതാവിനോട് പ്രാർഥിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാ നിലയ്ക്കുമുള്ള അവരുടെ ആവശ്യമാണെന്നതിൽനിന്നുണ്ടാകുന്നതാണ് അത്. ഒരു സന്ദർഭത്തിലും അത് തങ്ങളുടെ രക്ഷിതാവിനോട് ചെയ്യുന്ന ദാക്ഷിണ്യമായി അവർ കാണുകയില്ല. മറിച്ച അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും ആയി മാത്രമെ അവർ ഗണിക്കൂ.

തങ്ങളുടെ രക്ഷിതാവ് ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങളോട് അവർ പൂർണമായും യോജിപ്പ് പുലർത്തുന്നു എന്ന ആശയവും ഇതിലുണ്ട്. അവർ നിർവഹിക്കുന്ന ആരാധനകൾ ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്. തന്റെ പടപ്പുകളിൽ അല്ലാഹു ഇഷ്ടപ്പെടുന്ന സത്യവിശ്വാസികളായ സൽകർമികൾക്ക് വേണ്ടി അവർ പരിശ്രമിക്കുകയും ചെയ്യുന്നു. മതപരമായ ബാധ്യതകൾ നിർവഹിക്കുന്ന മറ്റുള്ളവർക്ക് വേണ്ടിയും. സത്യവിശ്വാസികളല്ലാത്തവരോട് അല്ലാഹു കോപിക്കുന്നു. മലക്കുകൾക്ക് അവരോടുള്ള ഇഷ്ടത്തിന്റെ ഭാഗമാണ് അവർക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിക്കുന്നതും അവരുടെ ചുറ്റുപാടുകൾ നന്നാവാൻ വേണ്ടി പരിശ്രമിക്കുന്നതും. കാരണം ഒരാൾ മറ്റൊരാൾക്കുവേണ്ടി പ്രാർഥിക്കുന്നത് അയാളെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്.

ഇതിലുള്ള മറ്റൊരു കാര്യം, മലക്കുകളുടെ പ്രാർഥനയെപ്പറ്റി അല്ലാഹു വ്യക്തമാക്കുകയും വിശദീകരിക്കുകയും ചെയ്തശേഷം അല്ലാഹു പറയുന്നു: (വിശ്വസിച്ചവർക്കുവേണ്ടി പാപമോ ചനം തേടുകയും ചെയ്യുന്നു). ഇതിൽ അവന്റെ ഗ്രന്ഥം എങ്ങനെ ചിന്തിച്ചുപഠിക്കണം എന്നതിനെക്കുറിച്ച് ലളിതമായി ഉദ്‌ബോധിപ്പിക്കുന്നു. ചിന്തയും പഠനവും പദത്തിന്റെ അർഥത്തിൽ മാത്രം ഒതുക്കി നിർത്തരുത്. ശരിയായ അർഥത്തിൽ പദത്തിന്റെ അർഥം മനസ്സിലാക്കിക്കഴിഞ്ഞാൽ ആ കാര്യത്തെക്കുറിച്ച് ബുദ്ധികൊടുത്ത് ചിന്തിക്കണം; അതിലേക്കെത്താവുന്ന അനിവാര്യ വഴികളിലൂടെയെല്ലാം. അതിൽനിന്ന് നിർബന്ധമായും ലഭിക്കുന്ന കാര്യങ്ങൾ, അത് ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നതെല്ലാം ചിന്തിക്കണം. പദത്തിൽനിന്ന് ലഭിക്കുന്ന ആശയം പോലെത്തന്നെ ചില പ്രത്യേകമായ ആശയങ്ങൾ അല്ലാഹു ഉദ്ദേശിച്ചു എന്നുറപ്പാണ്.

ഇവിടെ ഖണ്ഡിതമായത് അല്ലാഹു രണ്ട് കാര്യങ്ങളെയാണ് ഉദ്ദേശിച്ചത് എന്നതാണ്. അതിലൊന്ന് അവനെ മനസ്സിലാക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. അത് അനുബന്ധ ആശയവും ചർച്ചകൾക്ക് അവസരമില്ലാത്തതുമാണ്. രണ്ടാമത്തേത് അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ് എന്നതാണ്. തന്റെ ദാസൻ തന്റെ ഗ്രന്ഥത്തിൽ ചിന്തിക്കുകയും പഠനം നടത്തുകയും ചെയ്യണമെന്ന് അല്ലാഹു നിർദേശിക്കുകയും ചെയ്യുന്നു.

ആ ആശയങ്ങളിലൂടെ ചില സുപ്രധാന കാര്യങ്ങൾ അല്ലാഹു പഠിപ്പിക്കുന്നു. അവന്റെ ഗ്രന്ഥം സന്മാർഗവും വെളിച്ചവും എല്ലാറ്റിനുമുള്ള വിശദീകരണവുമാണ്. ഏറ്റവും സാഹിത്യപൂർണമായ വചനം, വളരെയധികം സുവ്യക്തമായത്. അതിനാൽതന്നെ ഒരു ദാസന് അതിൽനിന്ന് മഹത്തായ അറിവും ധാരാളം നന്മകളും ലഭിക്കുന്നു. അല്ലാഹു നൽകുന്ന സഹായമനുസരിച്ച്, അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മുടെ ഈ തഫ്‌സീറിലും ധാരാളം നന്മകളുണ്ട്.

ചിന്തിക്കാത്ത ചില കാര്യങ്ങൾ ചില ആയത്തുകളിൽ ഒളിഞ്ഞിരിക്കുന്നുമുണ്ടായിരിക്കും. ശരിയായ ചിന്തകൾ അല്ലാഹുവിന്റെ അറിവാകുന്ന കാരുണ്യത്തിന്റെ ഖജനാവുകൾ നമുക്ക് തുറന്നുതരാൻ അവനോട് ചോദിക്കുന്നു. അതിലൂടെയാണ് മുസ്‌ലിംകളുടെയും പൊതുവെയും ഉള്ള അവസ്ഥകൾ നന്നായിത്തീരുന്നത്. എല്ലാ സമയങ്ങളിലും നാം അവന്റെ അനുഗ്രഹങ്ങളിലായി കഴിച്ചുകൂട്ടുന്നു; ഓരോ നിമിഷത്തിലും. പ്രയാസവും തടസ്സവുമുണ്ടാക്കുന്ന നമ്മുടെ മനസ്സിന്റെ തിന്മകളിൽനിന്നും അവൻ നമ്മെ രക്ഷിക്കട്ടെ. അവന്റെ അനുഗ്രഹം നൽകിക്കൊണ്ട് അവൻ വളരെയധികം ഔദാര്യം ചെയ്യുന്നവനും അത്യധികമായി നൽകുന്നവനുമാകുന്നു. കാര്യകാരണങ്ങളിലൂടെ കരസ്ഥമാകുന്ന അനുഗ്രഹങ്ങൾ.

അതിൽനിന്ന് മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം ഒരു ബന്ധുവിന് തന്റെ ഇണയോ സന്താനമോ കൂട്ടുകാരനോ ആയ മറ്റൊരു ബന്ധുവിനെക്കൊണ്ട് സൗഭാഗ്യം വരാം എന്നാണ്. തന്റെ പ്രവർത്തനങ്ങൾക്ക് പുറമെ തന്റെ പ്രവർത്തനം നിമിത്തം അവനുമായുള്ള ബന്ധം നന്മ കിട്ടാൻ കാരണമാകാം. മലക്കുകൾ സത്യവിശ്വാസികൾക്കും സദ്‌വൃത്തരായിട്ടുള്ള മാതാപിതാക്കൾക്കും ഇണകൾക്കും മക്കൾക്കും വേണ്ടിയും പ്രാർഥിക്കുന്നു. പറയപ്പെടുന്നവർ നല്ലവരായിരിക്കണം എന്നത് നിർബന്ധമാണ്. (സദ്‌വൃത്തരായ) അങ്ങനെയാകുമ്പോൾ അതും അവരുടെ പ്രവർത്തനഫലമാണ്.

10. സത്യനിഷേധികൾക്ക് സംഭവിക്കുന്ന നിന്ദ്യതയെയും അപമാനത്തെയും കുറിച്ചാണ് അ ല്ലാഹു പറയുന്നത്; അവർ തിരിച്ചുപോകാനും നരകത്തിൽനിന്ന് പുറത്തുപോകാനും ആവശ്യപ്പെടുന്നതിനെക്കുറിച്ചും. അവർക്കത് തടയപ്പെടുകയും അവർ അപമാനിക്കപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു: (തീർച്ചയായും സത്യനിഷേധികളോട്) എല്ലാതരം അവിശ്വാസങ്ങളും ഉൾക്കൊണ്ടവരോട്. അല്ലാഹുവിലും അവന്റെ വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും എല്ലാമുള്ള നിഷേധം. അവർ നരകത്തിൽ പ്രവേശിക്കുമ്പോൾ അവർ അതിന് അർഹരാണെന്ന് അവർ അംഗീകരിക്കും; അതിനുമാത്രം തെറ്റുകളും പാപങ്ങളും അവർ ചെയ്തതിനാൽ. അതിനാൽ അവർ അവരോടുതന്നെ അതിശക്തമായ അമർഷം രേഖപ്പെടുത്തും. അങ്ങേയറ്റത്തെ ദേഷ്യവും. അപ്പോൾ വിളിച്ചുപറയപ്പെടും: (അ ല്ലാഹുവിന്റെ അമർഷം) നിങ്ങളോടുള്ള. (നിങ്ങൾ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും എന്നിട്ട് നിങ്ങൾ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിൽ) അതായത്, ദൂതന്മാരും അവരുടെ അനുയായികളും നിങ്ങളെ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോൾ സത്യം വ്യക്തമാകുന്ന തെളിവുകൾ അവർ നിങ്ങൾക്ക് കാണിച്ചുതന്നു. അപ്പോൾ നിങ്ങൾ അവിശ്വസിച്ചു. വിശ്വാസത്തോട് വിരക്തി കാണിച്ചു. അതിനുവേണ്ടിയാണ് അല്ലാഹു നിങ്ങളെ സൃഷ്ടിച്ചത്. അവന്റെ വിശാലമായ അനുഗ്രഹങ്ങളിൽനിന്ന് നിങ്ങൾ പുറത്തുപോവുകയും ചെയ്തു. അപ്പോൾ അവന് നിങ്ങളോട് അമർഷവും കോപവുമുണ്ടായി.

(ഇത് നിങ്ങൾ തമ്മിലുള്ള അമർഷത്തേക്കാൾ വലുതാകുന്നു) ഈ അമർഷം നിങ്ങളുടെ മേൽ തുടർന്നുകൊണ്ടിരിക്കും. ഔദാര്യവാനായ അല്ലാഹുവിന്റെ കോപം നിങ്ങളിൽ ഇറങ്ങിക്കൊണ്ടിരിക്കും, നിങ്ങൾക്ക് മാറ്റം വരുന്നതുവരെ. ഇന്ന് അല്ലാഹുവിന്റെ കോപവും ശിക്ഷ യും നിങ്ങളുടെ മേൽ ഇറങ്ങിയിരിക്കുന്നു, സത്യവിശ്വാസികൾ അവന്റെ തൃപ്തിയും പ്രതിഫലവും നേടിയപ്പോൾ.

11. അപ്പോൾ അവർ തിരിച്ചുപോക്ക് ആഗ്രഹിക്കുന്നു. (അവർ പറയും: ഞങ്ങളുടെ നാഥാ, രണ്ട് പ്രാവശ്യം നീ ഞങ്ങൾ നിർജീവാവസ്ഥയിലാക്കുകയും) ആദ്യമരണമാണവർ ഉദ്ദേശിക്കുന്നത്. കാഹളത്തിലെ രണ്ട് ഊത്തുകൾക്കിടയിലാണെന്നും പറയപ്പെട്ടിട്ടുണ്ട്. ഉണ്ടാകുന്നതിന് മുമ്പ് തീരെ ഇല്ലാതിരുന്ന അവസ്ഥയും ആകാം. പിന്നീട് ഉണ്ടായതിനുശേഷം അവരെ മരിപ്പിച്ചു. (രണ്ട് പ്രാവശ്യം നീ ഞങ്ങൾക്ക് ജീവൻ നൽകുകയും ചെയ്തു) ഇഹലോകത്തുള്ള ജീവിതവും പരലോകത്തുള്ള ജീവിതവും. (എന്നാൽ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങൾ സമ്മതിച്ചിരിക്കുന്നു. ആകയാൽ ഒന്ന് പുറത്തുപോകേണ്ടതിലേക്ക് വല്ല മാർഗവുമുണ്ടോ?) അവർ ഖേദം രേഖപ്പെടുത്തിക്കൊണ്ടാണത് പറയുന്നത്. അതൊരു പ്രയോജനവും ചെയ്യില്ല, വിജയിക്കാനാവശ്യമായ കാര്യങ്ങൾ പ്രവർത്തിക്കാത്തതിൽ അപമാനിച്ചുകൊണ്ട് പറയും.

12. (അല്ലാഹുവോട് മാത്രം വിളിക്കപ്പെട്ടാൽ) അതായത് അവന്റെ ഏകത്വത്തിലേക്ക് വിളിക്കപ്പെട്ടാൽ, പ്രവർത്തനങ്ങൾ അവനുമാത്രം നിഷ്‌ക്കളങ്കമാക്കണമെന്നതിലേക്കും. അവനിൽ പങ്കുചേർക്കുന്നതിനെ വിരോധിക്കുകയും ചെയ്താൽ. (നിങ്ങൾ അവിശ്വസിക്കും) അവനിൽ, നിങ്ങളുടെ അനിഷ്ടം കാണിക്കുന്നു; നിങ്ങളുടെ ഹൃദയങ്ങൾ. വളരെയധികം നിങ്ങൾ വെറുക്കുകയും ചെയ്യുന്നു. (അവനോട് പങ്കാളികൾ കൂട്ടിച്ചേർക്കപ്പെട്ടാൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു) ഇതാണ് നിങ്ങളെ ഈ സ്ഥാനത്തെത്തിച്ചത്. ഈ സംസാരത്തിനും സ്ഥാനത്തിനും കളമൊരുക്കിയത്. യഥാർഥ വിശ്വാസത്തെ നിങ്ങൾ നിഷേധിക്കുന്നു. അവിശ്വാസത്തെ നിങ്ങൾ വിശ്വാസമായി സ്വീകരിക്കുന്നു. ഇഹത്തിലും പരത്തിലും പ്രയാസവും പ്രശ്‌നവും സൃഷ്ടിക്കുന്ന കാര്യത്തെ നിങ്ങൾ തൃപ്തിപ്പെടുന്നു. ഇഹത്തിലും പരത്തിലും നന്മയും ഗുണവുമുള്ളതിനെ നിങ്ങൾ വെറുക്കുന്നു. കോപം, നിന്ദ്യത, കഷ്ടപ്പാട് എന്നിവയ്ക്കുള്ള കാരണങ്ങളെ നിങ്ങൾ തെരഞ്ഞെടുക്കുന്നു. വിജയത്തിന്റെ നിറുത്തങ്ങളിൽനിന്ന് നിങ്ങൾ വിട്ടുനിൽക്കുന്നു.

وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰ

“നേർമാർഗം കണ്ടാൽ അവർ അതിനെ മാർഗമായി സ്വീകരിക്കുകയില്ല. ദുർമാർഗം കണ്ടാൽ അവരത് മാർഗമായി സ്വീകരിക്കുകയും ചെ യ്യും’’ (7:146).

(എന്നാൽ വിധികൽപിക്കാനുള്ള അധികാരം ഉന്നതും മഹാനുമായ അല്ലാഹുവിനാകുന്നു) അൽഅലിയ്യ് എന്ന് പറഞ്ഞാൽ ഉപാധികളില്ലാത്ത ഔന്നത്യമുള്ളവൻ, എല്ലാറ്റിനെക്കാളും. ദാത്തി(തടി)ലും കഴിവിലും കീഴ്‌പ്പെടുത്തുന്നതിനും എല്ലാം ഉന്നതൻ. അവന്റെ ഉന്നത കഴിവിലും പരിപൂർണ നീതിയിലും പെട്ടതാണ് വസ്തുതകളെ അതാതിന്റെ സ്ഥാനത്ത് നിശ്ചയിക്കുക എന്നത്. സൂക്ഷ്മത പാലിക്കുന്നവർക്കും അധർമകാരികൾക്കും ഇടയിൽ അത് ഒരുപോലെയല്ല.

(മഹാനായവൻ) ശ്രേഷ്ഠതയും മഹത്ത്വവും ഒന്നത്യവും ഉള്ളവൻ, അവന്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം. എല്ലാ അപകടങ്ങളിൽനിന്നും ന്യൂനതകളിൽനിന്നും പരിശുദ്ധൻ. വിധികർതൃത്വം അല്ലാഹുവിനാകുമ്പോൾ നിത്യശാശ്വതത്വമാണ് നിങ്ങൾക്കവൻ വിധിച്ചത്. അവന്റെ വിധി മാറ്റപ്പെടുകയില്ല.