സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾ; വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കണം
വിസ്ഡം വിദ്യാഭ്യാസ ബോർഡ്
2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളാൽ വിദ്യാർഥികൾ വഞ്ചിക്കപ്പെടുന്നതുകൊണ്ട് അതിൽനിന്ന് രക്ഷാകവചമൊരുക്കാൻ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് മദ്‌റസാ അധ്യാപകർക്കായി സംഘടിപ്പിച്ച എസ്ആർജി പരിശീലനക്യാമ്പ് ആവശ്യപ്പെട്ടു.
കുട്ടികളെ തിരിച്ചറിയാനും അവർക്ക് മാനസിക പരിപോഷണം നൽകാനും രക്ഷിതാക്കൾ കൂടി മാനസിക വിദ്യാഭ്യാസം നേടണം. സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റികളെയും വ്‌ളോഗർ-യൂ ട്യൂബർമാരെയും നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം നടത്തണം. അവരെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുകയും വേണം.
പുതിയ തലമുറക്കനുസരിച്ച് അധ്യാപകർ ശാക്തീകരിക്കപ്പെടണം. എഐ ഉപകരണങ്ങളും സാങ്കേതികമികവുകളും അധ്യാപനരംഗത്ത് പ്രായോഗികമായി ഉപയോഗപ്പെടുത്താൻ അധ്യാപകർ പരിശീലിക്കണം. ആൽഫാ, ബീറ്റാ തലമുറകളുടെ ചിന്താവേഗതയെ തിരിച്ചറിയാനും അധ്യാപകർ തിരിച്ചറിവ് നേടണം. പ്രവാചകാധ്യാപനങ്ങൾ ഏതു കാലത്തും മാതൃകയാക്കാൻ ഉപയുക്തമാണന്നും എസ്ആർജി പരിശീലനക്യാമ്പ് അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൗക്കത്തലി അൻസാരി ആധ്യക്ഷ്യം വഹിച്ചു. വിസ്ഡം വിദ്യാഭ്യാസ സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ ടി കാവനൂർ, ബോർഡ് അംഗങ്ങളായ ഡോ. ഷിയാസ് സ്വലാഹി, മുജീബ് ഒട്ടുമ്മൽ, പി.കെ അംജദ് മദനി, സ്വലാഹുദ്ദീൻ ഇബ്‌നു സലീം, മുസ്തഫ മാസ്റ്റർ എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. അസൈനാർ മാസ്റ്റർ, അൻവർ സ്വലാഹി, ഷഹീർ സ്വലാഹി മുട്ടിൽ, ആസിഫ് സ്വലാഹി, ഹനീഫ വണ്ടുർ പ്രസംഗിച്ചു
ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്ന കേന്ദ്രനിലപാട് പ്രതിഷേധാർഹം
വിസ്ഡം സ്റ്റുഡന്റ്‌സ്
തിരൂർ: വി.സി നിയമനമടക്കമുള്ള കാര്യത്തിൽ യു.ജി.സി പുറപ്പെടുവിച്ച പുതിയ കരട് മാർഗനിർദേശം അക്കാദമിക ഫെഡറലിസത്തെ തകർക്കുന്നതാണെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. പല നിയമ നിർമാണങ്ങളിലും പദ്ധതി രൂപവത്കരണങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കേന്ദ്ര സർക്കാർ അതേ നിലപാട് തന്നെയാണ്, സമഗ്രമായ പഠനങ്ങൾ നടക്കേണ്ട ഇവ്വിഷയത്തിലും സ്വീകരിച്ചിരിക്കുന്നത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വി.സി നിയമനം സമ്പൂർണമായും അട്ടിമറിക്കുന്നത് സർവകലാശാലകളിൽ വൈസ് ചാൻസിലർമാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള പ്രകടമായ അക്രമമാണ്. വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചക്കും കാവിവത്കരണത്തിനും കാരണമാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സമൂഹം ഒന്നിക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
2025 മെയ് 11ന് പെരിന്തൽമണ്ണയിൽ വച്ച് വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ബഹു. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസി. അർഷദ് അൽഹികമി താനൂർ ആധ്യക്ഷ്യം വഹിച്ചു. വിസ്ഡം സംസ്ഥാന വൈസ് പ്രസി. അബ്ദുൽ മാലിക് സലഫി, സംസ്ഥാന സെക്രട്ടറി സി.പി സലീം, മുജാഹിദ് ബാലുശ്ശേരി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദ് ശമീൽ, ഡോ. അബ്ദുല്ല ബാസിൽ സി.പി, ഡോ. ഷഹബാസ് കെ അബ്ബാസ്, അസ്ഹർ അബ്ദുറസാഖ്, അബ്ദുൽ മാജിദ് ചുങ്കത്തറ, സ്വഫ്‌വാൻ ബറാമി അൽഹികമി തുടങ്ങിയവർ സംസാരിച്ചു.
റഹീസ് കാസർഗോഡ്, അക്രം വളപട്ടണം, അർഷദ് ചെറുവാടി, ദാനിഷ് വണ്ടൂർ, സജീർ കാരാപറമ്പ്, ആദിൽ തൃശൂർ, ആഷിക് കോതമംഗലം, അമാനുള്ള കൊല്ലം, സമീർ തിരുവനന്തപുരം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

