തിരുവനന്തപുരം ദാറുൽ അർഖം; വികസനത്തിന്റെ പാതയിൽ

ടി കെ അഷ്‌റഫ്

2025 ആഗസ്റ്റ് 23, 1447 സഫർ 29

തിരുവനന്തപുരം: അല്ലാഹുവിന്റെ മാർഗത്തിൽ നിസ്വാർഥമായി ഇറങ്ങിത്തിരിച്ചാൽ അവന്റെ അളവറ്റ സഹായങ്ങൾ പെയ്തിറങ്ങുമെന്നതിന്റെ നേർക്കാഴ്ചയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷ ന്റെയും അതിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളുടെയും ദ്രുതഗതിയിലുള്ള വളർച്ച. ചുരുങ്ങിയ കാലം കൊണ്ട് സംഘടനാ സംവിധാനം സുസംഘടിതമായി. വളരെ പെട്ടെന്ന് ആൺകുട്ടികൾക്കുള്ള ‘ജാമിഅ അൽഹിന്ദ്’ യാഥാർഥ്യമായി. പെൺകുട്ടികളുടെ ക്യാമ്പസും അതിനെ തുടർന്ന് നിലവിൽ വന്നു. ധാർമികാന്തരീക്ഷത്തിൽ ഭൗതിക വിദ്യാഭ്യാസത്തിനായി ഗ്രീൻവാലി ക്യാമ്പസും ആരംഭിച്ചു. കേരളത്തിനകത്തും പുറത്തുമായി സ്‌കൂൾ ഓഫ് ക്വുർആനിന്റെ 36 സെന്ററുകൾ ഉയർന്നുവന്നു. പീസ് റേഡിയോക്ക് ലക്ഷങ്ങൾ ശ്രോതാക്കളായുണ്ടായി

ഈ ജൈത്രയാത്രയിൽ ദക്ഷിണ കേരളത്തിൽ ആരംഭിച്ച ദാറുൽ അർഖം അതിവേഗം വളരുന്ന വിസ്മയകരമായ കാഴ്ച ഏറെ ആനന്ദദായകമാണ്. 2016ൽ പാലാങ്കോണത്ത് ആരംഭിച്ച ഹിഫ്ദ് കോളേജോടെയാണ് തുടക്കം. തൊട്ടടുത്ത വർഷം പ്ലസ് വൺ കോഴ്‌സ് ആരംഭിച്ചു. 2022 ആയപ്പോഴേക്കും ചിറയിൻകീഴിനടുത്ത് മുട്ടപ്പലത്ത് അർഖം ലേഡീസ് ക്യാമ്പസ് യാഥാർഥ്യമായി. മൂന്നുവർഷം തികഞ്ഞതോടെ രണ്ടര ഏക്കറയോളം സ്ഥലത്ത് മനോഹരമായ കെട്ടിടത്തിൽ ആൺകുട്ടികൾക്ക് മാത്രമായി അർഖം ഗ്രീൻ ക്യാമ്പസും സ്ഥാപിതമായി.

ഇതിനകം 30ൽ അധികം ഹാഫിളുകൾ പുറത്തിറങ്ങി. ജാമിഅ അൽഹിന്ദിന്റെ അഫിലിയേഷനുള്ള ദാറുൽ അർഖമിനെ ഓർത്ത് അഭിമാനിക്കാൻ കഴിയും വിധമാണ് അതിന്റെ വളർച്ച. ചടുലമായ വേഗത്തിൽ ചിട്ടയായ വളർച്ച കൈവരിക്കാൻ ഈ സ്ഥാപനത്തിനായത് അല്ലാഹുവിന്റെ തൗഫീഖ് ഒന്നുകൊണ്ടുമാത്ര മാണ്. ജാമിഅ അൽഹിന്ദിന്റെ മേൽനോട്ടവും പ്രധാനഘടകമായി. ജാമിഅയിൽ നിന്നിറങ്ങിയ പത്തോളം ഹികമിമാർ ഇവിടെ അധ്യാപകരായി ഉണ്ട്. അവരുടെ സമർപ്പിതമായ സേവനം അർഖമിന്റെ വളർച്ചയിൽ ഉപ്പുപോലെ ലയിച്ച് ചേർന്നിട്ടുണ്ട്. ജാമിഅയുടെ സന്തതികൾ നാടിന് വിളക്കാകണമെന്ന നമ്മുടെ സ്വപ്നം പുലർന്നു കാണുന്നതിൽ അതിയായ സന്തോഷമുണ്ട്.

പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രൗഢമായ 3 പുസ്തകങ്ങളും സമ്മേളനവുമായി ബന്ധപ്പെട്ട് അർഖമിലെ അധ്യാപകരുടെയും വിദ്യാർഥി-വിദ്യാർഥിനികളുടെയും ലേഖനങ്ങൾ അടങ്ങിയ പ്രൗഢമായ മാഗസിൻ ‘ഒലീവ്’ സമ്മേളന വേദിയിൽ പ്രകാശനം ചെയ്തു. ഗ്രീൻ ക്യാമ്പസ് ലോഗോ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, തീം സോങ് അവതരണം എന്നിവ നടന്നു. ഹാഫിദുകളായ 14 വിദ്യാർഥികളെ ‘തക്‌രീം’ എന്ന പേരിൽ ആദരിച്ചു. ഉച്ചക്ക് നടന്ന ഒന്നാമത്തെ സെഷനിൽ ദാറുൽ അർഖം പാരന്റ്‌സ് ഗാതറിംഗ് നടന്നു. പി.എൻ. അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു.

സ്ഥാപന മേധാവി അബ്ദുല്ലത്വീഫ് സുല്ലമി ആമുഖ സംസാരം നടത്തി. അർഷദ് അൽഹികമി സ്ഥാപനത്തിന്റെ വളർച്ച വരച്ചുകാട്ടി. ‘അർഖം നിങ്ങൾക്കുള്ളതാണ്’ എന്ന വിഷയത്തിൽ ഫൈസൽ മൗലവി, ‘വിജ്ഞാന ഗോപുരങ്ങൾ നിർവഹിക്കുന്ന ദൗത്യം’ എന്ന വിഷയത്തിൽ ടി.കെ അഷ്‌റഫ് എന്നിവർ സംസാരിച്ചു. ‘ധാർമികതയാണ് പരിഹാരം’ എന്ന വിഷയത്തിൽ ഹുസൈൻ സലഫി-ഷാർജ സമാപന ഭാഷണം നടത്തി.