സ്‌കൂൾ ഓഫ് ക്വുർആൻ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ന്യൂസ് ഡസ്ക്

2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

മഞ്ചേരി: ജാമിഅ അൽഹിന്ദിന്റെ കീഴിൽ നടത്തിവരുന്ന സ്‌കൂൾ ഓഫ് ക്വുർആനിന് വേണ്ടി മഞ്ചേരിയിൽ നിർമാണം പൂർത്തിയാക്കിയ സ്‌കൂൾ ഓഫ് ക്വുർആൻ റസിഡൻഷ്യൽ ക്യാമ്പസിന്റെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ലളിതമായ ചടങ്ങിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പിഎൻ അബ്ദുല്ലത്വീഫ് മദനി, ആലി ഹാജി കുഴിപ്പുറം എന്നിവർ ചേർന്ന് നിർവഹിച്ചു.

വ്യവസ്ഥാപിതമായ മതപഠനത്തോടൊപ്പം ഉയർന്ന നിലവാരമുള്ള ഭൗതികപഠനം കൂടി നൽകാൻ ഉതകുന്ന രൂപത്തിലാണ് സ്‌കൂൾ ഓഫ് ക്വുർആൻ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. ഇതിന് അനുഗുണമാവുന്ന രൂപത്തിലുള്ള ക്യാമ്പസ് കെട്ടിപ്പടുക്കുക എന്നത് സംഘടനയുടെ ചിരകാല അഭിലാഷമായിരുന്നു.

നിഷ്‌കാമകർമികളായ ഒരു കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ സ്ഥലവും ഹോസ്റ്റലും ഹിഫ്ദ് മജ്‌ലിസും നേരത്തെ പൂർത്തിയായിരുന്നു. അതിലേക്കാണ് ഇപ്പോൾ അക്കാഡമിക് ബിൽഡിംഗ് കൂടി പണി കഴിപ്പിച്ചിരിക്കുന്നത്. മസ്ജിദും ഗേൾസ് ഹോസ്റ്റലുമാണ് ഇനി ബാക്കിയുള്ളത്. ഇതുകൂടി പൂർത്തിയാകുന്ന മുറക്ക് ക്യാമ്പസിന്റെ വിപുലമായ ഉദ്ഘാടനം നടക്കും.


മലപ്പുറം വെസ്റ്റ് ജില്ല പ്രൊജക്ട് നിർമാണം ആരംഭിച്ചു

ന്യൂസ് ഡസ്ക്

മുജാഹിദ് പ്രസ്ഥാനത്തിന്റെ കഴിഞ്ഞ കാല ചരിത്രത്തിൽ നിന്ന് ഊർജമുൾക്കൊണ്ടും നാടിന്റെ വിദൂരഭാവി കൂടി മുന്നിൽ കണ്ടും രൂപകൽപന ചെയ്ത ‘അൽ കാതിബ്’ ഇസ്‌ലാമിക് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു.

ദേശീയ പാതയിൽ കക്കാട് ടൗണിന്റെ ഹൃദയഭാഗത്ത് 25 സെന്റ് സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്.

വിശാലമായ മസ്ജിദ്, ജില്ല ആസ്ഥാനം, മദ്‌റസ, ജനാസ സംസ്‌കരണ സംവിധാനം, കൗൺസിലിംഗ് സെന്റർ, ബോർഡ് റൂം, മീറ്റിങ്ങ് ഹാൾ, ഫീഡിങ്ങ് റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലിഫ്റ്റുകൾ തുടങ്ങി നാട്ടുകാർക്കും ദീർഘദൂര യാത്രക്കാർക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന ബൃഹത്തായ പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് അൽകാതിബ് ഇസ്‌ലാമിക് സെന്റർ.

കെ.എം മൗലവി എന്ന കാതിബ് മുഹമ്മദ് മൗലവിയുടെ ജന്മനാടായ കക്കാട് പ്രദേശത്ത് ഉയർന്ന് വരുന്ന പ്രൊജക്ടിന് ‘അൽ കാതിബ്’ ഇസ്‌ലാമിക് സെന്റർ എന്ന പേര് എല്ലാ അർഥത്തിലും ഏറ്റവും അനുയോജ്യമാണ്.

2026 അവസാനത്തോടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 25 സെന്റ് സ്ഥലത്തിന്റെ വില പൂർണമായും ജനകീയമായി കണ്ടെത്തിയ മലപ്പുറം വെസ്റ്റ് ജില്ലക്കാർ, നിർമാണ ഫണ്ടും ജനകീയമായി തന്നെയാണ് കണ്ടെത്തുന്നത് എന്നത് വലിയ ഒരു മാതൃക തന്നെയാണ്.

24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതും ദേശീയപാത വഴി കടന്ന് പോകുന്ന ഏതൊരാൾക്കും ഒരു ആശാ കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതുമായ ഈ പദ്ധതിക്ക് സമ്പത്തും സമയവും ഊർജവും ചെലവഴിക്കാനായാൽ, അത് ഒരിക്കലും നഷ്ടം വരാത്ത കച്ചവടം തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.