അധ്യാപകരുടെ അമിത ജോലിഭാരം പഠന നിലവാരത്തെ ബാധിക്കും

വിസ്ഡം യൂത്ത് കേരള ടീച്ചേഴ്‌സ് കോൺഫറൻസ്

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

പട്ടാമ്പി: അധ്യാപനത്തിന് പുറമെ നിരന്തരമായി സർക്കാറിന്റെ വിവിധ സേവനമേഖലകളുമായി ബന്ധപ്പെട്ട ചുമതലകൾ നൽകി അമിത ജോലിഭാരമേൽപിക്കുന്നത് അധ്യാപകരിൽ മാനസിക സമ്മർദമുണ്ടാക്കുകയും കുട്ടികളുടെ പഠനനിലവാരം തകരാൻ കാരണമാകുകയും ചെയ്യുമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി പട്ടാമ്പിയിൽ സംഘടിപ്പിച്ച നാലാമത് കേരള ടീച്ചേഴ്‌സ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.

സിലബസ് അനുസൃതമായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്താനും അനുഭവങ്ങൾ പകർന്നു നൽകാനും മതിയായ സമയം നിലവിലെ സാഹചര്യത്തിൽ സ്‌കൂളുകളിൽ ലഭിക്കുന്നില്ല എന്നിരിക്കെ മറ്റു ചുമതലകൾ ഇടക്കിടെ ഏൽപിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ക്ഷണിച്ച് വരുത്തും.

വോട്ടർ പട്ടിക പുതുക്കുന്നതിന്റ ഭാഗമായി ധാരാളം അധ്യാപകർ ഫീൽഡിലാണ്. പല ക്ലാസ്സുകളിലും അധ്യാപകരില്ലാതെ പഠനം മുടങ്ങിയിട്ടുണ്ട്. സ്ഥിരം അധ്യാപകർക്ക് പകരം താൽക്കാലിക അധ്യാപകരെ നിയമിക്കുന്നത് വിദ്യാർഥികളുടെ പഠന നിലവാരം കുറയുന്നതിന് കാരണമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

പുതിയ പാഠപുസ്തകങ്ങളിലെ ജെൻഡർ ന്യൂട്രാലിറ്റിയടക്കമുള്ള ലിബറൽ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗങ്ങൾ പിൻവലിക്കണം. അമിതമായ ഉപഭോഗ സംസ്‌കാരത്തിനും സോഷ്യൽ മീഡിയ ലഹരി അഡിക്ഷനുകൾക്കും പരിഹാരമാർഗങ്ങൾ വിദ്യാലയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്നും കോൺഫറൻസ് ആവശ്യപ്പെട്ടു.

സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. മുഖ്യാതിഥിയായി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, പീസ് റേഡിയോ സി. ഇ.ഒ. ഹാരിസ് ബിൻ സലീം, യു. മുഹമ്മദ് മദനി, മുഹമ്മദ് സ്വാദിഖ് മദീനി, ശബീബ് സ്വലാഹി, ജംഷീർ സ്വലാഹി, ടി. മുഹമ്മദ് ശമീൽ, പി.കെ. അംജദ് മദനി, മുനവ്വർ സ്വലാഹി, സമീർ മുണ്ടേരി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, സുൽഫീക്കർ സ്വലാഹി, ശമീം എം. വണ്ടൂർ, ഷംജാസ് കെ. അബ്ബാസ്, സി.പി. ഹിലാൽ സലീം, എം. ഹബീബ് റഹ്‌മാൻ, ഡോ. അഹ്‌സനു സമാൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഹാരിസ് ബിൻ സലീം വിവർത്തനം ചെയ്ത തഫ്‌സീർ സഅദിയുടെ പ്രകാശനം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ സാജി തോണിക്കര, വി. അബ്ദുല്ലത്വീഫ് അൻസാരി, മൊയ്തീൻ കുട്ടി കല്ലറ, ശുറൈഹ് സലഫി എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.