ഈമാൻ നൽകുന്ന നിർഭയത്വം
ശമീർ മദീനി
2025 മാർച്ച് 15, 1446 റമദാൻ 14

“വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ’’ (ക്വുർആൻ 6/82).
ജീവിതത്തിൽ പലതരത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും എല്ലാ മനുഷ്യരും ഏറെക്കുറെ അഭിമുഖീകരിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ അഥവാ നമ്മുടെ മുന്നിൽ വന്നുചേരുന്ന പ്രതിസന്ധികളുടെ നടുക്കയത്തിൽ ഭയമില്ലാതിരിക്കുവാൻ കഴിയുക എന്നത് ഏറ്റവും വലിയ നേട്ടവും ഒരു സത്യവിശ്വാസിയുടെ പ്രത്യേകതയുമാണ്. യഥാർഥ ഈമാനും തവക്കുലും നൽകുന്ന വലിയ കരുത്തും നിർഭയത്വവുമാണത്. നമുക്ക് ബാധിച്ചിരിക്കുന്ന മാരകമായ രോഗത്തെ സംബന്ധിച്ച് അറിയുമ്പോൾ, അതല്ലെങ്കിൽ നാം അകപ്പെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ആഴം നമുക്ക് ബോധ്യപ്പെടുമ്പോൾ, അതുമല്ലെങ്കിൽ ശത്രുക്കൾ നമ്മെ നശിപ്പിക്കുവാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത് നേരിട്ട് ബോധ്യപ്പെടുമ്പോൾ... ഇത്തരത്തിലുള്ള ഏത് പ്രതിസന്ധികളിലും മിക്ക മനുഷ്യരും പതറിപ്പോകും. പലരും മനസ്സുമടുത്ത് ജീവിതം തന്നെ അവസാനിപ്പിക്കാൻ ചിന്തിച്ചുപോകും. എന്നാൽ യഥാർഥ വിശ്വാസി അങ്ങനെയായിരിക്കില്ല. അവന് അവന്റെ ഈമാൻ നൽകുന്ന നിർഭയത്വം പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കും.
ഇതിന് നിരവധി ഉദാഹരണങ്ങൾ വിശുദ്ധ ക്വുർആൻ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. മഹാനായ മൂസാ നബി(അ)ക്ക് ഫിർഔനിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനു കീഴിൽ ഒരു വിശ്വാസിയായി, ലോകരക്ഷിതാവിന്റെ സത്യദൂതനായി ജീവിക്കുമ്പോൾ നിരവധി പീഡനങ്ങളും പ്രയാസങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവസാനം അദ്ദേഹവും അദ്ദേഹത്തിൽ വിശ്വസിച്ചവരും കൂടി നാടുവിടാൻ തീരുമാനിച്ചപ്പോൾ ആ വിവരമറിഞ്ഞ് അവരെ നിഷ്‌കാസനം ചെയ്യാൻ സർവവിധ സന്നാഹങ്ങളുമായി ഫിർഔനും സൈന്യവും അവരെ പിന്തുടർന്നു. അവസാനം മൂസാ നബി(അ)യുടെ മുന്നിൽ വിശാലമായി പരന്നുകിടക്കുന്ന ചെങ്കടലും പിന്നിൽ സർവവിധ സന്നാഹങ്ങളോടും കൂടി വന്ന ശത്രുസൈന്യവും! എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോകുന്ന ഘട്ടത്തിൽ മൂസാ നബി(അ) ദൃഢവിശ്വാസത്തോടെ പറഞ്ഞു: “ഇല്ല, എന്റെ കൂടെ എന്റെ രക്ഷിതാവുണ്ട്; അവൻ എനിക്ക് വഴി കാണിക്കും’’ (26:62).
മുഹമ്മദ് നബിﷺയും അബൂബക്ർ സ്വിദ്ദീഖും(റ) ശത്രുക്കളുടെ ശല്യം സഹിക്കവയ്യാതെ സ്വദേശമായ മക്കയിൽനിന്ന് പലായനം ചെയ്യാൻ തീരുമാനിക്കുന്നു. ഈ വിവരമറിഞ്ഞ ശത്രുക്കൾ അവരെ പിടികൂടാൻ വേണ്ടി പാരിതോഷികം പ്രഖ്യാപിക്കുന്നു. ജീവനോടെയാണെങ്കിലും ജീവനറ്റ നിലയിലാണെങ്കിലും മുഹമ്മദിനെ പിടിച്ചുകൊണ്ടു വരുന്നവർക്ക് 100 ഒട്ടകമാണ് പ്രമാണിമാർ പാരിതോഷികമായി പ്രഖ്യാപിച്ചത്. മുഹമ്മദ് നബിﷺയും ഉറ്റ അനുചരൻ അബൂബക്‌റും(റ) സൗർ ഗുഹയിൽ ഒളിച്ചിരിക്കുമ്പോൾ അതിന്റെ മുകളിൽ ശത്രുക്കൾ മൂർച്ചയുള്ള വാളുമായി ഇവരെ പരതുന്ന രംഗം അബൂക്ർ(റ) നേരിട്ട് കാണുകയും കണ്ടമാത്രയിൽ സങ്കടപ്പെട്ട് കരയുകയും ചെയ്തു. തന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയമല്ല, പ്രവാചകനെന്ത് സംഭവിക്കും എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ സങ്കടപ്പെടുത്തിയത്. ആ സന്ദർഭത്തിൽ പ്രവാചകൻﷺ പറഞ്ഞു: “അബൂബക്ർ, താങ്കൾ എന്തിന് സങ്കടപ്പെടണം? തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്.’’
അല്ലാഹു ഈ രംഗം ക്വുർആനിൽ പറയുന്നത് കാണുക:”നിങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നില്ലെ ങ്കിൽ; സത്യനിഷേധികൾ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരിൽ ഒരാൾ ആയിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അഥവാ അവർ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദർഭം. അപ്പോൾ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും നിങ്ങൾ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിൻബലം നൽകുകയും സത്യനിഷേധികളുടെ വാക്കിനെ അവൻ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയർന്നു നിൽക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു’’ (9:40).
ഇതുപോലെ അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാനും അതൊരു വികാരമായി പ്രഖ്യാപിക്കുവാനും സാധിക്കുന്ന തലത്തിലേക്ക് നമ്മുടെ ഈമാനും തവക്കുലും ഉയരുമ്പോഴാണ് യഥാർഥ നിർഭയത്വവും സമാധാനവും നമുക്ക് ഈ ലോകത്തുതന്നെ അനുഭവിക്കുവാൻ സാധിക്കുക.
ക്വുർആൻ വിവരിക്കുന്ന മറ്റൊരു ചരിത്രമാണ് യൂനുസ് നബി(അ)യുടെത്. അദ്ദേഹം ആഴക്കടലിൽ മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ടപ്പോൾ, മറ്റാർക്കും സഹായിക്കാനാകാത്ത ആ കൂരാക്കൂരിരുട്ടിൽ കിടന്നുകൊണ്ട് അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് ആത്മാർഥമായി അവനോട് പ്രാർഥിച്ച രംഗം ക്വുർആൻ പറഞ്ഞുതരുന്നുണ്ട്.

“അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അർഹനായിരിക്കെ ആ വൻ മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. എന്നാൽ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കിൽ ജനങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ അതിന്റെ വയറ്റിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു’’ (37:142-144).
“...അനന്തരം ഇരുട്ടുകൾക്കുള്ളിൽനിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു’’ (21:87).
ഇതുപോലെ ജീവിതത്തിൽ അബദ്ധങ്ങളും പിഴവുകളും സംഭവിച്ച ഘട്ടത്തിലാണെങ്കിലും പടച്ചവനിലേക്ക് തിരിച്ചു നടക്കുവാനും അവനെ ആശ്രയമായി കാണുവാനും അവനിൽ അഭയം തേടുവാനും ഒരു വിശ്വാസിക്ക് സാധിക്കുമ്പോഴാണ് അവന്റെ ഈമാൻ പ്രശോഭിതമാകുന്നത്.
മഹാനായ ഇബ്‌റാഹീം നബി(അ)യെ ശത്രുക്കൾ തീക്കുണ്ഠാരത്തിലേക്ക് വലിച്ചെറിയാൻ വേണ്ടി ബന്ധനസ്ഥനാക്കി നിറുത്തിയ രംഗം ഒന്നാലോചിച്ചു നോക്കൂ! അപ്പോഴും പതറാതെ, നിർഭയനായി അദ്ദേഹം പ്രഖ്യാപിച്ചത് ‘എനിക്ക് അല്ലാഹു മതി. കാര്യങ്ങൾ ഏൽപിക്കാൻ എത്രയോ പര്യാപ്തനാണവൻ’ എന്നാണ്.
അവിടെയും അല്ലാഹുവിന്റെ ഇടപെടൽ നാം കാണുകയാണ്. ആ തീകുണ്ഠാരത്തിൽ കത്തിയമരുന്ന ഇബ്‌റാഹീമെന്ന ചെറുപ്പക്കാരനെ കാണാനായി നോക്കിനിന്ന ആളുകൾക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിയാത്തവിധത്തിൽ വളരെ അത്ഭുതകരമായ സംഭവമാണവിടെ നടന്നത്. സന്തോഷത്തോടെ നിർഭയനായി എഴുന്നേറ്റു വരുന്ന ഇബ്‌റാഹീം നബി(അ)! വിശ്വാസികൾക്ക് വിശ്വാസത്തിന്റെ കരുത്തും തവക്കുലിന്റെ പാഠവുമൊക്കെയാണ് ആ ചരിത്രവും സമ്മാനിക്കുന്നത്.
“അവർ പറഞ്ഞു: നിങ്ങൾക്ക് (വല്ലതും) ചെയ്യാനാകുമെങ്കിൽ നിങ്ങൾ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബാറാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക’’ (21: 68,69).
നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും കടന്നുവരുമ്പോൾ സർവശക്തനും കരുണാവാരിധിയുമായ അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുവാനും അവനാണ് അഭയം എന്ന് തിരിച്ചറിയാനും അവൻ നിശ്ചയിക്കുന്നതല്ലാത്ത ഒന്നും സംഭവിക്കുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുവാനും നമുക്ക് കഴിയണം. ക്വുർആൻ പറയുന്നു:
“പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്’’ (9:51).
നമ്മുടെ മനസ്സിൽ പലപ്പോഴും കടന്നുവരാറുള്ള ഒരു ചിന്തയാണ് ‘ഞാൻ പടച്ചവന്റെ വിധിവിലക്കുകൾ പരമാവധി സൂക്ഷിക്കുകയും അവൻ ഇഷ്ടപ്പെടാത്ത ഒന്നിലേക്കും അറിഞ്ഞുകൊണ്ട് പോകാതെ പിന്മാറി നിൽക്കുകയും ചെയ്യുന്നവനാണ്, എന്നിട്ടും എന്താണ് ഇങ്ങനെ എനിക്ക് പ്രയാസങ്ങളും കഷ്ടതകളും തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നത്’ എന്നത്. സത്യത്തിൽ ഇത്തരം ഒരു ചിന്ത മനസ്സിൽ വരുമ്പോൾ നാം തിരിച്ചറിയേണ്ടത് പടച്ചവൻ അതിലൊക്കെ നമുക്കറിയാത്ത പല നന്മകളും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും എന്നാണ്.
നാം ആഗ്രഹിച്ചത് നടക്കാതിരിക്കുമ്പോഴും നാം ഭയപ്പെട്ടത് സംഭവിക്കുമ്പോഴുമെല്ലാം ക്വുർആൻ പറഞ്ഞ ഈ കാര്യം നമുക്ക് ഓർമയിൽ വരണം:
“...എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർഥത്തിൽ) അത് നിങ്ങൾക്ക് ഗുണകരമാ യിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർഥത്തിൽ) നിങ്ങൾക്കത് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല’’ (2:216).
ഒരുപക്ഷേ, അതിലുള്ള ഗുണങ്ങളും നന്മകളും കുറച്ചു വൈകിയായിരിക്കാം നമുക്ക് ബോധ്യപ്പെടുക എന്ന് മാത്രം. അല്ലാഹു ഏറെ കാരുണ്യവാനാണ്, അവൻ ഒരിക്കലും നമ്മെ കഷ്ടപ്പെടുത്തുകയില്ല എന്ന് തിരിച്ചറിയാൻ സാധിക്കുമ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ കൂടുതൽ ആത്മാർഥമായി അടുക്കുവാനും അവനെ അഭയവും ആശ്രയവുമായി കാണുവാനും എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവന്റെ മുന്നിൽ ഇറക്കിവെച്ച് പരിപൂർണ നിർഭയനാകുവാനും ഒരു വിശ്വാസിക്ക് സാധിക്കും. മതത്തെയും ദൈവത്തെയുമൊക്കെ ജീവിതത്തിൽനിന്ന് വലിച്ചെറിഞ്ഞ യുക്തിവാദികൾക്കും നിരീശ്വരവാദികൾക്കുമൊന്നും ഇതിന്റെ സൗന്ദര്യവും സുഗന്ധവും മാധുര്യവും നുകരാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.

