മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം 7

അബൂറാഷിദ അൽകാസിമി കുടയത്തൂർ

2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

നബിﷺ ഓരോ സന്ദർഭത്തിലും സാഹചര്യത്തിലും ചെയ്ത കാര്യങ്ങൾ മനസ്സിലാക്കൽ വിശ്വാസികൾക്ക് ബാധ്യതയാണ്. ഭർത്താവായ നബിﷺയെ മനസ്സിലാക്കിയാലേ ഒരാൾക്ക് നല്ല ഭർത്താവാൻ സാധിക്കൂ. വിധികളിൽ നീതിമാനായ വിധികർത്താവെന്ന നബിﷺയെ വായിച്ചറിഞ്ഞാലേ ഒരാൾക്ക് നല്ല ന്യായാധിപനാവാൻ കഴിയൂ. മാതൃകാ നേതാവായ പ്രവാചകനെ മനസ്സിലാക്കിയാലേ ഒരാൾക്ക് മികച്ച നേതൃത്വം വഹിക്കാനാവൂ.

ഇണയുമായുള്ള ഇടപെടലുകളിൽ ഉദാത്ത മാതൃകയും മാർഗദർശിയുമായിരുന്ന നബിﷺ. സാമൂഹിക ജീവിതത്തിലും ദാമ്പത്യജീവത്തിലൂം ജനങ്ങളെ സന്മാർഗത്തിന്റെ ഉന്നതങ്ങളിലേക്ക് നയിക്കുന്നതായിരുന്നു പ്രവാചകന്റെ മാതൃക. നബിﷺയുടെ ഭാര്യമാരോടുള്ള സമീപനം, സത്യവിശ്വാസിനികൾക്ക് പിൻപറ്റാൻ സാധിക്കുന്ന രീതിയിൽ ഭാര്യമാർക്ക് നബിﷺ പഠിപ്പിച്ച ജീവിത ചിട്ട, നബിﷺയുടെ ഭവനത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം... ഇതിലെല്ലാം കൃത്യമായ മാർഗദർശനമുണ്ട്.

ഭാര്യമാരോടുള്ള ഇടപെടലുകൾ

നബിﷺക്ക് പതിനൊന്ന് ഭാര്യമാരുണ്ടായിരുന്നു: 1) ഖുവൈലിദിന്റെ മകൾ ഖദീജ(റ). 2) അബൂബക്‌റി(റ)ന്റെ മകൾ ആഇശ(റ). 3) ഉമറി(റ)ന്റെ മകൾ ഹഫ്‌സ്വ(റ). 4) സംഅത്തുൽ ആമിരിയ്യ മകൾ സൗദ(റ). 5) ജഹ്ശുൽ അസദിയ്യ മകൾ സൈനബ്(റ). 6) ഹുസൈമ മകൾ സൈനബ്(റ). 7) മഖ്‌സൂമി ഗോത്രക്കാരിയായ അബൂഉമയ്യയുടെ മകൾ ഹിൻദിന്റെ പുത്രി ഉമ്മുസലമ(റ). 8) അമവീ ഗോത്രത്തിലെ അബൂസുഫ്യാൻ മകൾ ഉമ്മുഹബീബ എന്ന റംല(റ). 9) ഹിലാൽ ഗോത്രക്കാരനായ ഹാരിസിന്റെ പുത്രി മൈമൂന(റ). 10) മുസ്തലഖ് ഗോത്രത്തിലെ ഹാരിസിന്റെ മകൾ ജുവൈരിയ്യ(റ). 11) നള്ർ ഗോത്രത്തിലെ ഹുയയ്യിന്റെ മകൾ സ്വഫിയ്യ(റ).

നബിﷺ ഇഹലോകവാസം വെടിയുന്നതിന് മുമ്പ് ഖുസൈമയുടെ മകൾ സൈനബ്(റ), ഖദീജ (റ) എന്നിവർ മരണപ്പെട്ടു. നബിﷺയുടെ വിയോഗ സമയത്ത് ഒമ്പതുപേരും ഉണ്ടായിരുന്നു.

നബിﷺ തന്റെ പരിശുദ്ധ ഭാര്യമാരോടൊത്ത് പരിശുദ്ധവും വിജയകരവുമായ ജീവിതമാണ് നയിച്ചത്. ‘അവരോട് നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുണ്ട്’ എന്ന, അല്ലാഹുവിന്റെ വചനത്തെ സൂക്ഷ്മമായി കർമരംഗത്ത് കൊണ്ടുവന്ന മഹാനായ പ്രവാചകൻﷺ സ്വഭാവത്തിലും പ്രവൃത്തിയിലും വാക്കിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും മര്യാദയുടെ ആൾരൂപമായിരുന്നു.

അവിടുന്ന് അരുളി: “നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ കുടുംബക്കാർക്ക് നിങ്ങളിൽ ഉത്തമനാണ്. നിങ്ങളിൽനിന്ന് ഞാനാണ് എന്റെ കുടുംബത്തിന് ഏറ്റവും ഉത്തമൻ.’’

ഭാര്യമാരോട് മാധുര്യമൂറുന്ന സമീപനമാണ് പുലർത്തിയിരുന്നത് എന്ന് നബിﷺയുടെ ചരിത്രം പഠിച്ചാൽ ബോധ്യപ്പെടും. ആ സമീപനം നാം പിൻപറ്റിയാൽ കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലുമുള്ള എല്ലാ പ്രശ്‌നങ്ങൾക്കും അത് പരിഹാരമായിരിക്കും.

വർഷങ്ങൾക്കു മുമ്പ് സൗദിയിൽ ഒരു ത്വലാക്വുമായി ബന്ധപ്പെട്ട വിഷയത്തിൽ നീതിന്യായ കോടതി നടത്തിയ പരാമർശം കാണുക: “ദമ്പതിമാരുടെ ഇടയിൽ പ്രശ്‌നങ്ങൾ സംഭവിക്കുകയും ത്വലാക്വ് അധികരിക്കുകയും ചെയ്യുന്നു. നബിﷺയുടെ വീട്ടിലെ ജീവിതവും അദ്ദേഹത്തിന്റെ ഭാര്യമാരോടുള്ള സമീപനവും ഇടപെടലും അവരോട് കാണിക്കുന്ന ക്ഷമയും അവരുടെ വീഴ്ചകളിൽ നബിﷺ കാണിക്കുന്ന വിട്ടുവീഴ്ചയും കണ്ടില്ല എന്ന് നടിക്കലുമെല്ലാം നാം ജീവിതത്തിലെ പാഠമാക്കേണ്ടതുണ്ട്. കാരണം, അതിൽ വലിയമാതൃകയുണ്ട്.’’

(തുടരും)