വിദ്വേഷ പ്രചാരകരെ നിലയ്ക്ക് നിറുത്തണം
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
2025 ജൂലൈ 26, 1447 മുഹറം 30

തിരുവനന്തപുരം: വർഗീയവിഷം വിളമ്പുന്നത് ആരായാലും അവർ മലയാളികളുടെ സാമൂഹ്യ സുരക്ഷ യെയാണ് അപകടപ്പെടുത്തുന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
കുടുംബം, ധാർമികത, സമൂഹം എന്ന ശീർഷകത്തിലാണ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്. വർഗീയതക്ക് തീപിടിച്ചാൽ അതിൽ കത്തിയെരിയുന്നത് ഏതെങ്കിലും ഒരു വിഭാഗമായിരിക്കില്ല. വർഗീയ വിദ്വേഷ പ്രചാരകരെ നിലക്ക് നിറുത്താനും നിയന്ത്രിക്കാനും തയ്യാറായില്ലെങ്കിൽ പ്രത്യാഘാതങ്ങൾക്ക് ഭരണകൂടവും ഉത്തരവാദികളായിരിക്കും. വർഗീയതയെ മനസ്സിലൊളിപ്പിച്ച് മതനിരപേക്ഷയുടെ മുഖംമൂടിയണിഞ്ഞവരുടെ വികൃതമുഖം സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി ബുദ്ധിയു ള്ളവർ ഈ സാഹചര്യം ഉപയോഗപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. വർഗീയ പ്രസംഗത്തിലൂടെ സമുദായത്തെ നിരന്തരം നോവിച്ചുകൊണ്ടിരിക്കുന്ന വിഷപ്പാമ്പുകൾക്കെതിരെ നിലപാടെടുക്കാൻ ഭരണകൂടം തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഷീർ.വി.പി. സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ കൊല്ലായി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹർ ചാലിശ്ശേരി, സി. പി.സലീം, നസീർ വള്ളക്കടവ്, ഹാറൂൺ വള്ളക്കടവ്, സമീർ കരിച്ചാറ തുടങ്ങിയവർ സംസാരിച്ചു.
ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും
ന്യൂസ് ഡസ്ക്
ഭരണസംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണവും ഒളിച്ചുകടത്തലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സംഗമങ്ങൾ അഭിപ്രായപ്പെട്ടു.
‘കുടുംബം, ധാർമികത, സമൂഹം’ എന്ന പ്രമേയത്തിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, മലപ്പുറം നോർത്ത്, കോഴിക്കോട് സൗത്ത്, വയനാട് ജില്ലകളിലാണ് ജൂലൈ 20ന് പ്രതിനിധി സംഗമങ്ങൾ നടന്നത്. വിസ്ഡം ഇസലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്, ട്രഷറർ കെ. സജ്ജാദ്, ഹാരിസ് ബിൻ സലീം, നാസിർ ബാലുശ്ശേരി, സി.പി. സലീം, ഫൈസൽ മൗലവി തുടങ്ങിയവർ വിവിധ ജില്ലാ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സമൂഹത്തിൽ വ്യവസ്ഥാപിതമായി നിലനിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ വലിയ ജാഗ്രത പുലർത്തണമെന്നും
സംഗമങ്ങൾ ഓർമപ്പെടുത്തി. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങളിൽ സർക്കാറിന്റെയും, മത-സാമുഹിക സംഘടനകളുടെയും പങ്ക് ചെറുതല്ല എന്നത് ഭരണകൂടം വിസ്മരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും മാനിക്കാൻ എല്ലാവർക്കും സാധിക്കണം. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതു മേഖലയിൽ വരുത്തുന്ന പരിഷ്‌ക്കാരങ്ങൾ സോഷ്യൽ ഓഡിറ്റിംഗിനും ചർച്ചക്കും വിധേയമാക്കാൻ സർക്കാർ തയ്യാറാകണം. സ്‌കൂൾ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സംഗമങ്ങൾ അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ എന്നിവയുടെ സംസ്ഥാന ഭാരവാഹികൾ വിവിധ ജില്ലകളിൽ സംഗമങ്ങൾക്ക് നേതൃത്വം നൽകി.
മുസ്‌ലിം സമുദായം സ്വത്വത്തിലേക്ക് മടങ്ങണം
വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ
കോഴിക്കോട്: സമകാലിക വെല്ലുവിളികൾ മനസ്സിലാക്കി, സ്വത്വബോധമുള്ളവരായി പ്രവർത്തിക്കാൻ മുസ്‌ലിം സാമുദായിക സംഘടനകൾ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് കൗൺസിൽ സംഘടിപ്പിച്ചത്.
മുസ്‌ലിം സമൂഹത്തിന്റെ സാമുദായികവും രാഷ്ട്രീയവുമായ അജണ്ടകൾ ഹൈജാക്ക് ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കണം. നവോത്ഥാനത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് അജണ്ടകൾ രൂപപ്പെടുത്താൻ സാധിക്കണം- കൗൺസിൽ ആവശ്യപ്പെട്ടു. നിരന്തരം ബോധവൽക്കരണങ്ങൾ നടന്നിട്ടും അധാർമിക തയും ആർഭാടങ്ങളും വർധിച്ച് വരുന്നതിൽ കൗൺസിൽ ഉത്കണ്ഠ രേഖപ്പെടുത്തി.
എംപവർ മീറ്റ്, ടീച്ചേർസ് കോൺഫറൻസ്, ‘പ്രോഫേസ്’ പ്രൊഫഷണൽ ഫാമിലി കോൺഫറൻസ്, കഴ്ച പരിമിതർക്കായുള്ള ‘വിഷൻ’ മീറ്റുകൾ, ആദർശ സമ്മേളനങ്ങൾ, ഡയലോഗ്, സ്‌നേഹസ്പർശം, വിസ്ഡം ഡേകൾ തുടങ്ങി അടുത്ത ആറുമാസത്തെ കർമ
പദ്ധതികൾ പ്രഖ്യാപിച്ച് കൗൺസിൽ സമാപിച്ചു.
സംസ്ഥാന കൗൺസിലിന്റെ സമാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ്, സി.പി സലീം, കെ. സജ്ജാദ്, ടി.കെ നിഷാദ് സലഫി, ഡോ. അൻഫസ് മുക്രം, ഡോ പി.പി നസീഫ്, ഡോ. ബഷീർ വി.പി, യു. മുഹമ്മ് മദനി, ജംഷീർ സ്വലാഹി, ഫിറോസ് സ്വലാഹി, മുനവ്വർ സ്വലാഹി, മുസ്തഫ മദനി, ഡോ. അബ്ദുൽ മാലിക്, യൂനുസ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
അൽമഹാറ നാലാം പതിപ്പിന് പ്രൗഢമായ പ്രഖ്യാപനം
ന്യൂസ് ഡസ്ക്

മലപ്പുറം : സൗദി മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗദി എംബസിയുമായി സഹകരിച്ച് ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വൈജ്ഞാനിക മത്സരമായ ‘അൽ മഹാറ’യുടെ നാലാം പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി മിനി ഊട്ടിയിലെ മെയ്ൻ ക്യാംപസിൽ വെച്ച് നിർവഹിച്ചു. വിശുദ്ധ ക്വുർആൻ പഠനം, പാരായണം, അറബി ഭാഷ, കല, സാഹിത്യം എന്നിവയുടെ പ്രചരണവും പ്രോത്സാഹനവുമാണ് മത്സരം ലക്ഷ്യം വെക്കുന്നത്.
നാല് ലക്ഷത്തിലധികം രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിജയികൾക്ക് വേണ്ടി അൽമഹാറ സംഘാടക സമിതി നൽകുന്നുണ്ട്. കുറഞ്ഞ കാലംകൊണ്ട് തന്നെ കേരളത്തിലെ മത സ്ഥാപനങ്ങളുടെ ഭൂപടത്തിൽ സുപ്രധാനമായ ഇടം അടയാളപ്പെടുത്തിയ ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യയിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നത് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനാണ്. പരിപൂർണമായും ഈ പരിപാടി സൗദി എംബസിയുടെയും മതകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് നടക്കുന്നത് എന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത.
ലോഞ്ചിംഗ് പരിപാടിയിൽ കോളേജ് റെക്ടർ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, അൽമഹാറ മുഖ്യ രക്ഷാധികാരി ശുറൈഹ് സലഫി, കുല്ലിയ്യതുശ്ശരീഅ പ്രിൻസിപ്പാൾ ഹംസ മദീനി, ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസ് പ്രിൻസിപ്പാൾ ശബീബ് സ്വലാഹി, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കീം; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുത്
വിസ്ഡം സ്റ്റുഡന്റ്‌സ്
മലപ്പുറം: കീം അലോട്‌മെന്റിൽ വിദ്യാർഥികളുടെ ഭാവി വെച്ച് അമ്മാനമാടരുതെന്ന് മലപ്പുറം പാണക്കാട് വെച്ച് നടന്ന വിസ്ഡം സ്റ്റുഡന്റ്‌സ് ത്രിദിന സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വർഷങ്ങൾ നീണ്ട പഠനകാലയളവിലുടനീളവും ഒടുവിൽ ഫലം വന്നപ്പോഴും വിട്ടൊഴിയാത്ത, വിദ്യാർഥികളുടെ മാനസിക സമ്മർദം സർക്കാർ മുഖവിലക്കെടുക്കണം. വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അട്ടിമറിച്ച തീരുമാനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണങ്ങളുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ ജില്ലകളിൽനിന്നുള്ള വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പി.എൻ അബ്ദുലത്വീഫ് മദനി, ടി.കെ അഷ്‌റഫ്, അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ഫൈസൽ മൗലവി, താജുദ്ദീൻ സ്വലാഹി, ടി.കെ നിഷാദ് സലഫി, അർഷദ് അൽഹികമി, ടി.മുഹമ്മദ് ശമീൽ, ശബീബ് മഞ്ചേരി, സഫ്‌വാൻ ബറാമി, അസ്ഹർ ചാലിശ്ശേരി, ഡോ. സി.പി അബ്ദുല്ല ബാസിൽ, അബ്ദുൽ മാജിദ് ചുങ്കത്തറ, നിയാസ് കൂരിയാടൻ, റൈഹാൻ ഷഹീദ്, സുഹൈൽ കല്ലായി, ഖാലിദ് വെള്ളില, ഫാഹിം കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.

