സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

അധ്യായം: 42, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

حمٓ (١) عٓسٓقٓ (٢) كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ (٣) لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٤) تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَـٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ (٥) وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍ (٦) وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ (٧)

1. ഹാമീം.

2. ഐൻസീൻക്വാഫ്.

3. അപ്രകാരം നിനക്കും നിന്റെ മുമ്പുള്ളവർക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നൽകുന്നു.

4. അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവൻ.

5. ആകാശങ്ങൾ അവയുടെ ഉപരിഭാഗത്തുനിന്ന് പൊട്ടിപ്പിളരുമാറാകുന്നു. മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിലുള്ളവർക്കുവേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീർച്ചയായും അല്ലാഹുതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.

6. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തിൽ ചുമതല ഏൽപിക്കപ്പെട്ടവനേ അല്ല.

7. അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ക്വുർആൻ ബോധനം നൽകിയിരിക്കുന്നു. ഉമ്മുൽക്വുറാ(മക്ക)യിലുള്ളവർക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നൽകുവാൻ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാർ സ്വർഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാർ കത്തിജ്വലിക്കുന്ന നരകത്തിലും.

3-5). മുൻകഴിഞ്ഞ പ്രവാചകന്മാർക്കും ന ബിമാർക്കും വഹ്‌യ് നൽകിയതുപോലെത്തന്നെ പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി  ﷺ ക്ക് ഈ മഹത്തായ ക്വുർആൻ വഹ്‌യായി നൽകിയെന്നാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. മുമ്പും ശേഷവും പ്രവാചകന്മാരെ നിയോഗിക്കുന്നതും വേദഗ്രന്ഥങ്ങൾ ഇറക്കുന്നതും അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവുമാണെന്നുകൂടി ഇത് വ്യക്തമാക്കുന്നു. മുഹമ്മദ് നബി ﷺ  പ്രവാചകന്മാരിൽ പുതിയതല്ല. മുമ്പുള്ളവരുടെ വഴിതന്നെയാണ് അദ്ദേഹത്തിന്റെയും വഴി. പൂർവപ്രവാചകന്മാരുടെ സാഹചര്യങ്ങളോട് പൂർണബന്ധം പുലർത്തുന്നുണ്ട് മുഹമ്മദ് നബി ﷺ യുടെ സാഹചര്യം. അവർ കൊണ്ടുവന്നതിനോടത് സാദൃശ്യപ്പെടുന്നു. അവയെല്ലാം സത്യവും ശരിയുമാണ്. ഇതുവന്നതാകട്ടെ തികഞ്ഞ യുക്തിയും മഹത്തായ പ്രതാപവും ആരാധ്യതയുമുള്ളവന്റെ പക്കൽനിന്ന്. ഈ ഭൗതികലോകവും ഉപരിലോകവുമെല്ലാം അവന്റെ വിധിനിയമങ്ങൾക്കും മതനിയമങ്ങൾക്കും കീഴിലാണ്. അവനാകട്ടെ, (ഉന്നത നും) അവന്റെ സ്വന്തം കഴിവുകൊണ്ടും മഹത്ത്വം കൊണ്ടും. (മഹാനുമായിട്ടുള്ളവൻ) തന്നെ. മഹത്ത്വംകൊണ്ട് (ആകാശങ്ങൾ അവയുടെ ഉപരിഭാഗത്തുനിന്ന് പൊട്ടിപ്പിളരുമാറാകുന്നു). അപാരമായ വലുപ്പവും നിർജീവതയുള്ളതുമായിരിക്കെത്തന്നെ. (മലക്കുകൾ) ആദരണീയരും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരും അവന്റെ മഹത്ത്വത്തിന് കീഴൊതുങ്ങിയവരും അവന്റെ പ്രതാപത്തിനു വഴങ്ങിയവരും അവന്റെ സൃഷ്ടികർതൃത്വം അംഗീകരിച്ചവരുമായവർ. (തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു) എല്ലാ ന്യൂനതകളിൽനിന്നും അവനെ അവർ മഹത്ത്വപ്പെടുത്തുന്നു. എല്ലാ പുർണതയും അവനിൽ വിശേഷിപ്പിക്കുന്നു. (ഭൂമിയിലുള്ളവർക്കുവേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു) അല്ലാഹുവിന്റെ മഹത്ത്വത്തിനും പ്രതാപത്തിനും യോജിക്കാത്ത എന്തെല്ലാം കാര്യങ്ങൾ ഭൂമിയിലുള്ളവരിൽ നിന്നുണ്ടാകുന്നുണ്ടോ അതിനെല്ലാം. അവൻ (ഏറെ പൊറുക്കുന്നവും കരുണാനിധിയുമാണ്). അവന്റെ കാരുണ്യവും പാപമോചനവും ഇല്ലായിരുന്നുവെങ്കിൽ പാടെ ഇല്ലാതാക്കുന്ന ശിക്ഷകൾ പടപ്പുകൾക്ക് പെയ്തിറങ്ങുമായിരുന്നു.

പ്രവാചകന്മാർക്ക് പൊതുവായി നൽകിയ വഹ്‌യിനെക്കുറിച്ചും മുഹമ്മദ് നബി ﷺ ക്ക് പ്രത്യേകമായി നൽകിയതിനെക്കുറിച്ചും പരാമർശിച്ചശേഷം അല്ലാഹു ഈ വിശേഷണങ്ങളെല്ലാം വിശേഷിപ്പിച്ചതിലുള്ള സൂചന, അല്ലാഹുവിന്റെ പൂർണതയെക്കുറിച്ചുള്ള വ്യക്തമായ വചനങ്ങളും തെളിവുകളും രേഖകളും ഈ വിശുദ്ധ ക്വുർആനിൽ ഉണ്ടെന്നതാണ്. അല്ലാഹുവിന്റെ മഹത്തായ നാമങ്ങൾ പറഞ്ഞതാവട്ടെ അവനെക്കുറിച്ചുള്ള അറിവും സ്‌നേഹവും മഹത്ത്വവും ആദരവും ഹൃദയങ്ങളിൽ നിറയ്ക്കുന്നതിനുവേണ്ടിയുമാണ്.

അതോടൊപ്പം പ്രത്യക്ഷവും പരോക്ഷവുമായ സർവ ആരാധനകളും അവനിലേക്ക് തിരിച്ചുവിടണമെന്നുമാണ്. ഏറ്റവും വലിയ അക്രമവും തിന്മനിറഞ്ഞ വാക്കും അവനുപുറമെ സമന്മാരെ സ്വീകരിക്കലാണ്. അവരുട അടുക്കൽ യാതൊരുവിധ ഉപകാരവും ഉപദ്രവവുമില്ല. മറിച്ച്, അവർ അല്ലാഹുവിനെ ആശ്രയിക്കുന്ന സൃഷ്ടികൾ മാത്രമാണ്.

6). അതാണ് അല്ലാഹു തുടർന്നു പറഞ്ഞത്:(അവനു പുറമെ രക്ഷാധികാരികളെ സ്വീകരിക്കുന്നവരാരോ അവർ) ആരാധനയ്ക്കും അനുസരണത്തിനുമുള്ള രക്ഷാധികാരി. അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നപോലെ. യഥാർഥത്തിൽ അവർ രക്ഷാധികാരികളല്ല. (അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു) അവരുടെ പ്രവർത്തനങ്ങളെ അവൻ നിരീക്ഷിക്കുകയും നന്മയ്ക്കും തിന്മയ്ക്കും അതിന്റെതായ പ്രതിഫലം നൽകുകയും ചെയ്യുന്നു. (നീ അവരുടെ കാര്യത്തിൽ ചുമതല ഏൽപിക്കപ്പെട്ടവനേ അല്ല). അങ്ങനെയാണെങ്കിൽ അവരുടെ പ്രവർത്തനങ്ങളെപ്പറ്റി നീ ചോദിക്കപ്പെടുമായിരുന്നു. മറിച്ച്, നീ ദൗത്യം നിർവഹിച്ച ഒരു പ്രബോധകൻ മാത്രമാകുന്നു.

7). ക്വുർആൻ ഇറക്കിയത് പ്രവാചകനും ജനങ്ങൾക്കും അല്ലാഹു ചെയ്ത ഒരു അനുഗ്രഹമായി തുടർന്ന് എടുത്തുപറയുകയാണ്. (അറബി ഭാഷയിലുള്ള ക്വുർആൻ) പദങ്ങളും ആശയങ്ങളും വ്യക്തതയുള്ള. (ഉമ്മുൽക്വുറായിലുള്ളവർക്ക് താക്കീത് നൽകുവാൻ) അത് പരിശുദ്ധമക്കയാണ്. (അതിന് ചുറ്റമുള്ളവർക്കും) അറേബ്യൻ നാടുകൾ, തുടർന്ന് മറ്റു ജനങ്ങളിലേക്കും ഈ താക്കീതെത്തണം. (നീ താക്കീതു നൽകാൻ) ജനങ്ങളെ. (സമ്മേളന ദിവസത്തെപ്പറ്റി) ആദ്യതലമുറകളെയും പിന്നീട് വരുന്നവരെയുമെല്ലാം. അവരെ അറിയിക്കുകയും ചെയ്യണം. അത് (അതിൽ സംശയമില്ല). അന്ന് പടപ്പുകൾ രണ്ടായിത്തിരിയും. (ഒരുവിഭാഗം സ്വർഗത്തിലായിരിക്കും) അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്തവർ. (മറ്റൊരു വിഭാഗക്കാർ കത്തിജ്വലിക്കുന്ന നരകത്തിലും) കളവാക്കിയവരും നിഷേധികളുമായവർ.