വിസ്ഡം ഹൗസ്: നിർമാണം ആരംഭിച്ചു

ന്യൂസ് ഡസ്ക്

2025 മെയ് 24, 1446 ദുൽഖഅദ് 22

കോഴിക്കോട്: ‘വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ’ ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഏതാനും വ്യക്തികളുടെയോ ഭൗതിക താൽപര്യ സംരക്ഷണത്തിനും സ്ഥാനമാനങ്ങൾക്കുമായി ഒരു സുപ്രഭാതത്തിൽ തട്ടിക്കൂട്ടിയ സംഘടനയല്ല. 2012ൽ മുജാഹിദ് പ്രസ്ഥാനത്തെ നയിച്ചിരുന്നവർ വിദ്യാർഥി-യുവജന ഘടകങ്ങളെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ, സംഘടനാപരമായ ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പിരിച്ചുവിടുകയുണ്ടായി. പ്രഗത്ഭരായ കുറെ പണ്ഡിതന്മാരെയും നേതാക്കളെയും സംഘടനയിൽനിന്ന് പുറത്താക്കി. ആ അവസരത്തിൽ ആയിരക്കണക്കിന് യുവാക്കൾക്കും വിദ്യാർഥികൾക്കും ഇനിയെന്ത് എന്നു ചോദിച്ച് സ്തബ്ധരായി നിൽക്കാൻ അവസരം നൽകാതെ, അവരുടെ കർമശേഷി അഭിലഷണീയമല്ലാത്ത കൂട്ടായ്മകളിൽ വിനിയോഗിക്കാൻ ഇടനൽകാതെ, പുറത്താക്കപ്പെട്ട നേതാക്കന്മാർ ‘ദഅ്‌വ സമിതി’ എന്ന പേരിൽ ഒരു പ്രബോധക കൂട്ടായ്മ രൂപീകരിച്ചു. പ്രബോധന പ്രവർത്തനങ്ങളുമായി ഭംഗിയായി മുന്നോട്ടു പോയി.

ആ കൂട്ടായ്മ പിന്നീട് വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷനായും ശേഷം ഇപ്പോഴത്തെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനായും മാറി. ആസ്ഥാനമന്ദിരമോ സ്വന്തമായ ഓഫിസോ ഇല്ലെങ്കിലും അതെല്ലാം ഉള്ളവരെക്കാൾ പ്രബോധന പ്രവർത്തന രംഗത്ത് മുന്നേറി. വാടകയ്ക്ക് ചെറിയൊരു ഓഫീസ് പ്രവർത്തനക്ഷമമായി. പിന്നീടത് ഒന്നുകൂടി വിശാലമാക്കി. ശേഷം ഇപ്പോഴുള്ള കൂടുതൽ വിശാലതയുള്ള ഓഫീസിലേക്ക് മാറി. പ്രവർത്തനങ്ങളും പ്രവർത്തകരും വർധിച്ചുകൊണ്ടേയിരിക്കുന്ന ഘട്ടത്തിൽ സ്വന്തമായ ഒരു ആസ്ഥാനത്തിന്റെ അനിവാര്യത ബോധ്യമായ നേതൃത്വം അതിനായി കോഴിക്കോടിന്റെ ഹൃദയഭാഗത്തുതന്നെ അതിന് സ്ഥലം കണ്ടെത്തി. പ്രവർത്തകർ അത് ഏറ്റെടുത്തു; സ്വന്തമാക്കാൻ കൈയയച്ച് സഹായിച്ചു. 2017ൽ സ്ഥലം സ്വന്തമാക്കി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, പോഷക ഘടകങ്ങളായ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, വിസ്ഡം ഇസ്‌ലാമിക് വുമൺസ് ഓർഗനൈസേഷൻ, വിസ്ഡം ഇസ്‌ലാമിക് ഗേൾസ് ഓർഗനൈസേഷൻ, നേർപഥം വാരിക തുടങ്ങിയവയുടെയെല്ലാം ഇന്നത്തെ കേന്ദ്രം പരിമിതമായ വാടകക്കെട്ടിടമാണ്. ഈ പരിമിതിയും സൗകര്യക്കുറവും മറികടക്കൽ അനിവാര്യമാണ്. അതുകൊണ്ട് തന്നെ, ഓഫീസ് അടക്കമുള്ള, വർത്തമാനകാലത്ത് ഒരു മതസംഘടനക്ക് പ്രവർത്തിക്കാനാവശ്യമായ എന്തെല്ലാം സൗകര്യങ്ങൾ വേണോ അതെല്ലാമുള്ള ഒരു കെട്ടിടമുണ്ടാക്കുന്നതിനെക്കുറിച്ചായി അടുത്ത ആലോചന. മുജാഹിദ് കേരളം വർഷങ്ങളായി ആഗ്രഹിക്കുന്ന ഒന്നാണ് അത്.

സ്വന്തമാക്കിയ സ്ഥലത്ത് സ്വപ്ന പദ്ധതിക്കായി പ്ലാനുകൾ പലതും വരച്ചു. കോർപ്പറേഷന് സമർപ്പിച്ചു. നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി അത് അംഗീകരിച്ചു കിട്ടാൻ ഏറെ വൈകി. എട്ടു വർഷം നീണ്ട കാത്തിരിപ്പ്. പലരും നിരാശരായി. സങ്കടപ്പെട്ടു. പലരും സ്വന്തമായ ഒരു ആസ്ഥാനം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് കാണാനാകാതെ ലോകത്തോട് യാത്ര പറഞ്ഞു.

ഒടുവിൽ ഇതാ നിയമത്തിന്റെ എല്ലാ കുരുക്കുകളും അഴിഞ്ഞിരിക്കുന്നു. ‘വിസ്ഡം ഹൗസ്’ എന്ന, പേര് കേൾക്കുമ്പോൾതന്നെ ‘സ്വന്തമായ ഒന്ന്’ എന്ന അനുഭൂതി പകരുന്ന കെട്ടിടസമുച്ചയത്തിന്റെ നിർമാണത്തിന് 2025 മെയ് 16ന് തുടക്കം കുറിച്ചിരിക്കുന്നു-നാഥന് സ്തുതി.

കോഴിക്കോട് എം.എം അലി റോഡിന്റെ പാർശ്വത്തിലാണ് 6 നിലകളിലായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഓഫീസ് സമുച്ചയം നിർമിക്കുന്നത്.

നിർമാണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി നിർവഹിച്ചു. സമൂഹത്തിന്റെ ആത്മീയ അന്വേഷണങ്ങൾക്കും ക്ഷേമത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ആശാകേന്ദ്രമായി വിസ്ഡം ഹൗസ് നിലകൊള്ളുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. കേരളത്തിൽ വക്കം മൗലവിയും മുഹമ്മദ് അബ്ദുർ റഹ്‌മാൻ സാഹിബും തുടങ്ങിവച്ച നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ച ഏറ്റെടുത്ത വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ആസ്ഥാന മന്ദിരം സാമൂഹിക നവോത്ഥാനത്തിന് കൂടുതൽ കരുത്ത് പകരട്ടെ എന്ന് എംപി ആശംസിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്,

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മാഈൽ, പ്രസിഡന്റ് അബ്ദുറസാഖ് മാസ്റ്റർ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻകോയ, സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷണൽ കോ-ഓർഡിനേഷൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഐക്കരപ്പടി, എം എസ് എസ് സംസ്ഥാന സെക്രട്ടറി എഞ്ചി. മുഹമ്മദ് കോയ, സി.ടി സക്കീർ ഹുസൈൻ, ഇഖ്‌റഅ് ഇന്റർനാഷണൽ ഹോസ്പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. പി.സി അൻവർ, ചന്ദ്രിക ദിനപത്രം ചീഫ് എഡിറ്റർ കമാൽ വരദൂർ, അഡ്വ.പി എം ഹനീഫ, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, ജന.സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് ജന. സെക്രട്ടറി മുഹമ്മദ് ശമീൽ മഞ്ചേരി, എഞ്ചി. അബ്ദുർ റസാഖ് അത്തോളി എന്നിവർ പരിപാടിയിൽസംബന്ധിച്ചു.


പാഠ്യപദ്ധതിയിൽ ധാർമിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം

വിസ്ഡം ഗേൾസ്

മലപ്പുറം: പെൺകുട്ടികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ, സ്‌കൂളുകളിലും ക്യാമ്പസുകളിലും ലഹരി വിരുദ്ധ സ്‌ക്വാഡുകൾ കാര്യക്ഷമമാക്കുകയും വിദ്യാർഥികളിൽ ആർദ്രതയും സഹാനുഭൂതിയും വളർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുകയും വേണമെന്ന് വിസ്ഡം ഗേൾസ് സംസ്ഥാന സമിതി സംഘടിപ്പിച്ച ‘വിഷൻ’ അവധിക്കാല ക്യാമ്പ് അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്കിടയിൽ കുറ്റകൃത്യങ്ങളും അക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, ധാർമിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌ക്കരണമാണ് പരിഹാരമെന്നും സംഗമം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ളവർ പരസ്പരം പരിചയപ്പെടുകയും പുതിയ സുഹൃദ് വലയങ്ങൾ തീർക്കുകയും ചെയ്ത മനോഹരമായ കാഴ്ചയോടെ ആരംഭിച്ച ക്യാമ്പ് വ്യത്യസ്ത സെഷനുകളിലൂടെ ധാർമികതയുടെ വസന്തം തീർത്തു.

ഇസ്‌ലാമിന്റെ അടിത്തറയും ജീവനുമായ തൗഹീദിനെ കാലികപ്രസക്തമായി വിശദീകരിച്ചുകൊണ്ടും, മാനവരിൽ മഹോന്നതനായ മുഹമ്മദ് നബിﷺയെ പരിചയപ്പെടുത്തിയും, പ്രവാചകവിമർശനങ്ങൾ ക്ക് കൃത്യമായ മറുപടി നൽകിയും, ധർമവും അധർമവും പകർന്നുനൽകുന്ന സോഷ്യൽ മീഡിയയെ നന്മയുടെ മാർഗത്തിൽ ഉപയോഗിക്കാനുള്ള പ്രായോഗികമായ നിർദേശങ്ങൾ നൽകിയും, ജീവിതലക്ഷ്യത്തെ കൃത്യമായി വിവരിച്ചുകൊണ്ടുമുള്ള പ്രഭാഷണങ്ങളിൽനിന്നും അറിവും തിരിച്ചറിവും നേടിയതിന്റെ സന്തോഷത്തിലായിരുന്നു ക്യാമ്പ് പ്രതിനിധികളുടെ മടക്കം.

ലിബറലിസത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശിയും ജീവിതത്തിലെ വലിയ സ്വപ്നമായ ജോലി കണ്ടെത്തുന്നതിനുള്ള വഴികൾ വരച്ചുകാണിച്ചും മാതാപിതാക്കളോടുള്ള ബന്ധം സുദൃഢമായി സൂക്ഷിക്കേണ്ടതിന്റെ മഹത്ത്വവും പ്രാധാന്യവും മനസ്സകങ്ങളിൽ കോറിയിട്ടും അലയടിക്കുന്ന അധാർമികതയ്ക്ക് നടുവിൽ നന്മയുടെ നറുകിരണങ്ങൾ പരത്തുന്ന അഭിമാനബോധമുള്ള വിശ്വാസിനിയാക്കിയും കൗമാരത്തിന്റെ വഴിത്തിരിവിന് ഒരു ദിശാസൂചികയായി വിഷൻ സഹവാസ ക്യാമ്പ്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പിഎൻ അബ്ദുല്ലത്വീഫ് മദനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് എം. നുബ്‌ല അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് വിസ്ഡം വിമൺ സംസ്ഥാന ട്രഷറർ അസ്മാബി ടീച്ചർ, വിസ്ഡം ഗേൾസ് സംസ്ഥാന സെക്രട്ടറി വി.പി റെജുവ, ശിഫ ഹാരിസ്, നാഫിയ കെ, ഡോ.ഫിൽദ ടി.കെ, ഹംദ ഫാത്തിമ സിപി, ദിയാന പർവീൻ, ഷബീബ് സ്വലാഹി, മുഹമ്മദ് സ്വാദിഖ് മദീനി, കെ. താജുദ്ദീൻ സ്വലാഹി, ടി കെ നിഷാദ് സലഫി, ഹാരിസ് കായക്കൊടി, ഡോ.അബ്ദുല്ല ബാസിൽ സിപി, സഫ്‌വാൻ ബറാമി അൽ ഹികമി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, അഷ്‌കർ ഇബ്രാഹിം ഒറ്റപ്പാലം, അംജദ് മദനി, ശഫീഖ് സ്വലാഹി, ബഷീർ മാസ്റ്റർ, ഡോ. മുബഷിർ, സഫീർ അൽഹികമി, മുനവ്വർ സ്വലാഹി, ഡോ. റസീല എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾക്കുള്ള പ്രത്യേക സെഷനിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് സംസാരിച്ചു.


വനിത പ്രബോധക സംഗമം സമാപിച്ചു

ന്യൂസ് ഡസ്ക്

കൊല്ലം: സാമൂഹ്യ മാറ്റത്തിൽ നിർണായകമായ പങ്കുവഹിക്കാൻ കഴിയുന്നവരാണ് വനിതകൾ. അവരെ നയിക്കാൻ അവരിൽനിന്നുതന്നെ പ്രബോധകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം പണ്ഡിത സമിതിയായ ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യയുടെ നേതൃത്വത്തിൽ ദക്ഷിണ മേഖല വനിത ദാഇയ സംഗമം മെയ് 14ന് (ബുധനാഴ്ച) കൊല്ലത്തുവച്ച് നടന്നു. ഉത്തരമേഖല സംഗമം ഇതിനു മുമ്പ് സംഘടിപ്പിച്ചിരുന്നു.

പുരുഷന്മാർക്കായി വർഷത്തിൽ രണ്ട് പ്രാവശ്യം സമ്പൂർണ ദാഈ സംഗമം ലജ്‌നയുടെ കീഴിൽ നടന്നുവരുന്നുണ്ട്. വ്യത്യസ്തങ്ങളായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഉൾക്കാഴ്ചയുള്ള പ്രബോധകന്മാരെ വാർത്തെടുക്കുക എന്നതാണ് പ്രബോധക ക്യാമ്പിന്റെ ലക്ഷ്യം.

ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊല്ലം ജില്ല പ്രസിഡന്റ് നിസാർ കണ്ടത്തിൽ ആശംസ നേർന്നു. ശമീർ മദീനി (ദഅ്‌വത്ത്: പ്രാധാന്യവും പ്രയോഗവും), ശബീബ് സ്വലാഹി (അക്വീദ: അഹ്‌ലുസ്സുന്നയും ബിദ്ഈ കക്ഷികളും), അബൂബക്കർ സലഫി (പ്രമാണങ്ങളോടുള്ള സമീപനം), ഹംസ മദീനി (മുസ്‌ലിം സ്ത്രീ: കുടുംബത്തിലും സമൂഹത്തിലും) എന്നിവർ ക്ലാസ്സെടുത്തു.

പാനൽ ഡിസ്‌കഷനിൽ സംശയങ്ങൾക്ക് നിവാരണം വരുത്തി. ഷജീന സ്വലാഹിയ്യ സ്വാഗതവും അനീസ സ്വലാഹിയ്യ നന്ദിയും പറഞ്ഞു.


‘തർക്വിയ’ എസ്ആർജിപരിശീലന ക്യാമ്പ്

ന്യൂസ് ഡസ്ക്

കോഴിക്കോട്: നിർമിത ബുദ്ധിയുടെ കാലത്തെ വിജ്ഞാന വിസ്‌ഫോടനത്തിൽ വിദ്യാർഥികളിൽ ഗവേഷണത്വര വളർത്തിയെടുക്കാനും അറിവിന്റെ ലോകത്ത് വിഹരിക്കാനുള്ള പ്രാപ്തി നൽകാനും അധ്യാപകരെ പരിശീലിപ്പിക്കാൻ പദ്ധതികളാവിഷ്‌കരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് മദ്‌റസ അധ്യാപകർക്കായി സംഘടിപ്പിച്ച ‘തർക്വിയ’ എസ്ആർജി പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.

വിദ്യാർഥികളിലെ മാനസിക സംഘർഷത്തിന് സുംബ ഡാൻസ് പരിഹാരമാണെന്ന കണ്ടെത്തൽ ആശ്ചര്യകരമാണ്. ലഹരിക്കെതിരെ കായികക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ കായിക സംവിധാനങ്ങളെ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. അധ്യാപക പരിശിലനങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് വിജ്ഞാന പ്രസരണം സാധ്യമാക്കാൻ പ്രോഗ്രാം ചെയ്യണം. മദ്‌റസ വിദ്യാഭ്യാസം കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക പ്രതിബദ്ധതയും സാധ്യമാക്കും. ധാർമിക വിദ്യാഭ്യാസ പ്രചാരണത്തിന് അധികാരികൾ സഹകരണം ഉറപ്പാക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം എജ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റർ, ഷമീൽ ടി മഞ്ചേരി, ഇർഫാൻ സ്വലാഹി, ഡോ. ഷിയാസ് സ്വലാഹി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. റഷീദ് മാസ്റ്റർ കാരപ്പുറം, ഐപി മൂസ മദനി പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.