വിസ്ഡം മദ്‌റസാധ്യാപക സമ്മേളനം

ന്യൂസ് ഡസ്ക്

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

മദ്‌റസാധ്യാപക ശാക്തീകരണം: സച്ചാർ സമിതി നിർദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണം

തിരൂർ: സച്ചാർ സമിതി മദ്‌റസാധ്യാപകരുടെ ശാക്തീകരണത്തിനായി നിർദേശിച്ച പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച മദ്‌റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ധാർമിക-സദാചാര മൂല്യങ്ങൾ പകർന്ന് നൽകുന്നതിൽ മദ്‌റസകളും അധ്യാപകരും വലിയ പങ്ക് വഹിക്കുന്നുണ്ട്. മദ്‌റസകള പരിപോഷിക്കുന്നതിൽ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്.

ഇന്ത്യയിൽ വംശഹത്യകൾ ആസൂത്രണം ചെയ്യുകയും ബുൾഡോസറുകൾകൊണ്ട് കിടപ്പാടം തകർക്കുകയും ചെയ്ത അധികാരികളെ മലയാളികൾക്കിടയിൽ മഹത്ത്വവൽകരിക്കുന്നത് പ്രതിഷേധാർഹമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളെയും ദളിതരെയും അരക്ഷിതരാക്കി ഉൻമൂലനം ചെയ്യുന്ന യോഗി ആദിത്യനാഥിനെ വിശ്വാസികളുടെ പ്രതിനിധിയായി അവരോധിച്ചത് മലയാളികളോടുള്ള വഞ്ചനയാണ്. അധികാരികൾ തിരുത്താനും മാപ്പ് പറയാനും തയ്യാറാകണം.

ജെൻഡർ രാഷ്ട്രീയം പുതുതലമുറയിൽ പാഠപുസ്തകങ്ങളിലൂടെ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണം. ഇന്ത്യയുടെ മധ്യകാല ചരിത്രം നിരാകരിക്കുന്ന സംഘപരിവാരങ്ങളുടെ നിലവാരത്തിലേക്ക് കേരളം അധഃപതിക്കരുത്. വിദ്യാഭ്യാസത്തിലൂടെ ലിബറലിസം ഒളിച്ച് കടത്താനുള്ള ശ്രമം മലയാളികളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും നിരാകരിക്കലാണ് എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

വിസ്ഡം പണ്ഡിത സഭയായ ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ ചെയർമാൻ സി. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. വിസ്ഡം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ ടി കാവനൂർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ഡോ. വി അബ്ദുല്ലത്തീഫ്, ഡോ.മൊയ്തീൻ കുട്ടി കല്ലറ, ഡോ. ഷാജി എടത്തനാട്ടുകര, കരിപ്പൂർ എയർപ്പോട്ട് ഡയറക്ടർ മൂനീർ മാടമ്പാട്ട് എന്നിവരെ ആദരിച്ചു.

വിസ്ഡം സംസ്ഥാന ട്രഷറർ കെ സജാദ്, സെക്രട്ടറിമാരായ നാസിർ ബാലുശ്ശേരി, സി.പി സലീം, ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, റഷീദ് മാസ്റ്റർ കാരപ്പുറം, പികെ അംജദ് മദനി, പി അബ്ദുറഹ്‌മാൻ അൻസാരി, ഇർഫാൻ സ്വലാഹി, ഫൗസാൻ മുഹമ്മദ് പ്രസംഗിച്ചു.

‘ലിബറൽ സമൂഹവും മതാധ്യാപനവും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി ,വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ലാ ബാസിൽ, മുജീബ് ഒട്ടുമ്മൽ, എപി മുനവ്വർ സ്വലാഹി, ആസിഫ് സ്വലാഹി നേതൃത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകർക്കിടയിൽ നടന്ന പ്രബന്ധമൽസരത്തിലെ വിജയികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് എലാങ്കോട് അവാർഡുകൾ വിതരണം ചെയ്തു. മുഹമ്മദ് സ്വാദിഖ് എൻ (അൽബസ്വീറ ഇസ്‌ലാമിക് സ്‌കൂൾ പെരുമണ്ണ), ഫാത്വിമ കെഎ (മദ്‌റസതുസ്സലഫിയ്യ, എരുമാട്), എൻ മുഹമ്മദ് ദാനിഷ് സുല്ലമി (അൽഹിക്മ മദ്‌റസ, വലമ്പൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.