പ്രോഫ്‌കോണോർമകൾ
ഡോ. ഷഹബാസ് കെ അബ്ബാസ്
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

29 -ാമത് പ്രോഫ്‌കോൺ കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നു. ഈ ഒരെഴുത്ത് വേണോ എന്ന് കുറെ തവണ ആലോചിച്ചതാണ്. പക്ഷേ, മധുരമുള്ള അനേകമോർമകൾ തികട്ടിവന്നുകൊണ്ടിരിക്കുമ്പോൾ എഴുതാതിരിക്കാൻ കഴിയുന്നില്ല.
ഓരോ വർഷം കഴിയുംതോറും പ്രാധാന്യവും റിസൾട്ടുകളും വർധിച്ചുകൊണ്ടേയിരിക്കുന്ന ഒരു ഇവന്റാണ് പ്രോഫ്‌കോൺ. പരിധികളും പരിമിതികളും അതിർവരമ്പുകളും മറികടന്ന് വിദ്യാർഥി ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള വല്ലാത്തൊരു ശക്തിയുണ്ട് ആ മൂന്നു ദിനങ്ങൾക്ക്. അത്രമേൽ സൂക്ഷ്മമായ ഗൃഹപാഠങ്ങളും ആത്മാർഥമായ പിന്നണി പ്രവർത്തനങ്ങളും സർവോപരി അല്ലാഹുവിന്റെ വലിയ സഹായവും തന്നെയാണ് പ്രോഫ്‌കോണുകളെ എല്ലാക്കാലവും വ്യത്യസ്തമാക്കുന്നത്.
ചരിത്രത്തിലാദ്യമായി പ്രോഫ്‌കോൺ കേരളത്തിന് പുറത്ത് അവാച്യമായ പുതിയൊരധ്യായം രചിച്ചമ്പോൾ, ആ യാത്രയുടെ ആരംഭം മുതൽ മുന്നിൽ ഒട്ടേറെ വെല്ലുവിളികളായായിരുന്നു. വർഗീയ വിഷയങ്ങളിൽ നിരന്തരം മാധ്യമ ചർച്ചകളിലിടം നേടിക്കൊണ്ട് പേരുകേട്ട നാട്, മലയാളം കേട്ടാൽ മനസ്സിലാകുമെങ്കിലും സംസാരിക്കാനറിയാത്ത ഭൂരിപക്ഷം, കേരളത്തിലേതുപോലെ വലിയ സ്ഥാപ നങ്ങളോ സംവിധാനങ്ങളോ നമുക്കില്ലാത്തതിന്റെ പ്രയാസങ്ങൾ, കേരളത്തിൽനിന്ന് പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള ദീർഘദൂരയാത്ര, കാലാവസ്ഥയിലെ പ്രവചനാതീതമായ വ്യതിയാനങ്ങൾ തുടങ്ങി നെഗറ്റീവുകളുടെ ഒരു നീണ്ടനിര. എന്നാൽ, ഈ പ്രയാസങ്ങളെയെല്ലാം വകഞ്ഞുമാറ്റി, പ്രതീക്ഷയുടെ മന്ദമാരുതൻ എപ്പോഴും തലോടുന്നുണ്ടായിരുന്നു. ഒടുവിൽ, ഒക്ടോബർ 12 ഞായറാഴ്ച പ്രോഗ്രാം സമാപിക്കുമ്പോൾ, വിദ്യാർഥി മനസ്സുകളിലും സംഘാടകരിലും അതൊരു കുളിർമഴയായി പെയ്തിറങ്ങുകയായിരുന്നു. അൽഹംദുലില്ലാഹ്.

മൂന്നു ദിവസങ്ങളിൽ അഞ്ച് വേദികളിലായി മൂന്ന് ഭാഷകളിൽ സംഘടിപ്പിക്കപ്പെട്ട ഇവന്റ്, വിദ്യാർഥി കളുടെ പങ്കാളിത്തത്താലും അവതരിപ്പിക്കപ്പെട്ട വിഷയങ്ങളാലും ക്ഷണം സ്വീകരിച്ചെത്തിയ അതിഥികളാലും അവിടെയൊരുക്കിയ സൗകര്യങ്ങളാലും അനുകൂലമായ കാലാവസ്ഥയാലുമെല്ലാം ധന്യമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന ക്യാമ്പസ് ഹബ്ബായ, പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ നിങ്ങൾ ചുരുങ്ങിയത് വർഷത്തിൽ മൂന്ന് തവണയെങ്കിലും പ്രോഫ്‌കോൺ സംഘടിപ്പിക്കണമെന്ന ചില അതിഥികളുടെ ഫീഡ്ബാക്കാണ് ഇപ്പോഴും മനസ്സിൽ വരുന്നത്.
ഹിജാബിനെയും മതപരമായ അസ്തിത്വത്തെയും മതേതരത്വത്തിന് പുറത്ത് നിർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളും, പുതിയ കാലത്ത് ക്യാമ്പസുകളിൽ നോർമലൈസ് ചെയ്യപ്പെടുന്ന തോന്നിയവാസങ്ങളും, കരിയറിനെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ലക്ഷ്യബോധവും, വിദ്യാർഥികൾ അകപ്പെടാവുന്ന ചതിക്കുഴികളും, അവരുടെ വ്യക്തിജീവിതത്തിലെയും ക്യാമ്പസ്-ഹോസ്റ്റൽ ലൈഫിലെയും സൂക്ഷ്മതയും, നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും
അഖണ്ഡതയ്ക്കും വിഘാതമാകുന്ന ഫാസിസം നമ്മിലേക്കെത്തുന്ന വഴികളും തുടങ്ങി അതീവ ഗൗരവകരമായ പല വിഷയങ്ങളും പ്രോഫ്‌കോണിൽ അപഗ്രഥിച്ചു. വേദിയിലും പരിസരങ്ങളിലുമായി സ്ഥാപിച്ച ഫലസ്തീൻ ഐക്യദാർഢ്യ ഡിജിറ്റൽ വാളുകളും ബാനറുകളും വിദ്യാർഥികളുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു.
തുടക്കം മുതലേ വ്യത്യസ്ത മെന്റർമാർക്ക് കീഴിൽ ടീമായി നടത്തിയ ലൈവ് ആക്ടിവിറ്റുകളും ആവേശകരമായ ക്യൂ-ബെറി ക്വിസ് മത്സരവും വൈകുന്നേരങ്ങളിലെ പ്രോഫ്‌കോൺ ഇടങ്ങളും ഏറെ രസകരമായ അനുഭവ ങ്ങളായിരുന്നു.
ഇഴയെടുപ്പമുള്ള ആത്മബന്ധവും ഇടപെടലുകളിൽ ആത്മാർഥതയുമുണ്ടെങ്കിൽ ആശയവിനിമയത്തിന് ഭാഷ ഒരു തടസ്സമേയല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളാണ് ഈ പ്രോഫ്‌കോൺ സമ്മാനിച്ചത്.
28 വർഷങ്ങൾക്കു മുമ്പ് കോഴിക്കോട്ടങ്ങാടിയിലെ ഒരു ചെറിയ ഹാളിൽ ആരംഭിച്ച പ്രൊ
ഫഷണൽ വിദ്യാർഥി ദേശീയ സംഗമം, ഇന്ന് തിരുവിതാംകൂറും വള്ളുവനാടും സാമൂതിരിയുടെ നാടുമൊക്കെ കടന്ന് അങ്ങകലെ തുളുനാടിന്റെ തലസ്ഥാനത്തെത്തി നിൽക്കുമ്പോൾ, കാറ്റും കോളുമെല്ലാം ഭേദിച്ച് ഈ കപ്പലിന് ഇനിയുമെത്രയോ കാതങ്ങൾ താണ്ടാനുണ്ടെന്ന ഉറച്ച ബോധ്യമാണുള്ളത്. കാരണം, ഈ യാത്ര നമ്മെയേവരെയും കൊണ്ടെത്തിക്കുന്നത് നമ്മുടെ ആത്യന്തിക ലക്ഷ്യത്തിലേക്കാണല്ലോ. അല്ലാഹു സഹായിക്കട്ടെ.
