ലഹരിക്കെതിരെ വിപുലമായ കർമപദ്ധതികളുമായി വിസ്ഡം സ്റ്റുഡന്റ്‌സ്
ന്യൂസ് ഡസ്ക്
2025 മെയ് 17, 1446 ദുൽഖഅദ് 19

പെരിന്തൽമണ്ണ: ലഹരി ഉൽപന്നങ്ങളുടെ വിപണനവും ഉപയോഗവും വിദ്യാർഥികൾക്കിടയിൽ നിന്നും ക്യാമ്പസുകളിൽനിന്നും നിർമാർജനം ചെയ്യുന്നതിനായി വൈവിധ്യമാർന്ന കർമ പദ്ധതികൾക്ക് വിസ്ഡം സ്റ്റുഡന്റ്‌സ് തുടക്കം കുറിച്ചു.
കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസിലെ ലഹരിക്കെതിരെയുള്ള വിദ്യാർഥിചത്വരം സെഷനിൽ, സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിദ്യാർഥികൾ പ്ലക്കാർഡുമേന്തി ഒരുമിച്ച് പ്രതിജ്ഞയെടുത്തത് വേറിട്ട കാഴ്ചയായി. ക്യാമ്പസുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുമെന്നും വിദ്യാർഥികൾ പ്രഖ്യാപിച്ചു.
വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ, ഡോ. ഷഹബാസ് കെ അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ധർമസമര സംഗമങ്ങൾ, ക്യാമ്പസ് കോൺഫറൻസുകൾ, ടേബിൾ ടോക്കുകൾ, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, സൊല്യൂഷൻ വൈജ്ഞാനിക പ്രദർശനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

നേരിനോപ്പം ചേർന്നു നിൽക്കുക
ന്യൂസ് ഡസ്ക്
(സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ ബുജൈദി അൽഅ നസിയുടെ സംസാരത്തിന്റെ സംക്ഷിപ്തം)
പെരിന്തൽമണ്ണ: വിസ്ഡം സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച കേരള വിദ്യാർഥി സമ്മേളനം ഏറെ കാലിക പ്രാധാന്യമുള്ളതാണെന്നും അതിന് കാരണം ഇതിന്റെ മുഖ്യലക്ഷ്യം നേരിനൊപ്പം ചേർന്ന് നിൽക്കുന്ന, ദൈവ ഭക്തിയുള്ള വിദ്യാർഥി തലമുറയെ വാർത്തെടുക്കലാണെന്നും സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ ബുജൈദി അൽ അനസി പ്രസ്താവിച്ചു.
ഇസ്‌ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കാനും തീവ്രവാദ ചിന്തകളെ ഇല്ലാതാക്കാനും മനുഷ്യത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മാർഗത്തിൽ പുതുതലമുറയെ നയിക്കാനുമുള്ള, ഈ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാതിരിക്കാനാവില്ല.

നന്മയോട് പുറം തിരിഞ്ഞ് നിൽക്കാനും ആധർമങ്ങളിലൂടെ മുന്നോട്ട് പോകാനുമുള്ള ത്വര വിദ്യാർഥി, യുവജന സമൂഹങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ബോധവൽക്കരണം നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

