ഹദീസ് വിജ്ഞാനീയം
ആരിഫ് ബുസ്താനി
2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

ഉലൂമുൽ ഹദീസ്’ (ഹദീസ് വിജ്ഞാനീയം) ഇസ്‌ലാമിലെ സുപ്രധാനമായ ഒരു വിജ്ഞാന ശാഖയാണ്. ‘മുസ്വ‌്ത്വലഹുൽ ഹദീസ്,’ ‘ഉസ്വൂലുൽ ഹദീസ്’ എന്നിങ്ങനെയും ഈ വിജ്ഞാനശാഖ അറിയപ്പെടുന്നു. പ്രവാചകചര്യയുടെ നിവേദനം, ക്രോഡീകരണം, പ്രാമാണികത എന്നിത്യാദി കാര്യങ്ങൾ ചർച്ച ചെയ്യുന്ന ശാഖയാണ് ഇത്. പണ്ഡിതന്മാർ അങ്ങേയറ്റം സൂക്ഷ്മത പുലർത്തി ക്രമപ്പെടുത്തിയതാണ് ഈ വിഷയം.
മുഹമ്മദ് നബിﷺയുടെ വിയോഗത്തോടെ മുസ്‌ലിംകൾക്കിടയിൽ പല പുതിയ പ്രശ്‌നങ്ങളും കുഴപ്പങ്ങളും ഉടലെടുത്തു. പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ആരാധനകളടെ സംശുദ്ധിക്കും മുസ്‌ലിംകൾ ഹദീസിൽ അങ്ങേയറ്റം ശ്രദ്ധചെലുത്തി. കാലാന്തരത്തിൽ റസൂലിന്റെ സുന്നത്തുകൾ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയും പണ്ഡിതന്മാർക്കുണ്ടായിരുന്നു. അവർ ഹദീസുകൾ ശേഖരിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്തു. അതിനുപുറമെ, അവ രേഖപ്പെടുത്താനും സൂക്ഷിച്ചുവെക്കാനും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
എന്നാൽ ഹദീസുകൾ ക്വുർആൻ പോലെയല്ല. അത് പലപ്പോഴായി പലയിടത്തും വെച്ച് പലരോടായി പറഞ്ഞതും പ്രവർത്തിച്ചതുമാണ്. അത് പലരിൽനിന്നുമായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. കാലക്രമേണ ഹദീസല്ലാത്തത് ഹദീസായി പ്രചരിപ്പിക്കപ്പെട്ടേക്കാം. നിവേദകരിൽ കളവു പറയുന്നവരും ഓർമക്കുറവുള്ളവരും പ്രായപൂർത്തിയാവാത്തവരും മനുഷ്യത്വമില്ലാത്തവരുമൊക്കെ ഉണ്ടാകാം. പല കാലങ്ങളിലായി, പല കരങ്ങളിലൂടെ പിൻഗാമികളിലേക്കെത്തിയതിനാൽ പലതിലും പലവിധ ന്യൂനതയും കാണാനുള്ള സാധ്യത ഏറെയാണ്. ഇക്കാരണങ്ങൾകൊണ്ടെല്ലാം കുറ്റമറ്റ ഹദീസുകളെ വേർതിരിച്ചെടുക്കാൻ ഹദീസിന്റെ നിവേദനകണ്ണി അറ്റുപോയിട്ടുണ്ടോ, നിവേദകർ കുറ്റമറ്റതാണോ എന്നൊക്കെ പഠിക്കേണ്ടത് പണ്ഡിതന്മാർക്ക് അനിവാര്യമായി വന്നു. അങ്ങനെ ഹദീസുകളുടെ സ്വീകരണ-തിരസ്‌കരണവുമായി ബന്ധപ്പെട്ട് പല നിബന്ധനകളും നിയമങ്ങളും അവർ ഉണ്ടാക്കി. ആ നിയമങ്ങളാണ് ഉലൂമുൽ ഹദീസ് ആയി അറിയപ്പെടുന്നത്. ഈ വിജ്ഞാനശാഖ കാലാന്തരത്തിൽ വളർന്ന് വികസിച്ച് വലിയ സ്ഥാനം കൈവരിച്ചു.
ഹദീസ് വിജ്ഞാനത്തിന് ‘ദിറായ,’ ‘രിവായ’ എന്നിങ്ങനെ രണ്ടു ശാഖകളുണ്ട്. ഹദീസിലെ പാഠവുമായി ബന്ധപ്പെട്ടതാണ് ദിറായ. പ്രവാചകന്റെ വാക്ക്, പ്രവൃത്തി, സമ്മതം, പ്രകൃതിപരവും സ്വഭാവസംബന്ധമായ ഗുണവിശേഷങ്ങൾ എന്നിവ നിവേദനം ചെയ്യുമ്പോഴുണ്ടാകേണ്ട അവധാനതയും സൂക്ഷ്മതയുമായി ബന്ധപ്പെട്ടാണ് ദിറായയിലെ ചർച്ച.
ഹദീസിന്റെ നിവേദനവുമായി ബന്ധപ്പെട്ടതാണ് ‘രിവായ.’ ഹദീസ് നിവേദകരുടെ ഗുണനിലവാരം, ഹദീസിന്റെ സ്വീകാര്യത, അസ്വീകാര്യത തുടങ്ങിയവയൊക്കെയാണ് രിവായയിലെ ചർച്ച.
ഉലൂമുൽ ഹദീസിന്റെ പരിധിയിൽ വരുന്ന ഇനങ്ങൾ ധാരാളമുണ്ട്. അതിലെ പ്രധാനപ്പെട്ട ഏഴു വിഷയങ്ങൾ താഴെ കൊടുക്കുന്നു:
1. സ്വഹീഹ്, ഹസൻ, ദഈഫ് ചർച്ച.
2. ദുർബല ഹദീസുകൾ തന്നെ ഇനം തിരിച്ചുള്ള ചർച്ച.
3. ഹദീസ് നിവേദനം ചെയ്യാനുള്ള പ്രായം.
4. ഹദീസ് സ്വീകരിക്കാനും കൈമാറാനുമുള്ള മാർഗങ്ങൾ.
5. ഹദീഥ് നിവേദകരുടെ സ്വീകാര്യതയും അസ്വീകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ.
6. നിവേദകരെയും അവരുടെ നാടുകളെക്കുറിച്ചുമുള്ള അറിവ്.
7. നിവേദകരിൽ തന്നെ വിശ്വസ്തരെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാനദണ്ധങ്ങൾ.
ഉലൂമുൽ ഹദീസിൽ ബൃഹത്തായ ധാരാളം ഗ്രന്ഥങ്ങൾ ഇനം തിരിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 233 ൽ മരണപ്പെട്ട ഇമാം യഹ്‌യബ്‌നു മുഈനി(റഹി)ന്റെ ‘മഅ്‌രിഫതുർരിജാൽ,’ ഹിജ്‌റ 256ൽ മരണപ്പെട്ട ഇമാം ബുഖാരി(റഹി)യുടെ ‘അദ്ദുഅഫാഅ്,’ ഹിജ്‌റ 303ൽ മരണപ്പെട്ട അഹ്‌മദ് അന്നസാഈ(റഹി)യുടെ ‘കിതാബുദ്ദുഅഫാഇ വൽമത്‌റൂകീൻ,’ ഹിജ്‌റ 327ൽ മരണപ്പെട്ട അബ്ദുർറഹ്‌മാനിർറാസി (റഹി)യുടെ ‘അൽജർഹു വത്തഅ്ദീൽ,’ ഹിജ്‌റ 365ൽ മരണപ്പെട്ട അബ്ദുല്ലാ ജുർജാനി(റഹി)യുടെ ‘അൽകാമിൽ ഫീ മഅ്‌രിഫതിദ്ദുഅഫാഇൽ മഹദ്ദിസീൻ,’ ഹിജ്‌റ 748ൽ മരണമടഞ്ഞ ശംസുദ്ദീൻ ദഹബിയുടെ ‘മീസാനുൽ ഇഅ്തിദാൽ’ എന്നിവ ഈ വിഷയം സസൂക്ഷ്മം കൈകാര്യം ചെയ്ത അമൂല്യഗ്രന്ഥങ്ങളാണ്. ഉലൂമുൽ ഹദീസിന്റെ മറ്റൊരു വൈജ്ഞാനിക ശാഖയാണ് ‘ഇൽമു രിജാലിൽ ഹദീസ്.’ ഹദീസ് നിവേദകന്മാരെ ശരിയാംവിധം മനസ്സിലാക്കുന്നതിനുള്ളതാണ് ഇത്. ആദ്യമായി ഈ വിഷയത്തിൽ ശ്രദ്ധ പതിപ്പിച്ചത് ഇമാം ബുഖാരി(റഹി)യാണ്. പിന്നീട്, ഹിജ്‌റ 630ൽ ദിവംഗതനായ ഇമാം ഇസ്സുദ്ദീനുബ്‌നി ഇബ്‌നിൽ അസീർ(റഹി) ‘ഉസ്ദുൽ ഗാബ ഫീ അസ്മാഇസ്സ്വഹാബ’ എന്ന ഗ്രന്ഥം രചിച്ചു. ഈ വിഷയത്തിൽ ഇമാം ഇബ്‌നു ഹജരിൽ അസ്‌ക്വലാനിക്ക് ‘അൽഇസ്വാബ ഫീ തംയീസിസ്സ്വഹാബ’ എന്ന പേരിലും ശിഷ്യനായ ഇമാം സുയൂത്വി(റഹി)ക്ക് ‘ഐനുൽ ഇസ്വാബ’ എന്ന പേരിലും ഓരോരോ ഗ്രന്ഥമുണ്ട്. ‘ഐനുൽ ഇസ്വാബ’ അസ്‌ക്വലാനിയടെ ‘അൽഇസ്വാബ ഫീ തംയീസിസ്സ്വഹാബ’യെ സംഗ്രഹിച്ചതാണ്.
പ്രധാനപ്പെട്ട മറ്റൊരു വിജ്ഞാനശാഖയുണ്ട്. അതാണ് ‘ഇൽമു മുഖ്തലഫിൽ ഹദീസ്.’ പ്രഥമദൃഷ്ട്യാ പരസ്പരവിരുദ്ധമെന്ന് തോന്നുമെങ്കിലും പരസ്പരം സംയോജിപ്പിക്കാവുന്ന ഹദീസുകളെക്കുറിച്ചുള്ള ചർച്ചയാണ് അതിലുള്ളത്
ഇമാം ശാഫിഈ(റഹി)യുടെ ‘ഇഖ്തിലാഫുൽ ഹദീസ്,’ അബ്ദുല്ലാ അദ്ദൈനൂരി(റഹി)യുടെ ‘തഅ് വീലു മുഖ്തലഫിൽ ഹദീസ്’ എന്നിവ ഈ വിഷയത്തിലുള്ള ഗ്രന്ഥങ്ങളാണ്.
ഹദീസ് വിജ്ഞാനീയത്തിൽ സുപ്രധാനമാണ് ഹദീസിന്റെ ന്യൂനതകൾ ചർച്ച ചെയ്യുന്ന ‘ഇൽമുൽ ഇലലിൽ ഹദീസ്.’
യഹ്‌യബ്‌നു മുഈനി(റഹി)ന്റെ അത്താരീഖു വൽ ഇലൽ, ഇമാം അഹ് മദുബ്‌നു ഹമ്പലിന്റെ ‘ഇലലുൽ ഹദീസ്,’ മുഹമ്മദുബ്‌നു ഈസ അത്തിർമിദിയുടെ ‘അൽഇലൽ,’ അബ്ദുർറഹ്‌മാനുർറാസിയുടെ ‘ഇലലുൽ ഹദീസ്’ എന്നിവയെല്ലാം ഈ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങളാണ്.
ഹദീസ് വിജ്ഞാനീയത്തിൽ പ്രധാനവിഷയമായി കണക്കാക്കുന്ന മറ്റൊരു ശാഖയാണ് ‘ഇൽമു ഗരീബിൽ ഹദീസ്.’ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അറബിപദങ്ങളും പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന വിജ്ഞാനശാഖയാണത്. അബൂ ഉബൈദിൽ ഖാസിമി(റഹി)യുടെ ‘ഗരീബുൽ ഹദീസ്,’ ഇബ്‌നുൽ അസീറി(റഹി)ന്റെ ‘അന്നിഹായ ഫീ ഗരീബിൽ ഹദീസ്’ എന്നീ ഗ്രന്ഥങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങളാണ്.
നാസിഖ്, മൻസൂഖ് ചർച്ചയും ഈ ഹദീഥ് വിജ്ഞാനത്തിന്റെ പ്രധാനഭാഗമാണ്. നിയമപ്രാബല്യമുള്ളതും മറ്റൊന്നിന്റെ പ്രാബല്യം റദ്ദ് ചെയ്യുന്നതുമായ പ്രമാണം; അതാണ് നാസിഖ്. നിയമ പ്രാബല്യം റദ്ദ് ചെയ്യപ്പെട്ടത് മൻസൂഖും. ഇൽമുന്നാസിഖി വൽ മൻസൂഖ് എന്ന് ഇത് അറിയപ്പെടുന്നു. ക്വതാദസ്സദൂസി(റഹി)യുടെ ‘അന്നാസിഖ് വൽമൻസൂഖ്,’ ഇബ്‌നു ശാഹീ(റഹി)ന്റെ ‘നാസിഖുൽ ഹദീഥി വ മൻസൂഖുഹു,’ അബൂബക്കർ ഹമദാനി(റഹി)യുടെ ‘അൽഇഅ്തിബാറുഫിന്നാസിഖി വൽമൻസൂഖ്’ എന്നീ ഗ്രന്ഥങ്ങൾ ഈ വിഷയം ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
ഹദീസ് വിജ്ഞാനീയത്തിൽ മറ്റൊരു പ്രധാനഭാഗമാണ് ‘ഇൽമു താരീഖിർറുവാത്.’ നിവേദകരുടെ ചരിത്രം വിശകലനം ചെയ്യുന്ന ഭാഗം. മുഹമ്മദുബ്‌നു സഅദി(റഹി)ന്റെ ‘അത്ത്വബകാതുൽ കുബ്‌റ’യും ഇമാം ബുഖാരി(റഹി)യുടെ ‘അത്താരീഖുൽ കബീറും’ ഇബ്‌നുഹജരിൽ അസ്‌ക്വലാനി(റഹി)യുടെ ‘തഹ്ദീബുത്തഹ്ദീബും’ മുഹമ്മദ് നൈസാബൂരി(റഹി)യുടെ ‘താരീഖു നൈസാബൂരും’ ഖതീബ് ബഗ്ദാദി(റഹി)യുടെ ‘താരീഖു ബഗ്ദാദും’ ഇബ്‌നു അസാകിറി(റഹി)ന്റെ ‘താരീഖു ദിമശ്ക്വും’ ഈ വിഷയത്തിൽ അറിയപ്പെട്ട ഗ്രന്ഥങ്ങളാണ്.
നിവേദകരുടെ നാമങ്ങളും അപരനാമങ്ങളും ചർച്ച ചെയ്യുന്ന ഒരു ഭാഗവും ഹദീഥ് വിജ്ഞാനീയത്തിൽ ‘ഇൽമുൽ അസ്മാഇ വൽകുനാ,’ മുഹമ്മദ് ദുലാബി(റഹി)യുടെ ‘അൽകുനാ വൽഅസ്മാഅ്, ദഹബി(റഹി)യുടെ ‘അൽമുശ്തബഹു ഫീ അസ്മാഇർരിജാൽ,’ ഇബ്‌നുഹജരിൽ അസ്‌ക്വലാനി(റഹി)യുടെ ‘നുസ്ഹതുൽ അൽബാബി ഫിൽ അൽബാബ്’ എന്നീ ഗ്രന്ഥങ്ങൾ ഈ വിഷയം അടങ്ങിയതാണ്. ഉലൂമുൽ ഹദീസ് മൊത്തത്തിൽ വിശകലനം ചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങൾ വേറെയും വിരചിതമായിട്ടുണ്ട്.
