ഭാര്യയോടുള്ള കടമകൾ നിറവേറ്റുന്ന ഭർത്താവ്

അബൂറാഷിദ അൽകാസിമി കുടയത്തൂർ

2025 മാർച്ച് 08, 1446 റമദാൻ 07

(മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 8 )

നബിﷺ ഭാര്യ ഖദീജ(റ)യെ അവരുടെ ജീവിതകാലത്തും മരണശേഷവും മറ്റാരെയും പുകഴ്ത്താ ത്തത്ര പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അവരുടെ ശ്രേഷ്ഠതകൾ പറയുന്നതിൽ അതിയായ ആഗ്രഹമുള്ള ഭർത്താവുമായിരുന്നു അവിടുന്ന്. മരണശേഷവും ഹൃദയത്തിൽ അവരോടുള്ള ആദരവ് വച്ചുപുലർത്തി.

ആഇശ(റ) പറയുന്നു: “ഖദീജ(റ)യോട് ഈർഷ്യ ഉണ്ടായതുപോലെ നബിയുടെ ഭാര്യമാരിൽ മറ്റാരോടും ഞാൻ ഈർഷ്യ വച്ചുപുലർത്തിയിട്ടില്ല. എന്നാൽ ഞാനവരെ കണ്ടിട്ടേയില്ല. മറിച്ച്, നബി ﷺ അവരെ സംബന്ധിച്ച് അധികമായി സംസാരിക്കുമായിരുന്നു. ചിലപ്പോൾ ആടിനെ അറുത്ത് അതിനെ ഭാഗിച്ച് ഖദീജ(റ)യുടെ കൂട്ടുകാരികൾക്ക് കൊടുത്ത് വിടുമായിരുന്നു. ആയതിനാൽ ചിലപ്പോഴൊക്കെ ഞാൻ പറയുമായിരുന്നു; ഖദീജയല്ലാതെ അങ്ങേക്ക് വേറെ ഭാര്യമാരൊന്നും ഇല്ലായെന്ന് തോന്നുന്നുവല്ലോ എന്ന്. അപ്പോൾ നബിﷺ പറയും: ‘അവർ ഇന്നയിന്ന മഹത്ത്വമുള്ളവരാണ്. അവരിൽ നിന്നാണ് എനിക്ക് അധിക മക്കളും ജനിച്ചിട്ടുള്ളത്.’’

ആഇശ(റ) പറയുന്നു: “ഖദീജ(റ)യെ കുറിച്ച് നബിﷺ സംസാരിച്ചാൽ അവരെ പ്രശംസിച്ച് പറയുന്നതിലും അവർക്കായി പാപമോചനം തേടുന്നതിലും വീഴ്ചവരുത്തുമായിരുന്നില്ല’’ (ത്വബ്‌റാനി 16/319).

ഇന്ന് സമൂഹത്തിൽ കാണപ്പെടുന്നതെന്താണ്? ഒരാളുടെ ഭാര്യ മരണപ്പെട്ടാൽ അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കും. രണ്ടാമത്തെ ഭാര്യയെ അയാൾ പ്രശംസിക്കുകയും മരണപ്പെട്ടുപോയവളെ കുറ്റം പറയുകയും ചെയ്യും. ചിലർ ത്വലാക്വ് മുഖേന ബന്ധം വേർപ്പെടുത്തിയിട്ടുണ്ടാവും. പിന്നീട് അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. കൂടെ ജീവിക്കുന്ന ഭാര്യയെക്കുറിച്ച് ഒരു നന്മയും പറയാത്ത ചിലരുണ്ട്; അവൾ എത്ര നല്ലവളാണെങ്കിലും ശരി.

ഖദീജ(റ)യെ സ്മരിക്കുന്ന എന്തെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്താൽ നബിﷺയുടെ മുഖത്ത് വല്ലാത്ത സന്തോഷം പ്രകടമാകുമായിരുന്നു.

ആഇശ(റ) പറയുന്നു: “ഖദീജ(റ)യുടെ സഹോദരിയുടെ മകൾ ഹാല നബിﷺയോട് അനുവാദം ചോദിച്ചു. ഖദീജ(റ)യുടെ ശബ്ദത്തോട് സാദൃശ്യതയുള്ളതിനാൽ ഖദീജ (റ) അനുവാദം ചോദിക്കുന്നത് പോലെ നബിﷺക്ക് തോന്നി. ആയതിനാൽ നബിﷺ വളരെ സന്തോഷത്തോടെ കടന്നുവരാൻ പറഞ്ഞു. നബിﷺ പറഞ്ഞു: ‘അല്ലാഹുവേ, ഇത് ഹാലയാണല്ലോ.’ അപ്പോൾ ഞാൻ (ആഇശ) പറഞ്ഞു: ‘പ്രായാധിക്യത്താൽ പല്ലുകൾ കൊഴിഞ്ഞ്, രണ്ട് മോണകൾക്ക് ചുവപ്പു മാത്രം അവശേഷിക്കുന്ന ക്വുറൈശി കിഴവികളിൽ പെട്ട ഒരു കിഴവിയെ അങ്ങ് എന്താ ഇത്ര സ്മരിക്കാൻ! അവർ മരണപ്പെട്ടു. അവരെക്കാൾ ഉത്തമമായതിനെ അല്ലാഹു താങ്കൾക്ക് പകരമായി നൽകിയിട്ടുണ്ട്.’ ഇതു കേട്ട നബിﷺയുടെ മുഖഭാവം മാറി. വഹ്‌യ് ഇറങ്ങുന്ന സന്ദർഭത്തിലല്ലാതെ ആ നിലയിൽ ഞാൻ നബിﷺയെ കണ്ടിട്ടില്ല. അല്ലെങ്കിൽ മഴപെയ്യാൻ സമയത്തുള്ള കാർമേഘം കണക്കെ. നബിﷺ പറഞ്ഞു: ‘അവരെക്കാൾ ഉത്തമമായ ഒരാളെയും അല്ലാഹു എനിക്ക് പകരം നൽകിയിട്ടില്ല. ജനങ്ങളെല്ലാം എന്നെ തള്ളിപ്പറഞ്ഞപ്പോൾ എന്നെ വിശ്വസിച്ചവരാണ്അവർ. ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ ഞാൻ പറയുന്നത് സത്യമാണെന്ന് വിളിച്ചു പറഞ്ഞവരാണ് അവർ. ജനങ്ങൾ എന്നെ ബഹിഷ്‌കരിച്ചപ്പോൾ അവരുടെ സമ്പത്തുകൊണ്ട് എന്നെ സാന്ത്വനപ്പെടുത്തിയവരാണ് അവർ. മറ്റു ഭാര്യമാരിൽനിന്നും മക്കളെ ലഭിക്കാതിരുന്നപ്പോൾ അല്ലാഹു എനിക്ക് അവരിലൂടെ സന്താനഭാഗ്യം നൽകി.’ ഇത് കേട്ടപ്പോൾ ആഇശ(റ) പറഞ്ഞു: ‘താങ്കളെ സത്യവുമായി അയച്ച അല്ലാഹുവാണെ സത്യം! ഇനി ഞാൻ അവരെക്കുറിച്ച് നല്ലതല്ലാതെ പറയുകയില്ല’’ (അഹ്‌മദ്).

ദുനിയാവിൽ നബിﷺ ഖദീജ(റ)യോട് പുലർത്തിയ സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവർ ജീവിച്ചിരുന്ന സന്ദർഭത്തിൽ മറ്റൊരു വിവാഹം ചെയ്യാതിരുന്നു എന്നത്. ആഇശ(റ) പറയുന്നു: “ഖദീജ(റ) മരിക്കുന്നതുവരെ നബിﷺ മറ്റൊരു വിവാഹം ചെയ്തിട്ടില്ല’’ (മുസ്‌ലിം 2436).

ഇതിലൂടെ നബിﷺയുടെ മനസ്സിൽ അവർക്കുണ്ടായിരുന്ന മഹത്ത്വവും സ്ഥാനവും വായിച്ചെടുക്കാം. അവർ നബിﷺയെ സാമ്പത്തികമായി സഹായിച്ചു. അവരുമായി വിവാഹിതനായ ശേഷം 38 വർഷം നബിﷺ ജീവിച്ചു. ദാമ്പത്യജീവിതത്തിൽ മൂന്നിൽ രണ്ടു ഭാഗവും നബിﷺയോടൊപ്പം കഴിയാൻ ഭാഗ്യം ലഭിച്ചത് ഖദീജ(റ)ക്കാണ്.

നബിﷺക്ക് അവരുമായുള്ള ആത്മാർഥമായ ആത്മബന്ധത്തിന്റെ ഏറ്റവും സുന്ദരമായ അടയാളമാണ് അവരുടെ മരണാനന്തരവും അവരുടെ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്തിയത്. ആഇശ(റ) പറയുന്നു: “നബിﷺ അവരെക്കുറിച്ച് വളരെയധികം പുകഴ്ത്തിപ്പറയുമായിരുന്നു. ചിലപ്പോൾ ആടിനെ അറുത്ത് കഷ്ണങ്ങളാക്കി ഖദീജ(റ)യുടെ കൂട്ടുകാരികൾക്ക് കൊടുത്തുവിടുമായിരുന്നു’’ (ബുഖാരി)

അനസ് ഇബ്‌നു മാലിക്(റ) പറയുന്നു: “നബിﷺയുടെ അടുക്കൽ എന്തെങ്കിലും കൊണ്ടുവരപ്പെട്ടാൽ പറയുമായിരുന്നു: ‘അതിൽനിന്ന് ഇത് ഇന്നയാൾക്ക് കൊടുക്കുക. കാരണം അവർ ഖദീജ(റ)യുടെ കൂട്ടുകാരിയാണ്. ഇത് ഇന്ന സ്ത്രീയുടെ വീട്ടിൽ എത്തിക്കുക, കാരണം അവർ ഖദീജയോട് സ്‌നേഹമുള്ളവരായിരുന്നു’’(ബുഖാരി).

ആഇശ(റ) പറയുന്നു: “ഒരിക്കൽ നബി ﷺ എന്റെ അടുക്കലായിരിക്കെ ഒരു കിഴവി നബിﷺ യുടെ അടുക്കലേക്ക് വന്നു. നബിﷺ ചോദിച്ചു: ‘ആരാണ് നിങ്ങൾ?’ അവർ പറഞ്ഞു: ‘ഞാൻ ജസാമത്തുൽ മുസ്‌നിയ്യയാണ്.’ അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ല; നിങ്ങൾ ഹസ്സാനത്തുൽ മുസ്‌നിയ്യയാണ്. എന്താണ് നിങ്ങളുടെ വിശേഷം? എന്താണ് നിങ്ങളുടെ അവസ്ഥ? ഇന്ന് നിങ്ങളുടെ സ്ഥിതി എന്താണ്?’ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ; എന്റെ മാതാവും പിതാവും അങ്ങേക്ക് അർപ്പണം. അല്ലാഹുവിൽ സത്യം, വളരെ സുഖം.’ ശേഷം അവർ പോയപ്പോൾ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ; അങ്ങ് ആ ഈ വൃദ്ധയോട് ഇത്രത്തോളം ബഹുമാനത്തോടെ ഇടപെടാനുള്ള കാരണമെന്താണ്?’ നബിﷺ പറഞ്ഞു: ‘ആഇശാ, തീർച്ചയായും അവർ ഖദീജയുടെ കാലത്ത് നമ്മുടെയടുക്കൽ വരുമായിരുന്നു. നന്നായി പെരുമാറുക എന്നത് ഈമാനിന്റെ ഭാഗമാണ്’’ (ഹാകിം).

വൃദ്ധയായിരുന്നിട്ടും നബിﷺ അവരുടെ പേര് ഹസ്സാന എന്നാക്കി. ജുസാമയുടെ അർഥം കുഴിമടിയനായ വിഡ്ഢി എന്നാണ്. ഹസ്സാന എന്നാൽ അതിസുന്ദരി എന്നാണർഥം. സൗന്ദര്യത്തിന്റെ പാരമ്യതയെ സൂചിപ്പിക്കുന്ന വാക്കാണ് അത്.

നബിﷺയുടെ ഈ സമീപനം എത്ര സുന്ദരമാണ്, പ്രശംസനീയമാണ്. ഇതിലൂടെ നബിക്ക് ഭാര്യയോടുള്ള സ്‌നേഹത്തിന്റെ ആഴം അളക്കാൻ കഴിയുന്നതാണ്.

ഭർത്താവിനും മക്കൾക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരുപാട് ഭാര്യമാരുണ്ട്; അവരുടെ ഭർത്താക്കന്മാരാകട്ടെ അവരെ വെറുക്കുകയാണ് ചെയ്യുന്നത്. പലർക്കും ഭാര്യമാരോട് സ്‌നേഹമുള്ളത് തുറന്നു പറയാനും പ്രകടിപ്പിക്കാനും മടിയാണ്.

നബിﷺ പറഞ്ഞു: “നിശ്ചയം, എനിക്ക് അവളുടെ (ആഇശ(റ)യുടെ) സ്‌നേഹം ആവശ്യമാംവണ്ണം ലഭിച്ചു’’ (മുസ്‌ലിം).

ആഇശ(റ)യുടെ സ്‌നേഹം തനിക്കു ലഭിച്ച ഏറ്റവും വലിയ ശ്രേഷ്ഠതയായി നബിﷺ കണ്ടു’’ (ശർഹു നവവി). അവരെയല്ലാത്ത ഒരു കന്യകയെയും നബിﷺ വിവാഹം ചെയ്തിട്ടുമില്ല.

ആ സ്‌നേഹം നബിﷺ മറിച്ചുവെക്കാതെ തുറന്നു പറഞ്ഞിരുന്നു. ഒരിക്കൽ അംറുബ്‌നു ആസ്വ് (റ) നബിﷺയോട് ചോദിച്ചു: ‘താങ്കൾക്ക് ജനങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള ആൾ ആരാണ്?’ നബിﷺ പറഞ്ഞു: ‘ആഇശ.’ ‘പിന്നെ?’ ഞാൻ ചോദിച്ചു. ‘പുരുഷന്മാരിൽനിന്ന് അവളുടെ പിതാവ്’’ (ബുഖാരി, മുസ്‌ലിം).

തന്റെ ഭാര്യയോട് സ്‌നേഹം തുറന്നു പറയൽ തങ്ങളുടെ ഇടയിലുള്ള ബന്ധം ഊഷ്മളമാക്കുന്നതും ജീവിതം വിജയകരമാക്കുന്നതുമാണ്. ഭാര്യയാകട്ടെ തന്റെ ഭർത്താവ് തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞു കേൾക്കാൻ കൊതിക്കുന്നവളാണ്. തന്റെ ഭർത്താവിൽനിന്ന് ലഭിക്കാത്ത സ്‌നേഹവും പരിഗണനയും മറ്റുള്ളവരിൽനിന്ന് ലഭിക്കുമ്പോൾ അവർ വഴിതെറ്റിപ്പോകാൻ സാധ്യതയേറെയാണ്. എങ്ങനെ ഒരു ഉത്തമ ഭർത്താവാകാം എന്ന് നബിജീവിതത്തിൽനിന്നും പഠിക്കാൻ നാം തയ്യാറാകണം.