എഞ്ചിനീയറിങ് സ്റ്റുഡന്റ്‌സ് കോൺഫറൻസിന് പ്രൗഢമായ സമാപനം

ന്യൂസ് ഡസ്ക്

2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

കൊല്ലം: 29ാമത് പ്രോഫ്‌കോണിന്റെ ഭാഗമായി എൻജിനീയറിങ് ക്യാമ്പസുകളിലെ വിദ്യാർഥികൾക്കായി വിസ്ഡം സ്റ്റുഡന്റ്‌സ് കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച ‘എഞ്ചിനീറിംഗ് സ്റ്റുഡന്റ്‌സ് കോൺഫറൻസ്’ വൈവിധ്യങ്ങളാർന്ന സെഷനുകളാലും വ്യത്യസ്ത ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികളുടെ നിറഞ്ഞ പങ്കാളിത്തത്താലുമെല്ലാം മനോഹരമായി. അഞ്ചു വർഷങ്ങൾക്ക് മുമ്പ് കോവിഡ് മഹാമാരി മൂലം, ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ മാറ്റിവയ്‌ക്കേണ്ടി വന്ന കൊല്ലം ജില്ലയിലെ പ്രോഫ്‌കോണിന്റെ സജീവമായ അണിയറ പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സംഗമവും.

പ്രോഗ്രാം ആദ്യാവസാനം സാകൂതം കേട്ട, ശ്രദ്ധാപൂർവം വീക്ഷിച്ച നിറഞ്ഞ സദസ്സ്, ഇത്തരം പ്രോഗ്രാമുകളുടെ പ്രസക്തി വിളിച്ചോതുന്നുണ്ടായിരുന്നു.

ലഹരിയും അശ്ലീലതകളും മറ്റു അധാർമിക പ്രവണതകളും ക്യാമ്പസുകളിൽ വർധിക്കുമ്പോൾ, ധർമബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കുവാൻ പ്രോഫ്‌കോണിന്റെ ഭാഗമായി വിവിധ തുടർപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

കരിയർ പ്ലാനിങ്ങിന്റെ പ്രാധാന്യവും, അക്കാദമിക്‌സിൽ തിളങ്ങാനുള്ള വഴികളും, ലിബറൽ സിദ്ധാന്തങ്ങളുടെ അടിത്തറയില്ലായ്മയും മതം മുന്നോട്ടുവയ്ക്കുന്ന ധാർമികതയുടെ നിത്യപ്രസക്തിയുമെല്ലാം പ്രോഗ്രാമിൽ സജീവ ചർച്ചയായി. വിവിധ സെഷനുകളിലായി വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി, ജാസിർ സബ്‌രി ഒമർ, മിറാഷ് മുഹമ്മദ്, സഹൽ സലഫി കൊല്ലം, സുഹൈൽ കല്ലായി, ശംജാസ് കെ അബ്ബാസ് എന്നിവർ സംസാരിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ല സെക്രട്ടറി നിസാർ കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അഹദ് ചുങ്കത്തറ, തമീസ് പെരുമ്പാവൂർ, സിയാദ് ബിൻ സുൽഫി, മുഹമ്മദ് അസ്‌ലം, ഷിനാസ് കോട്ടയം, അമൽ മുഹമ്മദ്, മുഫ്‌ലിഹ് ജമീൽ, സദീദ് ബിൻ സാദിഖ് തുടങ്ങിയവർ സംസാരിച്ചു.


ജാമിഅ അൽഹിന്ദ് മൂന്നാമത് സനദ് ദാന സമ്മേളനം 2026 ഫെബ്രുവരി 6,7,8 തീയതികളിൽ

ന്യൂസ് ഡസ്ക്

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ അഭിമാന സ്ഥാപനമായ ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ മൂന്നാമത് കോൺവൊക്കേഷൻ 2026 ഫെബ്രുവരി 6, 7, 8 തീയതികളിൽ മിനി ഊട്ടിയിലെ വാദി അൽഹിക്മയിൽ നടക്കും-ഇൻ ശാ അല്ലാഹ്.

കോൺവൊക്കേഷൻ പ്രഖ്യാപനം ലജ്‌ന പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ നിവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും ജാമിഅ അൽഹിന്ദിന്റെയും ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.

അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്താൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വളർച്ചയുടെ പടവുകൾ അതിവേഗം കയറാൻ ജാമിഅക്ക് സാധിച്ചിട്ടുണ്ട്. ആദ്യ രണ്ട് സനദ് ദാന സമ്മേളനങ്ങളിലായി നൂറോളം വിദ്യാർഥികൾ ഹികമി ബിരുദം കരസ്ഥമാക്കി പ്രബോധന രംഗത്ത് വിവിധ തുറകളിൽ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഫെബ്രുവരിയിൽ നടക്കുന്ന കോൺവൊക്കേഷനിൽ 75 വിദ്യാർഥികൾകൂടി ഹികമി ബിരുദ ധാരികളായി പുറത്തിറങ്ങും.