റജബ് മാസത്തിലെ അനാചാരങ്ങൾ
ശമീർ മദീനി
2025 ജനുവരി 11, 1446 റജബ് 11

ആകാശഭൂമികളെ സൃഷ്ടിച്ചത് മുതൽ അല്ലാഹു മാസങ്ങളെ പന്ത്രണ്ടെണ്ണം ആയിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം പവിത്ര മാസങ്ങളാണ്. റജബ്, ദുൽക്വഅദഃ, ദുൽഹിജ്ജഃ, മുഹർറം എന്നിവയാണ് ആ നാല് മാസങ്ങൾ. ഈ മാസങ്ങളിൽ തെറ്റുകൾ ചെയ്യുന്നത് കൂടുതൽ ഗൗരവമുള്ള സംഗതിയാണ് എന്ന കാര്യം ക്വുർആൻ വ്യാഖ്യാന പണ്ഡിതന്മാർ ഈ വചനത്തിന്റെ വിവരണത്തിൽ പ്രത്യേകം ഉണർത്തിയിട്ടുണ്ട്. (ഉദാഹരണത്തിന് തഫ്‌സീർ ഇബ്‌നു കസീർ 9:36ന്റെ വിവരണം നോക്കുക). അല്ലാഹു ആദരിച്ചവയെ ആദരിക്കുക എന്നത് ഒരു മുസ്‌ലിമിന്റെ ബാധ്യതയാണല്ലൊ. അല്ലാഹു പറയുന്നു.
“സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ നിങ്ങൾ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീർഥാടകരെയും (നിങ്ങൾ അനാദരിക്കരുത്)...’’(5:2).
“അത് (നിങ്ങൾ ഗ്രഹിക്കുക) വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമനിഷ്ഠയിൽ നിന്നുണ്ടാാകുന്നതത്രെ’’ (22:32).
അതിനാൽ ഈ മാസങ്ങളിൽ യുദ്ധം ആരംഭിക്കുന്നതും അവയുടെ പവിത്രതക്ക് നിരക്കാത്ത മറ്റു വല്ല പ്രവർത്തനങ്ങളും ചെയ്യുന്നതും ഇസ്‌ലാം വിലക്കിയിരിക്കുന്നു.
എന്നാൽ മതമറിയാത്ത ധാരാളമാളുകൾ അവരുടെ അജ്ഞതകൊണ്ട് പലതരത്തിലുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടാറുണ്ട്. പലരും മതത്തിന്റെ പ്രമാണങ്ങൾക്കപ്പുറം തങ്ങളുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്തുവരുന്നത് എന്നതാണ് വസ്തുത. അതിനാൽ തങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന പല കാര്യങ്ങളും അവർ മതത്തിന്റെ പേരിൽ വ്യാജമായി കടത്തിക്കൂട്ടി ചെയ്തുവരുന്നത് കാണാം. അത്തരത്തിൽ റജബ് മാസത്തിൽ പ്രത്യേകമായി ചെയ്തുവരുന്ന പല അനാചാരങ്ങളുമുണ്ട്. റജബ് മാസത്തിൽ പ്രത്യേകമായി എടുക്കുന്ന നോമ്പ്, റഗാഇബ് നമസ്‌കാരം എന്ന പേരിൽ അറിയപ്പെടുന്ന; റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഗ്‌രിബിനും ഇശാഇനും ഇടയിൽ നിർവഹിക്കുന്ന പ്രത്യേക നമസ്‌കാരം, റജബ് 27 ഇസ്‌റാഅ്-മിഅ്‌റാജ് ദിനമായി ആചരിക്കൽ മുതലായവ ഇത്തരം അനാചാരങ്ങളിൽ പെട്ടതാണ്. ഇവയ്ക്ക് ഒന്നിനും മതപരമായ തെളിവുകളുടെ പിൻബലമില്ല. ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാർ ഇക്കാര്യം ഉണർത്തിയിട്ടുള്ളതാണ്. നമ്മുടെ നാടുകളിൽ കാണപ്പെടുന്ന അത്തരം ചില അടിസ്ഥാനരഹിതമായ കാര്യങ്ങൾ നമുക്ക് പരിശോധിക്കാം:
1. റജബ് മാസം തുടങ്ങുന്നതോടുകൂടി ആരംഭിക്കുന്ന പ്രത്യേക ദുആ.
റജബ് മാസം ആരംഭിച്ചാൽ നബിﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘അല്ലാഹുമ്മ ബാരിക്് ലനാ ഫീ റജബിൻ...’
ഈ ഹദീസ് നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഹദീസ് പണ്ഡിതന്മാർ ഇതിന്റെ ദുർബലത വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ത്വബ്‌റാനി പറയുന്നു: “ഈ പരമ്പരയിലൂടെയല്ലാതെ ഈ ഹദീസ് ഉദ്ധരിക്കപ്പെടുന്നില്ല. സാഇദത്ത്ബ്‌നു അബീറക്കാദ് മാത്രമാണ് ഇത് ഉദ്ധരിക്കുന്നത്’’ (അൽഔസത്ത്). അദ്ദേഹം ഹദീസ് പണ്ഡിതന്മാരുടെ അടുക്കൽ സ്വീകാര്യനല്ല.
മറ്റൊരു പണ്ഡിതനായ ഇമാം ബൈഹക്വി പറയുന്നു: “സാഇദത്ത്ബ്‌നു അബീറക്കാദ് ഹദീസ് നിവേദനത്തിന് യോഗ്യനല്ലാത്ത മുൻകറുൽ ഹദീസ് ആണ് എന്ന് ഇമാം ബുഖാരി(റഹി) പറഞ്ഞിട്ടുണ്ട്’’ (ശുഅബുൽ ഈമാൻ).
ഇമാം നസാഈ ഇദ്ദേഹത്തെക്കുറിച്ച് മുൻകറുൽ ഹദീസ് എന്ന് പറഞ്ഞിട്ടുണ്ട്. ഇബ്‌നു ഹിബ്ബാൻ പറഞ്ഞത് ഇയാളുടെ റിപ്പോർട്ടുകൾ തെളിവിന് പര്യാപ്തമല്ല എന്നാണ്. (വിശദ വിവരത്തിന് ഹാഫിദ് ഇബ്‌നുഹജി(റഹി)ന്റെ ‘തബ്‌യീനുൽ അജബ്’ കാണുക).
ശൈഖ് അൽബാനിയും ഇത് ദുർബലമാണ് എന്ന് മിശ്കാത്തുൽ മസ്വാബിഹ് എന്ന ഗ്രന്ഥത്തിന്റെ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
2. റഗാഇബ് നമസ്‌കാരം
റജബ് മാസത്തിൽ ആളുകൾ മതത്തിൽ പുതിയതായി ഉണ്ടാക്കിയ മറ്റൊരു അനാചാരമാണ് സ്വലാത്തു റഗാഇബ് എന്ന പേരിലുള്ള പ്രത്യേക നിസ്‌കാരം. റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിൽ മഗ് രിബിന്റെയും ഇശാഇന്റെയും ഇടയിലാണ് ഇത് നിർവഹിക്കാറുള്ളത്. ഈ വിഷയത്തിൽ വന്നിട്ടുള്ള റിപ്പോർട്ടിനെ സംബന്ധിച്ച് ഹദീസ് പണ്ഡിതന്മാർ പറയുന്നത് വ്യാജ നിർമിതമായ ഹദീസാണ് (മൗളൂഅ്) എന്നാണ്. ഹാഫിദുൽ ഇറാഖി(റഹി) ഇഹ്‌യാഉ ഉലുമിദ്ദീനിലെ ഹദീസുകൾ അപഗ്രഥിച്ചുകൊണ്ട് എഴുതിയ തഖ്‌രീജിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. (തഖ്‌രീജു അഹാദീസിൽ ഇഹ്‌യാഅ് 1/515).
ദീനിൽ കടത്തിക്കൂട്ടപ്പെട്ട അനാചാരമാണ് ഇത് എന്ന കാര്യം നിരവധി പണ്ഡിതന്മാർ വ്യക്തമാക്കി യിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്)
പറയുന്നു: “സ്വലാത്തു റഗാഇബ് എന്ന പേരിലുള്ള നമസ്‌കാരത്തിന് മതത്തിൽ യാതൊരു അടിസ്ഥാനവുമില്ല. പ്രത്യുത അനാചാരമാണ് അത്. ഒറ്റക്കോ സംഘമായോ അത് നിർവഹിക്കൽ പുണ്യമുള്ള കാര്യമല്ല. മാത്രമല്ല വെള്ളിയാഴ്ച രാത്രി മാത്രമായി നമസ്‌കരിക്കുന്നതും വെള്ളിയാഴ്ച പകലിൽ മാത്രമായി നോമ്പെടുക്കുന്നതും നബിﷺ വിലക്കിയിട്ടുണ്ട് എന്ന് സ്വഹീഹു മുസ്‌ലിമിൽ സ്ഥിരപ്പെട്ടു വന്നിട്ടുമുണ്ട്. ഈ നമസ്‌കാരത്തെ കുറിച്ച് പറയപ്പെടുന്ന റിപ്പോർട്ട് പണ്ഡിതന്മാരുടെ ഐകകണ്‌ഠേനയുള്ള അഭിപ്രായപ്രകാരം (ഇജ്മാഅ്) വ്യാജ നിർജിതമാണ് താനും. സച്ചരിതരായ മുൻഗാമികളിൽ പെട്ട ഒരാളിൽ നിന്നും ഇമാമീങ്ങളിൽനിന്നും ഇത്തരമൊരു നമസ്‌കാരത്തെ കുറിച്ച് ഉദ്ധരിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്’’ (മജ്മൂഉൽ ഫതാവാ 23/132).
ഇബ്‌നുൽ ജൗസി(റഹി) പറയുന്നു: “ഇത് നബിﷺയുടെ പേരിൽ കെട്ടിയുണ്ടാക്കപ്പെട്ട റിപ്പോർട്ടാകുന്നു’’ (അൽമൗളൂആത് ലി ഇബ്‌നിൽ ജൗസി 2/126).
ഇമാം നവവി(റഹി)യോട് ഈ നമസ്‌കാരത്തെ കുറിച്ച്, അത് മതത്തിൽ പുണ്യമുള്ള കാര്യമാണോ അതല്ല അനാചാരമാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി കാണുക:
“ഇത് മതത്തിൽ പുതിയതായി ഉണ്ടാക്കിയ അങ്ങേയറ്റം മോശപ്പെട്ടതും നീചവുമായ അനാചാരമാണ്. അത് ഉപേക്ഷിക്കലും അവയിൽനിന്ന് വിട്ടുനിൽക്കലും നിർബന്ധമാണ്. അത് നിർവഹിക്കുന്നവരെ വിലക്കുകയും ചെയ്യേണ്ടതുണ്ട്. നിരവധി പണ്ഡിതന്മാർ ഈ നമസ്‌കാരത്തെ ആക്ഷേപിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല നാടുകളിലും ഇത് ചെയ്യുന്ന ധാരാളക്കണക്കിന് ആളുകളുണ്ട് എന്നതിനാലും അപ്രകാരം തന്നെ ക്വൂതുൽ ‘ഖുലൂബ്,’ ‘ഇഹ്‌യാ ഉലൂമിദ്ദീൻ’ എന്നീ ഗ്രന്ഥങ്ങളിൽ ഈ നമസ്‌കാരത്തെ കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലും വഞ്ചിതരാകേണ്ടതില്ല. കാരണം, നിസ്സംശയം അത് നിരർഥകമായ അനാചാരമാകുന്നു’’ (ഫതാവാ നവവി, മസ്അല നമ്പർ 66, പേജ് 31).
ഇബ്‌നു റജബ്(റഹി) പറയുന്നു: “റജബ് മാസത്തിൽ മാത്രമായി ഒരു പ്രത്യേക നമസ്‌കാരം സ്ഥിരപ്പെട്ടു വന്നിട്ടില്ല. റഗാഇബ് നമസ്‌കാരത്തിന്റെ ശ്രേഷ്ഠത പറഞ്ഞുകൊണ്ട് ഉദ്ധരിക്കപ്പെടുന്ന ഹദീസുകൾ ഒക്കെയും വ്യാജവും നിരർഥകവുമാണ്. യാതൊന്നും നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല’’ (ലത്വാഇഫുൽ മആരിഫ്, പേജ് 118).
3.പ്രത്യേക നോമ്പ്.
റജബ് മാസം മുഴുവനായോ ചില ദിവസങ്ങളിൽ മാത്രമായോ പ്രത്യേകം നോമ്പെടുക്കുന്നതും ഇത്തരത്തിലുള്ള ഒരു അനാചാരമാണ്. നബിﷺയിൽനിന്നും യാതൊന്നും ഈ വിഷയകമായി സ്ഥിരപ്പെട്ടു വന്നിട്ടില്ല.
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: “റജബ് മാസത്തിൽ മാത്രം പ്രത്യേകമായ ഒരു നോമ്പിനെ കുറിച്ച് പറയുന്ന ഹദീസുകൾ എല്ലാംതന്നെ ദുർബലങ്ങളാണ്; അല്ല വ്യാജ നിർമിതം (മൗളൂഅ്) ആണ്. ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാർ അവയെ പരിഗണിച്ചിട്ടില്ല’’ (മജ്മൂഉൽ ഫതാവാ, വാ. 25, പേ. 290, 291).
ഇബ്‌നു റജബ്(റഹി) പറയുന്നു: “റജബ് മാസത്തിൽ മാത്രമായി പ്രത്യേകം നോമ്പെടുക്കുന്നതിനെ കുറിച്ച് നബിﷺയിൽനിന്നും അവിടുത്തെ അനുചരന്മാരിൽനിന്നും യാതൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല’’ (ലത്വാഇഫുൽ മആരിഫ്, പേ. 118).
ജാഹിലിയ്യത്തിലെ ആളുകളാണ് ഇപ്രകാരം റജബ് മാസത്തെ പ്രത്യേകമാക്കി ആദരവ് കൽപിച്ചിരുന്നത് എന്നും അതിനാൽ ആളുകളെ നിർബന്ധിച്ച് അത്തരം നോമ്പ് ഉപേക്ഷിക്കുവാൻ ഉമർ(റ) കൽപിച്ചിരുന്നതായും സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ വന്നിട്ടുണ്ട്’’ (ഇർവാഉൽ ഗലീൽ 4/113).
4. റജബിലെ ഉംറ
റജബ് മാസത്തിൽ പ്രത്യേകമായി ‘റജബിയ്യ’ എന്ന പേരിൽ ഉംറ നിർവഹിക്കുന്നതും ഇത്തരത്തിലുള്ള ഒരു അനാചാരമാണ്.
5. പ്രത്യേക അറവ്
ജാഹിലിയ്യ കാലഘട്ടത്തിൽ റജബ് മാസത്തിൽ പ്രത്യേകമായി അറവ് നിർവഹിച്ചിരുന്നു. അൽഅതീറ എന്നാണ് അവർ അതിനു പറഞ്ഞിരുന്ന പേര്. ഇസ്‌ലാം അത് വിരോധിക്കുകയാണ് ചെയ്തത്. അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “ഫറഉം അതീറയും ഇസ്‌ലാം മതത്തിൽ പെട്ടതല്ല. ഫറഅ് എന്നാൽ ആദ്യപ്രസവത്തിലെ മൃഗത്തെ അവരുടെ ആരാധ്യർക്ക് വേണ്ടി ബലിയറക്കുന്ന രീതിയാണ്. അതീറ എന്നാൽ റജബ് മാസത്തിലെ പ്രത്യേകമായ അറവുമാണ്’’(ബുഖാരി, മുസ്‌ലിം).
ഇത്തരം ആരാധനാകർമങ്ങൾ പരിശുദ്ധ ഇസ്‌ലാമിൽ സ്ഥിരപ്പെട്ട നിലയിൽ ഒരാൾ ചെയ്തുവരികയും അത് റജബ് മാസത്തിലും ആവർത്തിക്കുന്നു എന്നുള്ളതുകൊണ്ട് യാതൊരു ദോഷവും ഇല്ല. മറിച്ച് റജബ് മാസത്തിൽ മാത്രം പ്രത്യേകമായി ഇത്തരം കർമങ്ങൾ ചെയ്യുന്നതിനാണ് വിലക്കുള്ളത്.
6. മിഅറാജ് രാവ്
റജബ് മാസം ഇരുപത്തിയേഴാം തീയതി ഇസ്‌റാഅ്-മിഅ്‌റാജ് വാർഷിക ദിനമായി ആചരിക്കുന്ന ഏർപ്പാട് പലസ്ഥലങ്ങളിലും കണ്ടുവരുന്നു. അതും മതത്തിൽ തെളിവുകളുടെ പിൻബലമില്ലാത്ത അനാചാരങ്ങളിൽ പെട്ടതാണ്. പ്രത്യേകമായ ആരാധനകളും ദിക്ർ-ദുആകളും കൊണ്ട് ആ ദിവസത്തെ സജീവമാക്കുന്ന ആഘോഷ പരിപാടികൾ ഇസ്‌ലാമിൽ സ്ഥിരപ്പെട്ടിട്ടുള്ളതല്ല.
ഇസ്‌റാഅ്, മിഅ്‌റാജ് എന്നിവ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടു വന്നതാണെങ്കിലും ഏതു മാസത്തിൽ ഏത് ദിവസത്തിൽ അവ സംഭവിച്ചു എന്നത് പ്രമാണങ്ങളിൽ നിന്ന് വ്യക്തമല്ല. പ്രവാചക തിരുമേനിയും സ്വഹാബത്തും ഇസ്‌റാഅ്-മിഅ്‌റാജിന്റെ പേരിൽ പ്രത്യേകമായ വല്ല ആരാധനകളോ ആഘോഷങ്ങളോ സംഘടിപ്പിച്ചിരുന്നതായി യാതൊരു തെളിവുകളുമില്ല.
അതിനാൽ മതമായി നാം ആചരിക്കുന്ന ഏത് കാര്യവും പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ആചരിക്കുക. ഇല്ലെങ്കിൽ അത് വലിയ പാപവും അപകടവും ആയിരിക്കും എന്ന കാര്യം മറക്കാതിരിക്കുക. പ്രമാണബദ്ധമായി ഇസ്‌ലാമിനെ അറിയാനും ഉൾക്കൊള്ളാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും നാം പരിശ്രമിക്കുക.

