അയേൺ ആകാശത്തുനിന്ന്
ഡോ. ടി. കെ . യൂസുഫ്
2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

(ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ 12)
ക്വു ർആനിലെ ഒരു അധ്യായത്തിന് അല്ലാഹു നൽകിയ പേര് ‘ഹദീദ്’ അഥവാ ‘ഇരുമ്പ്’ എന്നാണ്. അനേകം പ്രവാചകന്മാരുടെയും ജീവികളുടെയും വസ്തുക്കളുടെയും പേരുകളിൽ ക്വുർആനിൽ അധ്യായങ്ങളുണ്ടെങ്കിലും നമുക്ക് അറിയാവുന്ന നൂറിലേറെ മൂലകങ്ങളിൽ ഇരുമ്പിന് മാത്രമെ ദൈവിക വേദത്തിലെ അധ്യായങ്ങളിലൊന്നിന് നാമകരണം ചെയ്യപ്പെട്ടതിന്റെ മഹത്ത്വം ലഭിച്ചിട്ടുളളൂ. പ്രസ്തുത അധ്യായത്തിൽ അല്ലാഹു പറയുന്നു:
وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ
“ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട്’’ (ഹദീദ്: 25).
എങ്ങനെയാണ് അല്ലാഹു ഇരുമ്പിനെ ഇറക്കിയത്? ആകാശത്തുനിന്ന് ദിവ്യബോധനം ഇറക്കി എന്നതിന് അനുബന്ധമായി ഇക്കാര്യം പറഞ്ഞത് എന്തിനാണ്? ഇരുമ്പിന്റെ കഠിന ശക്തിയെന്താണ്? അതിൽ മനുഷ്യന് എന്തൊക്കെ പ്രയോജനങ്ങളാണുളളത്? ഇത്തരം കാര്യങ്ങളാണ് ഇവിടെ വിശകലനം ചെയ്യാനുദ്ദേശിക്കുന്നത്.
ക്വുർആനിൽ ആറ് സ്ഥലങ്ങളിലാണ് ‘ഹദീദ്’ (ഇരുമ്പ്) എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. അതിൽ അഞ്ച് സ്ഥലങ്ങളിലും ഇരുമ്പ് എന്ന ലോഹത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. ‘ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട്’ എന്ന വചനം വിശദീകരിക്കുന്ന ക്വുർആൻ വ്യാഖ്യാനങ്ങൾ പരിശോധിക്കുകയാണങ്കിൽ അവയിലൊന്നും ഇരുമ്പ് ഇറക്കിയ രൂപം വിവരിക്കുന്നതായി കാണാൻ കഴിയില്ല. ഭൂമിയിലെ എല്ലാ വസ്തുക്കളെയും പോലെ ഇരുമ്പും സൃഷ്ടിച്ചത് അല്ലാഹുവായതുകൊണ്ട് ‘ഇരുമ്പ് ആകാശത്ത് നിന്നും ഇറക്കി’ എന്നതിന്റെ താൽപര്യം ആകാശത്തുളളവൻ ഇറക്കിയെന്നതാണ് എന്നാണ് തഫ്‌സീറുകളിൽ കാണുന്നത്. അതുപോലെ ഇരുമ്പിന്റെ ശക്തിയുടെ വിവക്ഷ വാൾ, പരിച, കുന്തം പോലുളള യുദ്ധോപകരണങ്ങളാ ണെന്നും, മനുഷ്യർക്കുളള പ്രയോജനം കൊണ്ടുദ്ദേശിക്കുന്നത് കാർഷിക-വീട്ടുപകരണങ്ങളുടെ നിർമാണമാണെന്നുമാണ് ഒട്ടുമിക്ക ക്വുർആൻ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്.
ഭൂമിയുടെ രാസഘടന പരിശോധിക്കുകയാണെങ്കിൽ അതിൽ ഇരുമ്പിന്റെ തോത് 35.9 ശതമാനമാ ണെന്ന് കാണാനാവും. അപ്പോൾ ഭൂമിയിൽ ഏകദേശം രണ്ടായിരം മില്യൺ മില്യൺ മില്യൺ ടൺ ഇരുമ്പെങ്കിലുമുണ്ടെന്ന് കണക്കാക്കാമെന്ന് ശാസ്ത്രം പറയുന്നു. ഭൂമിയുടെ അകക്കാമ്പിലാണ് ഇരുമ്പ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെ ഇരുമ്പിന്റെ തോത് 90 ശതമാനമാണ്. അകക്കാമ്പിൽനിന്ന് ബാഹ്യപാളിയിലേക്ക് വരുന്തോറും ഇരുമ്പിന്റെ തോത് കുറയുകയും ഭൂമിയുടെ പുറന്തോടിൽ എത്തു മ്പോൾ അതിന്റെ തോത് എകദേശം 5.6 ശതമാനമായിത്തീരുകയും ചെയ്യും. എങ്ങനെയാണ് ഇരുമ്പ് ആകാശത്തുനിന്നും ഇറങ്ങിയത്? എങ്ങനെയാണ് അതിന് ഭൂമിയുടെ പുറന്തോട് ഭേദിച്ച് അകക്കാമ്പിൽ അടിഞ്ഞുകൂടാൻ കഴിഞ്ഞത്? എന്തുകൊണ്ടാണ് അതിന്റെ തോത് പുറന്തോടിൽ അപേക്ഷികമായി കുറവുളളതായിത്തീർന്നത്? ഈ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
പ്രപഞ്ചത്തിൽ ഇരുമ്പ് രൂപംകൊളളുന്നത് മില്യൺ കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന നക്ഷത്രങ്ങളുടെ പരിണാമ പ്രക്രിയകളുടെ അനന്തരഫലമായിട്ടാണ്. നക്ഷത്രങ്ങളിൽ ഇരുമ്പ് കാണപ്പെടുന്നില്ല. എന്നാൽ അനേക വർഷം കത്തിജ്വലിച്ചതിന് ശേഷം അവ ചുവപ്പ് ഭീകരന്മാരും (Red Giants) അതിഭീകരന്മാരുമായി (supergiant) പരിണമിക്കുകയും പിന്നീട് ഒരു വിസ്‌ഫോടനത്തിന് ശേഷം അവ നോവയും സൂപ്പർ നോവയുമായി മാറുകയും ചെയ്യുന്നു. ഇങ്ങനെ ചുവപ്പു ഭീകരന്മാർ സൂപ്പർ നോവകളായി ജ്വലിച്ചണയുമ്പോൾ അവയുടെ അകക്കാമ്പിലെ രാസഘടന ആത്യന്തികമായി ഇരുമ്പായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്. സൂപ്പർ നോവ വിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചത്തിൽ ചിതറിക്കിടക്കുന്ന ഇരുമ്പിനെ ഭൂമി പോലുളള ആകർഷണശക്തിയുളള ഗ്രഹങ്ങൾ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഭൂമിയുടെ ആകർഷണശക്തി തന്നെയാണ് ആകാശത്തുനിന്ന് ഇറങ്ങിവന്ന ഇരുമ്പിനെ വീണ്ടും ഭൂമിയുടെ അന്തർഭാഗത്തേക്ക് ആവാഹിക്കുന്നത്.
ഈ പ്രപഞ്ചത്തിൽനിന്നും മനുഷ്യൻ ഇതുവരെ കണ്ടെത്തിയ ഭാഗത്ത് കാണപ്പെടുന്ന മൂലകങ്ങൾ പരിശോധിക്കുകയാണെങ്കിൽ അതിൽ 74 ശതമാനവും ഹൈഡ്രജനാണെന്ന് കാണാം. തൊട്ടടുത്ത സ്ഥാനം 24 ശതമാനം വരുന്ന ഹീലിയത്തിനാണ്. മറ്റു നൂറിലേറെ മൂലകങ്ങളുടെ മൊത്തം തോത് രണ്ട് ശതമാനം മാത്രമാണ്. സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഹൈഡ്രജൻ ഹീലിയമായി മാറിക്കൊണ്ടിരി ക്കുന്ന പ്രതിഭാസമാണ് നടക്കുന്നത്. സൂര്യൻ പോലുളള ഒരു നക്ഷത്രത്തിൽ ഈ പ്രക്രിയ തുടർച്ചയായി സംഭവിക്കുമ്പോൾ അവയിലെ താപനില ക്രമേണ വർധിക്കുകയും ന്യൂക്ലിയർ ഫ്യൂഷനിലൂടെ കാർബൺ ജന്മം കൊള്ളാൻ തുടങ്ങുകയും ചെയ്യും. പിന്നീട് കാർബൺ സോഡിയവും മഗ്‌നീഷ്യവും നിയോണുമായി പരിണമിക്കും. താപം വർധിക്കുന്നതിനനുസരിച്ച് പിന്നീടുളള ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയയിൽ അലൂമിനിയം, സിലിക്കൺ തുടങ്ങിയ മൂലകങ്ങളും രൂപന്തരപ്പെടും. താപനില വീണ്ടും ഉയർന്ന് രണ്ടായിരം മില്യൺ സെന്റിഗ്രേഡിൽ എത്തുമ്പോൾ നക്ഷത്രങ്ങളുടെ അകക്കാമ്പ് ടൈറ്റാനിയം, ക്രോം, മാംഗനീസ്, ഇരുമ്പ് എന്നിവയിലേക്ക് പരിണമിക്കും. ഒരു നക്ഷത്രത്തിൽ ഇത്തരം മൂലകങ്ങൾ രുപപ്പെടണമെങ്കിൽ അതികഠിനമായ താപം ആവശ്യമാണ്. നക്ഷത്രങ്ങളുടെ ജീവിത ഘട്ടത്തിലെ ചുവപ്പു ഭീകരന്മാർ, അതി ഭീകരന്മാർ എന്നീ ഘട്ടങ്ങളിൽ മാത്രമാണ് ഇത്രയും താപം ലഭിക്കുന്നത്. ഈ നക്ഷത്രങ്ങൾ സൂപ്പർ നോവകളായി പൊട്ടിത്തെറിക്കുമ്പോൾ താരതമ്യേന ശക്തിയുളള മൂലകമായ ഇരുമ്പ് ആകാശത്ത് ചിതറുകയും ഭൂമിപോലുളള ഗ്രഹങ്ങളിലേക്ക് അവ എത്തിപ്പെടുകയും ചെയ്യുന്നു. ഉൽക്കാവർഷത്തിലൂടെ ഓരോ വർഷവും ടൺ കണക്കിന് ഇരുമ്പ് ഭൂമിയിൽ പതിക്കുന്നുണ്ട്. ഇരുമ്പ് ആകാശത്തുനിന്ന് ഇറക്കി എന്ന വചനത്തിന്റെ ദൈവികത ഇതിലൂടെ ബോധ്യപ്പെടുന്നു.
ഇരുമ്പിന്റെ ശക്തിയെക്കുറിച്ചാണ് ക്വുർആൻ അടുത്ത വചനത്തിൽ സൂചിപ്പിക്കുന്നത്. സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളെ പോലെ അതിപുരാതന കാലം മുതൽ മനുഷ്യൻ അറിയുകയും ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ലോഹമാണ് ഇരുമ്പ്. എങ്കിലും ഇതര ലോഹങ്ങളെ അപേക്ഷിച്ച് ഇത് അൽപം ശക്തമാണ്. അയേൺ ആറ്റത്തിലെ 26 പ്രോട്ടോണുകളും 30 ന്യൂട്രോണുകളും 26 ഇലക്ട്രോണുകളുമാണ് ഇരുമ്പിന്റെ ശക്തിയുടെ നിദാനം. ഇതര ലോഹങ്ങളെ അപേക്ഷിച്ച് ഇരുമ്പിന് കാന്തിക ആകർഷണ ശക്തിയും അടിച്ചു പരത്താനും വലിച്ചു നീട്ടാനുമുളള ഇലാസ്തികതയും ചൂടിനെ ചെറുക്കാനുളള പ്രതിരോധ ശക്തിയുമുണ്ട്. ഇരുമ്പ് 1536 ഡിഗ്രി സെന്റി ഗ്രേഡിന് മുമ്പ് ഉരുകുകയില്ല. ഇനിയും ഒട്ടേറെ സവിശേഷതകളുള്ള ഒരു ലോഹമാണ് ഇരുമ്പ്.

ഇരുമ്പുകൊണ്ട് ജനങ്ങൾക്ക് ധാരാളം പ്രയോജനമുണ്ടെന്നും ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. ഭൂമിയിലെ ജനവാസത്തിനും നാഗരികതക്കും ഇരുമ്പ് ബൃഹത്തായ സംഭാവനകൾ നൽകുന്നുണ്ട്. ഭൂമിയിലെ അകക്കാമ്പിലെ ഇരുമ്പ് ഭൂമിയുടെ ആകർഷണശക്തിയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂമിയുടെ ഈ ആകർഷണ ശക്തിയാണ് ഭൂമിയുടെ ഉപരിഭാഗത്തുള്ള ജല, വാതക, ജൈവ മണ്ഡലത്തെ പിടിച്ചു നിർത്തുന്നത്. ഈ വാതക മണ്ഡലം മാരകമായ കിരണങ്ങളിൽനിന്ന് ഭൂമിക്ക് സംരക്ഷണം നൽകുന്നുണ്ട്. ഭൂമിയിലെ സുരക്ഷിതവും സുഖപ്രദവുമായ ജനവാസത്തിന് അനുയോജ്യമായ പല പ്രക്രിയകൾക്കും ഭൂമിയുടെ ആകർഷണശക്തി ആവശ്യമാണ്. ഭൂമിയിലെ ഇരുമ്പിന്റെ വർധിച്ച അളവ് ഈ രംഗത്ത് ഗണ്യമായ ഒരു പങ്ക് നിർവഹിക്കുന്നുണ്ട്.
മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശഘടനയിൽ ഇരുമ്പ് ഒരു അനിവാര്യഘടകമാണ്. സസ്യങ്ങളിലെ ഇലകളിലും കായിലും പൂവിലും വിത്തുകളിലുമുളള ഇരുമ്പിന്റെ അംശങ്ങളാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിലെത്തുന്നത്. രക്തത്തിലെ ഹിമോഗ്ലോബിനിൽ ഇരുമ്പ് ഒരു അഭിവാജ്യഘടകമാണ്. രക്തത്തിൽ മാത്രമല്ല ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളിലും ഇരുമ്പിന്റെ സാന്നിധ്യമുണ്ട്. ഇരുമ്പിന്റെ അഭാവം പലവിധ രോഗങ്ങൾക്ക് കാരണമായി ത്തീരുന്നുമുണ്ട്. ഇരുമ്പിൽ മനുഷ്യർക്ക് പ്രയോജനമുണ്ട് എന്ന് ക്വുർആൻ പ്രസ്താവിക്കുമ്പോൾ ഈ രുപത്തിലുളള ഇരുമ്പിന്റെ എണ്ണിയാൽ ഒടുങ്ങാത്ത പ്രയോജനങ്ങളാണ് അർഥമാക്കുന്നത്.
പലതരം ഇരുമ്പുകൾ ഭൂമിയിൽ കാണപ്പെടുന്നുണ്ട്. മൂലകങ്ങളുടെ ആറ്റോമിക് ഭാരത്തിനനുസരിച്ചാണ് ഇവയെ തരംതിരിക്കാറുളളത്. ഭൂമിയിൽ വളരെ കൂടുതൽ കാണപ്പെടുന്ന ഇരുമ്പിന്റെ ആറ്റോമിക് ഭാരം പരിശോധിക്കുകയാണെങ്കിൽ ക്വുർആനിലെ ഹദീദ് (ഇരുമ്പ്) എന്ന അധ്യായത്തിന്റെ ക്രമനമ്പറും അതിൽ ഇരുമ്പിനെക്കുറിച്ച് പ്രസ്താവിച്ച വചനത്തിന്റെ നമ്പറും ഇവയോട് സാമ്യമുളളതാണെന്ന് കാണാൻ സാധിക്കും. ഈ യോജിപ്പ് കേവലം യാദൃച്ഛിമല്ല; മറിച്ച് എല്ലാം അറിയുന്നവനാണ് ക്വുർആൻ അവതരിപ്പിച്ചത് എന്നതിന് ഒരു തെളിവ് കൂടിയാണ്.
