വീട്ടിലെ ജോലികൾ ചെയ്യുന്ന പ്രവാചകൻﷺ
അബൂറാഷിദ അൽകാസിമി കുടയത്തൂർ
2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 14 )
വീട്ടിലെ കാര്യങ്ങളിൽ നബിﷺ ഭാര്യമാരെ സഹായിക്കുമായിരുന്നു. അസ്‌വദ്(റ) പറയുന്നു: “ഞാൻ ആഇശ(റ)യോട് ചോദിച്ചു: ‘നബിﷺ വീട്ടിൽ എന്തെല്ലാം ചെയ്യും?’ അവർ പറഞ്ഞു: ‘നബിﷺ വീട്ടിലുള്ള പണികൾ ചെയ്യുമായിരുന്നു. എന്നാൽ നമസ്‌കാര സമയമായാൽ നമസ്‌കരിക്കാൻ പുറപ്പെടും’’ (ബുഖാരി).
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: “നബിﷺ മനുഷ്യരിൽ പെട്ട ഒരു മനുഷ്യനല്ലാതെയല്ല. അവിടുന്ന് വസ്ത്രങ്ങൾ കഴുകുമായിരുന്നു, ആടിനെ കറക്കുമായിരുന്നു, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുമായിരുന്നു’’ (ബുഖാരി, ശമാഇലു തുർമിദി).
നബിﷺ സ്വന്തം ചെരുപ്പ് തുന്നുകയും വാൾ ശരിയാക്കുകയും ചെയ്യുമായിരുന്നു. ഇന്നത്തെ പല ഭർത്താക്കന്മാരും ഭാര്യമാരെക്കൊണ്ട് അവർക്ക് താങ്ങാവുന്നതിനുമപ്പുറം ജോലികൾ ചെയ്യിക്കുന്നവരാണ്. അവർ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടാകും, രോഗിയായിട്ടുണ്ടാവും, അതിന്റെയൊന്നും പേരിൽ അവർക്ക് യാതൊരു വിഷമവും ഉണ്ടായിരിക്കില്ല. വീട്ടിലെ ഒരു കാര്യത്തിലും ഭാര്യയെ സഹായിക്കുകയില്ല. അതൊക്കെ ഒരു മോശം പണിയായി അവർ കാണുന്നു. നബിﷺയെ പിൻപറ്റുന്ന ഒരു വിശ്വാസി ഇങ്ങനെയായിക്കൂടാ.
ഭാര്യയെ വാഹനത്തിൽ കയറാൻ സഹായിക്കുന്നു
അനസ്(റ) പറയുന്നു: “സ്വഫിയ്യ(റ) ഒട്ടകപ്പുറത്ത് കയറാൻ ശ്രമിക്കുന്ന സന്ദർഭം; അപ്പോൾ ഞാൻ നബിﷺയെ കണ്ടു. അവിടുന്ന് ഒട്ടകത്തിന്റെ പിന്നിൽ വരയുള്ള ഒരു വലിയ തുണി അവർക്കു വേണ്ടി വട്ടംപിടിച്ചിരിക്കുന്നു. എന്നിട്ട് നബിﷺ ഒട്ടകത്തിന്റെ അടുത്ത് തന്റെ കാൽമുട്ട് വളച്ച് ഇരിക്കുകയാണ്. സ്വഫിയ്യ(റ) അവരുടെ കാൽ നബിﷺയുടെ കാൽമുട്ടിൽ വെച്ച് ഒട്ടകപ്പുറത്ത് കയറുന്നു’’ (ബുഖാരി, മുസ്‌ലിം).
സ്വഫിയ്യ(റ)ക്ക് ഒട്ടകപ്പുറത്തു കയറാൻ നബിﷺ തന്റെ കാൽമുട്ടിൽ ചവിട്ടാൻ അനുവദിക്കുന്നതിലൂടെ ഭാര്യാഭർതൃ ബന്ധത്തിന്റെ മഹിതവും സുന്ദരവുമായ ഒരു അടയാളമാണ് വരച്ചുകാണിക്കുന്നത്.
വൃത്തിക്ക് പ്രാമുഖ്യം നൽകിയ പ്രവാചകൻ
നബിﷺ വീട്ടിൽ പ്രവേശിക്കുകയാണെങ്കിൽ ദുർഗന്ധം അനുഭവപ്പെടാത്ത രീതിയിൽ ആദ്യം തന്നെ ദന്തശുദ്ധി വരുത്തുമായിരുന്നു.
ശുറൈഹ് ഇബ്‌നു ഹാനിഅ്(റ) പറയുന്നു: “ഞാൻ ആഇശ(റ)യോട് ചോദിച്ചു: ‘നബിﷺ വീട്ടിൽ പ്രവേശിച്ചാൽ ആദ്യമായി എന്താണ് ചെയ്തിരുന്നത്?’ അവർ പറഞ്ഞു: ‘ദന്തശുദ്ധി വരുത്തൽ’’ (മുസ്‌ലിം).
ദാമ്പത്യ ജീവിതവും ബന്ധവും ഏറ്റവും ഭംഗിയാക്കുന്നതിന്റെ അടയാളമാണ് ആ ദുർഗന്ധം ഒഴിവാക്കൽ.
ഉറക്കത്തിൽനിന്ന് ഉണരുമ്പോൾ വായയും പല്ലുകളും ശുദ്ധിയാക്കണം എന്നത് നബിﷺയുടെ നിർബന്ധത്തിൽ പെട്ടതാണ്. ആഇശ(റ) നിവേദനം: “രാത്രിയിലോ പകലിലോ നബിﷺ ഉറങ്ങിയതിനു ശേഷം ഉണരുമ്പോൾ മറ്റു കാര്യങ്ങൾ ചെയ്യുന്നതിനു മുമ്പായി ദന്തശുദ്ധി വരുത്തുമായിരുന്നു’’ (അബുദാവൂദ്).
ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “നബിﷺ ദന്തശുദ്ധി വരുത്തൽ ഇഷ്ടപ്പെട്ടിരുന്നു. നോമ്പുകാരനായാലും അല്ലാത്ത അവസ്ഥയിലും പല്ലു വൃത്തിയാക്കിയിരുന്നു. ഉറക്കത്തിൽനിന്ന് ഉണരുമ്പോഴും അംഗശുദ്ധി വരുത്തുന്ന സമയത്തും നമസ്‌കാരത്തിനും വീട്ടിൽ പ്രവേശിക്കുന്ന സമയത്തും അറാക്ക് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുമായിരുന്നു’’ (സാദുൽമആദ് 1/167).
ദാമ്പത്യജീവിതത്തിൽ വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. ഒരുപക്ഷേ, പല വിവാഹ ബന്ധങ്ങളും തകരുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതിന്റെ അഭാവമായിരിക്കാം.
സുഗന്ധം ഇഷ്ടപ്പെടുന്ന പ്രവാചകൻ
ആഇശ(റ) പറയുന്നു: “നബിﷺ തന്നിൽനിന്ന് നല്ലതല്ലാത്ത വാസനയുണ്ടാകുന്നത് വലിയ പ്രയാസമായി കണ്ടിരുന്നു’’ (ബുഖാരി, മുസ്‌ലിം).
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: “ദുർഗന്ധം അനുഭവപ്പെടുന്നത് നബിﷺക്ക് ഏറ്റവും വലിയ പ്രയാസമുള്ള കാര്യമായിരുന്നു’’ (മഹ്ജമുൽ ഔസാദ്).
നബിﷺയുടെ ശീലമായിരുന്നു സുഗന്ധം ഉപയോഗിക്കൽ. അത് ധാരാളം ഉപയോഗിക്കുമായിരുന്നു. ദുനിയാവിൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വസ്തുക്കളിൽ ഒന്നായിരുന്നു സുഗന്ധദ്രവ്യം.
മാലിക്(റ) നിവേദനം: “നബിﷺ അരുളി: ‘ഇഹലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം നൽകപ്പെട്ടത് എന്റെ ഭാര്യമാരും സുഗന്ധവുമാണ്. എന്റെ കണ്ണിൽ കുളിർമ വെക്കപ്പെട്ടിരുന്നത് നമസ്‌കാരത്തിലുമാണ്’’ (നസാഈ).
പച്ച വെളുത്തുള്ളിയുടെ ഗന്ധം അസഹ്യമായതിനാൽ അത് കഴിച്ച് പള്ളിയിൽ വരരുതെന്ന് നബിﷺ വിലക്കിയത് ശ്രദ്ധേയമാണ്.
സ്ഥിരമായി പുക വലിക്കുന്നവരുടെ വായ അത്യധികം ദുർഗന്ധമുള്ളതായിരിക്കും. അവരുടെ അടുത്ത് നമസ്‌കരിക്കാൻ നിന്നാൽ അത് വല്ലാത്ത പ്രയാസമുണ്ടാക്കും. അപ്പോൾ അവരുടെ ഭാര്യമാരുടെ സ്ഥിതി ആലോചിച്ചു നോക്കുക!
മുടിയുടെ കാര്യത്തിലെ ശ്രദ്ധ
അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ അരുളി: “ആർക്ക് മുടിയുണ്ടോ അവൻ അതിനെ ബഹുമാനപൂർവം കൊണ്ടുനടക്കട്ടെ’’ (അബൂദാവൂദ്).
അതായത് അവർ അതിനെ ഭംഗിയാക്കുകയും കഴുകി വൃത്തിയാക്കുകയും എണ്ണയിട്ട് ചീകി വെക്കുകയും ചെയ്യുക. അതിനെ അലക്ഷ്യമായി വിടരുത്. വൃത്തിയും ഭംഗിയായി കൊണ്ടുനടക്കലും എല്ലാവർ ക്കും ഇഷ്ടമുള്ള കാര്യമാണ്.
നബിﷺ ചീർപ്പുകൊണ്ട് തന്റെ തലമുടി ചീകിയൊതുക്കുമായിരുന്നു. ചില സന്ദർഭങ്ങളിൽ ഭാര്യമാർ നബിയുടെ തലമുടി ചീകിക്കൊടുക്കുമായിരുന്നു.
ആഇശ(റ) പറയുന്നു: “നിശ്ചയം, നബിﷺ ഇഅ്തിക്വാഫ് ഇരിക്കുമ്പോൾ അവിടുത്തെ തല എന്റെ അടുത്തേക്ക് (പള്ളിയിൽനിന്നും വാതിൽ വഴി തലയിട്ടാൽ ആഇശ(റ)യുടെ മുറിയിലേക്ക് എത്തിയിരുന്നു) തല നീട്ടിത്തരികയും ഞാൻ തല ചീകിക്കൊടുക്കുകയും ചെയ്തിരുന്നു’’ (ബുഖാരി, മുസ്‌ലിം).
നബിﷺയുടെ തല ഭാര്യ കഴുകിക്കൊടുത്തിരുന്നു. ആഇശ(റ) പറയുന്നു: “ഞാൻ ആർത്തവ കാരിയായിരിക്കെ അല്ലാഹുവിന്റെ പ്രവാചകന്റെ തല ഞാൻ കഴുകിക്കൊടു ക്കുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം).
ചിട്ടയുടെയും വൃത്തിയുടെയും ഏതെല്ലാം മാർഗങ്ങൾ ഉണ്ടോ അതെല്ലാം അവിടുത്തെ ജീവിതത്തിൽ പ്രകടമായിരുന്നു. നബിﷺ തന്റെ അനുചന്മാരെ അതിന് പ്രേരിപ്പിക്കുകയും അവരെല്ലാം അത് ഏറ്റെടുക്കുകയും ചെയ്തു.
വീട്ടിൽ ആവശ്യമില്ലാതെ ഗൗരവക്കാരനാകരുത്
കളിയും തമാശയും ഭാര്യാഭർത്താക്കന്മാരുടെ ഹൃദയങ്ങളിൽ സന്തോഷം ജനിപ്പിക്കുന്നതും സമാധാനം നിലനിറുത്തുന്നതുമാണ്. അത് ദമ്പതിമാരുടെ ബന്ധങ്ങൾക്ക് ശക്തി പകരുകയും ആഴത്തിൽ ഇണക്കമുണ്ടാക്കുകയും ഊഷ്മളമായ സ്‌നേഹം സമ്മാനിക്കുകയും ചെയ്യും.
പൊതുവെ ഗൗരവക്കാരനും കർക്കശക്കാരനുമായ ഉമർ(റ) പറയുമായിരുന്നു: “പുരുഷൻ അവന്റെ കുടുംബത്തിൽ നിർബന്ധമായും ഒരു കുട്ടിയെ പോലെയായിരിക്കണം. അതേ സന്ദർഭത്തിൽ ആരെങ്കിലും അവന്റെ അവകാശം തട്ടിയെടുക്കാൻ വന്നാൽ അവൻ ആണായിരിക്കണം’’ (ജവാഹിറുൽ ഇൽമ് 3/430).
സാബിത്ത് ഇബ്‌നു ഉബൈദ്(റ) പറയുന്നു: “സൈദ് ഇബ്‌നു സാബിത്ത്(റ) അദ്ദേഹത്തിന്റെ വീട്ടിൽ വലിയ തമാശക്കാരനായിരുന്നു. വീടിന്റെ വെളിയിലേക്ക് വന്നാൽ പുരുഷന്മാരിൽവച്ച് ഏറ്റവും പൗരുഷമുള്ള ആളാകുമായിരുന്നു’’ (ഷറഹുസ്സുന്ന13/183).
അധിക പുരുഷന്മാരും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടുമൊക്കെ കളിചിരികളുമായി സമയം ചെലവഴിക്കുന്നവരാണ്. എന്നാൽ വീട്ടിലേക്ക് വന്നാൽ ആ ചിരി മാഞ്ഞുപോകും. മുഖത്ത് ഗൗരവം പടരും. അത്തരക്കാരുടെ വീട്ടിൽ എങ്ങനെ സന്തോഷകരമായ സാഹചര്യമുണ്ടാകും?

‘അൽഹംദുലില്ലാഹ്,
ജീവിതത്തിൽ മൂന്നാമത്തെ ഹജ്ജ് കർമവും ചെയ്തുകഴിഞ്ഞു,’
‘അല്ലാഹുവിന് സ്തുതി,
അഞ്ചാംതവണയും ഉംറ ചെയ്യാൻ ഹറമിലെത്തി’ എന്നൊക്കെയുള്ള അടിക്കുറിപ്പോടെ ഹറമിന്റ പശ്ചാത്തലത്തിൽ സെൽഫിയെടുത്ത് അപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവൻ, നാട്ടുകാരുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായംകൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്ന അയൽവാസിയെ, അല്ലെങ്കിൽ സ്വന്തം കുടുംബത്തിൽ പെട്ടവരെ സഹായിക്കാൻ മനസ്സ് കാണിക്കാത്തവനായേക്കാം. അങ്ങനെയുള്ളവരെ നാം കണ്ടിട്ടുണ്ട്; കാണാറുണ്ട്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നവരിൽ നിന്ന് ഈ സമീപനം ഉണ്ടാകാൻ പാടില്ല; ഒരിക്കലും.

