പീസ് റേഡിയോ ലിസണേഴ്‌സ് കോൺഫറൻസിന് ഉജ്വല സമാപനം

ന്യൂസ് ഡസ്ക്

2025 മെയ് 10, 1446 ദുൽഖഅദ് 12

പാലക്കാട്: കോട്ടമൈതാനിയിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പീസ് റേഡിയോ ലിസണേഴ്‌സ് കോൺഫറൻസ് പ്രൗഢമായി. ഒന്നാം ദിവസം പീസ് റേഡിയോയിലെ വിവിധ പ്രോഗ്രാമുകളുടെ ലൈവ് സെഷനുകൾ അവതരിപ്പിച്ചു. വിശുദ്ധ ക്വുർആൻ ദൈവികമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ക്വുർആനിക വചനങ്ങളുടെ പാരായണവും ആശയ സംഗ്രഹവും കൂടി ഉൾപ്പെടുത്തി നടത്തിയ ‘മധുരം ക്വുർആൻ’ സെഷനോടുകൂടിയാണ് പ്രോഗ്രാം ആരംഭിച്ചത്.

സമീർ മുണ്ടേരി, ഹാഫിദ് ആദിൽ ബിൻ ഫത്താഹ്, ഹാഫിദ് അബ്ദുൽ വാസിഹ് എന്നിവർ നേതൃത്വം നൽകി. ആത്മീയമായ അറിവ് നേടുന്നതിന്റെ പ്രാധാന്യവും പുണ്യവും സംബന്ധിച്ച് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഹ്രസ്വ പ്രഭാഷണം നടത്തി.

അതിഥികളായി പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാപഞ്ചായത്ത് മെമ്പറുമായ ഗഫൂർ കോൽക്കളത്തിൽ എന്നിവർ പങ്കെടുത്തു. രാഷ്ട്രത്തിന്റെ ബഹുസ്വരതയെ തകർക്കാൻ നടക്കുന്ന ശ്രമങ്ങളെ ചെറുത്തു തോൽപിക്കുവാനും ലഹരിയുൾപ്പെടെയുള്ള സാമൂഹ്യവിപത്തുകൾക്കെതിരെ പോരാടുവാനും എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് അതിഥികൾ ആഹ്വാനം ചെയ്തു.

മെയ് 11ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസ് നഗരിയിൽ മെയ് 6 മുതൽ ആരംഭിക്കുന്ന സൊലൂഷൻ എക്‌സിബിഷൻ ഇവന്റ് ബ്രോഷർ അതിഥികൾ ചേർന്ന് പ്രകാശനം നിർവഹിച്ചു.

വേദിയിലെ ഓരോ പ്രോഗ്രാമും പരസ്പരം കോർത്തിണക്കിയും പീസ് റേഡിയോയിൽ നടന്നുവരുന്ന വിവിധ പ്രോഗ്രാമുകളെ പരിചയപ്പെടുത്തിയും റേഡിയോയിലെ വ്യത്യസ്ത ഫീച്ചറുകളെ കുറിച്ചും ഒപ്പം സദസ്സിനെ സജീവമാക്കി നടന്ന വിവിധ മത്സരങ്ങളും സമ്മാനവിതരണവും ശ്രോതാക്കൾക്ക് നവ്യാനുഭവമായി.

പീസ് റേഡിയോ ഡയറക്ടർ താജുദ്ദീൻ സ്വലാഹി, കോഴ്‌സ് കോർഡിനേറ്റർ അബ്ദുറഹ്‌മാൻ ചുങ്കത്തറ എന്നിവരായിരുന്നു ആങ്കർമാർ. സംഗീതമില്ലാത്ത ആസ്വാദനവുമായി ‘സ്വരം’ സെഷനിൽ സാജിദ് പുതുനഗരം, നിഹാദ് എം.സി.സി, ശരീഫ് വാളംകുളം എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് വേദിയിൽ നടന്ന ‘സ്‌നേഹക്കൂട്’ ലൈവ് പ്രോഗ്രാം സമകാലിക സാഹചര്യത്തിൽ രക്ഷിതാക്കൾ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന വേദിയായി. ലഹരി, സ്‌ക്രീൻ അഡിക്ഷൻ, പാരന്റിംഗ്, പ്രണയം തുടങ്ങിയ വിഷയങ്ങളിൽ സദസ്സ്യരുടെ ആശങ്കകൾക്ക് വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ്, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ.നിഷാദ് സലഫി എന്നിവർ പരിഹാരങ്ങൾ നിർദേശിച്ചു.

വിദ്യാർഥി തലമുറ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളും കാരണങ്ങളും വിശകലനം ചെയ്ത ‘ടോക്ക് ഷോ’ മതവിരുദ്ധതയുടെയും ലിബറൽ ചിന്താഗതികളുടെയും അപകടങ്ങളെ തുറന്നു കാണിക്കുന്നതായിരുന്നു. റേഡിയോയിലെ വിവിധ പ്രോഗ്രാം അവതാരകരായ നുസ്ഹാൻ രണ്ടത്താണി, ഷംജാസ് കെ അബ്ബാസ്, ഹിലാൽ സലീം സി.പി. എന്നിവർ നേതൃത്വം നൽകി.

ജീവിത ലക്ഷ്യത്തെ കുറിച്ചും ലക്ഷ്യം നേടാൻ വിശ്വാസികൾ മുറുകെ പിടിക്കേണ്ട കളങ്കമില്ലാത്ത വിശ്വാസ കാര്യങ്ങളെ കുറിച്ചും പ്രതിപാദിച്ചുകൊണ്ട് നടന്ന, ശിഹാബ് എടക്കരയുടെ പ്രൗഢമായ സമാപന ഭാഷണത്തോടെ കോൺഫറൻസിന് തിരശ്ശീല വീണു.

കേരളത്തിലെ വിവിധ ജില്ലകളിൽ തുടർന്നും നടക്കാനിരിക്കുന്ന ലിസണേഴ്‌സ് കോൺഫറൻസിന്റെ ആദ്യ പതിപ്പാണ് പാലക്കാട്ട് നടന്നത്. കോൺഫറൻസ് നഗരിയിൽ സജ്ജീകരിച്ച പുസ്തകമേള, വിഷൻ ഗാലറി, സൊലൂഷൻ ഡസ്‌ക്, കിഡ്‌സ് ഓഡീഷൻ, ലിസണേഴ്‌സ് കോർണർ, ഡിജിഹബ്, വിവിധ മെറ്റീരിയലുകളടങ്ങിയ പ്രൊമോഷൻ കൗണ്ടർ, ചായമക്കാനി തുടങ്ങിയവയും ലിസണേഴ്‌സ് കോൺഫറൻസിനെ സവിശേഷമാക്കി.