മാനവിക മൂല്യങ്ങളെ തിരിച്ചുപിടിക്കണം

മുജാഹിദ് പ്രതിനിധി സമ്മേളനം

2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

എടത്തനാട്ടുകര: വർത്തമാനകാലത്ത് മാനവിക മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

തിന്മകൾക്കെതിരെ മൗനം പാലിക്കുന്നത് സമൂഹത്തോടു ചെയ്യുന്ന ദ്രോഹമാണ്. സാമുദായിക ഐക്യത്തിനായി യോജിച്ച മുന്നേറ്റം നടത്താൻ കഴിയണം. വിയോജിപ്പിനായി കാരണം കണ്ടെത്തുവാൻ ശ്രമിക്കുന്നവരും അത് പ്രചരിപ്പിക്കുന്നവരും വലിയ അക്രമമാണ് ചെയ്യുന്നതെന്നും പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ‘കുടുംബം, സമൂഹം, ധാർമികത’ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

ജില്ല പ്രസിഡന്റ് ഹംസക്കുട്ടി സലഫി അധ്യക്ഷനായി. അബ്ദുറഹ്‌മാൻ ചുങ്കത്തറ, ഹബീബ് മഞ്ചേരി, നൗഫൽ കളത്തിങ്കൽ, ഉണ്ണീൻബാപ്പു, അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി, റിഷാദ് പൂക്കാടഞ്ചേരി, വി.ഷൗക്കത്തലി അൻസാരി, ജെ. ജാഫർ അലി പുതുനഗരം, കെ. അർഷദ് സ്വലാഹി, ടി.കെ സ്വദഖത്തുല്ല, അശ്‌റഫ് അൽഹികമി, എൻ.എം ഇർഷാദ് അസ്‌ലം, ശാഫി അൽഹികമി, സഫീർ അരിയൂർ, ഹംസ മാടശ്ശേരി, സാദിഖ്ബിൻ സലിം, എൻ.ശഫീഖ്, എം.മുഹമ്മദ് റാഫി, വി.ബിൻഷാദ്, ടി.കെ സദീദ് ഹനാൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വെള്ളിയഞ്ചേരി, കാളമഠം, ചേരിപ്പറമ്പ്, അണയംകോട്, അണ്ടിക്കുണ്ട്, ഉപ്പുകുളം, കരുവരട്ട, പടിക്കപ്പാടം, ദാറുൽ ഖുർആൻ, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

പട്ടാമ്പി: കേന്ദ്രാവിഷ്‌ക്യത വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ പങ്കാളിയാകാനുള്ള തീരുമാനത്തിൽനിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച കൊപ്പം മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ഹാരിസ് ബിൻ സലീം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി, പി. ഹംസക്കുട്ടി സലഫി, ടി.കെ. സ്വദഖത്തുള്ള, ടി.കെ. നിഷാദ് സലഫി, ജെ. ജാഫർ അലി, കെ. അർഷദ് സ്വലാഹി, വി. ഷൗക്കത്തലി അൻസാരി, റിഷാദ് പൂക്കാടഞ്ചേരി, സഫീർ അരിയൂർ, ബി. അബ്ദുൽ മാജിദ്, ഇ.ടി. അബ്ദുൽ ഗഫാർ, ഡോ. കെ. അബ്ദുൽ കരീം, പി. ഫുആദ് എന്നിവർ സംസാരിച്ചു.

കാസർക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർക്കോട് മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന പ്രതിനിധി മുജീബ് മദനി ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സത്താർ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. അശ്കർ ഇബ്‌റാഹീം, അനസ് അൽഹികമി, സി.വി.കാബിൽ, മുക്താർ ബിൻ ഹമീദ്, റുവൈസ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ആർ.കെ.അബ്ദുറഹ്‌മാൻ (പ്രസി.), ടി.എം.മുഹമ്മദ് ശരീഫ്, മുഹമ്മദ് ഫിറോസ് (വൈസ് പ്രസി.), സി.വി.അബ്ദുസ്സലാം ചുരി (സെക്ര.), ഹസൻ അലി, എൻ.ബി.ശരീഫ് (ജോ.സെക്ര.), ഹനീഫ് അടുക്കത്ത് ബയൽ (ട്രഷ.). വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റായി മുഹമ്മദ് റഫീഖിനെയും സെക്രട്ടറിയായി അഷ്‌റഫ് മാന്യയെയും തിരഞ്ഞെടുത്തു.


കൂരിരുട്ടിലേക്ക് വെളിച്ചം വിതറിയ ‘ഡയലോഗ്’

ടി.കെ അശ്‌റഫ്, ജന.സെക്രട്ടറി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

നടക്കാൻ പഠിപ്പിക്കാൻ ആർക്കും സാധിക്കും. ഏതു വഴിയിലൂടെ നടക്കണം എന്ന് പഠിപ്പിക്കൽ അല്പം ശ്രമകരമായ ദൗത്യമാണ്. വിസ്ഡം യൂത്ത് അരീക്കോട്ട് സംഘടിപ്പിച്ച ‘ഡയലോഗ്’ പ്രോഗ്രാമിലൂടെ നിർവഹിച്ചത് അത്തരം ഒരു ദൗത്യയിരുന്നു. കുറച്ചുനാളുകളായി മുസ്‌ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോലും പറയാൻ സാധ്യമാകാത്തവിധം അവരെ താലിബാനികളായി ചാപ്പയടിച്ച് മൗനികളാക്കുന്ന അജണ്ട കേരളത്തിൽ ശക്തിപ്പെട്ടുവരികയായിരുന്നു! ഇസ്‌ലാമിക വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ബോധപൂർവം വിവാദമാക്കുകയും അതിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നത് പോലും കുറ്റകൃത്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന അവസ്ഥ! ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ചോദിച്ചാൽ പോലും അതിനെ വർഗീയമായി ആക്ഷേപിക്കുന്ന സാഹചര്യം!

നാൾക്കുനാൾ ഈ ഭീതിതമായ സാഹചര്യം സമുദായത്തിന്റെ ആകാശത്ത് ഒരു കാർമേഘമായി ഉരുണ്ടുകൂടുകയായിരുന്നു. ആ കാർമേഘത്തിലേക്ക് അടിച്ചുവീശിയ കുളിർക്കാറ്റായിരുന്നു വിസ്ഡം യൂത്ത് സംഘടിപ്പിച്ച ഡയലോഗ് പ്രോഗ്രാം. പ്രോഗ്രാമിലെ ഓരോ പ്രഭാഷണവും സമുദായത്തിന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയ കുളിർമഴയായിരുന്നു. പരിപാടി സമാപിച്ചപ്പോൾ ഉരുണ്ടുകൂടിയ കാർമേഘം മുഴുവൻ പെയ്‌തൊഴിഞ്ഞ തെളിഞ്ഞ ആകാശം പോലെയുള്ള മനസ്സുമായാണ് ശ്രോതാക്കൾ വീടുകളിലേക്ക് മടങ്ങിയത്. ഓൺലൈനിൽ പരിപാടി മുഴുവൻ വീക്ഷിച്ചവർക്കും ഇതേ അനുഭവം തന്നെയാണ് പറയാനുള്ളത്.

മുസ്‌ലിം സമുദായം ഇന്ത്യൻ മതേതരത്വത്തിന്റെ കാവൽക്കാർ കൂടിയാണെന്ന് പ്രോഗ്രാം തെളിയിച്ചു. അതോടൊപ്പം അവരുടെ മതം ആചരിക്കാനും പ്രബോധനം ചെയ്യാനും കപടമതേതരവാദികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും തലയുയർത്തി പറയാനുള്ള ആത്മവിശ്വാസം പകരുന്നതുമായിരുന്നു ഡയലോഗിലെ ഓരോ സംസാരവും. കേട്ടവർ വീണ്ടും കേൾക്കാനും കേൾപ്പിക്കാനും ആഗ്രഹിക്കുന്ന പ്രോഗ്രാം. കേൾക്കാത്തവർക്ക് നഷ്ടബോധം ഉണർത്തുന്ന പോഗ്രാം.


മുസ്‌ലിം സമുദായത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം

വിസ്ഡം ‘ഡയലോഗ്’

അരീക്കോട്: അർഹതപ്പെട്ട അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദങ്ങൾക്കെതിരെ വർഗീയതയും താലിബാനിസവും ആരോപിച്ച് മുസ്‌ലിം സമുദായത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്ക ണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി അരീക്കോട്ട് സംഘടിപ്പിച്ച ‘ഡയലോഗ്’ ധൈഷണിക സംവാദം അഭിപ്രായപ്പെട്ടു.

മുസ്‌ലിം സ്വത്വത്തെയും ആചാരങ്ങളിലും വർഗീയതയും താലിബാനിസവും ആരോപിക്കുന്നത് കാവിരാഷ്ട്രീയത്തെ കേരള മണ്ണിൽ അവരോധിക്കാനാണ്. പിഎം ശ്രീയിലൂടെ വിദ്യാഭ്യാസത്തെ കാവിവൽകരിക്കാനുള്ള ശ്രമത്തെ സമൂഹം ശക്തമായി പ്രധിരോധിക്കണം. ഉത്തരേന്ത്യയിലെ വർഗീയ രാഷ്ട്രീയത്തിന് മണ്ണൊരുക്കുന്നതിൽനിന്ന് കേരള സർക്കാർ പിന്തിരിയണം. നാലണയ്ക്കായി മലയാള നാടിനെ ഒറ്റിക്കൊടുക്കുന്നത് സമൂഹം പൊറുക്കാത്ത അപരാധമാണ്. വ്യക്തിതാൽപര്യങ്ങൾക്ക് മലയാളത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും അടിയറവ് വെക്കുന്നത് അപമാനമാണ്. മതേതര ത്വത്തെ ദുർവ്യാഖ്യാനിച്ച് ഇന്ത്യൻ പൈതൃകത്തെ ചോദ്യം ചെയ്യുന്ന ചിന്താഗതിയെ തിരിച്ചറിയണം.

പിഞ്ചുഹൃദയങ്ങളിൽ വെറുപ്പ് വിതയ്ക്കുന്ന ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപിക്കുന്നതിൽ നിന്ന് അധികാരികൾ വിട്ടുനിൽക്കണമെന്നും ഇതിനെതിരെയുള്ള കേരളത്തിന്റെ സാംസ്‌കാരിക മൗനം ആശങ്കയുണ്ടാക്കുന്നുവെന്നും ധൈഷണിക സംവാദം അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി അധ്യക്ഷത വഹിച്ചു.

മതം, മതേതരത്വം, നമ്മുടെ ഭരണഘടനയും അവകാശങ്ങളും, ലിബറൽ മതേതരത്വം മതത്തോട് ചെയ്യുന്നത്, മതേതരത്വം തകർക്കുന്നവർ:വഴിയും രീതിയും, ഇസ്‌ലാം പരിഷ്‌കരിക്കണമെന്നോ?, മതേതരത്വം; മുസ്‌ലിം ചരിത്രം, മതത്തെ ബാൻ ചെയ്യുന്ന ലിബറൽ മതേതരത്വം, നിലവിളക്ക് ഒരു കേസ് സ്റ്റഡി, ലിബറലുകളുടെ ദിവാസ്വപ്നങ്ങൾ എന്നീ വിഷയങ്ങളിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേ ഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടികെ അശ്‌റഫ്, അബ്ദുൽ മാലിക് സലഫി, സലീം സുല്ലമി, ഹാരിസ് ഇബ്‌നു സലീം, ഡോ.അബ്ദുള്ള ബാസിൽ, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടികെ നിഷാദ് സലഫി, പ്രസിഡന്റ,് കെ താജുദ്ദീൻ സ്വലാഹി, സിപി ഹിലാൽ സലീം, ഷംജാസ് കെ അബ്ബാസ്, സ്വഫുവാൻ ബറാമി അൽഹികമി, ശമീൽ അരീക്കോട് എന്നിവർ പ്രഭാഷണം നടത്തി.