പ്രൊഫഷണൽ കോഴ്‌സുകളുടെ പ്രവേശന നടപടികൾ ഏകീകരിക്കണം

ന്യൂസ് ഡസ്ക്

2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

29-ാമത് പ്രൊഫ്‌കോണിന് മംഗലാപുരത്ത് പ്രൗഢമായ സമാപനം

മംഗളൂരു: പ്രൊഫഷണൽ കോഴ്സുകൾക്കുള്ള പ്രവേശന നടപടികൾ ദേശീയതലത്തിൽ ഏകീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കർണാടകയുടെ വിദ്യാഭ്യാസ തലസ്ഥാനമായി അറിയപ്പെടുന്ന മംഗളുരുവിൽ സംഘടിപ്പിച്ച 29ാമത് പ്രൊഫ്‌കോൺ ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കൽ ഉൾപ്പെടെയുള്ള കോഴ്‌സുകളുടെ പ്രവേശന നടപടികൾ ഇനിയും പൂർത്തീകരിക്കാത്ത നിലവിലെ സാഹചര്യം ഗൗരവത്തിൽ എടുത്ത് ഈ വിഷയത്തിൽ അധികൃതർ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ട് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് ഉയരുന്ന ആശങ്കകളെ അഭിമുഖീകരിക്കാൻ അധികൃതർ സമഗ്രമ കർമപദ്ധതികൾ തയ്യാറാക്കണം. സാമൂഹ്യമാധ്യമങ്ങളുടെ വർധിച്ച ഉപയോഗം വിദ്യാർഥികളിലുണ്ടാക്കുന്ന സ്വാധീനം ഗൗരവത്തിലെടുക്കണം. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ത്യയിൽ ഉടനീളം പ്രായ പരിധി നിശ്ചയിക്കുന്നത് പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മൂന്നാം ദിവസത്തെ വിവിധ സെഷനുകളിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, ഫൈസൽ മൗലവി പുതുപ്പറമ്പ്, ലജ്‌നതുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ സെക്രട്ടറി ശമീർ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം സി. മുഹമ്മദ് അജ്മൽ, യാസിർ അൽഹികമി, മുഹമ്മദ് ബിൻ ശാക്കിർ, ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം, ഹംസ ഷാകിർ അൽഹികമി, അജ്വദ് ചെറുവാടി, ഡോ. മുഹമ്മദ് മുബഷിർ ടി.സി എന്നിവർ പ്രബന്ധാവതരണം നടത്തി.

‘പ്രോഫ്‌ലൂമിന അവാർഡ് ഫോർ എക്‌സലൻസ്’ പുരസ്‌കാരം എൻ.ഐ.ടി കാലിക്കറ്റ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന് പ്രൊഫ്‌കോൺ സ്വാഗതസംഘം ചെയർമാൻ അഡൂർ ബി. ഇബ്രാഹീം ഐ.എ.എസ് (റിട്ട.) സമ്മാനിച്ചു.

സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു. അലൈഡ് ഹെൽത്ത് കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തിക്കർ പരീദ് മുഖ്യാതിഥിയായി. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, കർണാടക സലഫി അസോസിയേഷൻ പ്രസിഡന്റ് ഡോ.ഹഫീസ് സ്വലാഹി എന്നിവർ ആശംസകൾ നേർന്നു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറിമാരായ കാബിൽ സി.വി. സ്വാഗതവും അബ്ദുൽ മജീദ് ചുങ്കത്തറ നന്ദിയും പറഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി പതുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെയും വിദേശരാജ്യങ്ങളിലെയും ഉന്നത സർവകലാശാലങ്ങളിൽ നിന്നുമുള്ള വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു.


ജനാധിപത്യം നിർണായക വഴിത്തിരിവിൽ

ഡോ. എസ്.വൈ ഖുറൈഷി

മംഗളൂരു: ആഗോള തലത്തിൽ- വിശേഷിച്ച് ഇന്ത്യയിൽ- ജനാധിപത്യം നിർണായക വഴിത്തിരിവിലാ ണെന്ന് മുൻ ചീഫ് ഇലക്ഷൻ കമ്മീഷനർ ഡോ. എസ്. വൈ. ഖുറൈഷി. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ മംഗലാപുരത്ത് സംഘടിപ്പിച്ച 29ാമത് ‘പ്രൊഫ്‌കോൺ’ ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദശാബ്ദങ്ങളിലെ ഏറ്റവുമധികം ജനങ്ങളാണ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് കീഴിൽ ഇന്ന് കഴിയുന്നത്. ജനാധിപത്യ രാജ്യങ്ങൾ ക്ഷീണിതരായ സ്ഥിതിയാണ് ഇന്നുള്ളത്. വോട്ടർമാരുടെ പങ്കാളിത്തം കുറയുകയും ഭരണഘടന സ്ഥാപനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇതിൽ നിർണായക പങ്കും ഉത്തരവാദിത്തവുമുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഫെഡറൽ സംവിധാനങ്ങൾക്ക് തുരങ്കം വയ്ക്കുന്നതും രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം ദുർബലപ്പെടുന്നതും മാധ്യമ സ്വാതന്ത്ര്യം കുറയുന്നതും വ്യാജ വാർത്തകളുടെ പ്രചാരണവും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ധ്രുവീകരണവും ജനാധിപത്യം കൊണ്ട് നാം നേടിയ നേട്ടങ്ങൾക്ക് വിഘ്‌നം തീർക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രതീക്ഷയുടെ പൊൻകിരണങ്ങൾ സമ്മാനിച്ച പ്രൊഫ്‌കോൺ

ന്യൂസ് ഡസ്ക്

കഴിഞ്ഞ 28 പ്രൊഫ്‌കോണുകളും കേരളത്തിലെ വിവിധ ജില്ലകളിലായിരുന്നു നടന്നത്. ആദ്യമായാണ് കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്നത്. അതിനു വേദിയൊരുക്കാൻ മംഗലാപുരത്തുകാർക്ക് സാധിച്ചു എന്നത് അവരുടെ കർമപഥത്തിൽ മറക്കാത്ത ഒരു ഓർമ്മയാകും.

പ്രൊഫഷണൽ വിദ്യാർഥികളുടെ ധാർമികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉയർച്ച ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രൊഫ്‌കോൺ സംഘടിപ്പിച്ചു വരുന്നത്. ഓരോ പ്രൊഫ്‌കോണും ഓരോ തലമുറയുടെ സൃഷ്ടിപരമായ സംഘാടനമാണ് നിർവഹിക്കുന്നത്. സമാപന സമ്മേളനത്തിലെ നന്ദികഴിഞ്ഞ് ഇറങ്ങുമ്പോഴും മൂന്നുദിവസം തുടർച്ചയായി പരിപാടി വീക്ഷിച്ചതിൽ യാതൊരു മടുപ്പും അവരിൽ കണ്ടില്ല! സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു വീണ്ടുവിചാരത്തിന്റെ ലോകത്തേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടു പോയതുപോലെയാണ് ഓരോരുത്തരുടെ തെളിഞ്ഞ മുഖം വിളിച്ചു പറഞ്ഞത്.

സമ്മേളന നഗരി വിട്ട് പോകുമ്പോൾ പലരും കൈപിടിച്ചുകൊണ്ട് കണ്ണിൽ വെള്ളം നിറച്ച് സലാം പറഞ്ഞ് മടങ്ങുന്ന രംഗം പ്രൊഫ്‌കോൺ അവരുടെ മനസ്സിനെ തൊട്ടുണർത്തിയതിന്റെ നേർക്കാഴ്ചയായിരുന്നു. തിരിച്ചുള്ള യാത്രയിൽ ട്രെയിനിലും ധാരാളം കുട്ടികൾ വിശേഷങ്ങൾ പങ്കുവെച്ചു.

ഈ അനുഭവങ്ങളിൽനിന്ന് ഒരു കാര്യം ഉറപ്പായി; പുതുതലമുറയെ ഒരിക്കലും നമ്മൾ ആക്ഷേപിച്ച് മാറ്റിനിറുത്തരുത്. അവർ കാണുന്നതും കേൾക്കുന്നതും നൈമിഷിക ലോകത്തിന്റെ മായക്കാഴ്ചയാകുമ്പോൾ സ്വാഭാവികമായും അതിൽ വീണുപോകുന്നു എന്ന് മാത്രം. ശരിയായ ധാർമിക ബോധം പകർന്നു നൽകിയാൽ വർധിത വീര്യത്തോടെ അവർ അത് ഉൾക്കൊള്ളുന്നുണ്ട്. താൻ ജീവിക്കുന്ന ക്യാമ്പസിലെ ധാർമിക പരിസരം എത്ര ജീർണാവസ്ഥയിലാണെങ്കിലും അതൊന്നും തന്റെ ജീവിതത്തിൽ ബാധിക്കാതെ നോക്കാനുള്ള മനക്കരുത്ത് കഴിഞ്ഞ പ്രൊഫ്‌കോണുകൾ അവയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേടിക്കൊടുത്തിട്ടുണ്ട്.

നമ്മുടെ മുൻഗാമികൾ കൊളുത്തിവെച്ച ഈ പ്രകാശം ഏത് കൊടുങ്കാറ്റിലും കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പുതുതലമുറ വളർന്നുവരുന്നുണ്ട് എന്നത് നമ്മെ കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. വിസ്ഡം സ്റ്റുഡൻസിനും കർണാടക സലഫി അസോസിയേഷനും അഭിനന്ദനങ്ങൾ. അല്ലാഹു സ്വീകരിക്കുമാറാകട്ടെ-ആമീൻ