കാരുണ്യത്തിന്റെ പ്രവാചകൻ
സലീം പട്‌ല
2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

(മുഹമ്മദ് നബിﷺ: സ്വഭാവവും വ്യക്തിത്വവും 3)
കരുണയുള്ള മനസ്സിൽനിന്നാണ് കണ്ണീരും കരച്ചിലുമുണ്ടാവുക. നബിﷺ കരഞ്ഞിരുന്നു! ദുഃഖത്താൽ അവിടുന്ന് കണ്ണീർ പൊഴിച്ചിരുന്നു. ഭയഭക്തിയാൽ അവിടുത്തെ തിരുനയനങ്ങൾ നനഞ്ഞിരുന്നു. വേദനയാൽ വിതുമ്പിയിരുന്നു. എന്നാൽ അവിടുന്ന് ഒരിക്കലും ആർത്തു കരഞ്ഞില്ല! മാറത്തടിച്ച് നിലവിളിച്ചില്ല, അതിനെ ശക്തമായി വിലക്കുകയും വിരോധിക്കുകയും ചെയ്തു. മരണവക്രത്തിലുള്ള പേരക്കുട്ടിയെയുമെടുത്ത് കരയുന്ന റസൂലിനോട് സഅ്ദ്(റ) ‘അല്ലാഹുവിന്റെ റസൂലേ, അങ്ങ് കരയുകയാണോ’ എന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘ഇത് അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയങ്ങളിൽ ഇട്ടുകൊടുത്തിട്ടുള്ള കാരുണ്യമാണ്’(ബുഖാരി, മുസ്‌ലിം).
കരുണ കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ലെന്നും കാരുണ്യമുള്ളവരിലാണ് അല്ലാഹു കരുണ ചൊരിയുന്നതെന്നും ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കിൽ ഉപരിയിലുള്ളവൻ(അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും എന്നുമെല്ലാം നബിﷺ പഠിപ്പിച്ചു (അബൂദാവൂദ്, തിർമിദി).
നബിﷺ അനാഥമക്കളെ കാരുണ്യത്തോടെ ചേർത്തുപിടിച്ചിരുന്നു. രക്തസാക്ഷിയായ ജഅ്ഫറി(റ)ന്റെ മക്കളെ(അടുത്തിരുത്തി) വാത്സല്യത്തോടെ മുഖത്തേക്കടുപ്പിച്ചതും അപ്പോൾ നബിﷺയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതും നേരിൽ കണ്ട അസ്മാഅ്(റ) വിവരിക്കുന്നുണ്ട് (തിർമിദി).
ഭക്തിയും ദൈവഭയവും
അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന വ്യക്തി റസൂലായിരുന്നു. അബ്ദുല്ലാഹിബ്‌നു ശിഖ്ഖ്(റ) പറയുന്നു: “റസൂൽﷺ നമസ്‌കരിച്ചുകൊണ്ടിരിക്കെ ഞാൻ അദ്ദേഹത്തിന്റെ അടുത്തു ചെന്നു. അപ്പോൾ കരച്ചിൽ കാരണം അദ്ദേഹത്തിന്റെ ഉള്ളിൽനിന്ന് തിളക്കുന്ന വെള്ളം കണക്കെ ഒരു തേങ്ങൽ ഉയരുന്നുണ്ടായിരുന്നു’’ (തിർമിദി).
സംസാരവും ഉപദേശവും
ഏറ്റവും നല്ല സംസാരവും ഉപദേശങ്ങളുമായിരുന്നു നബിﷺയുടെത്. ആഇശ(റ) പറയുന്നു: “നബിﷺ സംസാരിക്കുമ്പോൾ ഒരാൾക്ക് വേണമെങ്കിൽ അതിലെ വാക്കുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമായിരുന്നു’’ (ബുഖാരി).
“റസൂൽﷺ നിങ്ങളീ സംസാരിക്കുന്നത് പോലെ തുരുതുരാ സംസാരിക്കാറില്ലായിരുന്നു.അടുത്ത് ഇരിക്കുന്നവർക്ക് ഹൃദിസ്ഥമാക്കാവുന്ന വിധം സ്പഷ്ടവും വ്യക്തവുമായിരുന്നു അദ്ദേഹത്തിന്റെ സംസാരം’’ (തിർമിദി).
അവിടുന്ന് ഉപദേശങ്ങളിൽ പോലും മിതത്വം പുലർത്തിയിരുന്നു. ‘ഞങ്ങൾക്ക് മടുപ്പ് തോന്നാതിരിക്കാൻ സ്ഥലവും സന്ദർഭവും നോക്കി ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് റസൂൽﷺ ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകിയിരുന്നത്’ എന്ന് ഇബ്‌നു മസ്ഊദ്(റ) പറയുന്നുണ്ട് (ബുഖാരി).
നബിﷺ നല്ലതായ തമാശ പറഞ്ഞിരുന്നു. തമാശ ആസ്വദിച്ചിരുന്നു. ചിരിപ്പിക്കാനായി കള്ളം പറഞ്ഞിരുന്നില്ല. ‘അല്ലാഹുവിന്റെ റസൂലേ, താങ്കൾ ഞങ്ങളോട് തമാശ പറയുന്നല്ലോ’ എന്ന് അവർ ചോദിച്ചപ്പോൾ റസൂൽ ﷺ പറഞ്ഞു: ‘അതെ. പക്ഷേ, ഞാൻ സത്യമല്ലാതെ പറയുകയില്ല’ (തിർമിദി).
നബിﷺയുടെ പ്രാർഥനകൾ
നബിﷺ എല്ലാവിധ ദുഃസ്വഭാവങ്ങളിൽനിന്നും അല്ലാഹുവോട് അഭയം തേടുകയും അത് അനുചരന്മാരെ പഠിപ്പിക്കുകയും ചെയ്തിരുന്നു.
“അല്ലാഹുവേ, ദുഃസ്വഭാവങ്ങളിൽനിന്നും ദുഷിച്ച പ്രവർത്തനങ്ങളിൽ നിന്നും ദുർവിചാരങ്ങളിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു’’ (തീർമിദി).
“അല്ലാഹുവേ, ദുർബലതയിൽനിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽനിന്നും പിശുക്കിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു...’’ (ബുഖാരി, മുസ്‌ലിം).
“അല്ലാഹുവേ, നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ. അതിലേക്ക് നയിക്കുവാൻ കഴിവുള്ളവനായി നീയല്ലാതെ മറ്റാരുമില്ല. നീ എന്നിൽനിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ. അതിനെ എന്നിൽനിന്ന് തടയാൻ കഴിവുള്ളവനായി നീയല്ലാതെ മറ്റാരുമില്ല...’’(മുസ്‌ലിം).
നബിﷺ പഠിപ്പിച്ച പ്രാർഥനകളിൽ ചിലതാണിവ.
സൽസ്വഭാവത്തിന്റെ മഹത്ത്വം നബിവചനങ്ങളിൽ
പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിച്ചപ്പോൾ. നബിﷺ പറഞ്ഞതിങ്ങനെയാണ്:
“പുണ്യം സൽസ്വഭാവമാണ്. പാപം നിന്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും മറ്റുള്ളവർ അറിയുന്നത് നീ ഇഷ്ടപ്പെടാത്തതുമാണ്’’(മുസ്‌ലിം).
നബിﷺ പറഞ്ഞു: “അന്ത്യനാളിൽ സത്യവിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തെക്കാൾ കനം തൂങ്ങുന്ന മറ്റൊരു വസ്തുവുമില്ല. അശ്ലീലം കലർന്ന വാക്ക് പറയുന്ന ദുഃസ്വഭാവിയെ അല്ലാഹു വെറുക്കുന്നു...’’ (തിർമിദി).
ജനങ്ങളെ കൂടുതലായി സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നത് ദൈവഭക്തിയും സൽസ്വഭാവവുമാണെന്നും നരകത്തിൽ പ്രവേശിപ്പിക്കുന്നത് വായയും ഗുഹ്യസ്ഥാനവുമാണെന്നും പ്രവാചകൻﷺ പഠിപ്പിച്ചു (തിർമിദി).
ഒരു സത്യവിശ്വാസി തന്റെ സൽസ്വഭാവം മുഖേന, വ്രതമനുഷ്ഠിക്കുന്നവന്റെയും നമസ്‌കരിക്കുന്നവന്റെയും പദവി നേടിയെടുക്കുമെന്നും (അബൂദാവൂദ്) സൽസ്വഭാവിക്ക് സ്വർഗത്തിന്റെ ഉപരിഭാഗത്ത് ഒരു ഭവനം ലഭിക്കുമെന്നും (അബൂദാവൂദ്) അന്ത്യനാളിൽ നിങ്ങളിൽ എനിക്ക് പ്രിയങ്കരരും സ്ഥാനത്താൽ എന്നോട് അടുത്തവരും നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവമുള്ളവരാണെന്നും അന്ത്യനാളിൽ നിങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും വെറുപ്പുള്ളവർ അധികം സംസാരിക്കുന്ന വായാടികളും ആത്മപ്രശംസകരും അഹങ്കാരികളുമാണെന്നും ജനങ്ങളോട് അടുത്തും സ്‌നേഹത്തോടും മൃദുവായും പെരുമാറുന്നവർക്ക് നരകം നിഷിദ്ധമെന്നും (തിർമിദി) നബിﷺ പഠിപ്പിച്ചു.
“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’ (വിശുദ്ധ ക്വുർആൻ 33:21).
(അവസാനിച്ചു)
