വിസ്ഡം ഹജ്ജ് ക്യാമ്പിന് മഞ്ചേരിയിൽ ഉജ്ജ്വല തുടക്കം

ന്യൂസ് ഡസ്ക്

2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

മഞ്ചേരി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനത്തെ 8 ഏരിയകളിൽ നടത്തുന്ന ഹജ്ജ് പഠന ക്യാമ്പിന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. ഹജ്ജിനു സെലക്ഷൻ ലഭിച്ചവരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ ഹാജിമാർ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തി.

വിസ്ഡം സംസ്ഥാന പ്രസി. പിഎൻ അബ്ദുല്ലത്വീഫ് മദനിയുടെ ഉദ്ഘാടനത്തോടെ ക്യാമ്പ് ആരംഭിച്ചു. ദീർഘകാലം നിരവധി ഹജ്ജ് സംഘങ്ങളെ നയിച്ചുകൊണ്ട് നേടിയ അനുഭവസമ്പത്തും ആഴത്തിലുള്ള അറിവും കൈമുതലാക്കിയ പണ്ഡിതൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരിന്റെ, ആധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പ്രായോഗിക ക്ലാസ് ഹാജിമാർക്ക് ഏറെ ഹൃദ്യമായി.

ഹജ്ജ് യാത്രാവേളയിൽ ശ്രദ്ധിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങൾ ഡോ. മുബശിർ അവതരിപ്പിച്ചു. ഹജ്ജ് സംബന്ധമായ സംശങ്ങൾക്ക് മുഹമ്മദ്

ശബീബ് സ്വലാഹി മറുപടി നൽകി. ഇത്രയും വൈജ്ഞാനികമായ ഒരു ക്യാമ്പിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം ക്യാമ്പിൽ പങ്കടുത്ത പലരും പ്രകടിപ്പിച്ചു. കണ്ണും ഹൃദയവും നിറഞ്ഞ പ്രാർഥനയോടെ ഹാജിമാർ മടങ്ങി. ക്യാമ്പംഗങ്ങൾക്ക് ഹജ്ജ് ഗൈഡും വൈജ്ഞാനിക കിറ്റും സൗജന്യമായി നൽകി.

ജില്ലാ വൈസ് പ്രസി. ഹുസൈൻ ടി. കാവനൂർ ആധ്യക്ഷ്യം വഹിച്ചു. കെ.ടി.എം ഷാജഹാൻ സ്വലാഹി, റഷീദ് മാസ്റ്റർ കാരപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ എം അബ്ദുറഹ്‌മാൻ മദനി, സി .പി അബ്ദുന്നാസിർ, ഇ.കെ അബ്ദുസ്സലാം, വി.പി നൗഷാദ്, ടി.പി അബ്ദുറഹീം മദനി, മുജീബ് കടന്നമണ്ണ, ഡോ. അബ്ദുൽ ഖാദിർ, ജാഷിദ് മുള്ളമ്പാറ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ഹജ്ജ് ക്യാമ്പും ബന്ധപ്പെടാനുള്ള നമ്പറും:

തിരുവനന്തപുരം: ഏപ്രിൽ 23 (ബുധൻ), പാണക്കാട് ഹാൾ, നന്ദാവനം (99469 40906).

കോഴിക്കോട്: ഏപ്രിൽ 24 (വ്യാഴം), എംഎസ്എസ് ഓഡിറ്റോറിയം, ചെറൂട്ടിറോഡ് (94472 92176).

എറണാകുളം: ഏപ്രിൽ 24 (വ്യാഴം), റീം കൺവെൻഷൻ സെന്റർ, പെരുമ്പാവൂർ (99461 68777).

തിരൂർ: ഏപ്രിൽ 27 (ഞായർ), ദാറുൽ ക്വൂർആൻ, ആലത്തിയൂർ (90619 06815).

കണ്ണൂർ: ഏപ്രിൽ 26 (ശനി), ജവഹർ ഓഡിറ്റോറിയം, താവക്കര (94973 06365).

കൊല്ലം: മെയ് 1 (വ്യാഴം), കോൺഫറൻസ് ഹാൾ, ബീച്ച് റോഡ് (97464 19740).

പാലക്കാട്: മെയ് 4 (ഞായർ), ഫായിദ ടവർ, മണ്ണാർക്കാട് (94479 96799).

രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്യാമ്പിന്റെ സമയം. ഹജ്ജ് ഗൈഡ് അടങ്ങിയ കിറ്റ് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാമ്പിൽനിന്ന് ലഭിക്കും.


വക്വ‌്‌ഫ് ഭേദഗതി നിയമം: സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കൊണ്ടോട്ടി: വക്വ‌്‌ഫ് ഭേദഗതി നിയമം സംബന്ധിച്ച് നേരത്തെ ഉയർന്നുവന്ന ആശങ്കകൾ ശരിവെക്കുന്നതും കേന്ദ്ര സർക്കാറിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതുമാണ് സുപ്രീംകോടതിയുടെ ഇടപെടലെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഭരണഘടനാപരമായി പൗരന്മാർക്കും ഓരോ മതവിഭാഗങ്ങൾക്കും ലഭിക്കേണ്ട അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇപ്പോഴുള്ള വക്വ‌്‌ഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നുമുള്ള കോടതിയുടെ അഭിപ്രായം പ്രതീക്ഷ നൽകുന്നതും ഇന്ത്യൻ ജ്യുഡീഷറി യുടെയും ഭരണഘടനാ അവകാശങ്ങളുടെയും അന്തസ്സ് ഉയർത്തുന്നതുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഓരോ മതവിഭാഗത്തിന്റെയും വ്യത്യസ്തമായ സംവിധാനങ്ങളിലേക്ക് ഇതര മതവിഭാഗങ്ങളെ കൂടി തിരുകിക്കയറ്റാനുള്ള ശ്രമങ്ങളെയാണ് സുപ്രീംകോടതി വിമർശിച്ചത്. ഇത് ഇന്ത്യൻ ജ്യുഡീഷറിയുടെ പ്രസക്തി വർധിപ്പിക്കുന്നതാണെന്നും യോഗം വിലയിരുത്തി.

അതേസമയം, വക്വ‌്‌ഫ് നിയമത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന നിയമ പോരാട്ടത്തിൽ അതീവ ജാഗ്രത ഹരജിക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും യോഗം ഓർമിപ്പിച്ചു.

വക്വ‌്‌ഫ് നിയമത്തെ മറയാക്കി രാജ്യത്ത് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിഭാഗീയതയും വർധിപ്പിക്കാനുള്ള ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. വക്വ‌്‌ഫ് സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾ വിസ്ഡം പണ്ഡിതസഭയുടെയും വിസ്ഡം യൂത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

മെയ് 11ന് പെരിന്തൽമണ്ണയിൽവെച്ച് നടത്തുന്ന കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു. കുഞ്ഞു മുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ജന.സെക്രട്ടറി ടി.കെ അശ്‌റഫ്, ഫൈസൽ മൗലവി പുതുപ്പറമ്പ്, സി.പി സലീം, അബ്ദുൽ മാലിക് സലഫി, ശരീഫ് ഏലാംങ്കോട്, കെ. സജ്ജാദ്, വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസി. താജുദ്ദീൻ സ്വലാഹി, ജന.സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഹാരിസ് കായക്കൊടി, അൻഫസ് മുക്രം, ഡോ. ഫസ്‌ലുറഹ്‌മാൻ, ഡോ. നസീഫ് പി.പി, സിനാജുദ്ദീൻ, അബ്ദുല്ല അൻസാരി, ഫിറോസ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് ഷമീൽ, ഷബീബ് മഞ്ചേരി, ഡോ. അബ്ദുല്ല ബാസിൽ, സ്വഫ്‌വാൻ ബറാമി, സുജൈദ് പാണ്ടിക്കാട്, അസ്ഹർ ചാലിശ്ശേരി, അബ്ദുൽ മാജിദ്, ഖാലിദ് മങ്കട, ജസീൽ കൊടിയത്തൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


‘ബഹ്ജത്തുൽ ‌അത്വ‌്‌ഫാൽ’ : ടീച്ചർ ട്രൈനിംഗ് കോഴ്‌സിനു പ്രൗഢമായ തുടക്കം

ന്യൂസ് ഡസ്ക്

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്‌റസകളിലെ ബഹ്ജത്തുൽ ‌അത്വ‌്‌ഫാൽ പ്രീമദ്‌റസാ ക്ലാസിലേക്കുള്ള അധ്യാപകർക്കായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിന് തുടക്കമായി. 16 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന റസിഡൻഷ്യൽ ക്യാമ്പ് പാണക്കാട്ടെ വിശാലമായ ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസിലാണ് നടക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ പ്രഗത്ഭരായ ഫാക്വൽറ്റികളാണ് ഓരോ സെഷനും നേതൃത്വം നൽകുന്നത്. ക്വുർആൻ, തജ്‌വീദ്, ഉച്ചാരണപരിശീലനം, ഭാഷാപഠനം, ചൈൽഡ് സൈക്കോളജി, ടീച്ചിംഗ് മെത്തഡോ ളജി, ബോധനശാസ്ത്രം, ടീച്ചിംഗ് എയ്ഡ് നിർമാണം, എഴുത്ത് പരിശീലനം, ആകർഷണീയമായ അധ്യാപ നം, ആൽഫ ജനറേഷനും സാമൂഹിക മാറ്റങ്ങളും, ഇന്റർനെറ്റ് ഉപയോഗം അധ്യാപനങ്ങളിൽ, സൈബറിടത്തിലെ കുഞ്ഞുഹൃദയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അധ്യാപികമാർക്ക് വിദഗ്ധമായ പരിശീലനം നൽകും.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം എജ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ ടി കാവനൂർ അധ്യക്ഷത വഹിച്ചു.

ബഹ്ജഃ ഡയറക്ടർ ഡോ. ഷിയാസ് സ്വലാഹി, വിദ്യാഭ്യാസ ബോർഡ് അംഗം ഇർഫാൻ സ്വലാഹി പ്രസംഗിച്ചു.