മതത്തെ മറയാക്കുന്ന ചികിൽസാനിഷേധം അനുവദിക്കാനാവില്ല
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

കോഴിക്കോട്: വിശ്വാസത്തെ മറയാക്കി ചികിത്സകൾ പോലും നിഷേധിക്കുന്ന പ്രവണത അനുവദി ക്കാനാവില്ലെന്നും ചട്ടിപ്പറമ്പിൽ സ്ത്രീയുടെ ജീവനെടുത്തതിന് സമാനമായ വിഷയങ്ങളിൽ ശക്തമായ ആദർശ മുന്നേറ്റം അനിവാര്യമാണെന്നും കോഴിക്കോട്ടു ചേർന്ന വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
ഭരണഘടനാ അവകാശങ്ങൾക്കും മതനിരപേക്ഷ മൂല്യങ്ങൾക്കും വിരുദ്ധമായ വക്വ‌്‌ഫ് നിയമ കേസിൽ കൂടുതൽ മതനിരപേക്ഷ പാർട്ടികൾ കക്ഷി ചേരണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്ക് വെല്ലുവിളി ഉയർത്തി ഭരണകക്ഷികൾ കൊണ്ടുവരുന്ന കരിനിയമങ്ങൾ ക്കെതിരെ പ്രതിരോധം തീർക്കാൻ പ്രായോഗിക രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ മതനിരപേക്ഷ പാർട്ടികൾക്ക് സാധിക്കേണ്ടതുണ്ട്. പാർലമെന്റിൽ ഇന്ത്യാ മുന്നണിയുടെ ശക്തമായ പ്രതിരോധം പ്രതീക്ഷ നൽകുന്നതാണ്.
വക്വ‌്‌ഫ് വിരുദ്ധ സമരങ്ങളെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണ്. വർഗീയ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്ന ചില സമുദായ നേതാക്കളുടെ വിഷലിപ്തമായ പ്രസ്താവനകളും അവയെ പിന്തുണക്കുന്ന ഭരണകർത്താക്കളുടെ നിലപാടും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രവർത്തക സമിതി വിലയിരുത്തി.
‘ധർമ സമരത്തിന്റെ വിദ്യാർഥി കാലം’ എന്ന പ്രമേയത്തിൽ മെയ് 11ന് പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസ് പരിഹാരങ്ങളുടെ വേദിയാണെന്നും അത് വിജയിപ്പിക്കണമെന്നും പ്രവർത്തക സമിതി ആഹ്വാനം ചെയ്തു.
മംഗലാപുരത്ത് ഏപ്രിൽ 20ന് ഫാമിലി കോൺഫറൻസ് നടക്കും. ആർഭാട വിവാഹത്തിനെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും.
സംസ്ഥാനത്തെ എട്ടു കേന്ദ്രങ്ങളിൽ ഹജ്ജ് ക്യാമ്പുകൾ സംഘടിപ്പിക്കും. മഞ്ചേരി (ഏപ്രിൽ 17), കോഴിക്കോട്, എറണാകുളം (ഏപ്രിൽ 24), തിരുവനന്തപുരം (ഏപ്രിൽ 23), കണ്ണൂർ (ഏപ്രിൽ 26), തിരൂർ (ഏപ്രിൽ 27), കൊല്ലം (മെയ് 1), മണ്ണാർക്കാട് (മെയ് 4) എന്നിവിടങ്ങളിലാണ് ഹജ്ജ് ക്യാമ്പുകൾ നടക്കുന്നത്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പണ്ഡിതസഭയായ ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യഃ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
ഭാരവാഹികളായ ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസിർ ബാലുശ്ശേരി, അബൂബക്കർ സലഫി, ശമീർ മദീനി, ശരീഫ് എലാങ്കോട്, അബ്ദുൽ മാലിക് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജന. സെക്രട്ടറി ശമീൽ മഞ്ചേരി, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, അബ്ദുല്ലാ ഫാസിൽ, ഹനീഫ് ഓടക്കൽ, അൻവർ ഒ, പി.എം ഷാഹുൽ ഹമീദ്, നബീൽ രണ്ടത്താണി, റഷീദ് മാസ്റ്റർ കാരപ്പുറം, അൻവർ സ്വലാഹി (വയനാട്), അബ്ദുല്ല കേശവദാശപുരം (തിരുവനന്തപുരം), ഹുസൈൻ കാവനൂർ, കെ.സി അയ്യൂബ്, അഷ്‌റഫ് വെൽകം തുടങ്ങിയവർ പ്രസംഗിച്ചു.

