ജാമിഅ അൽഹിന്ദ് വാർഷിക സമ്മേളനത്തിന് പ്രൗഢമായ സമാപനം

ന്യൂസ് ഡസ്ക്

2025 ജനുവരി 18, 1446 റജബ് 18

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിന് പാണക്കാട് വനിതാ ക്യാമ്പസിൽ പ്രൗഢമായ സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷിക സമ്മേളനം നാല് വേദികളിലായി 15 സെഷനു കളായാണ് സംഘടിപ്പിച്ചത്.

സമൂഹത്തിന്റെ ധാർമികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിന് വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന ആഹ്വാനത്തോടെയാണ് വാർഷിക സമ്മേളനത്തിന് സമാപനം കുറിച്ചത്. സാഹോദര്യവും സഹിഷ്ണുതയും സമൂഹത്തിൽ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

രണ്ടാം ദിവസത്തെ സമ്മേളനം സുഊദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. അവ്വാദ് ബിൻ സബ്തി അൽഅനസി ഉദ്ഘാടനം ചെയ്തു. ക്വുർആൻ മുന്നോട്ടുവെക്കുന്ന സമാധാന സന്ദേശങ്ങൾക്ക് വർത്തമാനകാലത്ത് പ്രസക്തി വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യസന്ദേശങ്ങളുടെ അടിസ്ഥാന തത്ത്വത്തിൽനിന്ന് വ്യതിചലിക്കുമ്പോഴാണ് സമൂഹത്തിൽ ഭിന്നതകളും വഴികേടും രൂപപ്പെടുന്നതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. മുസ്‌ലിം ലോകത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ നേതൃപരമായ പങ്കും സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിലും സുഊദി അറേബ്യ എന്നും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിത്തറയെന്നും, വിശുദ്ധ ക്വുർആനും പ്രവാചക ചര്യയും പിന്തുടരുമ്പോഴാണ് മുസ്‌ലിം സമൂഹത്തിൽ ഐക്യവും സമാധാനവും രൂപപ്പെടുക യുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഊദി അറേബ്യ എംബസിയുമായി സഹകരിച്ച് ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ ക്യാമ്പസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. ഇന്ത്യയിലെ സുഊദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ അൽഅനസി ചടങ്ങിൽ സംബന്ധിച്ചു.

പൂർവ വിദ്യാർഥി സംഗമത്തിൽ മുഷ്താഖ് അൽഹികമി ആധ്യക്ഷ്യം വഹിച്ചു. അബ്ദുൽ മാലിക് സലഫി, ത്വൽഹത്ത് സ്വലാഹി, സ്വലാഹുദ്ദീൻ അൽഹികമി, അശ്‌റഫ് അൽഹികമി എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺ മീറ്റിൽ ഡോ.വി.എം.മുഹമ്മദ് മദനി അധ്യക്ഷനായി. ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി, ഡോ. യൂസുഫ് മദനി, മുഹമ്മദ് ഹനീഫ ഓടക്കൽ, മുഹമ്മദലി ബാഖവി എന്നിവർ പ്രസംഗിച്ചു.

ലീഡേഴ്‌സ് മീറ്റിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ആധ്യക്ഷ്യം വഹിച്ചു. പി.എൻ.അബ്ദുല്ലത്വീഫ് മദനി, നാസിർ ബാലുശ്ശേരി, ഷമീർ മദീനി, പ്രൊഫ.എം.അബ്ദുല്ല സുല്ലമി, മുജീബ് സ്വലാഹി എന്നിവർ പ്രസംഗിച്ചു.

സമാപന പൊതുസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസി.പി. എൻ.അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സലഫി അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുത്തു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, എ.എ.റഹീം, എം.പി, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, ഡി.സി.സി പ്രസി. വി.എസ് ജോയ്, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ് ദാനിഷ്, പ്രൊഫ. ദിൽ മുഹമ്മദ് സലഫി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ടി.കെ.അശ്‌റഫ്, ഫൈസൽ മൗലവി, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, സി.പി.സലീം, മുഹമ്മദ് സ്വാദിഖ് മദീനി, ശരീഫ് ഏലാങ്കോട്, പി.എം.ഷാഹുൽ ഹമീദ്, അശ്‌റഫ് വെൽകം, ഷബീബ് സ്വലാഹി, ഹംസ മദീനി, ശുറൈഹ് സലഫി, സകരിയ്യ മദീനി, റഷീദ് കുട്ടമ്പൂർ, താജുദ്ദീൻ സ്വലാഹി, മുഹമ്മദ് ശമീൽ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.


ജാമിഅ അൽഹിന്ദ് മാതൃകാ സ്ഥാപനമായി വളരുന്നതിൽ സന്തോഷം

പി. കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വർത്തമാന കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പ്രബോധന, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പുതുതലമുറയുടെ ഹൃദയത്തിൽ യഥാർഥ വിശ്വാസം വേരുറക്കണമെങ്കിൽ ശാസ്ത്രീയമായും പ്രാമാണികമായും കാര്യകാരണ സഹിതവുമുള്ള അറിവ് പകർന്നുകൊടുക്കണം. വായിക്കാനും പഠിക്കാനും അങ്ങനെ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കാനുമാണ് ക്വർആൻ ആഹ്വാനം ചെയ്യുന്നത്.

മത-ഭൗതിക വിദ്യാഭ്യാസം നൽകിക്കൊണ്ട് ധാർമികബോധമുള്ള പുതുതലമുറയെ വാർത്തടുക്കുക എന്നത് ചെറിയ കാര്യമല്ല. അതാണ് ജാമിഅ അൽഹിന്ദ് ചെയ്തുകൊണ്ടിരിക്കുന്നത്. മുമ്പും ഞാൻ ഈ സ്ഥാപനത്തിൽ വന്നിട്ടുണ്ട്. ഇവിടുത്തെ സിലബസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തിട്ടുണ്ട്.

സമൂഹത്തിൽ ഏറെ കൊള്ളരുതായ്മകൾ നിലനിൽക്കുന്നുണ്ട്. പുതുതലമുറ അതിൽനിനിന്നൊക്കെ വിട്ടുനിൽക്കാൻ യുക്തിപൂർവമുള്ള പ്രബോധനവും ശരിയായ അറിവു നൽകലും ആവശ്യമാണ്. മരണാനന്തര ജീവിതത്തിലുള്ള ആത്മാർഥമായ വിശ്വാസം മനസ്സിൽ ഊട്ടിയുറപ്പിച്ചാലേ കാര്യമുള്ളൂ. അതിനു വേണ്ടിയുള്ള യുക്തിഭദ്രമായ പ്രവർത്തനങ്ങൾ വിസ്ഡം ചെയ്യുന്നു എന്നത് വലിയ സാമൂഹ്യ സേവനമാണ്. അതിന് ഞങ്ങളെ പോലുള്ളവരുടെ പിന്തുണ എപ്പോഴുമുണ്ടാകും.

ഇന്ന് രാജ്യത്തെ സാഹചര്യം അത്ര നല്ലതല്ല. വർഗീയതയും വിഭാഗീയതയും ഉണ്ടാക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇസ്‌ലാമോഫോബിയയെ വളർത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. അതുകൊണ്ടുതന്നെ അത് ഏറ്റവും അപകടകരമാണ്. അതിനിടയിലാണ് ഈ പ്രവർത്തനങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്നത്. ഏതു സമയത്തും അതിനൊക്കെ പൂട്ടു വീണേക്കാം. അതുകൊണ്ടാണ് മതേതരത്വത്തെക്കുറിച്ച് ഞങ്ങൾ ഏറെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് ഏറെ ശ്രമകരമാണ്. മതനിരപേക്ഷതയുടെ നിനിൽപിനായുള്ള പ്രവർത്തനങ്ങളും നമ്മൾ ചെയ്തുകൊണ്ടിരിക്കണം. ഏകാധിപത്യം ഒരു പ്രവർത്തനവും നടത്താൻ അനുവദിക്കില്ല.

(ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം).


പത്താം വാർഷികത്തിന് പ്രൗഢമായ സമാപനം

ന്യൂസ് ഡസ്ക്

പാണക്കാട്: ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ക്വുർആൻ പത്താം വാർഷിക സമ്മേളനം പാണക്കാട് ലേഡീസ് ക്യാമ്പസിൽ സമാപിച്ചു.

സമ്പ്രദായിക മത വിദ്യാഭ്യാസ സംവിധാനങ്ങളിൽ നവീന ആശയങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള പഠന സംവിധാനമായ സ്‌കൂൾ ഓഫ് ക്വുർആൻ പ്രവർത്തന പാതയിൽ വിജയകരമായി പത്ത് വർഷം പിന്നിട്ട സാഹചര്യത്തിൽ, സ്‌കൂൾ ഓഫ് ക്വുർആൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമ്മേളനം, പൂർവ വിദ്യാർഥി സംഗമം, വിദ്യാർഥി സമ്മേളനം, പ്രതിഭാ സംഗമം, തമിഴ് സെഷൻ, റസിഡൻഷ്യൽ ക്യാമ്പസിലെ വിദ്യാർഥികൾ ചേർന്നൊരുക്കിയ ക്വുർആൻ എക്‌സിബിഷൻ എന്നീ വൈവിധ്യമാർന്ന സെഷനുകളോടെ സംഘടിപ്പിച്ചു.

പൊതുസമ്മേളനം ജാമിഅ ബനാറസ് ജനറൽ സെക്രട്ടറി ശൈഖ് അബ്ദുല്ല സഊദ് ബിൻ അബ്ദുൽ വഹീദ് സലഫി നിർവഹിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഭാരവാഹികളായ പി എൻ അബ്ദുല്ലത്തീഫ് മദനി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ടി കെ അശ്‌റഫ്, ഫൈസൽ മൗലവി, കെ സജ്ജാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.