ആഹാദായ ഹദീസുകൾ അസ്വീകാര്യമോ?
ആരിഫ് ബുസ്താനി
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

ഹദീസുകളുടെ നിവേദകരുടെ എണ്ണത്തിനനുസിച്ചുള്ള, ‘മുതവാതിർ,’ ‘മശ്ഹൂർ,’ ‘അസീസ്,’ ഗരീബ്’ എന്നിങ്ങനെയുള്ള വിഭജനത്തിലെ അവസാനം പറഞ്ഞ മൂന്നെണ്ണത്തിനും കൂടി പറയുന്ന പേരാണ് ‘ആഹാദ്.’ മുതവാതിറല്ലാത്ത ഹദീസുകളെല്ലാം ആഹാദായിരിക്കും. അതായത്, പരമ്പരയിലെ ഓരോ കണ്ണിയിലും കുറഞ്ഞ നിവേദകരുള്ള ഹദീസ്. മുതവാതിറുകളുടെ പരമ്പരയിൽ നിവേദകരുടെ എണ്ണം ധാരാളമാണ്. അത്രയും അധികം പേർ യോജിച്ച് കളവു പറയാൻ സാധ്യതയില്ലാത്തതിനാൽ അത് പ്രമാണയോഗ്യമാണെന്നത് തീർച്ചയാണ്. എന്നാൽ ആഹാദായ ഹദീസുകൾ പരിശോധിച്ചതിനുശേഷം മാത്രമെ പ്രമാണയോഗ്യമാണോ അല്ലേ എന്ന് ഉറപ്പിച്ച് പറയാൻ കഴിയൂ. ഹദീസിന്റെ പരമ്പരയുടെ കണ്ണിയറ്റു പോയിട്ടുണ്ടോ, ഓരോ വ്യക്തിയും കുറ്റമറ്റവരാണോ എന്നെല്ലാം പരിശോധനാവിധേയമാക്കി എല്ലാ ദോഷങ്ങളിൽനിന്നും ഒഴിവായ ഒരു ആഹാദായ വചനം സ്വീകാര്യമാണെന്നുറപ്പിക്കാം. അങ്ങനെ ഉറപ്പ് വന്നാൽ പിന്നെ അത് സ്വീകരിക്കൽ നിർബന്ധമാണെന്നാണ് പണ്ഡിതമതം. എന്നാൽ, പരിശോധനാ വിധേയമാക്കി സ്വീകാര്യമെന്ന് തീർച്ചപ്പെടുത്തപ്പെട്ട ഒരു ഹദീസിനെ മുതവാതിറായില്ല എന്ന കാരണത്താൽ തള്ളിക്കളയുന്ന ചിലരുണ്ട്. റാവിമാരുടെ എണ്ണപ്പെരുപ്പമാണ് ഒരു ഹദീസിന്റെ പ്രാമാണികതക്ക് നിദാനമെന്നാണ് ഈ വീക്ഷണം മുഖേന വന്നുചേരുന്നത്. ഈ വീക്ഷണം ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ തകർത്തുകളയുന്ന താണ്.
കേരളത്തിൽ ഹദീസ് നിഷേധകർ രംഗത്തു വന്നത് നേരിട്ട് ഹദീസുകളെ നിരാകരിച്ചുകൊണ്ടല്ല. അവർ തുടക്കത്തിൽ ഒറ്റസാക്ഷി ഹദീസുകൾ അംഗീകരിക്കാനാവില്ലെന്ന വാദം മാത്രം മുന്നോട്ടുവച്ചു. പക്ഷേ, കാലക്രമേണ ആ വാദം മുഴുവൻ ഹദീസുകളെയും നിഷേധിക്കുന്ന തലത്തിലേക്ക് വളർന്നു. ഒരു കാര്യം കുറെ വ്യക്തികൾ ഒന്നിച്ച് പറഞ്ഞാലേ വിശ്വാസയോഗ്യമാകൂ എന്നത് തികച്ചും യുക്തിക്ക് നിരക്കാത്തതാണ്. കാരണം, കുറെ ആളുകൾ ഒരു സംഭവം ഒന്നിച്ച് കാണുകയോ കേൾക്കുകയോ ചെയ്തുകൊള്ളണമെന്നില്ല. മിക്കവാറും ഒറ്റ വ്യക്തിയായിരിക്കും സാക്ഷി. സാക്ഷികൾ ഒന്നോ രണ്ടോ അതിലേറെയോ ആയിരുന്നാലും വിശ്വസ്തരായാൽ മതി എന്ന നിബന്ധനയാണ് സമൂഹമനഃസാക്ഷി അംഗീകരിച്ചിട്ടുള്ളത്. മനുഷ്യപ്രകൃതി സൃഷ്ടിച്ച അല്ലാഹുവിന് മനുഷ്യരുടെ മാനസികാവസ്ഥ നന്നായറിയാം.
മതനിയമം പരലോകത്ത് രക്ഷയും ശിക്ഷയും ലഭിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. അത്തരം പ്രധാനകാര്യങ്ങൾക്ക് ഒറ്റസാക്ഷി ഹദീസ് പ്രമാണമാകില്ല എന്നാണ് വാദിക്കുന്നതെങ്കിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. ക്വുർആനിലും ഹദീസിലുമില്ലാത്ത സ്വയംകൃത നിബന്ധനകൾ വെക്കുന്നത് നബിﷺ വിരോധിച്ചിട്ടുള്ള കാര്യമാണ്. സൂക്ഷ്മതയുടെ പേരിലാണെങ്കിലും അത് അപകടം തന്നെ. ഹദീസുകൾ കൈമാറിയിട്ടുള്ളത് സ്വഹാബികളിലൂടെയും താബിഉകളിലൂടെയും അവരുടെ ശിഷ്യന്മാരിലൂടെയും മഹത്തുക്കളായ പണ്ഡിതന്മാരിലൂടെയുമാണ്. പണ്ഡിതന്മാർ പ്രവാചകന്മാരെ അനന്തരമെടുത്തവരാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാത്ത ഭയത്തിൽനിന്നുടലെടുക്കുന്ന ഒരു നിബന്ധന നിമിത്തം പണ്ഡിതന്മാരുടെ വാക്കുകൾക്ക് വില കൽപിക്കാത്ത ഒരു സമൂഹം വളർന്നുവരും. പണ്ഡിതന്മാരുടെ കയ്യിലുള്ള നിധിയാണ് ഇൽമ് അഥവാ അറിവ്. അത് അവർക്കു ലഭിച്ചത് ഒരു വ്യക്തിയിൽനിന്നോ ഒന്നിലധികം വ്യക്തിയിൽനിന്നോ ആയിരിക്കാം. അത് ഒരാളായാലും ഒന്നിലധികമായാലും വിശ്വസ്തരാണോ അല്ലേ എന്നതാണ് പരിഗണനീയം; അല്ലാതെ എണ്ണക്കൂടുതലല്ല.
ആത്മീയവും ധാർമികവുമായ വിഷയങ്ങൾ പഠിപ്പിക്കാൻ വേണ്ടി വന്ന പ്രവാചകന്മാർ പറഞ്ഞതും പഠിപ്പിച്ചതും ഒറ്റക്കായിരുന്നു. മതനിയമങ്ങൾ വിശ്വാസയോഗ്യമാകണമെങ്കിൽ ഒന്നിൽ കൂടുതൽ വ്യക്തികൾ പറയണമെന്ന് ഉണ്ടായിരുന്നുവെങ്കിൽ അല്ലാഹു ഒരു സംഘമായിട്ടായിരുന്നു പ്രവാചകന്മാരെ നിയോഗിക്കേണ്ടിയിരുന്നത്. എന്നാൽ മറ്റൊരാളുടെ മുമ്പിൽ വെച്ചാകാതെ, ആരും കാണാതെ വഹ്‌യ് ലഭിച്ച പ്രവാചകൻ ഞാനിതാ പ്രവാചകനാണ്, നിങ്ങൾ എന്നെ അനുസരിക്കണം എന്ന് ഒറ്റക്ക് വന്ന് പറയുന്നു. ആ ഒറ്റ സാക്ഷ്യത്തെ വിശ്വസിച്ചവർ വിജയിക്കുകയും ചെയ്തുവെന്ന് അല്ലാഹു ഉൽബോധിപ്പിക്കുന്നു. ജനങ്ങളിൽ ഭൂരിഭാഗവും അവരെ നിഷേധിക്കുകയും ചിലർ മാത്രം വിശ്വസിക്കുകയും ചെയ്യുന്നു. ധിക്കരിച്ചവരാരും പ്രവാചകൻ ഒരാളായിപ്പോയി എന്നതിനാലായിരുന്നില്ല നിഷേധിച്ചത്. നിഷേധികൾക്കുപോലും ഒറ്റസാക്ഷി പറ്റില്ല എന്ന വാദം ഉണ്ടായിട്ടില്ല എന്ന് വ്യക്തം. ഇമാം ശാഫിഈ(റഹി) തന്റെ ‘അർരിസാല’ എന്ന ഗ്രന്ഥത്തിൽ ഈ വാദഗതികളെ പലനിലയ്ക്കും ഖണ്ഡിച്ചതായി കാണാൻ സാധിക്കും. ഇപ്രകാരം ഒറ്റസാക്ഷി നിധേഷവാദം അസ്ഥാനത്താണെന്നു മനസ്സിലാക്കാനുതകുന്ന ചില ക്വുർആൻ വചനങ്ങൾ പരിശോധിക്കാം.
അല്ലാഹു പറയുന്നു: “നാമവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കിക്കൊടുത്തതിന് ശേ ഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്’’(2:159).
ഒരു വിജ്ഞാനം അല്ലാഹുവിന്റെ ക്വുർആനിൽനിന്നോ പ്രവാചകനിൽനിന്നോ പഠിച്ചറിഞ്ഞ വ്യക്തിക്ക് അത് ഒരു കൂട്ടം ആളുകളിൽനിന്നല്ല കിട്ടിയതെന്നു പറഞ്ഞ് അതിനെ അവഗണിക്കാൻ പാടില്ലെന്ന് വ്യക്തം.
(തുടരും)
