നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം 2

ശൈഖ് നാസ്വിറുദ്ദീൻ അൽഅൽബാനി(റഹി)

2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ

3. നിയ്യത്ത്

28. നമസ്‌കരിക്കാൻ പോകുന്നവൻ താൻ നമസ്‌കരിക്കാൻ പോകുന്ന ആ നമസ്‌കാരത്തെ മനസ്സിൽ കരുതൽ അനിവാര്യമാണ്. ഉദാഹരണത്തിന് ദ്വുഹ്ർ, അസ്വ‌്‌ർ എന്നിങ്ങനെ നിർബന്ധ നമസ്‌കാര ങ്ങളെന്നോ അവയുടെ സുന്നത്തുകളെന്നോ ഉള്ളത്- അത് ശർത്വ് അല്ലെങ്കിൽ റുക്‌ന് ആണ്. എന്നാൽ അത് നാവുകൊണ്ട് ചൊല്ലിപ്പറയുന്നത് നബിചര്യക്കെതിരായ ബിദ്അത്താണ്. മുക്വല്ലിദുകൾ പിൻപറ്റുന്ന ഒരു ഇമാമും ഇത് പറഞ്ഞിട്ടില്ല.

4. തക്ബീർ

29. അവൻ നമസ്‌കാരം ആരംഭിക്കുന്നത് اللهُ أَكْبَرُ (അല്ലാഹുവാണ് ഏറ്റവും വലിയവൻ) എന്ന് പറഞ്ഞുകൊണ്ടായിരിക്കണം. ഇത് റുക്‌നാണ്. കാരണം നബിﷺ പറഞ്ഞു:

مِفْتَاحُ الصَّلاةِ الطُّهُورُ وتَحْرِيمُهَا التَّكبِيرُ وتَحْلِيلُهَا التَّسْلِــيمُ

“നമസ്‌കാരത്തിന്റെ താക്കോൽ ശുദ്ധീകരണമാകുന്നു; തക്ബീറോടുകൂടി അതിലേക്ക് പ്രവേശിക്കുകയും തസ്‌ലീമോടുകൂടി(5) അതിൽനിന്നും പുറത്ത് വരികയും വേണം.’’

30. ഇമാമൊഴികെ മറ്റാരും ഒരു നമസ്‌കാരത്തിലും തക്ബീർ ചൊല്ലുമ്പോൾ ശബ്ദമുയർത്തരുത്.

31. ആവശ്യമായി വരികയാണെങ്കിൽ- ഇമാമിന് രോഗം ബാധിക്കുകയും ശബ്ദം ദുർബലമാവുകയും ചെയ്താൽ; അതല്ലെങ്കിൽ പിന്നിൽ നമസ്‌കരിക്കുന്നവർ വർധിച്ചാൽ-ഇമാമിന്റെ ശബ്ദം ജനങ്ങളെ കേൾപിക്കുന്നതിനുവേണ്ടി മുഅദ്ദിൻ അത് ആവർത്തിക്കുന്നത് അനുവദനീയമാണ്.

32. ഇമാം തക്ബീർ ചൊല്ലിക്കഴിഞ്ഞാലല്ലാതെ മഅ്മൂം തക്ബീർ ചൊല്ലരുത്.

കൈകൾ ഉയർത്തലും അതിന്റെ രൂപവും

33. തക്ബീർ ചൊല്ലുന്നതോടൊപ്പം, അതല്ലെങ്കിൽ അതിനു മുമ്പ്, അതുമല്ലെങ്കിൽ അതിനുശേഷം കൈകൾ ഉയർത്തണം. ഇവയെല്ലാം സുന്നത്തിൽ സ്ഥിരപ്പെട്ടതാണ്.

34. വിരലുകൾ നിവർത്തിക്കൊണ്ട് കൈകൾ ഉയർത്തണം.

35. കൈപ്പടങ്ങൾ ചുമലുകൾക്ക് നേരെയാകുന്നത് വരെ ഉയർത്തണം; ചിലപ്പോൾ, കുറച്ചുകൂടി മേലോട്ടുയർത്തി ചെവികളുടെ നേരെയാക്കാം.(6)

കൈ കെട്ടലും അതിന്റെ രൂപവും

തക്ബീറിനു ശേഷം വലതുകൈ ഇടതുകൈയിന്മേൽ വെക്കണം. ഇത് പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ്. അല്ലാഹുവിന്റെ ദൂതർﷺ സ്വഹാബികളോട് കൽപിച്ചതും അപ്രകാരം തന്നെയാണ്. അതിനാൽ, കൈകൾ താഴ്ത്തിയിടുന്നത് അനുവദനീയമല്ല.

37. തന്റെ വലതുകൈ ഇടത്തെ കൈപ്പത്തിയുടെ പുറകുവശത്തും മണിബന്ധത്തിലും കൈത്തണ്ടയിലുമായി വെക്കണം.

38. ചിലപ്പോൾ, വലതുകൈകൊണ്ട് ഇടതുകൈ കൂട്ടിപിടിക്കുകയും ചെയ്യാം.(7)

കൈകൾ വെക്കേണ്ട സ്ഥാനം

39. കൈകൾ രണ്ടും നെഞ്ചിന്മേൽ മാത്രമെ വെക്കാൻ പാടുള്ളൂ. ഇതിൽ പുരുഷനും സ്ത്രീയും സമമാണ്. (8)

40. വലതുകൈ ഊരമേൽ വെക്കുന്നത് അനുവദനീയമല്ല.

ഭക്തിയും സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലും

41. നമസ്‌കാരത്തിൽ ഭക്തിയുണ്ടാകലും അലങ്കാരങ്ങളും ചിത്രപ്പണികളുമുള്ള, നമസ്‌കരിക്കുന്നയാളുടെ ശ്രദ്ധ തിരിക്കുന്ന എല്ലാംതന്നെ ഒഴിവാക്കലും സ്വന്തം ബാധ്യതയാണ്. ഭക്ഷണം വിളമ്പിക്കഴിഞ്ഞാലും മൂത്ര വിസർജനത്തിനോ മലവിസർജനത്തിനോ തോന്നിയാലും നമസ്‌കരിക്കാൻ പാടുള്ളതല്ല.

42. നിൽക്കുമ്പോൾ സുജൂദിന്റെ സ്ഥാനത്തേക്കുതന്നെ നോക്കണം.

43. വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുനോക്കരുത്, കാരണം തിരിഞ്ഞുനോക്കൽ അടിമയുടെ നമസ്‌കാരത്തിൽനിന്നും പിശാചിന്റെ റാഞ്ചിയെടുക്കലാണ്.

44. ആകാശത്തേക്ക് (ഉപരിഭാഗത്തേക്ക്) കണ്ണുകൾ ഉയർത്തുന്നത് അനുവദനീയമല്ല.

പ്രാരംഭ പ്രാർഥന

45. നബിﷺയിൽനിന്നും സ്ഥിരപ്പെട്ട പ്രാർഥനകളിലൊന്നുകൊണ്ട് തുടങ്ങണം. പ്രാർഥനകൾ ധാരാളമുണ്ട്; അവയിൽ ഏറ്റവും അറിയപ്പെട്ടത് ഇതാണ്:

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ

“അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്നെ വാഴ്ത്തുകയും ചെയ്യുന്നു. നിന്റെ നാമം അനുഗൃഹീതമായിരിക്കുന്നു. നിന്റെ മഹത്ത്വം ഉയർന്നിരിക്കുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.’’

ഇതിനുള്ള കൽപന സ്ഥിരപ്പെട്ടതാണ്. അതിനാൽ അത് പതിവാക്കൽ അനിവാര്യമാണ്.(9)

5. ക്വുർആൻ പാരായണം

46. ശേഷം, അല്ലാഹുവോട് രക്ഷതേടൽ നിർബന്ധമാണ്; ഒഴിവാക്കുന്നത് പാപവും.

47. ചിലപ്പോൾ നബിﷺ ഇപ്രകാരം പറയും: أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ

“ശപിക്കപ്പെട്ട പിശാചിൽനിന്നും അവന്റെ ബാധയിൽനിന്നും അവന്റെ അഹങ്കാരത്തിൽനിന്നും അവന്റെ കവിതയിൽനിന്നും ഞാൻ അല്ലാഹുവിനോട് രക്ഷതേടുന്നു” النَّفْثُ(കവിത) കൊണ്ടുദ്ദേശിക്കപ്പെടുന്നത് ആക്ഷേപാർഹമായ കവിതയാണ്.

48. മറ്റുചിലപ്പോൾ ഇപ്രകാരം പറയും:

أَعُوذُ بِاللهِ السَّمِيعِ الْعَلِيمِ مِنَ السَّيْطَانِ الرَّجِيم

“എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ അല്ലാഹുവിനോട് ഞാൻ ശപിക്കപ്പെട്ട പിശാചിൽനിന്നും രക്ഷതേടുന്നു.’’

49. ശേഷം, ഉറക്കെ ഓതുന്ന നമസ്‌കാരങ്ങളിലും പതുക്കെ ഓതുന്ന നമസ്‌കാരങ്ങളിലും ശബ്ദം താഴ്ത്തിക്കൊണ്ട് ഇങ്ങനെ പറയണം.

بِسمِ اللّٰهِ الرَّحْمٰنِ الرَّحِيم

“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.’’

ഫാതിഹ ഓതൽ

50. ശേഷം, സൂറത്തുൽ ഫാതിഹ പൂർണമായും ഓതണം ‘ബിസ്മില്ലാഹി...’ അതിലുള്ള ഒരായത്താണ്. ഇത് ഒരു റുക്‌നാണ്. ഇതില്ലാതെ നമസ്‌കാരം ശരിയാവുകയില്ല. അതിനാൽ അറബി അറിയാത്തവരും അത് മനഃപാഠമാക്കൽ നിർബന്ധമാണ്.

51. എന്നാൽ, അതിനും സാധിക്കുന്നില്ലെങ്കിൽ അവൻ ഇപ്രകാരം പറഞ്ഞാൽ മതിയാകും:

سُبْحَانَ اللهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ وَلَا حَولَ وَلَا قُوَّةَ إِلَّا بِاللَّهِ

“അല്ലാഹു പരിശുദ്ധൻ, സ്തുതി അവന്നാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അല്ലാഹുവാണ് ഏറ്റവും വലിയവൻ. അല്ലാഹുവിനല്ലാതെ ഒരു കഴിവും മഹത്ത്വവുമില്ല.’’

52. ഓതുമ്പോൾ, ഓരോ ആയത്തും മുറിച്ച് മുറിച്ച് ഓതലാണ് നബിചര്യ. ഓരോ ആയത്തിന്റെയും അവസാനത്തിൽ നിർത്തണം.

بِسمِ اللّٰهِ الرَّحْمٰنِ الرَّحِيم

“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.’’

ശേഷം അൽപം നിർത്തണം. എന്നിട്ട് പറയണം:الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ“സർവസ്തുതിയും സർവലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു.’’ ശേഷം അൽപം നിർത്തണം. എന്നിട്ട് പറയണം: الرَّحْمَٰنِ الرَّحِيمِ

“പരമകാരുണികനും കരുണാനിധിയും.’’

ശേഷം അൽപം നിർത്തണം. എന്നിട്ട് പറയണം: مَالِكِ يَوْمِ الدِّينِ “പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ.’’ ശേഷം അൽപം നിർത്തണം. ഇപ്രകാരം അവസാനം വരെ തുടരണം. നബിﷺയുടെ എല്ലാ പാരായണവും ഈ രൂപത്തിൽ തന്നെയായിരുന്നു. ഓരോ ആയത്തിന്റെയും അവസാനത്തിൽ നിർത്തി, ശേഷമുള്ള ആയത്തുമായി ചേർക്കാതെ ഓതും; ആശയപരമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ആയത്തുകളാണെങ്കിൽ പോലും.

53. مَالِكِ (മാലികി-ഉടമസ്ഥൻ) എന്നും مَلِكِ (മലികി-രാജാവ്) എന്നും ഓതുന്നത് അനുവദനീയമാണ്. (തുടരും)

കുറിപ്പുകൾ:

(6) ഞാൻ (അൽബാനി) പറയുന്നു: ‘എന്നാൽ തന്റെ തള്ളവിരലുകൾകൊണ്ട് ചെവികൾ തൊടുന്നതിന് നബിചര്യയിൽ അടിസ്ഥാനമില്ലാത്തതാണ്. പ്രത്യുത, എന്റെ വീക്ഷണത്തിൽ അത് ‘വസ്‌വാസി’നെ ക്ഷണിച്ചുവരുത്തലാണ്.’

(7) എന്നാൽ, പിൽക്കാലക്കാരായ ചിലർ പരത്തിവെക്കലും കുട്ടിപ്പിടിക്കലും ഒന്നിച്ച് ചെയ്യുന്നത് നല്ലതായി കണ്ടിട്ടുണ്ട്. അത് അടിസ്ഥാനമില്ലാത്തതാണ്.

(8) ഞാൻ (അൽബാനി) പറയുന്നു: ‘കൈകൾ നെഞ്ചല്ലാത്തതിന്മേൽ വെക്കുന്നത് ഒന്നുകിൽ ദുർബലമാണ്, അല്ലെങ്കിൽ അടിസ്ഥാനരഹിതമാണ്.’

(9) ബാക്കിയുള്ള പ്രാർഥനകൾ അറിയാൻ ഉദ്ദേശിക്കുന്നവർ ‘നബിﷺയുടെ നമസ്‌കാരം’ (പേജ് 93-101. മലയാള പരിഭാഷ) കാണുക.