വിസ്ഡം പ്രബോധക സംഗമം സമാപിച്ചു

ന്യൂസ് ഡസ്ക്

2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

കോഴിക്കോട്: വിസ്ഡം പണ്ഡിതസഭയായ ലജ്‌നതുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ആറു മാസത്തിലൊരിക്കൽ സംഘടിപ്പിച്ചുവരുന്ന പ്രബോധക സംഗമം ഫെബ്രുവരി 9ന് കോഴിക്കോട് സ്പാൻ ഹോട്ടലിൽവച്ച് നടന്നു. വർത്തമാനകാലത്തെ സകല മേഖലകളിലുമുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് യുക്തിദീക്ഷയോടെയും സദുപദേശത്തോടെയുമുള്ള പ്രാമാണികമായ പ്രബോധനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നിറഞ്ഞ മനസ്സോടെയാണ് പ്രബോധകർ മടങ്ങിയത്.

മതപരമായി കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഹ്രസ്വമായ സമയത്തിനുള്ളിൽ പ്രമാണബദ്ധമായി കാര്യങ്ങൾ അവതരിപ്പിക്കുകയും സംശയനിവാരണത്തിന് തുറന്ന അവസരം ഒരുക്കുകയും ചെയ്തത് പ്രബോധക ക്യാമ്പിനെ സക്രിയമാക്കി. വിഷയാവതാരകരെ പോലെത്തന്നെ സദസ്സിലുളളവരും വിഷയങ്ങളുടെ വ്യത്യസ്ത തലങ്ങളിലേക്ക് വെളിച്ചം വീശാനുതകുന്ന തരത്തിലുള്ള ഇടപെടൽ നടത്തിയത് ക്യാമ്പിനെ ഫലപ്രദമാക്കി.

വിജ്ഞാനം തേടുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് പണ്ഡിതസഭയുടെ കൺവീനർ കൂടിയായ ശമീർ മദീനി ആമുഖ സംസാരം നടത്തിയത്. ക്യാമ്പിനെ നിയന്തിച്ച, പണ്ഡിതസഭാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന്റെ അളന്നു മുറിച്ച അധ്യക്ഷ സംസാരത്തിൽ പ്രബോധക സംഗമത്തിന്റെ ലക്ഷ്യവും അതിനോടുള്ള സമീപനവും കോറിയിട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസി.പി.എൻ അബ്ദുല്ലത്വീഫ് മദനിയുടെ ഉദ്ഘാടന പ്രഭാഷണം വർത്തമാനകാലത്ത് പ്രബോധകർ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഉൾക്കാഴ്ച പകർന്നു നൽകുന്നതായിരുന്നു.

‘ബിദഈ കക്ഷികളും അവയുടെ ആധുനിക രൂപങ്ങളും’ എന്ന വിഷയത്തിൽ ഹംസ മദീനി നടത്തിയ പ്രഭാഷണം സമുദായത്തിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനങ്ങളി ലേക്ക് പ്രബോധകരെ കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു. സാമ്പത്തിക രംഗത്ത് സമൂഹത്തിൽ ഉയർന്നുവരുന്ന പുതിയ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രബോധകർക്ക് കരുത്ത് നൽകുന്ന വിധമാണ് ശബീബ് സ്വലാഹി ‘സകാത്തും ആധുനിക സമ്പദ്ഘടനയും’ എന്ന വിഷയം അവതരിപ്പിച്ചത്.

ദീർഘനാളത്തെ കൂട്ടക്കുരുതിക്ക് ശേഷം ഗസ്സ സാധാരണ നിലയിലേക്ക് മടങ്ങുന്ന ഈ ഘട്ടത്തിൽ പശ്ചിമേഷ്യയിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമായി വരച്ചു കാണിക്കുന്നതായിരുന്നു അബ്ദുൽ മാലിക് സലഫിയുടെ സംസാരം. ന്യൂജനറേഷനെ അഭിമുഖീകരിക്കുമ്പോൾ പ്രബോധകർക്ക് ഉണ്ടാകേണ്ട തിരിച്ചറിവുകൾ ആധുനികമായ പഠനങ്ങൾ മുൻനിർത്തിക്കൊണ്ട് വിസ്ഡം സ്റ്റുഡൻസ് വൈ. പ്രസിഡന്റ് സ്വഫ്‌വാൻ ബറാമി അൽഹികമി നടത്തിയ സംസാരം പുതിയകാലത്ത് നമ്മെ അത്ഭുതപ്പെടുത്തുന്ന വാർത്തകൾക്ക് പിന്നിലെ കാരണങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതായിരുന്നു.

പ്രബോധകന്റെ നാവു പിഴച്ചാൽ ഉണ്ടാകുന്ന അനർഥങ്ങളും ജീവിതം മാതൃകായോഗ്യമല്ലാതാവു മ്പോൾ ഉണ്ടാകുന്ന അപകടങ്ങളും ഓർമ്മിപ്പിച്ചുകൊണ്ട് അബൂബക്കർ സലഫി നിർവഹിച്ച ഉൽബോധനം ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഓരോ പ്രബോധകന്റെയും അകക്കണ്ണ് തുറപ്പിക്കാൻ കഴിയുന്നതായിരുന്നു. ഐടി സങ്കേതങ്ങൾ വഴി പ്രബോധകർക്ക് പണ്ഡിത സഭയുമായി സംശയ നിവാരണത്തിനും ആശയ വിനിമയത്തിനുമായി ഒരുക്കിയ വിസ്ഡം ഗൈഡ് സംബന്ധിച്ച പരിശീലനം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി നിർവഹിച്ചു.

മുസ്‌ലിം സംഘടനകളോടുള്ള സമീപനം, സമുദായം നേരിടുന്ന വെല്ലുവിളികൾ, വർധിക്കുന്ന കുറ്റകൃത്യങ്ങൾ, ലഹരിയുടെ ആധിക്യം, വയോജന സംരക്ഷണം, വിവാഹം വൈകിപ്പിക്കുന്ന പുതുതലമുറ ഉയർത്തുന്ന പ്രശ്‌നങ്ങൾ... തുടങ്ങിയ സമകാലീന വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടു സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് സമാപന സംസാരം നടത്തി.