സ്വേച്ഛാധിപതികളുടെ പതനം; വിശ്വാസികൾക്കുള്ള പാഠങ്ങൾ
യാസീൻ അൽഹികമി (ജാമിഅഃ അൽഹിന്ദ്)
2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

ഒരു കാലഘട്ടത്തിൽ ഫിർഔനും ഹാമാനും അവരുടെ പട്ടാളങ്ങളും ഈ ഭൂമിയിൽ അധികാര താണ്ഡവമാടിയിരുന്നു. അന്ന് അവരുടെ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നത് ബനു ഇസ്‌റാഈൽ സമൂഹമായിരുന്നു. അതിരുകടക്കുകയും എന്തിനും കഴിവുള്ളവനാണെന്ന് കരുതുകയും ചെയ്ത ഫിർഔൻ; അവന്റെ അധികാരം അവനെ വഞ്ചിച്ചുകളഞ്ഞു! സ്വയം ഇലാഹാണെന്നുവരെ അവൻ വാദിച്ചു. അവൻ അഹങ്കരിക്കുകയും ഈജിപ്തിലെ ജനങ്ങളെ അടിമകളാക്കുകയും ചെയ്തു. സമൂഹത്തിൽ സ്വാധീനവും സ്ഥാനവും ഉണ്ടായിരുന്നവരെ സമ്പത്തും സ്ഥാനമാനങ്ങളും അലങ്കാരങ്ങളും മറ്റു ഐഹിക വിഭവങ്ങളും നൽകി അവൻ വരുതിയിലാക്കി. അവന്റെ പ്രതാപം അവരുടെ പ്രതാപമായി അവർ കണക്കാക്കി. അവന്റെ അധികാരം അവരുടെ അധികാരമായി അവർ കാണുകയും ചെയ്തു.
എന്നാൽ അവനു വഴങ്ങിക്കൊടുക്കാത്തവരെ കക്ഷികളും വിഭാഗങ്ങളുമാക്കി അവൻ വേർതിരിച്ചു. തമ്മിൽ അടിപ്പിച്ചു. അവനെതിരെ അവർ ഒന്നിക്കാതിരിക്കാൻ അവർക്കിടയിൽ ശത്രുതയും വിദ്വേഷവും നട്ടുപിടിപ്പിച്ചു. അവന്റെ മതത്തിന് കീഴൊതുങ്ങാത്ത ഇസ്‌റാഈൽ സന്തതികളെയാകട്ടെ അവൻ കൊടിയ പീഡനങ്ങൾക്ക് വിധേയരാക്കി. അവൻ അവരെ മൃഗീയമായി ശിക്ഷിച്ചു. അവരിലെ ആൺകുഞ്ഞുങ്ങളെ അറുകൊല നടത്തി. പുരുഷന്മാരെ അടിമകളാക്കുകയും സ്ത്രീകളെ കീഴടക്കുകയും ചെയ്തു.
അല്ലാഹു പറഞ്ഞു: “തീർച്ചയായും ഫിർഔൻ നാട്ടിൽ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവൻ വ്യത്യസ്ത കക്ഷികളാക്കിത്തീർക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ ദുർബലരാക്കിയിട്ട്, അവരുടെ ആൺമക്കളെ അറുകൊല നടത്തുകയും അവരുടെ പെൺമക്കളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീർച്ചയായും അവൻ നാശകാരികളിൽ പെട്ടവനായിരുന്നു’’ (അൽക്വസ്വസ് 4).
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. ദുർബലരായിരുന്ന ആ സമൂഹത്തിന് സഹായവും വിജയവും അല്ലാഹു പ്രദാനം ചെയ്തു. അല്ലാഹു മൂസാ(അ)യെ പ്രവാചകനായി നിയോഗിച്ചു. ആ സമൂഹത്തെ ശരിയായ ദീനിൽ ഉറപ്പിച്ചു നിർത്താൻ, ഫിർഔനിനെ അല്ലാഹുവിന്റെ അടിമ മാത്രമാണ് അവൻ എന്ന യാഥാർഥ്യം ഓർമപ്പെടുത്താൻ, അല്ലാഹു മാത്രമാണ് ലോകങ്ങളുടെ രക്ഷിതാവ് എന്ന് ബോധ്യപ്പെടുത്താൻ മൂസാ(അ) നിയുക്തനായി.
അതിക്രമിയായ ഫിർഔനിന്റെ കൊലയും കുഴപ്പവും പക്ഷേ, വർധിച്ചുകൊണ്ടിരുന്നു. അവന്റെ മനസ്സിൽ കോപവും ധാർഷ്ട്യവും നിറഞ്ഞിരുന്നു. അവൻ പറഞ്ഞു:
“നാം അവരുടെ (ഇസ്‌റാഈല്യരുടെ) ആൺമക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്യുന്നതാണ്. തീർച്ചയായും നാം അവരുടെ മേൽ സർവാധിപത്യമുള്ളവരായി രിക്കും’’ (അൽഅഅ്‌റാഫ് 127).
ദൗർബല്യത്തിന്റെയും ഭയപ്പാടിന്റെയും ശക്തമായ അവസ്ഥയിലായിരുന്ന സമൂഹത്തോട് മൂസാ നബി(അ) ക്ഷമിക്കാനും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും കൽപിച്ചു. അവരുടെ ദുർബലാവസ്ഥയിൽ ഫിർഔനെതിരെ ആയുധമേന്താൻ പ്രേരിപ്പിച്ചില്ല. സ്വേച്ഛാധിപത്യത്തിന്റെ അവസാനം നാശമാണെന്നും ഭൂമി അല്ലാഹുവിന്റെതാണെന്നും അവൻ തന്റെ ദാസന്മാരിൽനിന്ന് താൻ ആഗ്രഹിക്കുന്നവർക്ക് അവകാശപ്പെടുത്തി കൊടുക്കുന്നുവെന്നും, പര്യവസാനം (ശുഭാന്ത്യം) സൂക്ഷ്മശാലികൾക്കാണെന്നും അദ്ദേഹം അവരോട് പറഞ്ഞു.
“മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസൻമാരിൽനിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധർമനിഷ്ഠ പാലിക്കുന്നവർക്ക് അനുകൂലമായിരിക്കും. അവർ പറഞ്ഞു: താങ്കൾ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്റെ മുമ്പും, താങ്കൾ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങൾ മർദിക്കപ്പെട്ടിരിക്കുക യാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും ഭൂമിയിൽ നിങ്ങളെ അവൻ അനന്തരാവകാശികളാക്കുകയും ചെയ്‌തേക്കാം. എന്നിട്ട് നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവൻ നോക്കുന്നതാണ്’’ (അൽഅഅ്‌റാഫ് 128-129).
താൻ റബ്ബാണെന്നു പോലും ഫിർഔൻ വാദിച്ചു: “ഞാൻ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവൻ പറഞ്ഞു’’ (അന്നാസിആത്ത് 24).
അങ്ങനെ ഫിർഔനിനെയും അവന്റെ സൈന്യങ്ങളെയും പ്രതാപിയും കഴിവുറ്റവനുമായ റബ്ബ് അതിശക്തമായി പിടികൂടുകയും പിന്നീട് വരുന്ന സമൂഹങ്ങൾക്ക് ഒരു പാഠമാക്കുകയും ചെയ്തു. അങ്ങനെ ആ അക്രമികളായ ജനത നിശ്ശേഷം നശിപ്പിക്കപ്പെട്ടു. ലോകരക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.
ഈ ഭൂമിയിൽ എത്രയെത്ര ഫിർഔൻമാരും പട്ടാളങ്ങളും ജീവിച്ചുപോയിട്ടുണ്ട്! എത്രയെത്ര അക്രമങ്ങളും അതിക്രമങ്ങളും നടന്നിട്ടുണ്ട്! ഈ ഭൂമിയിൽ അടിച്ചമർത്തപ്പെട്ട എത്ര സമൂഹങ്ങൾ ഉണ്ടായിട്ടുണ്ട്, അതിക്രൂരമായി കൊല്ലപ്പെട്ടവരുണ്ട്! അതിൽനിന്നെല്ലാം അല്ലാഹുവിൽനിന്നുള്ള മോചനവും വ്യക്തമായ സഹായവും കിട്ടിയവരുമുണ്ട്.
അതിക്രമികളുടെ നാശത്തിലും പീഡിതരുടെ രക്ഷയിലും മുവഹ്ഹിദുകളുടെ വിജയത്തിലുമെല്ലാം ബുദ്ധിശാലികൾക്ക് പല പാഠങ്ങളും ഉപദേശങ്ങളുമുണ്ട്:
1. അല്ലാഹു അൽഹമീദും അൽമജീദും തന്നെയാകുന്നു. അതായത് സ്തുതികൾക്കെല്ലാം സദാ അർഹനാണവൻ. എപ്പോഴും എല്ലാ നന്മകൾ കൊണ്ടും വാഴ്ത്തപ്പെടേണ്ടവനാണ് അവൻ. ഒരു വിശ്വാസി അല്ലാഹുവിൽനിന്നുണ്ടാകുന്ന അനുഗ്രഹങ്ങൾക്കും നന്മകൾക്കും അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുന്നവനാണ്.
അല്ലാഹു പറഞ്ഞു: “മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാണ്). നിങ്ങൾക്ക് കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും നിങ്ങളുടെ ആൺമക്കളെ അറുകൊലനടത്തുകയും നിങ്ങളുടെ സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിർഔനിന്റെ കൂട്ടരിൽനിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദർഭത്തിൽ അല്ലാഹു നിങ്ങൾക്കു ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. അതിൽ നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്. നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചുതരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമത്രെ)’’ (ഇബ്‌റാഹീം 4-7).
സമാധാനത്തോടെയും നിർഭയത്വത്തോടെയും അല്ലാഹുവിന്റെ മതമനുസരിച്ച് ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിക്കുവാൻ സാധിക്കുന്നതിൽ നമ്മൾ അവനെ സ്തുതിക്കുകയും അവന്ന് നന്ദി ചെയ്യുകയും ചെയ്യേണ്ടതുണ്ട്.
2. അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് ഒരു യഥാർഥ വിശ്വാസി ഒരിക്കലും നിരാശനാവുകയില്ല. അല്ലാഹുവിന്റെ കാരുണ്യത്തിൽനിന്ന് ആശയറ്റ് പോവുകയുമില്ല. അല്ലാഹു സമീഉം (എല്ലാം കേട്ടറിയുന്നവൻ) ക്വരീബും (സമീപസ്ഥൻ) സഹായിക്കുന്നവനുമാണെന്ന് അവൻ ഉറച്ചുവിശ്വസിക്കുന്നു. ഈ യാഥാർഥ്യങ്ങളിൽനിന്ന് അവൻ അശ്രദ്ധനാവുകയില്ല. അത് അവൻ വിസ്മരിക്കുകയുമില്ല. പ്രയാസത്തിനുശേഷം അല്ലാഹു ഒരു എളുപ്പം നിശ്ചയിച്ചിട്ടുണ്ടെന്ന് അവൻ ഉറച്ചുവിശ്വസിക്കുന്നു.
അല്ലാഹു പറഞ്ഞു: “പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം നിശ്ചയിക്കുന്നതാണ്’’ (അത്ത്വലാക്വ് 7).
ദുരിതങ്ങളും പ്രയാസങ്ങളും എത്രതന്നെയാണെങ്കിലും, അല്ലാഹു പ്രയാസങ്ങളെയും ആശങ്കകളെയും നീക്കിത്തരുന്നവൻ തന്നെയാണ്.
നബിﷺ പറഞ്ഞു: “നീ അറിയുക, നീ വെറുക്കുന്ന കാര്യത്തിൽ ക്ഷമിക്കുക എന്നതിൽ ഒരുപാട് നന്മയുണ്ട്. സഹായം ക്ഷമയുടെ കൂടെ തന്നെയാണ്. ആശ്വാസം പ്രയാസത്തിന്റെ കൂടെ തന്നെയാണ്. പ്രയാസത്തിന്റെ കൂടെ എളുപ്പം തീർച്ചയായും ഉണ്ട്’’(അഹ്‌മദ്).
ഉമർ(റ) പറഞ്ഞു: “വിശ്വാസിയായ ഒരു അടിമക്ക് ബാധിക്കുന്ന ഏതൊരു പ്രയാസമാകട്ടെ, അതിനുശേഷം അല്ലാഹു ഒരു ആശ്വാസം പ്രദാനം ചെയ്യുന്നതാണ്. ഒരു പ്രയാസം എന്നത് (അതിനു മുമ്പും ശേഷവും ഉള്ള) രണ്ടു എളുപ്പങ്ങളെ ഒരിക്കലും അതിജയിക്കുകയില്ല’’ (ഇബ്‌നു അബീശൈബ).
അവൻ ദുർബലരെ സഹായിക്കുന്നവനും കഷ്ടപ്പെടുന്നവരുടെ പ്രാർഥനകൾക്ക് ഉത്തരം ചെയ്യുന്നവനും പ്രയാസപ്പെടുന്നവരെ രക്ഷിക്കുന്നവനുമാണ്.
ഹുദൈബിയ സന്ധിയുടെ ദിവസം, മുശ്‌രിക്കുകളുടെ അക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്ന അബൂ ജന്ദലിനോട് പ്രവാചകൻﷺ പറഞ്ഞു: ‘ഓ അബൂജന്ദൽ! താങ്കൾ ക്ഷമിക്കുക, അതിൽ പ്രതിഫലം കാംക്ഷിക്കുക. എന്നാൽ, താങ്കൾക്കും താങ്കളുടെ കൂടെ മർീിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർക്കും അല്ലാഹു ആശ്വാസവും പോംവഴിയും ഉണ്ടാക്കിത്തരികതന്നെ ചെയ്യും.’’
മദീനയിലേക്ക് ഹിജ്‌റ പോകാൻ സാധിക്കാതിരുന്നവരായിരുന്നു മക്കയിൽ മർദിക്കപ്പെട്ടിരുന്നവർ. മക്കയിലെ മുശ്‌രിക്കുകളെ യുദ്ധം ചെയ്ത് പരാജയപ്പെടുത്തി അവരെ മോചിപ്പിക്കാൻമാത്രം അന്ന് മുസ്‌ലിംകൾ ശക്തിപ്രാപിച്ചിരുന്നില്ല. ഹുദൈബിയ സന്ധിയോടുകൂടി മക്കയിലുള്ള ആരെയും മദീനയിലേക്ക് പറഞ്ഞയക്കുകയില്ല എന്ന് പ്രവാചകൻ മുശ്‌രിക്കുകളോട് കരാറിൽ ഏർപ്പെടുകയും ചെയ്തു. അതിനാൽതന്നെ, പ്രവാചകൻﷺക്ക് പീഡിപ്പിക്കപ്പെട്ടിരുന്ന, മക്കയിലെ അനുയായികളെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് അവരോട് ക്ഷമയവലംബിക്കാൻ കൽപിക്കുകയായിരുന്നു.
(അവസാനിച്ചില്ല)

