സൂംബക്കെതിരെ പരാമർശം: ടി.കെ. അശ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി

ന്യൂസ് ഡസ്ക്

2025 ജൂലൈ 19, 1447 മുഹറം 23

കൊച്ചി: സ്‌കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട, അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. അശ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. മൂന്നു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് മെമോ നൽകിയതിന്റെ പിറ്റേദിവസംതന്നെ സസ്‌പെൻഡ് ചെയ്തത് നിയമവിരുദ്ധമാണെന്ന് കാട്ടി അശ്‌റഫ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്.

വിദ്യാഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്തുന്നവിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ; ഹരജിക്കാരൻ അധ്യാപകനായ പാലക്കാട് എടത്തനാട്ടുകര ടി.എ.എം യു.പി സ്‌കൂൾ മാനേജ്മെന്റിനോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെടുത്തത്. സസ്‌പെൻഷൻ മാനേജർ പുനഃപരിശോധിക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിന് ഹരജിക്കാരന്റെ മറുപടികൂടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

അപകീർത്തികരമോ ദോഷകരമോ ആയ യാതൊന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. സൂംബ പദ്ധതി നടപ്പാക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എഫ്ബി പോസ്റ്റിന്റെ പേരിൽ നടപടിയെടുക്കാതിരിക്കാൻ മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് ജൂലൈ രണ്ടിന് സ്‌കൂൾ മാനേജർ മെമോ തന്നത്. ഏതെങ്കിലും ചട്ടമോ നിയമമോ ലംഘിച്ചതായോ സ്വഭാവദൂഷ്യം കാട്ടിയതായോ അതിലുണ്ടായിരുന്നില്ല. മറുപടിക്ക് ജൂലൈ അഞ്ച് വരെ സമയമുണ്ടായിട്ടും മൂന്നിനുതന്നെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിട്ടു. സ്വാഭാവിക നീതിയുടെ ലംഘനമാണിതെന്നും ഹരജിക്കാരൻ വാദിച്ചു.

തിടുക്കപ്പെട്ട് സസ്‌പെൻഡ് ചെയ്തതിന് വിശദീകരണം നൽകാൻ സർക്കാറിനടക്കം എതിർ കക്ഷികൾക്ക് കഴിയാതെ വന്നതോടെ നടപടി കോടതി റദ്ദാക്കുകയായിരുന്നു. കോടതി വിധി വന്നതോടെ മാനേജ്‌മെന്റെ അദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തു.


ലിബറൽ ആശയങ്ങളുടെ പ്രചാരണം ഗുരുതര സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കും

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കോഴിക്കോട്: ഭരണസംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണം നടപ്പിലാക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ മതസംഘടനകൾ അഭിപ്രായം പറയേണ്ടെന്ന മന്ത്രിയുടെ വാക്കുകൾ ദാർഷ്ട്യമാണെന്നും യോഗം വിലയിരുത്തി. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങളിൽ സർക്കാരിന്റെയും മത-സാമൂഹിക സംഘടനകളുടെയും പങ്ക് ചെറുതല്ല എന്നത് ഭരണകൂടം വിസ്മരിക്കരുത്. അഭിപ്രായ പ്രകടനങ്ങളോട് അസഹിഷ്ണുതയോടെയും കൊലവിളി നടത്തിയും പ്രതികരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. സ്‌കൂൾ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ചർച്ചക്ക് വഴിയൊരുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി. എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, നാസിർ ബാലുശ്ശേരി, ഫൈസൽ മൗലവി പുതുപ്പറമ്പ്, പ്രൊഫ. ഹാരിസ് ഇബ്‌നു സലീം, അബ്ദുൽ മാലിക് സലഫി, കെ. സജ്ജാദ് എന്നിവർ പങ്കെടുത്തു.