സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മെയ് 13 , 1444 ശവ്വാൽ 20

അധ്യായം: 41, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ (٢٥) وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَـٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ (٢٦) فَلَنُذِيقَنَّ ٱلَّذِينَ كَفَرُوا۟ عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُوا۟ يَعْمَلُونَ (٢٧) ذَٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ ۖ لَهُمْ فِيهَا دَارُ ٱلْخُلْدِ ۖ جَزَآءًۢ بِمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ (٢٨) وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ (٢٩)

25. അവർക്ക് നാം ചില കൂട്ടുകാരെ ഏർപെടുത്തിക്കൊടുത്തു. എന്നിട്ട് ആ കൂട്ടാളികൾ അവർക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും അവർക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ ഇവരുടെ മേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീർച്ചയായും അവർ നഷ്ടം പറ്റിയവരായിരുന്നു.

26. സത്യനിഷേധികൾ പറഞ്ഞു: നിങ്ങൾ ഈ ക്വുർആൻ ശ്രദ്ധിച്ചു കേൾക്കരുത്. അത് പാരായണം ചെയ്യുമ്പോൾ നിങ്ങൾ ബഹളമുണ്ടാക്കുക. നിങ്ങൾക്ക് അതിനെ അതിജയിക്കാൻ കഴിഞ്ഞേക്കാം.

27. എന്നാൽ ആ സത്യനിഷേധികൾക്ക് നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുക തന്നെ ചെയ്യും. അവർ പവർത്തിച്ച് കൊണ്ടിരുന്നതിൽ അതിനീചമായതിന്നുള്ള പ്രതിഫലം നാം അവർക്ക് നൽകുകതന്നെ ചെയ്യും.

28. അതത്രെ അല്ലാഹുവിന്റെ ശത്രുക്കൾക്കുള്ള പ്രതിഫലമായ നരകം. അവർക്ക് അവിടെയാണ് സ്ഥിരവാസത്തിന്നുള്ള വസതി. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുകളഞ്ഞിരുന്നതിനുള്ള പ്രതിഫലമത്രെ അത്.

29. സത്യനിഷേധികൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നുമുള്ള രണ്ടുവിഭാഗത്തെ നീ ഞങ്ങൾക്ക് കാണിച്ചുതരേണമേ. അവർ അധമന്മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങൾ അവരെ ഞങ്ങളുടെ പാദങ്ങൾക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ.

25) (അവർക്ക് നാം ഏർപ്പെടുത്തിക്കൊടുത്തു) സത്യം നിഷേധിക്കുന്ന ഈ അക്രമികൾക്ക്. (ചില കൂട്ടുകാരെ) പിശാചുക്കളായ. അല്ലാഹു പറഞ്ഞതുപോലെ:

أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّا

“സത്യനിഷേധികളുടെ നേർക്ക് അവരെ ശക്തിയിൽ ഇളക്കിവിടാൻവേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന് നീ കണ്ടില്ലേ?’’(19:83).

തെറ്റിലേക്ക് അവരെ ഇളക്കിവിടാനും അതിന്നവരെ പ്രേരിപ്പിക്കാനും. (എന്നിട്ട് ആ കുട്ടാളികൾ അവർക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായിത്തോന്നിച്ചു). ഭൗതിക ജീവിതത്തെ അവരുടെ കണ്ണുകളിൽ പിശാചുക്കൾ അലങ്കാരമായി കാണിച്ചു. നിഷിദ്ധമായ അതിനെ തിന്മകളിലേക്കും ആസ്വാദനങ്ങളിലേക്കും അവരെ അവർ ക്ഷണിച്ചു. അങ്ങനെ അവർ കുഴപ്പങ്ങളിലായി. അല്ലാഹുവിന് എതിരു പ്രവർത്തിക്കാൻ അവർ മുന്നോട്ടുവന്നു. അവർക്കിഷ്ടപ്പെട്ടപോലെ അല്ലാഹുവിനും അവന്റെ ദൂതനും എതിരിൽ അവരെ തിരിച്ചു. പരലോകം അവർക്ക് വിദൂരമായിത്തോന്നി. അതിനെ അവർ വിസ്മരിച്ചും ചില സന്ദർഭങ്ങളിൽ അവരെ അവർ സംശയത്തിലാക്കി; പരലോകത്തിന്റെ സംഭവ്യതകളെക്കുറിച്ച്. അങ്ങനെ ഹൃദയത്തിലെ ഭയം നീങ്ങി. അതവരെ അവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും തിന്മയിലേക്കും നയിച്ചു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽനിന്നും സ്മരണയിൽനിന്നും തിരിഞ്ഞുകളഞ്ഞതിനാൽ നിഷേധികൾക്ക് അല്ലാഹുവിൽനിന്നുള്ള പിശാചുക്കളായ കൂട്ടുകാരെ ഏർപ്പെടുത്തുകയും അവരുടെ ആധിപത്യം അവരുടെമേൽ ഉണ്ടാക്കുകയും ചെയ്യുന്നു. സത്യത്തെ നിഷേധിച്ചതുകൊണ്ടുകൂടിയാണിത്.

وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُۥ شَيْطَـٰنًا فَهُوَ لَهُۥ قَرِينٌ (٣٦) وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ (٣٧)

“പരമകാരുണികന്റെ ഉദ്‌ബോധനത്തിന്റെ നേർക്ക് വല്ലവനും അന്ധതനടിക്കുന്ന പക്ഷം അവന് നാം ഒരു പിശാചിനെ ഏർപ്പെടുത്തിക്കൊടുക്കും. എന്നിട്ട് അവൻ-പിശാച്-അവന് കൂട്ടാളിയായിരിക്കും. തീർച്ചയായും അവർ-പിശാചുക്കൾ-അവരെ നേർമാർഗത്തിൽനിന്ന് തടയും. തങ്ങൾ സന്മാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും’’(43:36,37).

(ഇവരുടെ മേലും പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി) അവരുടെ മേൽ അനിവാര്യമായി ശിക്ഷയുടെ വിധി ഇറങ്ങുകയും ചെയ്തു. (ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും അവർക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ. തീർച്ചയായും അവർ നഷ്ടം പറ്റിയവരായിരുന്നു) അവരുടെ മതകാര്യങ്ങളിലും പരലോകത്തിലും നഷ്ടം പറ്റുകയും ഭാഗ്യം കെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യൽ അനിവാര്യമാണ്.

26) ക്വുർആനിൽനിന്ന് അവിശ്വാസികൾ തിരിഞ്ഞുകളയുന്നതിനെക്കുറിച്ചാണ് അല്ലാഹു തുടർന്ന് പറയുന്നത്. ക്വുർആനിന്റെ കാര്യത്തിൽ അവർ പരസ്പരം നൽകുന്ന ഉപദേശവും. (സത്യനിഷേധികൾ പറഞ്ഞു: നിങ്ങൾ ഈ ക്വുർആൻ ശ്രദ്ധിച്ചുകേൾക്കരുത്) നിങ്ങളുടെ കേൾവികളെ നിങ്ങൾ തിരിച്ചുകളയണം. അതിലേക്ക് തിരിഞ്ഞുനോക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കണം. അത് കൊണ്ടുവന്നവനിലേക്കോ അതിലേക്കോ നിങ്ങൾ ശ്രദ്ധിക്കരുത്. നിങ്ങൾ അത് കേട്ടുപോയാൽ, അല്ലെങ്കിൽ അതിലെ വിധിവിലക്കുകളിലേക്കുള്ള ക്ഷണമുണ്ടായാൽ നിങ്ങൾ തിരിഞ്ഞുകളയണം. (അതിൽ നിങ്ങൾ ബഹളമുണ്ടാക്കുക) അതായത് ഉപകാരമില്ലാത്ത എന്തെങ്കിലും സംസാരിക്കുക, ഉപദ്രവമുള്ളതാവുകകൂടി ചെയ്യുക. നിങ്ങൾക്ക് കഴിവുകൾ ഉണ്ടെങ്കിലും സംസാരംകൊണ്ട് അതിനുമേൽ സ്വാധീനം ചെലുത്താൻ നിങ്ങളിൽ ഒരാൾക്കുമാകില്ല; അതിന്റെ പദങ്ങൾ പാരായണം ചെയ്യുന്നതിലും ആശയത്തിലും. ഇതാണ് അവരുടെ സംസാരത്തിൽനിന്നും ക്വുർആനിൽനിന്ന് തിരിഞ്ഞുകളയുന്നതിൽനിന്നും വ്യക്തമാകുന്നത്.

(നിങ്ങൾക്കായേക്കാം) അങ്ങനെ നിങ്ങൾ ചെയ്താൽ. (അതിജയിക്കുന്നവർ) ഇത് ശത്രുക്കളുടെ സാക്ഷ്യമാണ്. ക്വുർആനിൽനിന്ന് തിരിഞ്ഞുകളയുകയും അതിന് പരസ്പരം നിർദേശിക്കുകയും ചെയ്തുകൊണ്ടല്ലാതെ സത്യംകൊണ്ടുവന്നവനെ അതിജയിക്കാനാവില്ലെന്ന് അവർ വിധിപറയുന്നു.

അവരുടെ സംസാരത്തിന്റെ ആകെത്തുക ബഹളമുണ്ടാക്കാതിരിക്കുകയോ, ക്വുർആൻ ശ്രദ്ധിച്ചുപോവുകയോ അതിന് ശ്രദ്ധകൊടുക്കുകയോ ചെയ്താൽ അവർക്ക് വിജയിക്കാനാവില്ലെന്നാണ്. സത്യം വിജയിക്കുന്നതാണ്, പരാജയപ്പെടുന്നതല്ല. അത് സത്യത്തിന്റെ ആളുകൾക്കും ശത്രുക്കൾക്കും അറിയാം.

27-28) (അതത്രെ അല്ലാഹുവിന്റെ ശത്രുക്കൾക്കുള്ള പ്രതിഫലമായ നരകം) അല്ലാഹുവോടും അവന്റെ മിത്രങ്ങളോടും നിഷേധിച്ചും കളവാക്കിയും ഏറ്റുമുട്ടിയവർ, തർക്കിച്ചും വാദിച്ചും കൊണ്ടിരിക്കുന്നവർ. (അവർക്ക് അവിടെയാണ് സ്ഥിരവാസത്തിനുള്ള വസതി) നിത്യശാശ്വതം, ഒരു സമയത്തുപോലും ശിക്ഷ അവരെ വിട്ടൊഴിയാത്തത്. അവരാകട്ടെ, സഹായിക്കപ്പെടുകയുമില്ല. അതാവട്ടെ (നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുകളഞ്ഞതിനുള്ള പ്രതിഫലമത്രെ അത്) തീർച്ചയായും അത് വ്യക്തമായ ദൃഷ്ടാന്തങ്ങളും ദൃഢബോധ്യം നൽകുന്ന ഖണ്ഡിതമായ തെളിവുകളുമാണ്. അതിനെ നിഷേധിക്കലും കളവാക്കലും വലിയ ധിക്കാരവും വമ്പിച്ച അക്രമവുമാണ്.

29). (സത്യനിഷേധികൾ പറയും) പിന്നീട് കാര്യം മനസ്സിലാകുമ്പോൾ. തങ്ങളെ വഴിപിഴപ്പിച്ചവരോടുള്ള ദേഷ്യത്താൽ അനുയായികൾ പറയും: (ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ വഴിപിഴപ്പിച്ചവരായ ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നുമുള്ള രണ്ട് വിഭാഗത്തെ നീ ഞങ്ങൾക്ക് കാണിച്ചുതരേണമേ) ശിക്ഷയിലേക്കും വഴികേടിലേക്കും ഞങ്ങളെ നയിച്ച ഈ രണ്ട് വിഭാഗങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്നു; ജിന്നിലെയും മനുഷ്യരിലെയും പിശാചുക്കളായ. (അവർ അധമന്മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങൾ അവരെ ഞങ്ങളുടെ പാദങ്ങൾക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ) ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരായ, ഞങ്ങളെ കുഴപ്പത്തിലാക്കുകയും വഴികേടിലാക്കുകയും ചെയ്തവരെ അതുപോലെ നിന്ദ്യരും നികൃഷ്ടരുമാക്കാൻ. ഇതിൽ അവർ തമ്മിലുള്ള അമർഷവും പരസ്പരം ഒഴിഞ്ഞുമാറാനുള്ള ശ്രമവും വ്യക്തമാണ്.