ദക്ഷിണ കേരള മസ്ജിദ് കോൺഫറൻസ് തിരുവനന്തപുരത്ത് സമാപിച്ചു
ന്യൂസ് ഡസ്ക്
2025 മാർച്ച് 01, 1446 റമദാൻ 01

തിരുവനന്തപുരം: മഹല്ലുകൾക്ക് നിർവഹിക്കുവാൻ ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. ഖേദകരമെന്നു പറയട്ടെ, ഒട്ടുമിക്ക മഹല്ലുകളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല. മുഅദ്ദിനും ഇമാമിനും ഖത്വീബിനും ശമ്പളം കൊടുക്കുക, അതിന് വരുമാനം കണ്ടെത്തുക എന്നതിലൊതുങ്ങുന്നു പല പള്ളിക്കമ്മിറ്റികളുടെയും പ്രവർത്തനം. ഇക്കാര്യത്തിൽ അവബോധം നൽകുവാനാണ് വിസ്ഡം മസ്ജിദ് കോൺഫറൻസ് സംഘടിപ്പിച്ചു വരുന്നത്.
ദക്ഷിണ കേരള മസ്ജിദ് കോൺഫറൻസ് തിരുവനന്തപുരത്ത് വെച്ചാണ് നടന്നത്. വർധിച്ച് വരുന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ മഹല്ലുകൾക്കുള്ള ഉത്തരവാദിത്തം ഓർമപ്പെടുത്തിക്കൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. മസ്ജിദുകളുടെ ആത്മീയവും ഭൗതികവുമായ ഔന്നിത്യത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് മഹല്ലുകൾക്കൊരു മാർഗരേഖ എന്ന വിഷയം ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് അവതരിപ്പിച്ചു. ‘എന്തുകൊണ്ട് സലഫി മസ്ജിദ്’ എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരി സംസാരിച്ചു.
വിവാഹരംഗത്ത് വർധിച്ച് വരുന്ന ആഭാസങ്ങൾ ചെറുക്കുന്നതിൽ മഹല്ലിന്റെ ബാധ്യത, വക്വ‌്‌ഫ് സ്വത്ത് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികൾ, പളളിയുടെ ഫലപ്രദമായ സംഘാടനം, പൊതുജന സൗഹൃദമാകേണ്ട പള്ളികൾ, സകാത്ത് സെൽ, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ടീം ചർച്ചക്ക് വിധേയമാക്കി.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള മസ്ജിദുകളുടെ മുഖ്യഭാരവാഹികൾ മാത്രമാണ് സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. ഉത്തരകേരള മസ്ജിദ് കോൺഫറൻസ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്നതിന്റെ തുടർച്ചയായാണ് ഇത് സംഘടിപ്പിച്ചത്.
വിസ്ഡം ഫാമിലി കോൺഫറൻസ് സംസ്ഥാനതല സമാപനം ശ്രദ്ധേയമായി
ന്യൂസ് ഡസ്ക്
തിരുവനന്തപുരം: ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് ഉജ്ജ്വലമായി. സമകാലിക കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്ത കോൺഫറൻസിന്റെ സംസ്ഥാനതല സമാപനമാണ് തിരുവനന്തപുരത്ത് നടന്നത്.
സംസ്ഥാനത്തെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപാരവും ഉപയോഗവും വർധിച്ച് വരുന്നതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു. പെൺകുട്ടികളെ പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നു എന്നത് സമൂഹം ഗൗരവമായി കാണണം. പവിത്രമായ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും കോൺഫറൻസ് ആവശ്യപ്പെട്ടു.
വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് ആധ്യക്ഷ്യം വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, മുൻ എം.പി കെ. മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി ഷാർജ പ്രമേയ പ്രഭാഷണം നിർവഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ്, വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി അൽഫഹദ് പൂന്തുറ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുല്ല കേശവദാസപുരം നന്ദിയും പറഞ്ഞു.

