ഫാമിലി കോൺഫറൻസിന് റിയാദിൽ ഉജ്ജ്വല സമാപനം
ന്യൂസ് ഡസ്ക്
2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിൽ നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഫാമിലി കോൺഫറൻസ് ഉജ്ജ്വലമായി സമാപിച്ചു. ജിസിസിയിൽ ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ, മസ്‌കറ്റ്, ജിദ്ദ, ജുബൈൽ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് റിയാദിൽ കോൺഫറൻസിന് വേദിയായത്.
വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ മെയ് 23ന് വെള്ളിയാഴ്ച മൂന്ന് സെഷനുകളിലായി നടന്ന സമ്മേളനം ദമാം ഇസ്‌ലാമിക് കൾച്ചറൽ സെന്ററിലെ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രമേയത്തിൽ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ‘കുടുംബം; ആധുനിക പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയം ശിഹാബ് എടക്കര അവതരിപ്പിച്ചു. വിദ്യാർഥികൾക്കായി പ്രത്യേക വേദിയിൽ ബാലസമ്മേളനം അരങ്ങേറി.
വ്യത്യസ്ത ആക്ടിവിറ്റികളുടെ സഹായത്തോടെ പ്രഭാഷകർ വിദ്യാർഥികളുമായി സംവദിച്ചു. മറാത്ത് ഇസ്‌ലാമിക് കൾച്ചറൽ സെന്ററിലെ മലയാള വിഭാഗം പ്രബോധകൻ താജുദീൻ സലഫി, സുൽത്താന ഇസ്‌ലാമിക് കൾച്ചറൽ സെന്ററിലെ മലയാള വിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി, ആർഐസി സി പ്രബോധകൻ അബ്ദുള്ള അൽഹികമി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഉമർ ഫാറൂഖ് വേങ്ങര, ജഅ്ഫർ പൊന്നാനി, ഹിബത്തുല്ല സി.പി എന്നിവർ വ്യത്യസ്ത സെഷനുകൾ നിയന്ത്രിച്ചു.
റിയാദ് കേന്ദ്രീകരിച്ചു നടക്കുന്ന ക്വുർആൻ ഹദീസ് തുടർപഠന സംരംഭമായ ക്യുഎച്ച്എൽസിയുടെ പതിനൊന്നാംഘട്ട പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനദാനം ഹുസൈൻ സലഫി, ശിഹാബ് എടക്കര, താജുദ്ദീൻ സലഫി എന്നിവർ നിർവഹിച്ചു.
കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റെ് സിപി മുസ്തഫ, റിയാദ് മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഉസ്മാൻ അലി പാലത്തിങ്കൽ, അൽറയാൻ പോളിക്ലിനിക് എംഡി മുശ്താഖ് വിപി എന്നിവർ ആശംസകളർപ്പിച്ചു.
സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടന പ്രതിനിധികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. സമ്മേളനം ചർച്ച ചെയ്യുന്ന വിഷയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പ്രതീക്ഷക്കപ്പുറം സമ്മേളനനഗരി നിറഞ്ഞുകവിഞ്ഞു. കൃത്യമായ സമയനിഷ്ഠയോടെ ഐടി സാങ്കേതിക സജ്ജീകരണങ്ങളോടെ, ആഴ്ചകളുടെ തയ്യാറെടുപ്പോടെ നടന്ന സമ്മേളനം സംഘാടന മികവുകൊണ്ടും ജനപങ്കാളി ത്തംകൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചു.
സമ്മേളനത്തിന്റെ മുന്നോടിയായി പ്രീ കോൺഫറൻസ്, വനിതാ സംഗമം, സ്ട്രീറ്റ് ദഅ്‌വ, പ്രതിനിധി സംഗമം, കുടുംബ സന്ദർശനങ്ങൾ, സോഷ്യൽ മീഡിയ പ്രൊമോഷൻ തുടങ്ങി വ്യത്യസ്ത പ്രചാരണ പരിപാടികൾ നടന്നിരുന്നു.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം മൂലം സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള പ്രവാസി സമൂഹത്തിന് നിലവിലുള്ള അപകടരമായ സാമൂഹ്യ സാഹചര്യങ്ങൾ തുറന്നു കാട്ടാനും ഇസ്‌ലാമിക ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വിശ്വാസ വിശുദ്ധിയിൽ അധിഷ്ഠിതമായ, കൃത്യമായ പ്രായോഗിക പരിഹാരങ്ങൾ നിർദേശിച്ചു ബോധ്യപ്പെടുത്താനും സമ്മേളനം ഏറെ സഹായകമായി.

