വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ സമാപിച്ചു

ന്യൂസ് ഡസ്ക്

2025 ജനുവരി 25, 1446 റജബ് 25

മലപ്പുറം: ഡയലോഗ്, ഫോക്കസ്, മുഖാമുഖങ്ങൾ, യൂണിറ്റ് ശാക്തീകരണം, ക്യു.എച്ച്.എൽ.എസ്., റമദാൻകാല പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ഭിന്നശേഷി ക്ഷേമപദ്ധതികൾ, യൂത്ത് അവെക്കനിങ്, കോൺക്ലവ്, പെൻഷൻ പദ്ധതി, എൻവിഷൻ എന്നിവയടങ്ങിയ അടുത്ത ആറു മാസക്കാലത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് അന്തിമരൂപം നൽകി വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ മലപ്പുറം ടൗൺഹാളിൽ സമാപിച്ചു.

വർധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളിൽ ഉപരിവിപ്ലവമായ ചർച്ചകൾക്ക് പകരം അടിസ്ഥാന കാരണങ്ങളിലേക്ക് കടന്നുള്ള പരിഹാരമാണ് വേണ്ടത്. പത്തനംതിട്ടയിലും മലപ്പുറത്തും നടന്ന ലൈംഗിക അതിക്രമങ്ങൾ ഏറെ ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ജെൻഡർ സാമൂഹിക നിർമിതിയാണെന്ന തത്ത്വം പറയുന്നവരുടെ സ്വാധീനം ഇത്തരം കേസുകളിൽ ഉണ്ടോയെന്ന് പഠനവിധേയമാക്കണം. എന്തിനും ഏതിനും യൂറോപ്യൻ സംസ്‌കാരങ്ങൾ റോൾ മോഡലായി അവതരിപ്പിക്കപ്പെടുന്നത് ആശങ്കയോടെ നോക്കിക്കാണണം. ധാർമികതയുടെ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിന് മനുഷ്യനിർമിത മാനദണ്ഡങ്ങൾക്ക് പകരം ദൈവിക ദർശനങ്ങളിലേക്ക് മടങ്ങലാണ് യഥാർഥ പരിഹാരമെന്ന് ആവർത്തിച്ച് വരുന്ന ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും കൗൺസിൽ പ്രമേയം പാസാക്കി. കൗൺസിലിന്റെ ഭാഗമായി ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പി. ഉബൈദുല്ല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസി. കെ.താജുദ്ദീൻ സ്വലാഹി ആധ്യക്ഷ്യം വഹിച്ചു. പി.എൻ. അബ്ദുല്ലത്തീഫ് മദനി, ടി.കെ. അശ്‌റഫ്, നാസിർ ബാലുശ്ശേരി, വിസ്ഡം യൂത്ത് ജന. സെക്രട്ടറി ടി.കെ. നിഷാദ് സലഫി, മുസ്തഫ മദനി, ഡോ.പി.പി. നസീഫ്, യു. മുഹമ്മദ് മദനി, ഫിറോസ് സ്വലാഹി, ജംഷീർ സ്വലാഹി, ഡോ. അൻഫസ് മുക്രം, ഡോ. അബ്ദുല്ല അൻസാരി, ഡോ. ഫസലുറഹ്‌മാൻ, എ.പി. മുനവ്വർ സ്വലാഹി, ഷാഫി ശാസ്താംകോട്ട, എന്നിവർ സംസാരിച്ചു.


വിസ്ഡം സ്റ്റുഡന്റ്‌സ് ത്രിദിന സംസ്ഥാന പ്രതിനിധി സമ്മേളനം തിരൂരിൽ സമാപിച്ചു

ന്യൂസ് ഡസ്ക്

തിരൂർ: 2025 മെയ് 11ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കാനിരിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോൺഫറൻ സിന്റെ ഭാഗമായി വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതി സംഘടിപ്പിച്ച ത്രിദിന സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന മെഡിക്കൽ-നിയമ വിദ്യാർഥി സംഗമങ്ങൾ, ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ക്യാമ്പസ് കോൺഫറൻസുകൾ, ‘എതിരെ’ - സ്‌കൂൾതല ലഹരി വിരുദ്ധ ബോധവൽക്കരണം, ക്വുർആൻ വിജ്ഞാന പരീക്ഷ തുടങ്ങിയ വ്യത്യസ്ത പദ്ധതികൾക്ക് സംഗമം അന്തിമ രൂപം നൽകി.

വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസി. അർഷദ് അൽഹികമി താനൂർ അധ്യക്ഷനായി. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അശ്‌റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം

സംസ്ഥാന വൈസ് പ്രസി. അബ്ദുൽ മാലിക് സലഫി, സംസ്ഥാന സെക്ര. സി.പി സലീം, ശിഹാബ് എടക്കര, മുജാഹിദ് ബാലുശ്ശേരി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്ര. ടി മുഹമ്മദ് ശമീൽ, ഡോ. അബ്ദുല്ല ബാസിൽ സി.പി, ഡോ. ഷഹബാസ് കെ അബ്ബാസ്, അസ്ഹർ അബ്ദുറസാഖ്, അബ്ദുൽ മാജിദ് ചുങ്കത്തറ, സ്വഫ്‌വാൻ ബറാമി അൽഹികമി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. റഹീസ് കാസർഗോഡ്, അബ്ബാസ് കണ്ണൂർ, അർഷദ് ചെറുവാടി, ദാനിഷ് വണ്ടൂർ, സജീർ കാരാപറമ്പ്, ആദിൽ തൃശൂർ, ആഷിക് കോതമംഗലം, അമാനുള്ള കൊല്ലം, സമീർ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.