കിൽത്താൻ ദ്വീപിൽ ‘മസ്ജിദുർറഹ്‌മ’ ഉദ്ഘാടനം ചെയ്യപ്പെട്ടു

ന്യൂസ് ഡസ്ക്

2025 ജനുവരി 04, 1446 റജബ് 04

ലക്ഷദ്വീപിലെ ചെറിയ പൊന്നാനി എന്നറിയപ്പെടുന്ന കിൽത്താൻ ദ്വീപിൽ അല്ലാഹുവിന് മാത്രം സുജൂദ് ചെയ്യാനായി ഒരു ഭവനം ഉദ്ഘാടനം ചെയ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനിയാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുദിവസം നീണ്ടു നിന്ന ദ്വീപുതല മുജാഹിദ് സമ്മേളനവും നടന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ സലഫി ആദർശത്തെയും മുജാഹിദ് പ്രസ്ഥാനത്തെയും നെഞ്ചേറ്റിയ ദ്വീപ് നിവാസികൾക്ക് പുതിയ പള്ളിയും അനുബന്ധ പ്രോഗ്രാമും ഹൃദ്യമായി.

ആത്മീയ ചൂഷണങ്ങളിൽനിന്നും അന്ധവിശ്വാസ-അനാചാരങ്ങളിൽനിന്നും ഇസ്‌ലാമിന്റെ തനതായ ആദർശത്തിലേക്ക് ക്ഷണിക്കുന്നത് ദ്വീപിലെ പൗരോഹിത്യത്തിന് സഹിക്കാവുന്നതായിരുന്നില്ല. മൂന്ന് ദിവസങ്ങളിലായി നടന്ന മുജാഹിദ് സമ്മേളനവുമായി സഹകരിക്കുന്നത് വിലക്കിക്കൊണ്ട് അവർ പ്രസ്താവനയിറക്കിയെങ്കിലും അത് ഒട്ടും വിലപ്പോയില്ല. കിൽത്താനിലെ നല്ലവരായ ജനങ്ങൾ സമ്മേളനത്തെ ഹൃദയപൂർവം സ്വീകരിക്കുകയും ആദർശ പ്രഭാഷണങ്ങൾക്ക് ആവേശത്തോടെ കാതോർക്കുകയും ചെയ്തു. വിവിധ ദ്വീപുകളിൽ നിന്ന് സമ്മേളനത്തിന് വേണ്ടിയെത്തിയ മുജാഹിദ് പ്രവർത്തകരും കൂടെ ചേർന്നപ്പോൾ സമ്മേളനം അതിമനോഹരമായി.

പൊതുവേദിയിലും പള്ളിയിൽ ഒരുക്കിയ പ്രത്യേക വേദിയിലുമായി നടന്ന വ്യത്യസ്ത സെഷനുകളാൽ വൈവിധ്യം നിറഞ്ഞതായിരുന്നു സമ്മേളന പരിപാടികൾ. ദ്വീപ് സമൂഹത്തിലേക്ക് അനധികൃതമായി എത്തുന്ന ലഹരിയാലുള്ള പ്രശ്‌നങ്ങൾ, ലിബറലിസത്തിന്റെ കെണികൾ, സംതൃപ്ത കുടുംബത്തിനുള്ള മാർഗങ്ങൾ, യഥാർഥ പ്രവാചക സ്‌നേഹം, അഹ്‌ലുസ്സുന്നയുടെ പ്രമാണബദ്ധമായ ആദർശം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യപ്പെട്ടു. വ്യത്യസ്ത ദ്വീപുകളിലെ ഭാരവാഹികൾക്കുള്ള തർബിയ സംഗമം, വനിതസംഗമം, ആദർശസംഗമം എന്നിങ്ങനെയുള്ള സെഷനുകളും മറ്റു വേദികളിൽ നടന്നു.

പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ ഹുസൈൻ സലഫി ഷാർജ, ശിഹാബ് എടക്കര, ശാഫി സ്വബാഹി, സുബൈർ സലഫി പട്ടാമ്പി, സ്വഫ്‌വാൻ ബറാമി അൽഹികമി, അബ്ദുറഹ്‌മാൻ മണ്ണാർക്കാട് എന്നിവർ കേരളത്തിൽനിന്നും അതിഥികളായി പങ്കെടുത്തു സംസാരിച്ചു.

ലക്ഷദ്വീപ് റിലീഫ് ഫോറം പ്രസിഡന്റ് എ.പി ശറഫുദ്ദീൻ കവരത്തി, ജനറൽ സെക്രട്ടറി എൻ. കുഞ്ഞിക്കോയ കടമത്ത്, ഭാരവാഹികളായ ഫഹദ് ബിൻ അബ്ദുല്ല അഗത്തി, മുഹമ്മദ് ഇഖ്ബാൽ അമിനി, നസീർ അഗത്തി, മൂസ കടമത്ത് എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.


അതിഥി തൊഴിലാളി സംഗമം നടത്തി

ന്യൂസ് ഡസ്ക്

കൊല്ലം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. അതിഥി തൊഴിലാളികൾക്കിടയിൽ വർധിച്ചുവരുന്ന മദ്യാസക്തി, മറ്റു ലഹരിവസ്തുക്കളുടെ ഉപ യോഗം എന്നിവയുടെ അപകടങ്ങളെക്കുറിച്ചും; ശുചിത്വം, സാമൂഹിക ഇടപെടൽ തുടങ്ങി വിവിധ വിഷയങ്ങളിലും ബോധവൽക്കരണം നടത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് അതിഥി തൊഴിലാളികൾ പങ്കെടുത്ത സമ്മേളനം ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ സ്‌കൂൾ ഓഫ് ക്വുർആൻ ഹിഫ്ദ് വിഭാഗം മേധാവി ഹാഫിസ് മുഹമ്മദ് തക്വിയുദ്ദിൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ ട്രഷറർ സുധീർ സ്വലാഹി ആധ്യക്ഷ്യം വഹിച്ചു. ഉമയനല്ലൂർസലഫി മസ്ജിദ് ഇമാം മുർജ, സത്താർ പത്തനാപുരം, അബ്ദുസ്സ്വമദ് ചെമ്മാട്, അബ്ദുൽ കലാം ഉമയനല്ലൂർ, സുനിൽ യൂസുഫ്, സഈദുൽ ഇസ്‌ലാം എന്നിവർ സംസാരിച്ചു.


മഞ്ഞു പെയ്യുന്ന ഡിസംബറിൽ ഗ്രീൻവാലി ക്യാമ്പസിൽ വിരിഞ്ഞ പ്രതിഭപ്പൂക്കൾ

ന്യൂസ് ഡസ്ക്

മുക്കം: മഞ്ഞു പെയ്യുന്ന ഡിസംബറിൽ കോടമഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഗ്രീൻവാലിയെ പുളകം കൊള്ളിച്ച് സംസ്ഥാന സർഗവസന്തം പ്രൗഢമായി സമാപിച്ചു. പതിനെട്ട് വേദികൾ, എൺപത്തിയഞ്ച് മത്സരയിനങ്ങൾ, ആയിരത്തി എഴുന്നൂറിലധികം കലാപ്രതിഭകൾ, തലയെടുപ്പുള്ള വിധികർത്താക്കൾ, ഉത്തരവാദിത്തബോധമുള്ള ഒഫീഷ്യൽസ്, കർമനിരതരായ വളണ്ടിയേഴ്‌സ്, എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സ്വാഗതസംഘം. അങ്ങനെ എല്ലാംകൊണ്ടും ധന്യമായിരുന്നു ദ്വിദിന കലാ സുദിനങ്ങൾ.


ഉദ്ഘാടന സമ്മേളനം

ന്യൂസ് ഡസ്ക്

കലാരവത്തിന് തുടക്കം കുറിക്കാനെത്തിയത് വിസ്ഡം സംസ്ഥാന അധ്യക്ഷൻ പി.എൻ അബ്ദുല്ലത്വീഫ് മദനിയായിരുന്നു. തന്റെ വിദ്യാർഥികാല കലയോർമകൾ അദ്ദേഹം അയവിറക്കി. പുതുകാല ധാർമിക പ്രതിരോധം തീർക്കാൻ പ്രാപ്തരാവുക എന്ന സന്ദേശം ഹ്രസ്വവും മനോഹരവുമായ സംസാരത്തിലൂടെ അദ്ദേഹം പകർന്നു നൽകി.

കലയുടെ കാലം മരിക്കാത്ത ഓർമകൾ സമ്മാനിക്കുമെന്നും പ്രതിഭാധനത്വം തുടരണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഗ്രീൻവാലി സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു. കുവൈത്ത് കേരള ഇസ്വ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി അസീസ്, ജില്ലാ പ്രതിനിധികളായ അബ്ദുൽ ഖാദർ പറവണ്ണ, ടി.പി അസീസ് സംസാരിച്ചു.

ആദ്യദിനത്തെ സമ്പന്നമാക്കിയത് സ്റ്റേജിതര മത്സരങ്ങളും ഏതാനും സ്റ്റേജ് മത്സരങ്ങളുമായിരുന്നു. വരിതെറ്റാത്ത വരയുടെ പുതുനാമ്പുകൾ പിറക്കുന്ന നിമിഷങ്ങളും കാലം തേടുന്ന കഥകൾ പിറക്കാ നുതകുന്ന ഭാവനകൾക്കായി ഇളം മനസ്സുകൾ പാറിപ്പറക്കുന്ന ലോകവും, ഇന്നിന്റെ സമരയിടങ്ങളിൽ ഉയരേണ്ട മുദ്രാവാക്യം കണക്കെ വരിയൊപ്പിച്ച് ആശയപ്രപഞ്ചം തീർത്ത കവിതകളും സ്റ്റേജിതര മത്സര വേദികളെ ധന്യമാക്കി. സാഹിത്യ മികവ് പുലർത്തുന്ന കവിതകളും കഥകളും ഭാവിയിലെ എഴുത്തുകാരായി മാറുവാൻ കഴിവുള്ള കുട്ടികളുണ്ടെന്ന ഓർമപ്പെടുത്തലായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ പ്രോൽസാഹനവും മാർഗദർശനവും അവർക്ക് ആവശ്യമാണ്. ഹൃദയവസന്തം തീർത്ത ക്വുർആൻ പാരായണ സുഗന്ധവും ചിതലരിക്കാത്ത ഓർമകളിൽനിന്നും ഉയർന്നു പൊങ്ങിയ ക്വുർആൻ സൂക്തങ്ങളും അറബി ഭാഷയുടെ അനന്യസാധാരണ പ്രയോഗങ്ങളാൽ മനോഹരമായ സംഭാഷണവും ആദ്യദിനത്തെ സ്റ്റേജ് മത്സരങ്ങളെ മധുരിതമാക്കി.


സർഗസന്ധ്യ

ന്യൂസ് ഡസ്ക്

സർഗവസന്തം ആദ്യദിനത്തിലെ സായംസന്ധ്യയെ അടയാളപ്പെടുത്തിയത് കാണികളുടെ മനസ്സുകളിൽ കുളിര് കോരിയിട്ട സർഗസന്ധ്യയായിരുന്നു. ‘അനുഭവം, ആസ്വാദനം, ആവിഷ്‌കാരം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട സർഗസന്ധ്യ അനുവാചകർക്ക് നവ്യാനുഭൂതി പകർന്നു.

വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട മദ്‌റസകളിലെ പ്രതിഭകൾ അവതരിപ്പിച്ച ഗാനാലാപനങ്ങൾ, മാപ്പിള ശീലുകൾ, കഥകൾ തുടങ്ങിയവ സർഗന്ധസ്യക്ക് നിറം പകർന്നു

ജാമിഅ അൽഹിന്ദിന് കീഴിലെ സ്‌കൂൾ ഓഫ് ക്വുർആനിലെ പ്രതിഭകൾ അവതരിപ്പിച്ച ക്വുർആൻ കേന്ദീകൃത പരിപാടികൾ ആസ്വാദനത്തിന്റെയും ആശ്ചര്യത്തിന്റെയും അനുഭവങ്ങളാണ് സദസ്സ്യർക്ക് സമ്മാനിച്ചത്

മുക്കം ഗ്രീൻവാലി സ്‌കൂളിലെ കലാകാരൻമാർ അവതരിപ്പിച്ച പാട്ടും പറച്ചിലും കാണികൾക്ക് നവ്യാനുഭവമായി മാറി. മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന ഗാനാലാപനങ്ങളാൽ സർഗസന്ധ്യയെ മഹോഹര മാക്കാൻ കൂടെയുണ്ടായിരുന്ന ‘ടീം ഈണ’വും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ജൗഹർ ഒഴുകൂർ നേതൃത്വം നൽകി.

രണ്ടാം ദിവസം കലാപ്രതിഭകളുടെ വാശിയേറിയ മത്സരങ്ങൾ പാട്ടുകളായും പദ്യം ചൊല്ലലായും ഗ്രീൻവാലിയെ പുളകം കൊള്ളിച്ചു. മധുരമനോഹരമായ ഇസ്‌ലാമിക ഗാനങ്ങളും അക്ഷരങ്ങൾകൊണ്ടും ആശയംകൊണ്ടും അമ്മാനമാടുന്ന ഇശൽ തേനാറൊഴുകുന്ന തനിമയാർന്ന മാപ്പിളപ്പാട്ടുകളും കൊണ്ട് കുട്ടികൾ കലാമികവ് തെളിയിച്ചു. അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നടന്ന പ്രസംഗ മത്സരങ്ങളിൽ കുട്ടികൾ പ്രായത്തിൽ കവിഞ്ഞ മികവു പുലർത്തി.


സാംസ്‌കാരിക സദസ്സ്

ന്യൂസ് ഡസ്ക്

‘കല, സംസ്‌കാരം, സമൂഹം’ എന്ന വിഷയത്തിൽ നടന്ന സാംസ്‌കാരിക സദസ്സ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മനുഷ്യന്റെ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് ഉദ്‌ബോധിപ്പിച്ച അദ്ദേഹം ആധുനിക സാങ്കേതിക വിദ്യകൾ പ്രബോധന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനാണെന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു. മനുഷ്യനെ ജീവിക്കാനും സാമൂഹികമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും പ്രേരിപ്പിക്കുന്ന വലിയ ഘടകമാണ് കലയും സാഹിത്യവുമെന്നത് നാം വിസ്മരിക്കരിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസ്ഡം സംസ്ഥാന വൈസ് പ്രസി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ആധ്യക്ഷ്യം വഹിച്ചു. കലാ സാഹിത്യ രംഗങ്ങളിലെ പൂർവകാല ഇസ്‌ലാഹീ നേതാക്കളുടെ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് കലകളോടുള്ള ഇസ്‌ലാമിക കാഴ്ചപ്പാടും വർത്തമാനകാലത്തെ കലകളുടെയും കലാകാരന്മാരുടെയും അപചയവും വിശദീകരിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ.പി ശിവദാസൻ മുഖ്യാതിഥിയായി സംസാരിച്ചു.

വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി, ഇർഫാൻ സ്വലാഹി എന്നിവർ സംസാരിച്ചു.


സമാപന സമ്മേളനം

ന്യൂസ് ഡസ്ക്

സമാപന സമ്മേളനം വിസ്ഡം സംസ്ഥാന ട്രഷറർ കെ.സജ്ജാദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ് മെമ്പർ ഡോ. ശിയാസ് സ്വലാഹി ആധ്യക്ഷ്യം വഹിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, അശ്‌റഫ് അബൂബക്കർ വെൽക്കം, റഷീദ് മാസ്റ്റർ കാരപ്പുറം, ഐ.പി മുസ, പി.കെ അംജദ് മദനി, എ.പി മുനവ്വർ സ്വലാഹി എന്നിവർ സംസാരിച്ചു


മലപ്പുറം ഈസ്റ്റ് ജില്ലക്ക് ഒന്നാം സ്ഥാനം

ന്യൂസ് ഡസ്ക്

രണ്ട് ദിവസങ്ങളിലായി മുക്കം ഗ്രീൻവാലി ക്യാമ്പസിൽ വച്ചു നടന്ന വിസ്ഡം സംസ്ഥാനതല മദ്‌റസ സർഗവസന്തത്തിൽ 355 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കളായി. 347 പോയിന്റുമായി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 341 പോയിന്റുമായി കാസർകോഡ് ജില്ല മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള ഓവറോൾ ട്രോഫികൾ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് എലാങ്കോട്, അശ്‌റഫ് അബൂബക്കർ വെൽക്കം, അനിൽ പ്രിം റോസ് എന്നിവർ വിതരണം ചെയ്തു.