വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സൗഹൃദ സംഗമവും ഇഫ്താറും ഹൃദ്യമായി

ന്യൂസ് ഡസ്ക്

2025 മാർച്ച് 15, 1446 റമദാൻ 14

മലപ്പുറം: മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ ക്ഷണിച്ചുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്ത്വാറും ഹൃദ്യമായി.

കേവലം ഒരു ഒത്തുകൂടൽ എന്നതിനപ്പുറം കാലികമായ ഒട്ടനേകം വിഷയങ്ങളെയും അവയുടെ കാരണങ്ങളെയും പ്രായോഗികമായ പരിഹാരങ്ങളെയും അപഗ്രഥിച്ചുകൊണ്ടാണ് ചർച്ച പൂർത്തീകരിച്ചത് എന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു.

കേരളത്തിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അവയുടെ വിചിത്രമായ സ്വഭാവങ്ങളും കൃത്യമായി വിലയിരുത്തി പ്രായോഗികമായ പരിഹാരങ്ങളിലേക്കെത്താൻ ആവശ്യമായ നിർദേശങ്ങൾ സംഗമം ചർച്ച ചെയ്തു. പുതുതലമുറക്കിടയിൽ വർധിച്ചുവരുന്ന ലിബറൽ ആശയങ്ങളും, എല്ലാ നഗരങ്ങളിലും നൈറ്റ് ലൈഫിന് വേണ്ടിയുള്ള മുറവിളികളും, ലഹരി ഉപയോഗത്തിന്റെ വമ്പിച്ച വർധനവും, ആർഭാട ജീവിതവും, സിനിമകളിലെ വയലൻസും, വയോധികരോടുള്ള മനോഭാവവുമെല്ലാം ഉയർത്തുന്ന പ്രശ്‌നങ്ങളെ സംഗമം ഗൗരവകരമായി ചർച്ച ചെയ്തു.

വക്വ‌്ഫ് ബിൽ പാസാകുന്നതോടെ വക്വ‌്‌ഫിെൻറ അടിത്തറ തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിൽ, ജനാധിപത്യപരമായ പ്രതിഷേധങ്ങളും ദീർഘവീക്ഷണമുള്ള കർമപദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് സൗഹൃദ സംഗമം വിലയിരുത്തി. വർഗീയതയും ഇസ്‌ലാമോഫോബിയയുമടക്കമുള്ള പ്രശ്‌ന

ങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികൾ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുമ്പോൾ, ഇത്തരം സംഗമങ്ങൾ തീർച്ചയായും വലിയ പ്രാധാന്യമർഹിക്കുന്നതാണെന്ന് അതിഥികളായെത്തിയ എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

പ്രതിസന്ധികളുടെ കാർമേഘങ്ങൾ കുമിഞ്ഞുകൂടുമ്പോഴും വിശ്വാസത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തുന്ന റമദാൻ വിശ്വാസികൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണെന്ന് ഇഫ്ത്വാർ സന്ദേശത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഓർമപ്പെടുത്തി. ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ആമുഖ സംസാരം നടത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, എം.എൽ.എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഡോ. കെ.ടി ജലീൽ, പി. ഉബൈദുല്ല, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, കോൺഗ്രസ് നേതാക്കളായ അഡ്വ. വി.എസ് ജോയ്, കെ.പി നൗഷാദ് അലി, ആര്യാടൻ ഷൗക്കത്ത്, പി.ടി അജയ് മോഹൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), ഡോ. യു.പി യഹ്യാ‌ഖാൻ (മർക്‌സുദ്ദഅ്‌വ), ഡോ.പി.പി ഉണ്ണീൻ (എം.എസ്.എസ്), ഷാഫി കൈനിക്കര (എം.ഇ.എസ്), ഡോ. പി.എ കബീർ (അൽമാസ് ഹോസ്പിറ്റൽ), ഹക്കീം കൂട്ടായി, വാർത്താമാധ്യമങ്ങളുടെ പ്രതിനിധികളായി മഹേഷ് കുമാർ (മനോരമ ന്യൂസ്), ഇഖ്ബാൽ കല്ലുങ്ങൽ (ചന്ദ്രിക), ശംസുദ്ദീൻ (മാധ്യമം), ബിജു സി.പി (മാതൃഭൂമി) എന്നിവരും സൗഹൃദ സംഗമത്തിൽ പങ്കെടുത്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികളായ ശരീഫ് ഏലാങ്കോട്, സി.പി സലീം, കെ.സജ്ജാദ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി, ജനറൽ സെക്രട്ടറി ടി. ശമീൽ, മറ്റു സംസ്ഥാന ഭാരവാഹികളും സന്നിഹിതരായി.