വക്വ‌്‌ഫ് നിയമം: വിസ്ഡം യൂത്ത് ധൈഷണിക സമ്മേളനം പ്രോജ്വലമായി
ന്യൂസ് ഡസ്ക്
2025 മെയ് 03, 1446 ദുൽഖഅദ് 05

വക്വ‌്‌ഫ് സ്വത്തുക്കൾക്കുമേൽ അന്യായമായ അവകാശവാദം സ്ഥാപിക്കാൻ അവസരം നൽകുന്ന പുതിയ വക്വ‌്‌ഫ് ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ വിസ്ഡം യൂത്ത് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ധൈഷണിക സംവാദത്തിന് ഉജ്വല സമാപനം. കിടയറ്റ വിഷയാവതരണങ്ങളും അവ കാതോർക്കാൻ എത്തിച്ചേർന്ന നിറഞ്ഞ സദസ്സും അക്ഷരാർഥത്തിൽ പരിപാടിയെ ഒരു വൈജ്ഞാനിക വിരുന്നാക്കി മാറ്റി.
ബ്രീട്ടീഷുകാർ വക്വ‌്‌ഫ് നിരോധിച്ചതിന്റെയും അതിനെതിരെയുള്ള സമരത്തിൽ അടിയറവ് പറഞ്ഞ് 1913ൽ പുനഃസ്ഥാപിച്ചതിന്റെയുമൊക്കെ ചരിത്രാവതരണം നടത്തിയത് പുതിയ സമരത്തിന് ആവേശം നൽകുന്നതായി.
ഇന്ത്യയിൽ നിലനിന്നിരുന്ന വക്വ‌്‌ഫ് സംരക്ഷണ നിയമങ്ങൾ, ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് വക വച്ച് നൽകുന്ന അവകാശങ്ങൾ, വക്വ‌്‌ഫ് സംരക്ഷണത്തിന് മുൻകാല ഗവൺമെന്റുകൾ സ്വീകരിച്ച നടപടികൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കപ്പെട്ടു.
കേവലമൊരു മുസ്‌ലിം പ്രശ്‌നമാക്കിച്ചുരുക്കി വൈകാരികതയ്ക്ക് തിരികൊളുത്തുന്നതിന് പകരം ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വകവച്ചു നൽകിയ അവകാശങ്ങളെ പടിപടിയായി ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് പുതിയ വക്വ‌്‌ഫ് നിയമമെന്ന് നാം തിരിച്ചറിയണം. ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഈ ചർച്ച വഴിമാറാൻ നാം അനുവദിക്കരുത്. സമാനമനസ്‌കരായ മുഴുവൻ മതനിരപേക്ഷ കക്ഷികളുടെയും പിന്തുണയോടെ ഇതിനെതിരെ കർമരംഗത്തിറങ്ങണമെന്ന് ധൈഷണിക സംവാദം ആഹ്വാനം ചെയ്തു. പാർലമെന്റിൽ മറ്റു മതസ്ഥരായ എം.പിമാർ പോലും ഈ ദുരുദ്ദേശ്യപരമായ നിയമ നിർമാണത്തിനെതിരേ പൊരുതിയത് ഫാഷിസ്റ്റുകളുടെ ഉറക്കം കെടുത്തിയിട്ടുണ്ടന്ന് സമ്മേളനം വിലയിരുത്തി.
അഷ്‌റഫ് വടക്കുമ്പാട് ആധ്യക്ഷ്യം വഹിച്ചു. സുഫ്‌യാൻ അബ്ദുസ്സലാം, റിജിൽ മാക്കുറ്റി, അബ്ദുൽ മാലിക് സലഫി, മുജീബ് ഒട്ടുമ്മൽ, സി.പി. സലീം, താജുദ്ദീൻ സ്വലാഹി, നിഷാദ് സലഫി, ജംഷീർ സ്വലാഹി, ഷബീർ കൂത്തുപറമ്പ്, ടി.കെ ഉബൈദ്, റാഷിദ് സ്വലാഹി തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണൂർ ഹജ്ജ് ഹൗസ്: നടപടികൾ ത്വരിതപ്പെടുത്തണം
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖേന ഹാജിമാരുടെ യാത്ര സ്ഥിരമായതിനാൽ ഹജ്ജ് ഹൗസ് നിർമാണം ത്വരിതപ്പെടുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പ് വിസ്ഡം പണ്ഡിത സഭ നിർവാഹക സമിതി അംഗം അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി കെ. അബ്ദുല്ല ഫാസിൽ ആധ്യക്ഷ്യം വഹിച്ചു.
ഹജ്ജ് തീർഥാടന സമയത്തെ വിമാനക്കമ്പനികളുടെ സാമ്പത്തികക്കൊള്ളക്കെതിരെ നിയമ നിർമാണം നടത്താൻ ക്യാമ്പ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എം.പിമാരും രാഷ്ട്രീയപ്പാർട്ടികളും തങ്ങളുടെ ദൗത്യം നിർവഹിക്കണം.
സർക്കാർ പൊതുമേഖലയിലെ വിമാനത്താവളങ്ങളിൽനിന്ന് യാത്രക്ക് സൗജന്യ നിരക്ക് ഏർപ്പെടു ത്തുന്നതിന് പകരം സ്വകാര്യ കമ്പനികളെയും കവച്ചുവയ്ക്കുന്ന വിധം യാത്രാക്കൂലി വർധിപ്പിക്കുന്നത് അനീതിയാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ മുഖേനയുള്ള വലിയൊരു വിഭാഗം ഹാജിമാരുടെ യാത്ര തടസ്സപ്പെട്ടത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് പ്രമേയം തുടർന്നു. വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കുന്നത് ജീവിതത്തെ സ്ഫുടം ചെയ്യാനുള്ള സുവർണാവസരമാണെന്ന് അബ്ദുല്ലത്വീഫ് സുല്ലമി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
അനേകായിരങ്ങൾ ഹജ്ജിന് അവസരം ലഭിക്കാതെ പ്രയാസപ്പെടുമ്പോഴും എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ വിശ്വാസികൾ അവസരം ഉപയോഗപ്പെടുത്തണമെന്നും മനസ്സും ശരീരവും അതിനായി ക്രമപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു.ദൈവ പ്രീതിക്കായി നടത്തേണ്ട ആരാധനകളിൽപെട്ട ഹജ്ജ് യാത്രയോടനുബന്ധിച്ച് നടക്കുന്ന അനാചാരങ്ങളിൽ നിന്ന് സമൂഹം വിട്ട് നിൽക്കണം.
യാത്രയപ്പ് സംഗമങ്ങൾ വലിയ ആർഭാടത്തോടെ നടത്തുന്നതിലൂടെ ഉദ്ദേശ്യശുദ്ധിക്ക് ഭംഗം വരുന്നതിനെതിരെ ജാഗ്രത പുലർത്തണം. വീഡിയോ പ്രസന്റേഷനോടു കൂടി ഹജ്ജ്-ഉംറ കർമങ്ങളും ഹജ്ജിന്റെ ആരോഗ്യകാര്യങ്ങളും വിശദീകരിച്ചത് ശ്രദ്ധേയമായി. മുഹമ്മദ് സ്വാദിഖ് മദീനി സംശയ നിവാരണ സെഷന് നേതൃത്വം നൽകി. സി.പി. സലീം ഹാജിമാർ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ച് ക്ലാസ്സെടുത്തു.

