സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂലൈ 29 , 1444 മുഹറം 11

അധ്യായം: 40, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَوَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ (٣١) أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ (٣٢) وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةً وَٰحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ (٣٣) وَلِبُيُوتِهِمْ أَبْوَٰبًا وَسُرُرًا عَلَيْهَا يَتَّكِـُٔونَ (٣٤) وَزُخْرُفًا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ (٣٥)

31. അതായത് നൂഹിന്‍റെ ജനതയുടെയും ആദിന്‍റെയും ഥമൂദിന്‍റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്‌. ദാസന്‍മാരോട് യാതൊരു അക്രമവും ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.

32. എന്‍റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.

33. അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന് നേര്‍വഴി കാണിക്കാന്‍ ആരുമില്ല.

34. വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്‌. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണേ്ടയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു.( അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു.

35. അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.

31). തുടർന്ന് അവരെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: (അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും സമൂദിന്റെയും അവർക്കുശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്) കളവാക്കുക, നിഷേധിക്കുക എന്നതാണ് അവരുടെ പതിവ്. പരലോക ശിക്ഷയ്ക്ക് മുമ്പ് ഇഹലോകത്തുവെച്ചുതന്നെ വേഗത്തിൽ ശിക്ഷ നൽകുക എന്നതാണ് അല്ലാഹുവിന്റെ പതിവ്. (ദാസന്മാരോട് യാതൊരു അക്രമവും ചെയ്യാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല) അവരിൽ സംഭവിക്കാത്ത കുറ്റത്തിനോ അവർ പ്രവർത്തിക്കാത്ത തെറ്റിനോ അവരെ ശിക്ഷിക്കുന്നതിലൂടെ.

32). ഇഹലോകത്തെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുന്നതിനോടൊപ്പം പരലോകത്തെ ശിക്ഷയെക്കുറിച്ചും താക്കീത് ചെയ്യുന്നു: (എന്റെ ജനങ്ങളേ-നിങ്ങൾ-പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തിൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു) സ്വർഗക്കാരും നരകക്കാരും പരസ്പരം വിളിച്ചുകേഴുന്ന ഉയിർത്തെഴുന്നേൽപ് ദിനം. ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങൾ യാഥാർഥ്യമായി കണ്ടെത്തിക്കഴിഞ്ഞു.

(٥٠) وَنَادَىٰٓ أَصْحَـٰبُ ٱلنَّارِ أَصْحَـٰبَ ٱلْجَنَّةِ أَنْ أَفِيضُوا۟ عَلَيْنَا مِنَ ٱلْمَآءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ ۚ قَالُوٓا۟ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلْكَـٰفِرِينَ

‘‘നരകാവകാശികൾ സ്വർഗാവകാശികളെ വിളിച്ച് പറയും. ഞങ്ങൾക്ക് അൽപം വെള്ളമോ അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപജീവനത്തിൽ നിന്ന് അൽപമോ നിങ്ങൾ ചൊരിഞ്ഞുതരണേ. അവർ പറയും: സത്യനിഷേധികൾക്ക് അല്ലാഹു അത് രണ്ടും തീർത്തും വിലക്കിയിരിക്കുകയാണ്’’ (അഅ്‌റാഫ് 50). നരകക്കാർ നരകത്തിന്റെ കാവൽക്കാരനായ മാലികിനെ വിളിച്ച് കേഴുന്നൊരു രംഗമുണ്ട്. അവർ പറയും:

لِيَقْضِ عَلَيْنَا رَبُّكَ ۖ

‘‘താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേൽ മരണം വിധിക്കട്ടെ.’’ അപ്പോൾ മലക്ക് പറയും:

إِنَّكُم مَّـٰكِثُونَ

‘‘നിങ്ങൾ ഇവിടെ താമസിക്കേണ്ടവർ തന്നെയാകുന്നു’’ (സുഖ്‌റുഫ് 77).

അപ്പോൾ അവർ തങ്ങളുടെ രക്ഷിതാവിനെ വിളിച്ചുപറയും:

رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ

‘‘ഇനി ഞങ്ങൾ ദുർമാർഗത്തിലേക്ക് മടങ്ങുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ അക്രമികൾ തന്നെയായിരിക്കും.’’ അപ്പോൾ അവൻ അവർക്ക് മറുപടി നൽകും.

ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ

‘‘അവൻ (അല്ലാഹു) പറയും: നിങ്ങൾ അവി ടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങൾ എന്നോട് മിണ്ടിപ്പോകരുത്’’(മുഅ്മിനൂൻ 108).

ബഹുദൈവ വിശ്വാസികളോട് പറയപ്പെടുന്ന മറ്റൊരു രംഗമുണ്ട്:

ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُ

‘‘നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വളിക്കൂ എന്ന് (ബഹുദൈവവാദികളോട്) പറയപ്പെടും. അപ്പോൾ അവർ അവരെ വിളിക്കും. എന്നാൽ അവർ (പങ്കാളികൾ) ഇവർക്ക് ഉത്തരം നൽകുന്നതല്ല’’ (28:68).

33) ആ വിശ്വാസിയായ മനുഷ്യൻ ഈ ഭയാനക ദിവസത്തെപ്പറ്റി അവരെ താക്കീത് ചെയ്യുന്നു. അവർ അവരുടെ ബഹുദൈവ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിൽ അദ്ദേഹം വേദന പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതാണദ്ദേഹം പറഞ്ഞത്: (അതായത് നിങ്ങൾ പിന്നാക്കം തിരിഞ്ഞോടുന്ന ദിവസം) അതായത് നരകത്തിലേക്ക് കൊണ്ടുപോകുന്ന. (അല്ലാഹുവിന്റെ ശിക്ഷയിൽനിന്നും രക്ഷ നൽകുന്ന ഒരാളും നിങ്ങൾക്കില്ല) അല്ലാഹുവിന്റെ ശിക്ഷയെ പ്രതിരോധിക്കുവാൻ നിങ്ങൾക്ക് സ്വന്തമായ ശക്തിയില്ല. ഒരാളും അല്ലാഹുവിന് പുറമെ നിങ്ങളെ സഹായിക്കുന്നവരായും ഇല്ല.

يَوْمَ تُبْلَى ٱلسَّرَآئِرُ (٩) فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ (١٠)

‘‘രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസം. അപ്പോൾ അവന് യാതൊരു ശക്തിയോ സഹായിയോ ഉണ്ടായിരിക്കുകയില്ല’’ (86:9,10).

(ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ അവന് നേർവഴി കാണിക്കാൻ ആരുമില്ല) കാരണം, സന്മാർഗം അല്ലാഹുവിന്റെ അടുക്കലാണ്. സന്മാർഗത്തെ അവൻ തന്റെ ദാസന് തടഞ്ഞാൽ അവന്റെ മോശം പ്രവർത്തനങ്ങൾകൊണ്ട് അവനതിന് അർഹനല്ലെന്ന് മനസ്സിലാക്കാം. പിന്നീട് അവന്റെ സന്മാർഗത്തിന് വഴികളില്ല.

34). (യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്) യഅ്ക്വൂബ് നബി(അ)യുടെ മകൻ. (മുമ്പ്) മൂസാ നബി(അ) വരുന്നതിനുമുമ്പ്. (വ്യക്തമായ തെളിവുകളുംകൊണ്ട്) തന്റെ സത്യതയെ സ്ഥാപിക്കുന്ന തെളിവുകൾ, പങ്കുകാരില്ലാത്ത ഏകനായ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കണമെന്ന് കൽപിച്ചുകൊണ്ടും. (അപ്പോൾ അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്നതിനെപ്പറ്റി നിങ്ങൾ സംശയത്തിലാകേണ്ടിയിരുന്നു) അദ്ദേഹം ജീവിച്ചിരിക്കുന്നകാലത്ത്. (എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോൾ) നിങ്ങളുടെ ശിർക്കും സംശയവുമെല്ലാം വർധിച്ചു. (ഇദ്ദേഹത്തിനുശേഷം അല്ലാഹു ഇനി ഒരു ദൂതനെ നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങൾ പറഞ്ഞു) ഇത് നിങ്ങളുടെ തെറ്റായ വിചാരവും അല്ലാഹുവിലുള്ള വിശ്വാസത്തിനോട് യോജിക്കാത്ത ചിന്തയുമാണ്. തന്റെ ദാസന്മാർക്ക് കൽപനാവിരോധങ്ങൾ നൽകാതെ അവരെ അലക്ഷ്യമായി അല്ലാഹു ഉപേക്ഷിക്കില്ല. മറിച്ച് അവൻ അവരിലേക്ക് പ്രവാചകന്മാരെ നിയോഗിക്കും. അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കില്ലെന്ന ധാരണ തെറ്റായ ധാരണതന്നെയാണ്. അതാണ് അല്ലാഹു പറഞ്ഞത്: (അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു) അക്രമവും അഹങ്കാരവും മൂലം അവൻ നിഷേധിച്ചു എന്ന് മൂസാ നബി(അ) അവരെപ്പറ്റിപ്പറഞ്ഞ ആ യഥാർഥ വിശേഷണം തന്നെയാണ് ഈ പറഞ്ഞതിലുമുള്ളത്. സത്യമുപേക്ഷിക്കുകയും വഴികേടിലേക്ക് തെറ്റിപ്പോവുകയും ചെയ്തതിലുടെ അവർ അതിരുവിട്ടവരായി. അല്ലാഹുവിനെക്കുറിച്ച് വ്യാജം പറഞ്ഞതിനാൽ അവർ കളവ് പറഞ്ഞവരും അവന്റെ ദൂതനെ വ്യാജമാക്കിയവരുമായി. അതിരുവിടുക, കളവാക്കുക എന്നീ വിശേഷണങ്ങൾക്ക് വിധേയരായവർ അല്ലാഹു നേർമാർഗത്തിലാക്കാതെ, നന്മക്ക് അവസരം നൽകാതെ തുടർന്നുകൊണ്ടിരിക്കും. കാരണം സത്യം തന്നിലേക്കെത്തുകയും മനസ്സിലാക്കുകയും ചെയ്തശേഷം അതിനെ തള്ളിക്കളയുന്നവന്റെ പ്രതിഫലം സന്മാർഗത്തിന് അവസരം കിട്ടാതെ അവനെ തടയുക എന്നതുതന്നെയാണ്. അല്ലാഹു പറയുന്നു:

فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ

‘‘അങ്ങനെ അവർ തെറ്റിപ്പോയപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു’’ (61:5).

وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَـٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ

‘‘ഇതിൽ ആദ്യതവണ അവർ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാൻ നാം അവരെ വിട്ടേക്കുകയും ചെയ്യും’’ (അൽഅൻആം 110)

وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

‘‘അക്രമികളായ ജനതയെ അല്ലാഹു സന്മാർഗത്തിൽ ആക്കുകയില്ല’’(2:258).

35). തുടർന്ന് സംശയാലുവിനെയും അതിരുവിട്ടവനെയും കുറിച്ചാണ് പറയുന്നത്. (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവർ) കണ്ണുകൾക്ക് സൂര്യനെന്നപോലെ അസത്യത്തിൽനിന്ന് വ്യക്തമായി നിൽക്കുന്നവയിൽ, വ്യക്തതയുണ്ടായിട്ടും അവർ തർക്കം നടത്തിക്കൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കാനും നിരർഥകമാക്കാനുമാണ് അവരുദ്ദേശിക്കുന്നത്. (യാതൊരാധികാരിക പ്രമാണവും വന്നുകിട്ടാതെ) അതായത് യാതൊരു ന്യായവും പ്രമാണവുമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളിൽ തർക്കം നടത്തുന്ന എല്ലാവരെയും കുറിച്ചാണ് ഈ വിശദീകരണം. അതിനെതിരെ വ്യക്തമായ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ എതിർക്കുവാൻ ആർക്കും സാധിക്കില്ല. കാരണം, സത്യത്തിന് എതിരെ ഒരു പ്രമാണമുണ്ടാകില്ല. മതപരമായതോ ബുദ്ധിപരമായതോ ആയ യാതൊരു തെളിവും അതിന്നെതിരായി ഉണ്ടാവുന്നതല്ല. (വലിയതായിരിക്കുന്നു) സത്യത്തെ അസത്യംകൊണ്ട് എതിർക്കുന്ന വാക്ക്. (അത് അല്ലാഹുവിന്റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു) ഇവർക്ക് അല്ലാഹുവിന്റെ കഠിനമായ കോപമുണ്ട്. കാരണം, സത്യത്തെ തള്ളിക്കളയുകയും അസത്യത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു. മാത്രവുമല്ല, ഈ അസത്യം അല്ലാഹുവിലേക്ക് ചേർത്ത് പറയുകകൂടി ചെയ്യുന്നു. ഇത്തരം കാര്യങ്ങളോടും അതുകൊണ്ട് നടക്കുന്നവരോടും അല്ലാഹുവിന്റെ കോപം കഠിനമാകുന്നു. തങ്ങളുടെ രക്ഷിതാവിനോട് യോജിപ്പ് പുലർത്തിക്കൊണ്ട് സത്യവിശ്വാസികളുടെ ഇത്തരം കാര്യങ്ങളെ വെറുക്കുന്നു. ഇവരാകട്ടെ അല്ലാഹുവിന്റെ പ്രത്യേക പടപ്പുകളാണ.് അവരോടുള്ള കോപം അവരുടെ പ്രവർത്തനങ്ങളുടെ മോശാവസ്ഥയെ സൂചിപ്പിക്കുന്നു. (അപ്രകാരം) ഫിർഔനിന്റെ ആളുകളുടെ ഹൃദയങ്ങളിൽ മുദ്ര വെക്കപ്പെട്ടതുപോലെ (അഹങ്കാരികളും ഗർവിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു). അഹങ്കാരി എന്നത് സത്യത്തെ തള്ളിക്കളയുന്നവനും പടപ്പുകളെ നിസ്സാരമായി കാണുന്നവനുമാണ്. ജബ്ബാർ എന്നത് അവന്റെ ശത്രുതതയുടെയും അക്രമത്തിന്റെയും ആധിക്യത്തെ കുറിക്കുന്നു.