ആഹാദായ ഹദീസുകൾ അസ്വീകാര്യമോ? - 2
ആരിഫ് ബുസ്താനി
2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കാൻ അല്ലാഹു (അമ്പിയാഅ്:7) ഉൽബോധിപ്പിക്കുന്നുണ്ട്. അവിടെ അറിവുള്ളവരുടെ എണ്ണപ്പെരുപ്പം ഒരു മാനദണ്ഡമായി പറയുന്നില്ല. സത്യവിശ്വാസി അല്ലാഹുവിന് വേണ്ടി സാക്ഷിയാകണമെന്നും നീതിയിൽ നിലകൊള്ളണമെന്നും (അന്നിസാഅ്:135) അല്ലാഹു ഉണർത്തുന്നു. ഒറ്റ വ്യക്തിയുടെ സാക്ഷ്യം സ്വീകരിക്കേത് സമൂഹത്തിന് ബാധ്യതയില്ലെങ്കിൽ ഇപ്പറയുന്നതിലെന്തർഥമാണുള്ളത്? ഏതെങ്കിലും നാട്ടിൽ മുസ്‌ലിമായിട്ട് ഒരാൾ മാത്രമാണുള്ളതെങ്കിൽ എങ്ങനെയാണ് അയാൾ സാക്ഷിയാകുക? ഒരു ഫാസിക്വ് (അധർമകാരി) ഒരു വാർത്തയുമായി വന്നാൽ അത് അന്വേഷിച്ച് ഉറപ്പുവരുത്തണെന്ന് (ഹുജുറാത്ത്:6) അല്ലാഹു പറയുന്നു. ഒരു അധർമിയുടെ പോലും ഒറ്റ സാക്ഷ്യം അന്വേഷിച്ചറിഞ്ഞ് സത്യമാണെന്ന് ബോധ്യപ്പെട്ടാൽ വിശ്വസിക്കാമെന്ന് വന്നാൽ വിശ്വാസിയായ വ്യക്തി ഒരു വാർത്തയുമായി വന്നാൽ വിശ്വസിക്കുന്നതിലെന്താണ് തെറ്റ്?
താങ്കളെ വധിക്കാൻ പ്രമുഖ വ്യക്തികൾ ആലോചന നടത്തുന്നുണ്ടെന്നും അതിനാൽ താങ്കൾ ഈജിപ്ത് വിടണമെന്നും മൂസാ നബി(അ)യോട് ഒരാൾ വന്നു പറഞ്ഞു. ആ ഒരാളുടെ വാക്ക് വിശ്വസിച്ചാണ് മൂസാ നബി(അ) ഈജിപ്ത് വിട്ടത്. അഹ്‌സാബ് 34ാം വചനത്തിൽ തങ്ങളുടെ വീടുകളിൽ വെച്ച് ഓതിക്കേൾപിക്കപ്പെടുന്ന വചനങ്ങൾ മറ്റുള്ളവരോട് പറയാൻ പ്രവാചകപത്‌നിമാർക്ക് നിർദേശമുണ്ട്. പത്‌നിമാർ ഒറ്റക്കൊറ്റക്ക് പറയുന്ന കാര്യങ്ങൾ അംഗീകരിക്കൽ ജനങ്ങൾക്ക് ബാധകമല്ലെങ്കിൽ അല്ലാഹു ഇങ്ങനെ പറയുന്നതിലെന്തർഥമാണുള്ളത്?
ഉൽകൃഷ്ട സമൂഹം
അല്ലാഹുവിന്റെ റസൂൽﷺ വളർത്തിയെടുത്തിട്ടുള്ള സമൂഹം ഏറ്റവും ഉൽകൃഷ്ടരായിരുന്നു. അവർക്കിടയിൽ നിലനിന്നിരുന്ന പകയും വെറുപ്പും നബിﷺ അവസാനിപ്പിച്ചു. അവർ പരസ്പരം വിശ്വസിച്ചും കൊണ്ടും കൊടുത്തും ജീവിച്ചു. ഉച്ചനീചത്വചിന്ത അവരിലുണ്ടായിരുന്നില്ല. എല്ലാവരും തുല്യർ. ഒരാൾക്കറിയാത്തത് മറ്റൊരാളോട് ചോദിച്ചറിയും. പരസ്പരം തെറ്റുകൾ തിരുത്തിക്കൊടുക്കും. ആരെക്കുറിച്ചും മോശമായ ചിന്ത വെച്ചുപുലർത്തിയില്ല. അവതരിപ്പിക്കപ്പെട്ട ക്വുർആനിക വചനങ്ങൾ നബിﷺ അവരെയാണ് ആദ്യം പഠിപ്പിച്ചത്. അവർക്കാണ് അത് നേരിട്ടു വ്യാഖ്യാനിച്ചുകൊടുത്തത്. അവരാണ് ആദ്യമായി കേട്ടതും പിൻപറ്റിയതും ജീവിതത്തിൽ പകർത്തിയതും. ഓരോ വചനം ഇറങ്ങുമ്പോഴും അതിന്റെ സന്ദർഭവും സാഹചര്യവും അവർക്കറിയാമായിരുന്നു. ഇങ്ങനെയൊരു സമൂഹത്തെ മുൻനിറുത്തിയാണ് റസൂൽﷺ ‘ഞാനും എന്റെ അനുചരന്മാരും നിലകൊണ്ട മാർഗത്തിൽ നിലകൊണ്ടവർ സ്വർഗത്തിലാണ്’ എന്ന് പറഞ്ഞത്.
ഈ ഉൽകൃഷ്ട സമൂഹം ഒരു കാര്യം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് മുഹമ്മദ് നബിﷺ പഠിപ്പിച്ചതായിരിക്കും. നബിﷺയുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും അനുസരിച്ചായിരുന്നു അവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. ഹദീസ് സ്വീകരിക്കുന്ന വിഷയത്തിൽ നബിﷺയിൽനിന്ന് ഒരാൾ മാത്രം കേട്ടത് പറ്റില്ല, കുറഞ്ഞത് രണ്ടാളെങ്കിലും കേൾക്കേണ്ടതുണ്ട് എന്നൊന്നും അവർ നിബന്ധന വെച്ചിരുന്നുമില്ല. ഇത് തന്നെയായിരുന്നു താബിഉകളുടെ സ്ഥിതി.
നബിﷺയുടെ ഭാര്യമാരുടെ കാര്യമെടുക്കുക. അല്ലാഹുവിന്റെ ദൂതന്റെ പ്രവർത്തനത്തിന് പലപ്പോഴും ഏതെങ്കിലുമൊരു ഭാര്യ മാത്രമായിരിക്കും സാക്ഷി. മൂന്നാമതൊരാൾ അവിടെ ഉണ്ടായിരിക്കണമെന്നില്ല. ഒരാളുടെ മാത്രം റിപ്പോർട്ട് സ്വീകാര്യമല്ല എന്നു വന്നാൽ പ്രവാചകന്റെ കുടുംബജീവിത മാതൃകകളിൽ പലതും വിസ്മൃതമായിപ്പോകുന്നതാണ്. ‘എന്റെ വാക്കു കേട്ട് ഹൃദിസ്ഥമാക്കുകയും മനസ്സിലാക്കുകയും മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്ത ദാസന്റെ മുഖം അല്ലാഹു ശോഭയുള്ളതാക്കട്ടെ’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. അതിൽ ‘ഒരു ദാസൻ’ എന്ന പ്രയോഗമാണുള്ളത്. അതായത്, ഒരാൾ കേട്ടാലും മതി; അത് സ്വീകാര്യമാണ് എന്ന് വ്യക്തം.
മസ്ജിദുൽ ക്വുബാഇൽ സ്വഹാബിമാർ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്വിബ്‌ലയായി കഅ്ബയെ അല്ലാഹു നിശ്ചയിച്ച വിവരം ഒരു ദൂതൻ വന്ന് അറിയിക്കുന്നത്. ശാമിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്‌കരിച്ചിരുന്ന അവർ ഉടനെ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു. ഒരു ദൂതന്റെ വാക്ക് കേട്ടാണ് അവർ അപ്രകാരം ചെയ്തത്. മദ്യനിരോധനവൃത്താന്തവുമായി ഒരു വ്യക്തി വന്നപ്പോൾ അത് കേട്ട് മദ്യം പാടെ വർജിക്കാൻ തീരുമാനിക്കുകയും ശേഷം മദ്യവീപ്പ അടിച്ചുതകർക്കുകയും ചെയ്ത സ്വഹാബിമാർ ഒരാളുടെ വാക്കു കേട്ടാണ് ഇപ്രകാരം ചെയ്തത്.
ഹിജ്‌റ ഒമ്പതാം വർഷം വിവിധ രാജ്യങ്ങളിൽനിന്നെത്തിയ ഹാജിമാർക്ക് ഹജ്ജ് കർമത്തിന് നേതൃത്വം വഹിക്കാൻ അബൂബക്‌റി(റ)നെ മാത്രമാണ് നബിﷺ നിയോഗിച്ചത്. അദ്ദേഹം പറയുന്നതനുസരിച്ചാണ് അവർ ഹജ്ജ് നിർവഹിച്ചത്. ആ ഒറ്റ സാക്ഷ്യത്തിൽ അവർ തൃപ്തിപ്പെട്ടിരുന്നു. നോമ്പുകാരനായിരിക്കെ, ഭാര്യയെ ചുംബിച്ച ഒരു സ്വഹാബി അതിന്റെ മതവിധി അറിയാൻ ഭാര്യയെ പ്രവാചക പത്‌നിയായ ഉമ്മുസലമ(റ)യുടെ അടുത്തേക്കയച്ചു. തിരുമേനിﷺയും അങ്ങനെ ചെയ്യാറുണ്ടെന്നായിരുന്നു മറുപടി. ആ സ്വഹാബിയുടെ ഭാര്യ മാത്രമാണ് ഈ മതവിധി കേട്ടത്. അവരുടെ ഭർത്താവിനോട് അത് അവർ അറിയിക്കുകയും ചെയ്തു.
രാജാക്കന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ നബി ﷺ നിയോഗിച്ചതും ഒരു ദൂതനെയായിരുന്നു. ഭർത്താവിന്റെ നഷ്ടപരിഹാരത്തിൽ ഭാര്യക്ക് അവകാശമില്ലെന്ന് ഉമർ(റ) വിധിച്ചു. ദഹ്ഹാക്ബ്‌നു സുഫ് യാൻ ഇതിനെതിരെ ഒരു ഹദീസ് ഉദ്ധരിച്ചു. അത് സ്വീകരിച്ച് ഉമർ(റ) തന്റെ അഭിപ്രായം ഒഴിവാക്കി. അവസാനത്തെ ത്വവാഫ് കൂടാതെ ഋതുമതിക്ക് ഹജ്ജിൽനിന്ന് വിരമിക്കാമെന്ന ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വയെ സൈദുബ്‌നു സാബിത്(റ) ചോദ്യം ചെയ്തു. ഒരു അൻസ്വാരി വനിതയുടെ വാക്ക് പ്രകാരം സൈദുബ്‌നു സാബിത്(റ) ആ അഭിപ്രായം തിരുത്തി.
രക്തമൂല്യത്തിന്റെ അവകാശികൾ പിതാവ് വഴിയുള്ള ബന്ധുക്കളാണ് എന്നായിരുന്ന ഉമർ(റ)വിന്റെ അഭിപ്രായം. നബിﷺയുടെ കാലത്ത് അബദ്ധത്തിൽ കൊല്ലപ്പെട്ട അശ്‌യം ദ്വിബാബിയുടെ നഷ്ടപരിഹാരത്തിൽനിന്ന് അദ്ദേഹത്തിന്റെ ഭാര്യക്ക് അവകാശം നൽകാൻ തിരുമേനിﷺ തനിക്കെഴുതിയതായി ദ്വഹ്ഹാകുബ്‌നു സുഫ്‌യാൻ പറഞ്ഞപ്പോൾ ഉമർ(റ) തന്റെ അഭിപ്രായം മാറ്റിവച്ച് ആ ഹദീസ് സ്വീകരിച്ചു.

ഗർഭസ്ഥശിശുവിന്റെ കാര്യത്തിൽ നബിﷺയിൽ നിന്ന് വല്ലവരും വല്ലതു അറിഞ്ഞിട്ടുണ്ടോ എന്ന് ഉമർ(റ) ഒരിക്കൽ അന്വേഷിച്ചു. ഹംലുബ്‌നു മാലിക് ബ്‌നു നാബിഗ എഴുന്നേറ്റു
നിന്ന് പറഞ്ഞു: ‘എനിക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. അവരിലൊരാൾ മറ്റൊരാളെ പത്തിരിക്കുഴൽകൊണ്ട് അടിച്ചു. അടികൊണ്ട് അവൾ ചാപ്പിള്ളയെ പ്രസവിച്ചു. ഈ വിഷയത്തിൽ നഷ്ടപരിഹാരമായി ഒരു അടിമയെ മോചിപ്പിക്കാൻ നബിﷺ കൽപിച്ചു.’ ഒരാളുടെ വാക്ക് തെളിവാക്കി ഉമർ(റ) അതനുസരിച്ച് വിധിച്ചു.
അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാൻ എന്നിവരെല്ലാം ഉദ്ധരിച്ച, ഇദ്ദയുമായി ബന്ധപ്പെട്ട ഒരു ഹദീസുണ്ട്: ഫരീഅ ബിൻതു മാലികി(റ)ന്റെ ഭർത്താവ് മരണപ്പെട്ടു. അവർക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല. ചെലവിന് കൊടുക്കാനും മറ്റാരുമുണ്ടായിരുന്നില്ല. അവർ സ്വന്തം വീട്ടിലേക്ക് പോകാൻ നബിﷺയുടെ അടുക്കൽ അനുവാദം ചോദിച്ചു. ആദ്യം അദ്ദേഹം അനുവദിച്ചു. അങ്ങനെ അവർ തിരിച്ച് പോയി. പിന്നെ നബിﷺ അവരെ മടക്കി വിളിച്ചു. ‘നീ ആ വീട്ടിൽ തന്നെ ഇദ്ദയാചരിക്കുക. ശേഷം വീട്ടിലേക്ക് പോയിക്കൊള്ളുക’ എന്ന് കൽപിച്ചു. അവർ അതുപ്രകാരം ചെയ്തു. ഉസ്മാൻ(റ)വിന്റെ ഭരണകാലത്ത് ഇതേ പ്രശ്‌നത്തിന് അദ്ദേഹം ഫരീഅ(റ)യുടെ വാക്ക് പ്രകാരമാണ് വിധി കണ്ടെത്തിയത്. അറിവിന്റെ നിറകുടമായ ഉസ്മാൻ(റ) ഒരു സ്ത്രീയുടെ വാക്കനുസരിച്ച് പ്രവർത്തിച്ചത് ഇത്തരുണത്തിൽ ചിന്തനീയമാണ്.
ഇമാം ശാഫിഈ(റ) തന്റെ അർരിസാലയിൽ 1001-ാം നമ്പറിൽ ആഹാദായ ഹദീസ് സ്വീകാര്യമാകാനുള്ള മാനദണ്ഡം പറയുന്നുണ്ട്. നിവേദനം ചെയ്യുന്നയാൾ മതവിഷയങ്ങളിൽ വിശ്വസ്തനും ഹദീസിൽ അറിയപ്പെട്ടവനും താനുദ്ധരിക്കുന്നതിനെക്കുറിച്ച് ബോധമുള്ളവനും താനുദ്ധരിച്ചതിന്റെ ആശയങ്ങൾ ഗ്രഹിക്കാൻ കഴിയുന്നവനും കേട്ടത് അക്ഷരംപടി പറയാൻ കഴിവുള്ളവനും ഹൃദിസ്ഥമാക്കിയത് ഓർമയിൽനിന്ന് ഉദ്ധരിക്കാൻ കഴിവുള്ളവനും ഗ്രന്ഥത്തിൽനിന്ന് ഉദ്ധരിക്കുന്നുവെങ്കിൽ ആ ഗ്രന്ഥത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നവനും തദ്‌ലീസ് ചെയ്യാത്തവനുമായിരിക്കണം എന്നൊക്കെയാണ് അദ്ദേഹം മുന്നോട്ട് വെച്ച മാനദണ്ഡം. ആഹാദായ ഹദീസ് സ്വീകരിക്കുന്നതിൽ കർക്കശമായ പല നിബന്ധനകളും പറഞ്ഞുവെച്ചിട്ടുങ്കെിലും ഇമാം അബൂഹനീഫ(റ)യും അത് സ്വീകരിച്ചിട്ടുണ്ട്. ഒരുപാട് വ്യക്തികൾ കാണാൻ സാധ്യതയുള്ള ഒരു സംഭവം ഒരാളിൽനിന്ന് മാത്രം ഉദ്ധരിക്കപ്പെടുമ്പോൾ സ്വാഭാവികമായുമുണ്ടാകുന്ന ചില സംശയങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ക്വുർആനിന്റെ ബാഹ്യാർഥങ്ങൾക്കു വിരുദ്ധമല്ലാത്ത ഖബറുൽ വാഹിദ് ഇമാം മാലികും(റഹി) സ്വീകരിച്ചിരുന്നു. പ്രത്യേകിച്ച് നിബന്ധനകളൊന്നും കൂടാതെയാണ് ഇമാം അഹ്‌മദ്(റ) ഖബർ വാഹിദ് സ്വീകരിച്ചിരുന്നത്.
വിശ്വാസകാര്യങ്ങളും ആഹാദായ ഹദീസും
ഇസ്‌ലാം കേവലമൊരു പ്രത്യയശാസ്ത്രമല്ല. മനുഷ്യന്റെ ഇഹലോക ഗുണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനങ്ങൾ മുന്നോട്ടു വെക്കുന്ന ദർശനങ്ങളാണ് പ്രത്യയശാസ്ത്രങ്ങൾ. മനുഷ്യന്റെ മരണം വരെയുള്ള കാര്യങ്ങൾ മാത്രമാണ് അതിലെ വിഷയം. അതിനപ്പുറമുള്ള ഒരു ചിന്ത അതിലില്ല. ഇത്തരം പ്രസ്ഥാനങ്ങളെല്ലാം തിരിച്ചറിയാതെപോയ വലിയൊരു യാഥാർഥ്യമുണ്ട്; ഇക്കാണുന്ന ലോകത്തെക്കാൾ അതിവിശാലമായ മറ്റൊരു ലോകം. ഈ ലോകം വിട്ടാൽ ലഭിക്കുന്ന ലോകം. എല്ലാ സുഖസൗകര്യങ്ങളുമുള്ള, എന്താഗ്രഹിച്ചാലും ലഭിക്കുന്ന, എപ്പോഴും ആനന്ദം നൽകുന്ന, സുന്ദരമായ സ്വർഗലോകം, നിത്യസമാധാനഗേഹം. അതുപോലെ, നിത്യദുഃഖവും വേദനയും നൽകുന്ന നരകലോകവും. ഗർഭാശയത്തിൽനിന്ന് മനുഷ്യൻ ഇഹലോകത്ത് എത്തിയപോലെ, ഇഹലോകത്തിന് ശേഷം അടുത്ത ലോകത്തും എത്തും. അവിടേക്കുള്ള യാത്രയിലാണ് ഓരോ മനുഷ്യനും.
ഇത്തരം അഭൗതിക യാഥാർഥ്യങ്ങളെ മുൻനിറുത്തി, പരലോകത്തിലെ സൗഖ്യവും ദുഃഖവുമെല്ലാം ഓർമപ്പെടുത്തി, അവിടെ രക്ഷനേടാനുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണ് മതം ചെയ്യുന്നത്. അതിനായി ഇഹലോക ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണമെന്ന് മതം പഠിപ്പിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഇസ്‌ലാം വെളിച്ചം വീശുന്നു.
ബഹുദൈവാരാധന, പലിശ, വ്യഭിചാരം, ലഹരിയുപയോഗം, പരദൂഷണം, മാതാപിതാക്കളെ ദ്രോഹിക്കൽ...തുടങ്ങി സർവ തിന്മകളും വെടിയാൻ മതം കൽപിക്കുന്നു. അങ്ങനെ ചെയ്യുന്നവർക്ക് ലഭിക്കാനിരിക്കുന്ന മഹത്തായ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നു. അവയിൽ ഏർപ്പെട്ടാലുള്ള ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
അന്ത്യനാളിനു ശേഷമാണ് പരലോക ജീവിതം. എന്നാൽ മരണത്തോടെ ക്വബ്ർ ജീവിതം ആരംഭിക്കുന്നു. ക്വബ്‌റിൽ രക്ഷാശിക്ഷകളുണ്ട്, പരലോകത്ത് നന്മതിന്മകൾ അളക്കുന്ന നീതിയുടെ തുലാസുണ്ട്, വിചാരണയുണ്ട്, കർമരേഖകൾ നൽകലുണ്ട്, സ്വിറാത്ത് പാലമുണ്ട്. ഇതെല്ലാം വിശ്വാസകാര്യങ്ങളാണ്. ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങളാണ്. ഇത്തരം വിശ്വാസപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന ഹദീസുകൾ ആഹാദായി വന്നാൽ അഥവാ ഒരാളിൽനിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് സ്വീകാര്യമല്ലെന്നും ധാരാളം നിവേദകരിലൂടെ വന്നാലേ അവയിൽ വിശ്വസിക്കേണ്ടതുള്ളൂ എന്നും വാദിക്കുന്ന ചിലരുണ്ട്. അതായത് ആഹാദായ ഹദീസുകളൊന്നും ഇത്തരം വിശ്വാസങ്ങൾക്ക് പര്യാപ്തമല്ല, അതിന് മുതവാതിറുകൾതന്നെ വേണമെന്ന് അവർ ശഠിക്കുന്നു.
ഇത്തരം ഇരട്ടത്താപ്പ് നയം ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ആഹാദായ ഹദീസനുസരിച്ച് നമസ്‌കരിക്കാമെങ്കിൽ, ആഹാദായ ഹദീസുകളിൽ പറയുന്ന വിശ്വാസങ്ങൾ സ്വീകരിക്കുകയും ചെയ്യാം. അതിൽ പിഴവില്ലെന്ന് മാത്രമല്ല, വിശ്വസിക്കൽ നിർബന്ധവുമാണ്. കാരണം, അല്ലാഹുവിന്റെ ദൂതൻﷺ സ്വന്തം ഇഷ്ടപ്രകാരം മതവിഷയം സംസാരിക്കുകയില്ല. സ്വഹാബികൾ നബിﷺയുടെ പേരിൽ ഇല്ലാവചനം ഉണ്ടാക്കുകയും ചെയ്യില്ല. താബികൾ അത് പിന്തുടരുകയും ചെയ്യില്ല. ഇമാമുകൾ അത് ഗ്രന്ഥങ്ങളിൽ എഴുതി വെച്ച് പ്രചരിപ്പിക്കുകയും ചെയ്യില്ല.
