മുഹമ്മദ് നബിﷺ;അതുല്യ വ്യക്തിത്വം - 5

അബൂറാഷിദ അൽകാസിമി കുടയത്തൂർ

2025 ജനുവരി 18, 1446 റജബ് 18

ഭക്ഷണം

നബിﷺ ഭക്ഷണം മുമ്പിൽ കൊണ്ടുവെക്കപ്പെട്ടാൽ അത് കഴിക്കാതിരിക്കില്ലായിരുന്നു. ഒരു ഭക്ഷണത്തെയും കുറ്റം പറയുമായിരുന്നില്ല. താല്പര്യം തോന്നിയാൽ അത് കഴിക്കുകയും അല്ലെങ്കിൽ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു (ബുഖാരി, മുസ്‌ലിം).

നബിﷺ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ‘ബിസ്മില്ലാഹി’ (അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു) എന്ന് പറയുമായിരുന്നു. ആഹാരം കഴിക്കുന്നതിൽ നിന്ന് വിരമിച്ചാൽ ‘അൽഹംദു ലില്ലാഹ്’ (അല്ലാഹുവിനാകുന്നു സർവ സ്തുതിയും) എന്നും പറയുമായിരുന്നു.

ഉറക്കം

നബിﷺ വലതുഭാഗത്തേക്ക് ചെരിഞ്ഞു കിടന്ന് ഉറങ്ങുമായിരുന്നു. ആഹാരം കഴിച്ചും വെള്ളം കുടിച്ചും വയറുനിറഞ്ഞ അവസ്ഥയിൽ കിടക്കുകയില്ലായിരുന്നു.

ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ തലയുടെ താഴെ കൈവെച്ച് ഉറങ്ങുകയും ഇപ്രകാരം പ്രാർഥിക്കുകയും ചെയ്യുമായിരുന്നു: ‘അല്ലാഹുമ്മ ക്വിനീ അദാബക യൗമ തുബ്അസു ഇബാദക’ (അല്ലാഹുവേ, നിന്റെ ദാസന്മാർ പുനർജീവിപ്പിക്കപ്പെടുന്ന ദിവസം എന്നെ നിന്റെ ശിക്ഷയിൽനിന്ന് കാത്തുകൊള്ളേണമേ) (തിർമിദി: 3398).

പ്രഭാതത്തിൽ കോഴി കൂവുമ്പോൾ നബിﷺ എഴുന്നേൽക്കുമായിരുന്നു. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും തക്ബീറും (അല്ലാഹു അക്ബർ) തഹ്‌ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്) നടത്തി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ദന്തശുദ്ധി വരുത്തി അംഗസ്‌നാനം ചെയ്ത് സ്വർഗം കൊതിച്ചും നരകത്തെ ഭയന്നും നമസ്‌കരിക്കാൻ നിൽക്കും.

ചില സന്ദർഭങ്ങളിൽ വിരിപ്പിൽ ഉറങ്ങും, മറ്റു ചിലപ്പോൾ പായയിലോ തറയിലോ കട്ടിലിലോ കിടന്ന് ഉറങ്ങുമായിരുന്നു (സാദുൽ മആദ് 1/155).

നബിﷺയുടെ സംസാരം, ചിരി, കരച്ചിൽ

നബിﷺയുടെ സംസാരം വാക്കുകൾ എണ്ണിനോക്കുന്നവർക്ക് എണ്ണാൻ കഴിയുന്ന രീതിയിൽ സ്ഫുടവും സ്പഷ്ടവുമായിരുന്നു. മനഃപാഠമാക്കാൻ സാധിക്കാത്ത രീതിയിൽ അതിവേഗത്തിലോ സംസാരത്തിനിടയിൽ വിട്ടുപോകുന്ന തരത്തിലുള്ള നിർത്തലുകളോ ഉണ്ടാവില്ല.

അനസ്(റ) നിവേദനം: “നബിﷺ (ശ്രോതാക്കൾക്ക്) സംസാരം മനസ്സിലാകുന്നതിന് മൂന്നു തവണ ആവർത്തിച്ച് പറയുമായിരുന്നു; സലാം പറഞ്ഞാൽ മൂന്നു തവണയും’’ (ബുഖാരി).

ദീർഘനേരം മൗനം അവലംബിക്കുമായിരുന്നു. ആവശ്യമില്ലാതെ സംസാരിക്കുകയില്ല. സംസാരിച്ചാൽ സാരസമ്പൂർണമായ വാക്കുകൾകൊണ്ട് മാത്രം, തീരെ ചുരുക്കാതെ, ആവശ്യമില്ലാത്തത് കടന്നുവരാതെ അല്ലാഹുവിന്റെ അടുത്തുനിന്ന് പ്രതിഫലം ലഭിക്കുന്നത് മാത്രം ഉരുവിടുമായിരുന്നു. അനിഷ്ടകരമായത് നേരിട്ടാൽ മുഖഭാവത്തിൽനിന്ന് വായിച്ചെടുക്കാമായിരുന്നു.

ചിരി അധികവും പുഞ്ചിരിയായിരുന്നു. ചിരിക്കേണ്ടതായ കാര്യത്തിനേ വലുതായി ചിരിക്കാറുള്ളൂ. അതും അണപ്പല്ലുകൾ വെളിവാകുന്നതുവരെ മാത്രം. അതുപോലുള്ള കാര്യങ്ങൾ ആശ്ചര്യജനകമായിരിക്കും. അത് അപൂർവമായ ഉണ്ടാവാറുള്ളൂ. (സാദുൽ മആദ് 1/182).

നബിﷺ ശബ്ദമുണ്ടാക്കി പൊട്ടിച്ചിരിക്കാത്തതുപോലെത്തന്നെ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞിരുന്നുമില്ല. എന്നാൽ കണ്ണിൽനിന്ന് കണ്ണുനീർ പൊഴിയുമായിരുന്നു. അപ്പോൾ നെഞ്ചിൽനിന്ന് ഏങ്ങലിന്റെ ശബ്ദം കേൾക്കാമായിരുന്നു. മരിച്ചവരോടുള്ള കരുണയുടെ പേരിലായിരിക്കും ചിലപ്പോൾ അവിടുത്തെ കരച്ചിൽ. മറ്റു ചില സന്ദർഭങ്ങളിൽ അനുയായികളോടുള്ള കനിവിന്റെ പേരിലും. സമുദായത്തിന് വരാനിരിക്കുന്ന ശിക്ഷയെ ഭയന്നുകൊണ്ടും മറ്റു ചിലപ്പോൾ അല്ലാഹുവിനോടുള്ള ഭയത്താലും ചില സന്ദർഭങ്ങളിൽ ക്വുർആൻ പാരായണം കേൾക്കുമ്പോഴുമായിരിക്കും കരച്ചിൽ. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ ആശിച്ചും അവനോടുള്ള ബഹുമാനത്തിലും ഭയവും ഭക്തിയും സമ്മിശ്രമായ മാനസികാവസ്ഥയിലായിരിക്കും ആ സമയം.

നബിﷺയുടെ പുത്രൻ ഇബ്‌റാഹീം മരണപ്പെട്ട സന്ദർഭത്തിൽ ആ കുട്ടിയോടുള്ള കരുണയാൽ അവിടുന്ന് കരഞ്ഞു. കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി. ഒരു പുത്രിയുടെ ശ്വാസം നിലയ്ക്കുന്നത് കണ്ട് അവിടുന്ന് കരഞ്ഞു. ഉസ്മാനുബ്‌നു മള്ഊൻ(റ) മരണപ്പെട്ടപ്പോൾ നബിﷺ കരഞ്ഞിട്ടുണ്ട്. സൂര്യഗ്രഹണം ഉണ്ടായപ്പോഴും ചന്ദ്രഗ്രഹണ സമയത്തെ നമസ്‌കാരത്തിനിടയിലും കരഞ്ഞിട്ടുണ്ട്. നബിയുടെ മകളായ ഉമ്മു കുൽസൂമി(റ)ന്റ ക്വബ്‌റിന്റെ അടുക്കൽ ഇരുന്ന് നബിﷺ കരഞ്ഞു. രാത്രി നമസ്‌കാരത്തിൽ പലപ്പോഴും കരയുമായിരുന്നു. ഇബ്‌നു മസ്ഊദ്(റ) സൂറതുന്നിസാഅ് പാരായണം ചെയ്തപ്പോൾ നബിﷺ കരയുകയുണ്ടായി(ബുഖാരി, മുസ്‌ലിം).

നബിﷺയുടെ ഖുത്വ‌ുബ

നബിﷺ ജുമുഅ ഖുത്വ്ബ നടത്തുമ്പോൾ കണ്ണുകൾ ചുവക്കും, ശബ്ദമുയരും, ഒരു സൈനിക നേതാവിനെപോലെ ഗൗരവം വർധിക്കും. ഏതൊരു സന്ദർഭത്തിലും പ്രസംഗത്തിന്റെ ആരംഭത്തിൽ അല്ലാഹുവിനെ സ്തുതിക്കാതിരിക്കുകയില്ല.

അല്ലാഹുവിനെ സ്തുതിച്ചും അവൻ നമുക്ക് ചെയ്ത അനുഗ്രഹങ്ങളെയും സഹായത്തെയും പുകഴ്ത്തിയും അവന്റെ പരിപൂർണ വിശേഷണങ്ങളെയും സ്തുതികളെയും എടുത്തുപറഞ്ഞും ഇസ്‌ലാമിന്റെ നിയമങ്ങളെ പഠിപ്പിച്ചും സ്വർഗനരകങ്ങളെയും മടക്കസ്ഥലത്തെയും ഓർമിപ്പിച്ചും രഹസ്യ-പരസ്യ ജീവിതത്തിൽ അല്ലാഹുവിനെ സൂക്ഷിക്കണം എന്ന് ഉപദേശിച്ചും പടച്ചവന്റെ കോപത്തിനിരയാകുന്നതും അവന്റെ തൃപ്തി കരഗതമാകുന്നതുമായ കാര്യങ്ങളെ വ്യക്തമാക്കിയുമായിരുന്നു അവിടുന്ന് പ്രസംഗങ്ങൾ നടത്തിയിരുന്നത്. സന്ദർഭത്തിന് യോജിച്ചും ഗുണകാംക്ഷയോടെയുമായിരുന്നു സംസാരം. മിക്കപ്പോഴും പ്രസംഗം വളരെ ചുരുങ്ങിയതായിരുന്നു. ചില സന്ദർഭങ്ങളിൽ ജനങ്ങളുടെ ആവശ്യം മാനിച്ച് ദീർഘിപ്പിച്ചിരുന്നു (സാദുൽ മആദ് 1/191).

ഇടപാടുകൾ

നബിﷺ സാധനങ്ങൾ വിറ്റിരുന്നു, വാങ്ങിയിരുന്നു, വാടകയ്ക്ക് എടുത്തിരുന്നു, കൊടുത്തിരുന്നു. മറ്റുള്ളവരുമായി പങ്കുകച്ചവടം നടത്തിയിരുന്നു.

നബിﷺയുടെ അടുക്കൽ (പ്രവാചക ലബ്ധിക്കും മുമ്പ്) കൂടെ കച്ചവടം ചെയ്തിരുന്ന ഒരാൾ വന്നു. അയാൾ നബിയോട് ചോദിച്ചു: ‘അങ്ങേക്ക് എന്നെ മനസ്സിലായോ?’ നബിﷺ പറഞ്ഞു: ‘താങ്കൾ എന്റെ പങ്കു കച്ചവടക്കാരൻ ആയിരുന്നില്ലേ?’ അയാൾ പറഞ്ഞു: ‘ഏറ്റവും നല്ല പങ്കുകാരനായിരുന്നു താങ്കൾ. താങ്കൾ മുഖസ്തുതി പറഞ്ഞ് പറ്റിക്കുകയോ തർക്കിക്കുകയോ ചെയ്യുമായിരുന്നില്ല’ (അബൂദാവൂദ്).

നബിﷺ സമ്മാനങ്ങൾ നൽകുമായിരുന്നു. സംഭാവന സ്വീകരിക്കുകയും ചെയ്തിരുന്നു. പണയം വെച്ചും (പലിശയില്ലാത്ത ഈട്) പണയം വെക്കാതെയും കടം വാങ്ങിയിരുന്നു, വാടകയ്ക്ക് എടുത്തിരുന്നു, റൊക്കം വിലകൊടുത്തും അവധി പറഞ്ഞും വാങ്ങിയിരുന്നു.

ഒരാൾ കടം നൽകിയാൽ നൽകിയതിനെക്കാൾ ഭംഗിയായ രീതിയിൽ തിരിച്ചു കൊടുക്കുമായിരുന്നു. ശേഷം അവർക്കായി പ്രാർഥിക്കും: ‘ബാറകല്ലാഹു ലക ഫീ അഹ്‌ലിക വ മാലിക, ഇന്നമാ ജസാഉ സ്സലഫി അൽഹംദു, വൽഅദാഉ’ (അല്ലാഹു താങ്കളുടെ സമ്പത്തിലും കുടുംബത്തിലും ഐശ്വര്യം വർഷിക്കട്ടെ. കടം നൽകിയതിനുള്ള പ്രത്യുപകാരം അതിനെ വീട്ടിലും പ്രശംസിക്കലുമാണ്’ (നസാഈ).

നബിﷺ കുറച്ചു സ്ഥലം വക്വ‌്‌ഫ് ചെയ്തു. അല്ലാഹുവിന്റെ മാർഗത്തിൽ അതിനെ സ്വദക്വയായി നിശ്ചയിച്ചു. നബിﷺ മറ്റുള്ളവർക്കായി ശിപാർശ ചെയ്തിരുന്നു. ശിപാർശ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ബരീറ(റ)യെ മുഈസ്(റ) മൊഴി ചൊല്ലിയപ്പോൾ മടക്കിയെടുക്കാനുള്ള നബിﷺയുടെ ശിപാർശ അവർ നിരസിച്ചു. എന്നിട്ടും നബിﷺ അവരോട് കോപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. ഇതാണ് ഉദാത്ത മാതൃക.

നബിﷺ തമാശ പറയുമായിരുന്നു. അവിടുത്തെ തമാശയിൽ സത്യമുണ്ടായിരുന്നു. നബിﷺ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സ്വന്തം കരംകൊണ്ട് ചെരിപ്പ് തുന്നിയിരുന്നു. വസ്ത്രം സ്വന്തമായി കഴുകുകയും കീറിയ ഭാഗം കണ്ടം വെച്ച് തുന്നുകയും ആടിനെ കറക്കുകയും കുടുംബക്കാർക്ക് സേവനം ചെയ്യുകയും പള്ളി നിർമാണത്തിന് ജനങ്ങളോടൊപ്പം ഇഷ്ടിക ചുമക്കുകയും ചെയ്യുമായിരുന്നു.

രോഗികളെ സന്ദർശിക്കുകയും ജനാസയിൽ പങ്കെടുക്കുകയും ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുകയും വിധവകളോടും നിർധനരോടും ബലഹീനരോടും അവരുടെ ആവശ്യനിർവഹണത്തിന് ഒപ്പം നടക്കുകയും ചെയ്യുമായിരുന്നു. സ്തുതിഗീതങ്ങൾ കേൾക്കുകയും അതിന് പ്രതിഫലത്തിനായി പ്രാർഥിക്കുകയും ചെയ്യുമായിരുന്നു (സാദുൽമുആദ്1/165).

(തുടരും)