നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം 3
ശൈഖ് നാസ്വിറുദ്ദീൻ അൽഅൽബാനി(റഹി)
2025 മെയ് 03, 1446 ദുൽഖഅദ് 05

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
മഅ്മൂമിന്റെ പാരായണം
54. പതുക്കെയോതുന്ന നമസ്‌കാരങ്ങളിൽ, ഇമാമിന് പിന്നിൽ നമസ്‌കരിക്കുന്നവൻ ഫാതിഹ ഓതൽ നിർബന്ധമാണ്. ഉറക്കെയോതുന്ന നമസ്‌കാരങ്ങളിൽ, ഇമാം ഓതുന്നത് അവൻ കേൾക്കുന്നില്ലെങ്കിൽ, അതല്ലെങ്കിൽ മഅ്മൂമിന് ഓതാൻ വേണ്ടി ഇമാം സ്വന്തം പാരായണത്തിനുശേഷം മൗനമായി നിൽക്കുകയാണെങ്കിൽ അവൻ അത് ഓതേണ്ടതാണ്. എന്നാൽ, ഈ മൗനമായി നിൽക്കൽ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടില്ല എന്നാണ് നമ്മുടെ അഭിപ്രായം.(10)
ഫാതിഹക്ക് ശേഷമുളള പാരായണം
55. ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹക്ക് ശേഷം മറ്റൊരു സൂറത്തോ അല്ലെങ്കിൽ കുറച്ച് സൂക്തങ്ങളോ ഓതുന്നത് നബിചര്യയാണ് - അത് മയ്യിത്ത് നമസ്‌കാരത്തിലാണെങ്കിലും.
56. അതിനുശേഷമുള്ള പാരായണം നബിﷺ ചിലപ്പോൾ ദീർഘിപ്പിക്കും. മറ്റുചിലപ്പോൾ, യാത്രയോ ചുമയോ അസുഖമോ കുഞ്ഞിന്റെ കരച്ചിലോ കാരണമായി അത് ചുരുക്കുകയും ചെയ്യും.
57. വ്യത്യസ്ത നമസ്‌കാരങ്ങൾക്കനുസരിച്ച് പാരായണവും വ്യത്യാസപ്പെട്ടിരുന്നു. പ്രഭാതനമസ്‌കാരത്തിലെ പാരായണം അഞ്ച് നമസ്‌കാരങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. പിന്നെ ദ്വുഹ്ർ, പിന്നെ അസ്വ്‌റും ഇശാഉം; പിന്നെ മഗ്‌രിബ്.
58. ഇവയെല്ലാറ്റിനെക്കാളും ദൈർഘ്യമുള്ളതായിരുന്നു രാത്രി നമസ്‌കാരത്തിലെ (തഹജ്ജുദിലെ) പാരായണം.
59. ഒന്നാമത്തെ റക്അത്തിലെ പാരായണം രണ്ടാമത്തേതിനെക്കാൾ ദീർഘിപ്പിക്കലാണ് നബിചര്യ.
60. അവസാന രണ്ട് റക്അത്തുകളിലെ പാരായണം ആദ്യരണ്ട് റക്അത്തിനെക്കാൾ ചുരുക്കലും പകുതിയോളമാക്കലും (നബിചര്യയാണ്).(11)
എല്ലാ റക്അത്തിലും ഫാതിഹ ഓതൽ
61 എല്ലാ റക്അത്തിലും ഫാതിഹ ഓതൽ നിർബന്ധമാണ്
62. ചിലപ്പോൾ, അവസാന രണ്ട് റക്അത്തുകളിലും അതോടൊപ്പം വല്ലതും കൂടുതലായി ഓതുന്നത് നബിചര്യയിൽപെട്ടതാണ്.
63. നബിചര്യയിൽ വന്നതിനെക്കാളധികം ഇമാമിന് പാരായണം നീട്ടാവതല്ല. അങ്ങനെ ചെയ്യുന്നതുമൂലം പിന്നിൽ നമസ്‌കരിക്കുന്ന പ്രായാധിക്യമുള്ളവർക്കും രോഗികൾക്കും മുലയൂട്ടേണ്ട സ്ത്രീകൾക്കും മറ്റാവശ്യങ്ങളുള്ളവർക്കും ബുദ്ധിമുട്ട് നേരിടും.
ഉറക്കെയും പതുക്കെയുമുള്ള പാരായണം
64. സ്വുബ്ഹി നമസ്‌കാരം, ജുമുഅ നമസ്‌കാരം, രണ്ട് പെരുന്നാൾ നമസ്‌കാരങ്ങൾ, മഴക്കുവേണ്ടിയുള്ള നമസ്‌കാരം, ഗ്രഹണ നമസ്‌കാരം, മഗ്‌രിബിന്റെയും ഇശാഇന്റെയും ആദ്യത്തെ രണ്ട് റക്അത്തുകൾ എന്നിവയിൽ ഉറക്കെ ഓതണം. ദ്വുഹ്ർ, അസ്വ‌്‌ർ നമസ്‌കാരങ്ങളിലും മഗ്‌രിബ് നമസ്‌കാരത്തിന്റെ മൂന്നാമത്തെ റക്അത്തിലും ഇശാഅ് നമസ്‌കാരത്തിന്റെ അവസാന രണ്ട് റക്അത്തുകളിലും പതുക്കെ ഓതണം.
65. പതുക്കെയോതുന്ന നമസ്‌കാരങ്ങളിൽ, ചിലപ്പോൾ ജനങ്ങളെ കേൾപ്പിക്കുന്നതിനുവേണ്ടി ഒരായത്ത് ശബ്ദമുയർത്തി ഓതുന്നത് അനുവദനീയമാണ്.
66. എന്നാൽ വിത്ർ നമസ്‌കാരത്തിലും രാത്രി നമസ്‌കാരത്തിലും ചിലപ്പോൾ പതുക്കെയും മറ്റുചിലപ്പോൾ ഉറക്കെയും ഓതാവുന്നതാണ്. എന്നാൽ ശബ്ദമുയർത്തുന്നത് ഒരു മധ്യനിലയിലായിരിക്കണം (അധികം ഉറക്കെയും തീരെ പതുക്കെയുമല്ലാത്ത നിലയിൽ).
ക്വുർആൻ ‘തർത്തീലോ’ടുകൂടി ഓതൽ
67. മത്സരിക്കുകയോ ധൃതിപ്പെടുകയോ ചെയ്യാതെ, സാവകാശം ഓതലാണ് നബിചര്യ. ഓരോ അക്ഷരവും വ്യക്തമായി മനസ്സിലാകുന്ന രൂപത്തിലായിരിക്കണം ഓതുന്നത്. തന്റെ ശബ്ദംകൊണ്ട് ക്വുർആനെ അലങ്കരിക്കുകയും പണ്ഡിതന്മാർക്കിടയിൽ അറിയപ്പെടുന്ന തജ്‌വീദിന്റെ നിയമങ്ങളനുസ രിച്ച് ഭംഗിയായി ഓതുകയും ചെയ്യണം. നൂതനമായ താളമൊപ്പിച്ചുകൊണ്ടുള്ള രീതിയിലും രാഗാത്മകമായും ഓതാവതല്ല.
ഇമാമിനെ തിരുത്തൽ
68. ഇമാമിന് പാരായണത്തിൽ അവ്യക്തതയുണ്ടാകുമ്പോൾ പിന്നിൽ നമസ്‌കരിക്കുന്നവർ അത് തിരുത്തിക്കൊടുക്കേണ്ടതാണ്.
റുകൂഅ്
69. ക്വുർആൻ പാരായണം പൂർത്തിയായാൽ അൽപസമയം മൗനമായി നിൽക്കണം -ശ്വാസോഛ്വാസം നേരെയാകാൻ എടുക്കുന്നത്ര സമയം.
70. ശേഷം, മുമ്പ് വിവരിച്ച (33,34,35) രീതിയിൽ തക്ബീറത്തുൽ ഇഹ്‌റാമിൽ ചെയ്തതുപോലെ കൈകളുയർത്തണം
71. തക്ബീർ ചൊല്ലുകയും ചെയ്യുക; അത് വാജിബാണ്.
72. ശേഷം എല്ലാ അസ്ഥികളും അതിന്റെതായ സ്ഥാനത്ത് വരുന്നതുവരെ അടങ്ങിനിന്നുകൊണ്ട് റുകൂഅ് ചെയ്യണം; അത് റുക്‌നാണ്.
റുകൂഇന്റെ രൂപം
73. തന്റെ ഇരുകൈകളും കാൽമുട്ടുകളിൽ ഉറപ്പിച്ചുവെക്കണം; കൈവിരലുകൾകൊണ്ട് കാൽമുട്ടുകൾ കൂട്ടിപ്പിടിക്കുന്നതുപോലെ. അവ വിടർത്തിവെക്കുകയും വേണം. ഇവയെല്ലാം വാജിബാണ്.
74. മുതുക് പരത്തിവെക്കുകയും അത് നേരെയാക്കുകയും ചെയ്യണം. എത്രത്തോളമെന്നാൽ, അതിന്മേൽ വെള്ളം ഒഴിച്ചാൽ, (ആ വെള്ളം ഒഴുകിപ്പോകാതെ) അവിടെത്തന്നെ നിൽക്കുന്ന വിധം.
75. തല താഴ്ത്തുകയോ
(മുതുകിനെക്കാൾ ഉയരത്തിൽ) പൊക്കിപ്പിടിക്കുകയോ ചെയ്യുകയല്ല; മുതുകിന് സമാനമാക്കുകയാണ് വേണ്ടത്.
76. കൈമുട്ടുകൾ പാർശ്വങ്ങളിൽനിന്നും അകറ്റിനിർത്തണം.
77. റുകൂഇൽ മൂന്ന് പ്രാവശ്യമോ അതിലധികമോ(12) ഇങ്ങനെ പറയണം:
سُبْحَانَ رَبِّيَ الْعَظِيم “മഹാനായ എന്റെ രക്ഷിതാവ് പരിശുദ്ധൻ.’’
റുക്‌നുകൾ തുല്യദൈർഘ്യമുള്ളതാക്കൽ
78. റുക്‌നുകൾ തുല്യദൈർഘ്യമുള്ളതാക്കൽ നബിചര്യയിൽപെട്ടതാണ്. അതിനാൽ, റുകൂഉം റുകൂഇന് ശേഷമുള്ള നിറുത്തവും സുജൂദും രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തവും ഏകദേശം തുല്യദൈർഘ്യമുള്ളതാക്കണം.
79. റുകൂഇലും സുജൂദിലും ക്വുർആൻ ഓതാൻ പാടുള്ളതല്ല.
റുകൂഇൽ നിന്നും നിവർന്ന് നിൽക്കൽ
80. ശേഷം റുകൂഇൽനിന്നും മുതുക് ഉയർത്തി നേരെ നിവർന്നു നിൽക്കണം. ഇത് ഒരു റുക്‌നാണ്.
81. നേരെ നിവർന്നു നിൽക്കുന്ന അവസരത്തിൽ ഇങ്ങനെ പറയണം:
سَمِعَ اللهُ لِمَنْ حَمِدَهُ “അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതി അവൻ കേട്ടു.’’ ഇത് വാജിബാണ്.
82. നേരെ നിവർന്നു നിൽക്കുമ്പോൾ (ഇഅ്തിദാലിൽ) നേരത്തെ വിവരിച്ചതുപോലെ (33,34,35) കൈകളുയർത്തണം.
83. ശേഷം, എല്ലാ അസ്ഥികളും പൂർവസ്ഥിതിയിലേക്ക് വരുന്നവിധം നേരെ നിവർന്ന് അടങ്ങി നിൽക്കണം.
84. ഈ നിറുത്തത്തിൽ ഇങ്ങനെ പറയണം:
رَبَّنَا وَلَكَ الْـحَمْدُ “ഞങ്ങളുടെ രക്ഷിതാവേ! സർവസ്തുതിയും നിനക്കത്രെ.’’(13)
നമസ്‌കരിക്കുന്ന എല്ലാവർക്കും ഇത് നിർബന്ധമാണ്; ഇമാമിന് പിന്നിൽ നമസ്്കരിക്കുന്നവനായാലും.(14) കാരണം, അത് ഈ നിറുത്തത്തിൽ പറയാൻ വേണ്ടിയുള്ളതാണ്. എന്നാൽ
سَمِعَ اللهُ لِمَنْ حَمِدَهُ എന്നത് റുകൂഇൽനിന്നും നിവരുമ്പോൾ പറയാനുള്ളതാണ്.
85. മുമ്പ് പറഞ്ഞതുപോലെ, ഈ നിറുത്തവും റുകൂഉം തുല്യദൈർഘ്യമുള്ളതാക്കേണ്ടതാണ്.
86. ശേഷം اللهُ أَكْبَرُ “അല്ലാഹുവാണ് ഏറ്റവും വലിയവൻ’’ എന്ന് പറയണം. ഇത് വാജിബാണ്.
87. ചിലപ്പോൾ, കൈകൾ ഉയർത്തുകയും ചെയ്യാം.
സുജൂദ്
88. പിന്നീട്, കാൽമുട്ടുകൾക്ക് മുമ്പായി കൈകൾ നിലത്തുവെച്ചുകൊണ്ട് സുജൂദിലേക്ക് പോകണം. ഇതാണ് അല്ലാഹുവിന്റെ ദൂതൻﷺ കൽപിച്ചത്. ഇതുതന്നെയാണ് അവിടുത്തെ പ്രവൃത്തിയിലൂടെ സ്ഥിരപ്പെട്ടതും. ഒട്ടകം മുട്ട് കുത്തുന്ന രൂപത്തിൽ മുട്ട് കുത്തുന്നതിനെ അവിടുന്ന് വിരോധിക്കുകയും ചെയ്തു. ഒട്ടകമാകട്ടെ, അതിന്റെ കാൽമുട്ടുകളാണ് - അത് അതിന്റെ മുൻകാലുകളിലാണുള്ളത്- ആദ്യം വെക്കുന്നത്.
89. സുജൂദ് ചെയ്യുമ്പോൾ-അത് ഒരു റുക്‌നാണ്-ഉള്ളം കൈകൾ നിലത്തു വെക്കണം. അവ രണ്ടും നിവർത്തിവെക്കുകയും വേണം.
90. കൈവിരലുകൾ ചേർത്തുപിടിക്കുകയും ചെയ്യണം.
91. അവ ക്വിബ്‌ലക്ക് അഭിമുഖമായി വെക്കണം.
92. അവയെ (കൈപ്പത്തികളെ) ചുമലിനുനേരെ ആക്കുകയും വേണം.
93. ചിലപ്പോൾ ചെവികൾക്ക് നേരെയും ആക്കാം.
94. കൈമുട്ടുകൾ തറയിൽനിന്നും ഉയർത്തിവെക്കണം. ഇത് വാജിബാണ്. നായ കൈകൾ പരത്തിവെക്കുന്നതുപോലെ പരത്തിവെക്കാവതല്ല.
95. മൂക്കും നെറ്റിയും നിലത്ത് ഉറപ്പിച്ച് വെക്കണം. ഇത് ഒരു റുക്‌നാണ്.
96. കാൽമുട്ടുകളും ഉറപ്പിച്ച് നിറുത്തണം.
97. അപ്രകാരംതന്നെ കാൽവിരൽത്തലപ്പുകളും.
98. അവ കുത്തിനിർത്തുകയും വേണം. ഇവയെല്ലാം വാജിബാണ്.
99. കാൽവിരലുകളുടെ അറ്റങ്ങൾ ക്വിബ്‌ലക്ക് അഭിമുഖമാക്കിവെക്കണം.
100. മടമ്പുകൾ ചേർത്തുവെക്കുകയും വേണം.
കുറിപ്പുകൾ:
(10) ഞാൻ (അൽബാനി) പറയുന്നു: ‘അതിനെ അനുകൂലിക്കുന്നവർ ഉപയോഗിക്കുന്ന തെളിവുകളും അതിനുള്ള മറുപടിയും ഞാൻ സിൽസിലതുൽ അഹാദീസുള്ളഈഫയിൽ (ന: 546, 547) വിശദീകരിച്ചിട്ടുണ്ട്.
(11) ഇതിന്റെ വിശദരൂപം നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ‘നബിﷺയുടെ നമസ്‌കാരം’ (പേജ് 118-137; മലയാള പരിഭാഷ) കാണുക.
(12) ഈ റുക്‌നിൽ വേറെയും പ്രാർഥനകളുണ്ട്. അവയിൽ, നീണ്ടതും മധ്യമനിലയിലുള്ളതും ചെറുതും ഉണ്ട്. ‘നബി
ﷺയുടെ നമസ്‌കാരം’ (പേജ് 144-146; മലയാള പരിഭാഷ) പരിശോധിക്കുക.
(13) ഇവിടെയും ചൊല്ലാവുന്ന വേറെ പ്രാർഥനകളുണ്ട്. ‘നബിﷺയുടെ നമസ്‌കാരം’ (പേജ് 148-152; മലയാള പരിഭാഷ) പരിശോധിക്കുക.
(14) ഒരു റിപ്പോർട്ടിലും വന്നിട്ടില്ലാത്തതു കാരണം, ഈ നിറുത്തത്തിൽ കൈകെട്ടാൻ പാടില്ല. കൂടുതൽ വിശദമായ ചർച്ചക്ക് ‘നബിﷺയുടെ നമസ്‌കാരം’ (പേജ് 153; മലയാള പരിഭാഷ) കാണുക.

