വിസ്ഡം മദ്‌റസ മാനേജ്‌മെന്റ് സമ്മേളനത്തിന് പ്രൗഢമായ സമാപനം

ന്യൂസ് ഡസ്ക്

2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

കോഴിക്കോട്: ഫെബ്രുവരി 16 ഞായറാഴ്ച കോഴിക്കോട് ന്യൂ കാസ്റ്റിൽ ഓഡിറ്റോറിയത്തിൽ നടന്ന മദ്‌റസ മാനേജ്‌മെന്റ് പ്രതിനിധി സമ്മേളനത്തിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി വന്നെത്തിയവർ നിറഞ്ഞ മനസ്സോടെയും തങ്ങളുടെ പ്രദേശത്തെ മദ്‌റസയുടെ പുരോഗതിക്കായി കൂടുതൽ ഇടപെടൽ നടത്തുമെന്ന തീരുമാനത്തോടെയുമാണ് തിരിച്ചുപോയത്.

തന്റെ ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി മദ്‌റസ പ്രസ്ഥാനത്തിന്റെ ആവിർഭാവവും വളർച്ചയും ഭംഗിയായി വരച്ചുകാട്ടി. വർത്തമാനകാലത്ത് മദ്‌റസകളുടെ അനിവാര്യത ചൂണ്ടിക്കാട്ടിയ അദ്ദേഹം യാഥാസ്ഥിതികർ മദ്‌റസ പ്രസ്ഥാനത്തെ തകർക്കാൻ സംഘടിതമായി നടത്തിയ ശ്രമങ്ങളെ സോദാഹരണം വിവരിച്ചത് പ്രതിനിധികളുടെ മനസ്സിൽനിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപൊകാൻ സാധ്യതയില്ല.

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അശ്‌റഫ് മദ്‌റസ മാനേജ്‌മെന്റിന്റെ ബാധ്യതകളും സാധ്യതകളും വിവരിച്ചത് സദസ്സ് സാകൂതം ശ്രദ്ധിച്ചു. മദ്‌റസ സംവിധാനത്തിൽ മാറ്റം സാധ്യമാണെന്നും അതിനായി വേണ്ടത് ഇച്ഛാശക്തിയും ആത്മാർഥമായ പരിശ്രമങ്ങളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങൾ പലർക്കും പല രൂപത്തിലായിരിക്കും. ആ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗത്തിലൂടെ മുന്നേറാനാകണം.

വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി കുട്ടികൾക്ക് മദ്‌റസയിൽ പഠിക്കുന്ന കാലയളവിൽ തന്നെ പ്രാസ്ഥാനികബോധം ലഭിക്കണമെന്നും അത് പകർന്നു നൽകുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും അഭിപ്രായപ്പെട്ടു.

‘തലമുറ മാറ്റവും മദ്‌റസ നവീകരണവും’ എന്ന വിഷയം അവതരിപ്പിച്ച സി. മുഹമ്മദ് അജ്മൽ കൊച്ചുപ്രായത്തിൽതന്നെ കുട്ടികളിൽ മതനിരാസ ചിന്ത വളർന്നുവരും വിധമുള്ള ഭൗതിക വിദ്യാഭ്യാസ മാണ് ലഭിക്കുന്നതെന്നും അതുകൊണ്ട് വ്യവസ്ഥാപിതമായ മതവിദ്യാഭ്യാസം അവർക്ക് ലഭിക്കേണ്ടതുണ്ടെ ന്നും പുതിയ രീതിശാസ്ത്രത്തിലൂടെയുള്ള അധ്യാപനമേ പുതുതരമുറയിൽ ഫലപ്രദമാകൂ എന്നും വിവരിച്ചു. ഡോ.ശിയാസ് സ്വലാഹി ബഹ്ജ പ്രീ മദ്‌റസ സംവിധാനത്തെ പരിചയപ്പെടുത്തി സംസാരിച്ചു

വിസ്ഡം മദ്‌റസ സംവിധാനത്തിന്റെ സവിശേഷതകൾ വിവരിച്ച് സംസാരിച്ച വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി അകം പൊള്ളുന്ന ചില യാഥാർഥ്യങ്ങൾ പ്രതിനിധികളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്താണ് സംസാരം തുടങ്ങിയത്. മതനിരാസത്തിൽ പുതുതലമുറ വളരണം എന്നതാണ് ഇന്നത്തെ ഭൗതിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. അതിനായി ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. മാധ്യമങ്ങളുടെ പിന്തുണ അതിനുണ്ട്. ഇതിന്റെയൊക്കെ പ്രതിഫലനം ആദർശ കുടുംബങ്ങളിൽ പോലും പ്രകടമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തെ യഥാവിധി ഉൾക്കൊള്ളാനും ഏതു പ്രതിസന്ധിയിലും ആദർശത്തെ മുറുകെപിടിക്കാനും കടമകൾ നിർവഹിക്കാനും വെല്ലുവിളികൾ നേരിടാനും കഴിയുന്ന തലമുറയെ വാർത്തെടുക്കലാണ് നമ്മുടെ ലക്ഷ്യം.

മുജാഹിദ് പ്രസ്ഥാനം മാറ്റം സാധ്യമാണെന്ന് തെളിയിച്ചുകഴിഞ്ഞതാണെന്നും അതിന്റെ തുടർച്ചയാണ് വിസ്ഡം എന്നും മികച്ച ഫലം ലഭിക്കുന്ന മാറ്റത്തിന്റെ വഴിയിലൂടെയാണ് നാം മുന്നോട്ടു പോകുന്നതെന്നും അംജദ് മദനി ചർച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് പറഞ്ഞു. ഇർഫാൻ സ്വലാഹി പ്രവർത്തന പദ്ധതികൽ വിശദീകരിച്ചു.

നാം പ്രതിഫലേച്ഛയോടെ മുന്നോട്ടുപോകണമെന്നും പിഞ്ചുമനസ്സുകളിലേക്ക് തൗഹീദിന്റെ സന്ദേശം പകർന്നു നൽകാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും കൂടിയാലോചനയിലൂടെ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ പ്രയത്‌നിക്കണെമെന്നും സമാപന സംസാരത്തിൽ സിപി സലീം പറഞ്ഞു.

വിസ്ഡം എജ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ കാവന്നൂർ ആധ്യക്ഷ്യം വഹിച്ചു. എജ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം, ഷൗക്കത്തലി അൻസാരി സംസാരിച്ചു.