വിദ്യാഭ്യാസനയത്തിൽ മാനവികതയ്ക്ക് പ്രാമുഖ്യം നൽകണം
വിസ്ഡം വിദ്യാഭ്യാസ ബോർഡ്
2025 ജൂൺ 07, 1446 ദുൽഹിജ്ജ 10
വിസ്ഡം മദ്‌റസ സംസ്ഥാനതല പ്രവേശനോദ്ഘാടനം സമാപിച്ചു

എടത്തനാട്ടുകര: ദേശീയ വിദ്യാഭ്യാസനയത്തിൽ മാനവികതയ്ക്ക് പ്രാമുഖ്യം നൽകി ഉത്തമ പൗരൻമാരെ വാർത്തെടുക്കാനുതകുന്നതാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ‘അക്ഷരപ്പൂന്തോപ്പിൽ കൈകോർത്തു നീങ്ങാം’ എന്ന പ്രമേയത്തിൽ എടത്തനാട്ടുകര ദാറുൽ ക്വുർആനിൽ സംഘടിപ്പിച്ച സംസ്ഥാനതല മദ്‌റസ പ്രവേശനോദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.
നിലവിലെ വിദ്യാഭ്യാസ നയം മാനവികതയെ കുറിച്ച് മൗനം പാലിക്കുന്നതുമാണെന്ന വിമർശനത്തെ ഗൗരവമായി കാണണം. മത വിദ്യാഭ്യാസം സമാന്തരമായി നൽകുന്നതിലൂടെ അത്തരം വിമർശനങ്ങളെ പരിഹരിക്കാൻ സാധിക്കും. ലഹരി, അക്രമം, ആത്മഹത്യാപ്രവണത തുടങ്ങിയവയിൽനിന്ന് തലമുറയെ രക്ഷപ്പെടുത്താൻ ധാർമിക ബോധം പകരലാണ് പരിഹാരം. അന്താരാഷ്ട്ര ഭാഷയായ അറബിയെ ലക്ഷദ്വീപ് അടക്കമുളള കേന്ദ്രവിദ്യാലയങ്ങളിൽനിന്ന് നിരാകരിക്കുന്നത് നീതീകരിക്കാനാവില്ല. ഒരു സമുദായത്തോടുള്ള വെറുപ്പ് കാരണം ഭാഷയെ തള്ളിക്കളയുന്നത് രാഷ്ട്ര വികസനത്തെ ബാധിക്കുന്നതാണ്.
പുതിയ അധ്യയനവർഷാരംഭത്തിൽ വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്താനും മഴക്കെടുതി കാരണമായുള്ള അപകടങ്ങളെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കക്ക് അറുതി വരുത്താനും അധികൃതർ തയ്യാറാകണമെന്നും പ്രവേശനോദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ അധ്യക്ഷത വഹിച്ചു.
പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കൾക്ക് വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉപഹാരങ്ങളും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
‘അക്ഷരപ്പൂന്തോപ്പിൽ കൈകോർത്തു നീങ്ങാം’ എന്ന വിഷയത്തിൽ പി.കെ. അംജദ് മദനിയും ‘തേൻമൊഴി; അറിവാലുയരാം’ എന്ന വിഷയത്തിൽ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ഷമീൽ മഞ്ചേരിയും ക്ലാസെടുത്തു വിസ്ഡം എഡ്യുക്കേഷൻ ബോർഡ് സംസ്ഥാന സെക്രട്ടറി റഷീദ് കാരപ്പുറം, ജില്ല കൺവീനർ അർശദ് സ്വലാഹി, വിസ്ഡം പാലക്കാട് ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട്, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബിൻ സലീം, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല വൈസ് പ്രസിഡന്റ് ഷഹീർ അൽഹികമി, റിഷാദ് അൽഹികമി, അബ്ദുൽ ഹമീദ് ഇരിങ്ങൽതൊടി, ഒ. മുഹമ്മദ് അൻവർ, ടി.കെ. മുഹമ്മദ് മാസ്റ്റർ, ഹംസ മാടശ്ശേരി, എം. ഹിദായത്ത് എന്നിവർ പ്രസംഗിച്ചു.

