പണ്ഡിത സംഗമം സമാപിച്ചു
ന്യൂസ് ഡസ്ക്
2025 ആഗസ്റ്റ് 16, 1447 സഫർ 22

മലപ്പുറം: “നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (ആലുഇംറാൻ: 104).
പ്രബോധന വീഥിയിൽ മുന്നിൽ നിൽക്കുന്നവരും നിൽക്കേണ്ടവരുമാണ് പണ്ഡിതന്മാർ. ‘പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്’ എന്ന നബിവചനം അവരുടെ കടമയും പ്രാധാന്യവും വ്യക്തമാക്കുന്നതാണ്. പ്രബോധന ശൈലികൾ വിശുദ്ധ ക്വുർആനിൽനിന്നും തിരുസുന്നത്തിൽനിന്നുമാണ് സ്വീകരിക്കേണ്ടത്. അല്ലാഹുവിന്റെ റസൂൽ(സ്വ) നിയോഗിക്കപ്പെട്ട നാളുമുതൽ വഫാത്താകുന്നതുവരെ പ്രബോധനം നടത്തിയിട്ടുണ്ട്. പ്രബോധനം എന്തെന്ന് ഗ്രഹിച്ച് അദ്ദേഹവും അനുചരന്മാരും അത് പ്രയോഗവത്കരിച്ചു.
അല്ലാഹു പറഞ്ഞു: “തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’ (അഹ്‌സാബ്: 21). അപ്പോൾ, അല്ലാഹുവിന്റെ തിരുദൂതർ(സ്വ), പ്രബോധകന്മാർക്കും പ്രവർത്തകന്മാർക്കും ധർമസമരം ചെയ്യുന്നവർക്കും നന്മ കൽപിക്കുന്നവർക്കും തിന്മ വിരോധിക്കുന്നവർക്കുമെല്ലാം മാതൃകയാണ്.
പ്രബോധനത്തിന്റെ രീതീശാസ്ത്രത്തിലും ശൈലിയിലും റസൂലി(സ്വ)ന്റെ മൻഹജിൽനിന്ന് തെറ്റുകയില്ലെന്നത് മുഖ്യപരിഗണനയിലെടുക്കുന്നതോടൊപ്പം ആധുനികവും ഉപകാരപ്രദവുമായ മാധ്യമങ്ങളെ സഹായത്തിനുപയോഗിക്കൽ ശൈലിയുടെ വിഷയത്തിൽ തടസ്സമല്ല.
“യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക...’’ (അന്നഹ്ൽ: 125).
ഒരു പ്രബോധകൻ മനസ്സിലാക്കേണ്ട അനവധി കാര്യങ്ങളുണ്ട്. മതപരമായ വിധികൾ കണ്ടെത്തേണ്ടതായ, അഥവാ വ്യക്തത വരുത്തേണ്ടതായ പുതിയ വിഷയങ്ങളിൽ പ്രാമാണികമായ ചർച്ചകളും കൂടിയാലോചനകളും പണ്ഡിതൻമാർക്കിടയിൽ നടക്കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങളോടുകൂടി ആറു മാസത്തിലൊരിക്കൽ വിസ്ഡം പണ്ഡിത സഭയായ ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ‘ദാഈ മീറ്റ്’ നടത്തിവരുന്നു. ഈ വർഷത്തെ രണ്ടാം സംഗമം മലപ്പുറം മിനി ഊട്ടിയിലെ ശാന്തസുന്ദരമായ ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ ക്യാമ്പസിൽ വെച്ച് മെയ് 9, 10 തീയതികളിലായി നടന്നു. പ്രൗഢമായ ക്ലാസുകൾകൊണ്ടും ഗഹനമായ ചർച്ചകൾകൊണ്ടും സജീവമായ പരിപാടി ഒട്ടേറെ വിഷയങ്ങളിൽ ഉൾക്കാഴ്ചയും വ്യക്തതയും നൽകുന്നതായിരുന്നു.
സൗദി അറേബ്യയിലെ ഈസ്റ്റേൺ പ്രവിശ്യയിലെ മലയാള വിഭാഗം മതകാര്യ വകുപ്പ് മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ഉദ്ഘാടനം നിർവഹിച്ചു. ലജ്‌ന ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. കൺവിനർ ശമീർ മദീനി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, ഫൈസൽ മൗലവി, നാസിർ ബാലുശ്ശേരി, മുഹമ്മദ് സ്വാദിഖ് മദീനി, ഹംസ മദീനി, അബൂബക്കർ സലഫി, ശബീബ് സ്വലാഹി തുടങ്ങിയവർ വിഷയാവതരണം നടത്തി. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി ശമീൽ മഞ്ചേരി സംസാരിച്ചു.
