സൂറഃ സൂറ: അശ്ശൂറാ (കൂടിയാലോചന), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജനുവരി 28, 1444 റജബ് 5

അധ്യായം: 42, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍ مُّسَمًّى لَّقُضِىَ بَيْنَهُمْ ۚ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَـٰبَ مِنۢ بَعْدِهِمْ لَفِى شَكٍّ مِّنْهُ مُرِيبٍ (١٤) فَلِذَٰلِكَ فَٱدْعُ ۖ وَٱسْتَقِمْ كَمَآ أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ ۖ وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَـٰبٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ ٱللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ ٱللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ ٱلْمَصِيرُ (١٥)

14. പൂർവവേദക്കാർ ഭിന്നിച്ചത് അവർക്ക് അറിവ് വന്നുകിട്ടിയതിനുശേഷം തന്നെയാണ്. അവർ തമ്മിലുള്ള വിരോധം നിമിത്തമാണത്. നിർണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് മുമ്പ് തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ (ഉടനെ) തീർപ്പുകൽപിക്കപ്പെടുമായിരുന്നു. അവർക്കു ശേഷം വേദഗ്രന്ഥത്തിന്റെ അനന്തരാവകാശം നൽകപ്പെട്ടവർ തീർച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

15. അതിനാൽ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കൽപിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടർന്ന് പോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതിപുലർത്തുവാൻ ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമങ്ങളും നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ യാതൊരു തർക്കപ്രശ്‌നവുമില്ല. അല്ലാഹു നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്.

14). മുസ്‌ലിംകൾ അവരുടെ മതകാര്യങ്ങളിൽ ഒന്നിക്കണമെന്ന് കൽപിച്ചപ്പോൾ തന്നെ അല്ലാഹു ഭിന്നിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. അല്ലാഹു ഇറക്കിക്കൊടുത്ത വേദഗ്രന്ഥത്തിൽ ഒരിക്കലും അശ്രദ്ധരാകാൻ പാടില്ലെന്നും അവരെ അറിയിക്കുന്നു. ഒരുമിക്കൽ അനിവാര്യമാണെന്നറിയിക്കുന്ന വേദഗ്രന്ഥം ലഭിച്ചതിനുശേഷമാണ് വേദക്കാർ ഭിന്നിച്ചത്. വേദം കൽപിച്ചതിനു നേർവിപരീതം അവർ പ്രവർത്തിച്ചു. അതെല്ലാം അവരുടെ അതിക്രമവും ശത്രുതയുമാണ്. അവർ പരസ്പരം വിദ്വേഷവും അസൂയയും കാണിച്ചു. അവർക്കിടയിൽ ശത്രുതയും പോരുമുണ്ടായി. അങ്ങിനെ അഭിപ്രായ ഭിന്നതകളുണ്ടായി. അവരെപ്പോലെ ആയിത്തീരുന്നത് മുസ്‌ലിംകളെ, നിങ്ങളും സൂക്ഷിക്കണം.

(ഒരു വചനം നിങ്ങളുടെ രക്ഷിതാവിൽ നിന്ന് മുമ്പുതന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ) തീരുമാനിച്ച ശിക്ഷ വൈകുമെന്ന് (നിർണിതമായ ഒരവധിവരേക്ക് ബാധകമായ അവർക്കിടയിൽ തീർപ്പ് കൽപിക്കപ്പെടുമായിരുന്നു). എന്നാൽ അല്ലാഹുവിന്റെ യുക്തിയും അറിവും അത് അവർക്ക് വൈകണമെന്നാണ് താൽപര്യപ്പെടുന്നത്. (അവർക്കുശേഷം വേദഗ്രന്ഥത്തിന്റെ അവകാശം നൽകപ്പെട്ടവർ) അവരെ അനന്തരമെടുത്തവർ, അവരുടെ പിൻഗാമികളായിത്തീർന്നവർ. അവരിൽനിന്ന് അറിവ് ലഭിച്ചവർ (തീർച്ചയായും അതിനെപ്പറ്റി അവിശ്വാസ ജനകമായ സംശയത്തിലാകുന്നു) ആശയ ഭിന്നതകളുണ്ടാക്കുന്ന, ധാരാളം ആശയക്കുഴപ്പങ്ങളിൽ, അവരുടെ പൂർവികർ ധിക്കാരവും അതിക്രമവും കാരണം ഭിന്നിച്ചു. അതേ കാര്യങ്ങളിൽ പിൻഗാമികളും സംശയത്തിലും ആശയക്കുഴപ്പങ്ങളിലുമാണ്. ആക്ഷേപകരമായ അഭിപ്രായ ഭിന്നതകളിൽ അവരെല്ലാവരും പങ്കാളികളാവുന്നു.

15) (അതിനാൽ നീ പ്രബോധനം ചെയ്തുകൊള്ളുക) അതിനാൽ അല്ലാഹു തന്റെ വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും ഇറക്കിയ ചൊവ്വായ മതത്തിലേക്ക്, നേർമാർഗത്തിലേക്ക് നിന്റെ സമുദായത്തെ നീ ക്ഷണിക്കുക. അതിനവരെ പ്രേരിപ്പിക്കുക. അതിനോടുള്ള എതിർപ്പുകളെ നീ നേരിടുക. (നീ നേരെ നിലകൊള്ളുകയും ചെയ്യുക) നിന്റെ സ്വന്തം കാര്യങ്ങളിൽ. (നീ കൽപിക്കപ്പെട്ടതുപോലെ) അല്ലാഹുവിന്റെ കൽപനകളോട് യോജിച്ച് ശരിയായവിധം, തീവ്രതയോ വീഴ്ചയോ ഇല്ലാതെ, അല്ലാഹുവിന്റെ കൽപനകളെ പിൻതുടർന്ന്, വിരോധങ്ങളുപേക്ഷിച്ച്. അതിൽ സ്ഥിരോത്സഹമുണ്ടാകണം. ചൊവ്വായ മാർഗത്തിൽ സ്വയം പരിപൂർണനാകണം. മറ്റുള്ളവരെ പ്രബോധനത്തിലൂടെ പൂർണതയിൽ എത്തിക്കാനാണ് നിർദേശിക്കുന്നത്. പ്രവാചകനോടുള്ള കൽപനകൾ അദ്ദേഹത്തിന് പ്രത്യേകമാണെന്ന് പറയാത്തിടത്തോളം കാലം അത് തന്റെ സമുദായത്തിലെ ഓരോരുത്തർക്കും ബാധകമാണ്.

(അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടർന്നുപോകരുത്) മതത്തിൽനിന്നും വഴിതെറ്റിപ്പോയ കപടവിശ്വാസികളുടെയും നിഷേധികളുടെയും ഇച്ഛകളെ നീ പിന്തുടരുത്; അവരുടെ ചില മതകാര്യങ്ങൾ സ്വീകരിച്ചുകൊണ്ടോ പ്രബോധനമുപേക്ഷിച്ചുകൊണ്ടോ അവരുടെ ഇഷ്ടങ്ങൾ സ്വീകരിച്ച് ശരിയായ നിലപാടിൽനിന്ന് മാറിക്കൊണ്ടോ. വ്യക്തമായ അറിവ് വന്നെത്തിയതിനുശേഷം നീ അങ്ങനെ ചെയ്താൽ നീ അക്രമികളിൽ പെട്ടവനായിത്തീരും.

‘അവരുടെ മതത്തെ പിൻപറ്റരുത്’ എന്നിവിടെ പറഞ്ഞില്ല. കാരണം, അവരുടെ മതത്തിന്റെ യഥാർഥ തത്ത്വങ്ങൾ പ്രവാചകന്മാർ പഠിപ്പിച്ചതു തന്നെയാണ്. എന്നാൽ അവർ അത് പിൻപറ്റിയില്ല. മറിച്ച്, ദേഹേച്ഛകളെയാണ് അവർ പിൻപറ്റിയത്. അവർ അവരുടെ മതത്തെ കളിയും വിനോദവും ആക്കുകയും ചെയ്തു. (നീ പറയുക) അവരോട് ചർച്ചയും വാഗ്വാദങ്ങളും നടത്തുമ്പോൾ. (അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാൻ വിശ്വസിച്ചിരിക്കുന്നു) ഈ അടിസ്ഥാനത്തിൽ നിന്നുകൊണ്ടാണ് നീ അവരോട് ഏത് ചർച്ചയും നടത്തേണ്ടത്. ഇത് ഇസ്‌ലാമിന്റെ മഹത്ത്വത്തെയും ശ്രേഷ്ഠതയെയും തെളിയിക്കുന്നു. മറ്റു മതങ്ങളിൽ അതിന്റെ ആധിപത്യവും വ്യക്തമാക്കുന്നു.

വേദക്കാർ തങ്ങളുടെ മതമായി വാദിക്കുന്നതും ഇസ്‌ലാമിന്റെ ഒരുഭാഗം തന്നെയാണ്. വേദക്കാർ ചില വേദഗ്രന്ഥങ്ങളിലോ ചില പ്രവാചകന്മാരിലോ മാത്രം വിശ്വസിച്ചുകൊണ്ടാണെങ്കിൽ അത് അംഗീകരിച്ചുകൊടുക്കാവതല്ല. കാരണം അവർ ക്ഷണിക്കുന്ന വേദഗ്രന്ഥവും അവർ അവരെ ബന്ധപ്പെടുത്തുന്ന പ്രവാചകനുമാകുമ്പോൾ അവരീ ക്വുർആനിനെയും അതുമായി വന്ന പ്രവാചകനെയും സത്യപ്പെടുത്താൻ ബാധ്യസ്ഥരാണ്. നമ്മുടെ ഗ്രന്ഥവും പ്രവാചകനുമെല്ലാം നമ്മോട് കൽപിക്കുന്നത് മൂസാ, ഈസാ, തൗറാത്ത്, ഇൻജീൽ; ഇതിലെല്ലാം വിശ്വസിക്കണമെന്നാണ്. ഇവയെക്കുറിച്ചെല്ലാം നമ്മുടെ ഗ്രന്ഥങ്ങൾ പരാമർശിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ തൗറാത്തോ ഇൻജീലോ മൂസായോ ഈസായോ നമ്മോടൊന്നും നിർദേശിച്ചിട്ടില്ല. നമ്മുടെ വേദത്തോട് യോജിക്കുകയോ അവരിൽ വിശ്വസിക്കാൻ കൽപിക്കുകയോ ചെയ്യുന്നില്ല. (നിങ്ങൾക്കിടയിൽ നീതി പുലർത്തുവാൻ ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു) നിങ്ങൾ അഭിപ്രായ ഭിന്നതയിലായ കാര്യത്തിൽ വിധികൽപിക്കാൻ. നിങ്ങൾക്ക് എന്നോടുള്ള ശത്രുതയോ വിദ്വേഷമോ നിങ്ങൾക്കിടയിൽ നീതി വിധിക്കാൻ എനിക്ക് തടസ്സമാകുന്നില്ല. വ്യത്യസ്തമായ അഭിപ്രായമുള്ളവർക്കിടയിലും വേദക്കാർക്കോ അതല്ലാത്തവർക്കിടയിലോ ഉള്ള സത്യങ്ങളെ സ്വീകരിക്കാനും അസത്യങ്ങളെ നിരാകരിക്കാനും എനിക്ക് തടസ്സമില്ല.

(അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും) എല്ലാവരുടെയും രക്ഷിതാവ് അവനാണ്. ഞങ്ങളെക്കാളും കൂടുതൽ ഒരു അവകാശം അവനിൽ നിങ്ങൾക്കില്ല. (ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമങ്ങളും നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമങ്ങളും) നന്മ തിന്മകളിൽനിന്ന്. (ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ യാതൊരു തർക്കപ്രശ്‌നവുമില്ല) യാഥാർഥ്യങ്ങൾ വ്യക്തമായതിനുശേഷം അസത്യവും സത്യവും വഴികേടും നേർമാർഗവും പ്രകടമായി. തർക്കത്തിനോ വാദപ്രതിവാദത്തിനോ യാതൊരു സ്ഥാനവുമില്ല. തർക്കങ്ങൾ നടത്തുന്നത് സത്യത്തെ അസത്യത്തിൽനിന്ന് വേർതിരിക്കാനാണല്ലോ. ശരി ചെയ്യുന്നവന് ആ വഴിക്ക് പോകാനും വഴിപിഴച്ചവനെതിരെ തെളിവുണ്ടാക്കാനുമാണത്. ഇവിടെ ഉദ്ദേശ്യം അതല്ല. കാരണം വേദക്കാർ ഇവിടെ തർക്കിക്കുന്നില്ല. (നല്ല രൂപത്തിലല്ലാതെ വേദക്കാരുമായി നിങ്ങൾ തർക്കിക്കരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നാം മുകളിൽ പറഞ്ഞതാണ്).

(അല്ലാഹു നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്) ഉയിർത്തെഴുന്നേൽപ് നാളിൽ. അപ്പോൾ എല്ലാ വർക്കും അവരവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് പ്രതിഫലം നൽകപ്പെടും. അന്ന് കളവ് പറയുന്നവനും സത്യം പറയുന്നവനും ആരാണെന്ന് വ്യക്തമാകും. ഇതിനെ സ്ഥിരീകരി ക്കുന്നതാണ് (ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ യാതൊരു തർക്കപ്രശ്‌നവുമില്ല) എന്ന വചനം.